സിസേറിയൻ നിരക്ക് കൂടുന്നതിനു പിന്നിൽ...
Wednesday, August 28, 2024 2:32 PM IST
വന്ധ്യതാ ചികിത്സയിലൂടെയുള്ള ഗര്‍ഭങ്ങൾ
സിസേറിയന് കൂടുന്നതിനുള്ള മറ്റൊരു കാരണം അത്യാധുനിക വന്ധ്യതാ ചികിത്സയിലൂടെയുള്ള ഗര്‍ഭങ്ങളാണ്. ഐവിഎഫ്, ഇക്സി മുതലായ ചികിത്സാ സമ്പ്രദായങ്ങളിലൂടെയുണ്ടാകുന്ന ഗര്‍ഭത്തില്‍ പലപ്പോഴും ഇരട്ടക്കുട്ടികളോ അതിലും കൂടുതല്‍ കുഞ്ഞുങ്ങളോ കാണാനുള്ള സാദ്ധ്യതയുണ്ട്.
മൾട്ടിപ്പിൽ പ്രഗ്നൻസി വിഭാഗത്തില്‍പ്പെടും ഇവ (Twins, Triplets, Quadruplets). അതുകൊണ്ട് തന്നെ ഗര്‍ഭത്തിലെ അപകടസാധ്യത വര്‍ധിക്കുന്നു. വന്ധ്യതാചികിത്സയിലൂടെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും ഡോക്ടര്‍ക്കും പൊതുവേ ആ ഗര്‍ഭാവസ്ഥയെ പറ്റിയുള്ള കരുതലും ആശങ്കയും കൂടുതലാണ്.
രണ്ടു കുഞ്ഞുങ്ങളെ കിട്ടുന്നതിന്റെ സന്തോഷം ഇരട്ടിയാകുന്നതിനോടൊപ്പം തന്നെ ആശങ്കകളും ഇരട്ടിയാകുന്നു. അതുകൊണ്ടുതന്നെ സിസേറിയനിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള വ്യഗ്രത ഡോക്ടര്‍ക്കും രോഗിക്കും ഒരുപോലെ ഉണ്ടാവും.
ഗര്‍ഭാവസ്ഥയിലെ പ്രമേഹം, വിളര്‍ച്ച, രക്തസ്രാവം എന്നിവ ഇക്കൂട്ടര്‍ക്ക് കൂടുതലാണ്. അതിനോടൊപ്പം തന്നെ കുഞ്ഞുങ്ങളുടെ ഭാരവും വളര്‍ച്ചയും കുറവായും കാണുന്നു. ചില പ്രത്യേക വിഭാഗം ഇരട്ടകളില്‍ ഒരു കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രണ്ടാമത്തെ കുഞ്ഞിന്റെ ശരീരത്തിലേക്ക് രക്തം പ്രവഹിക്കുന്നതായും കാണാം.
ഈ ഗര്‍ഭിണികളില്‍ മാസം തികയുന്നതിന് മുമ്പേയുള്ള പ്രസവ വേദനയും പ്രശ്നമാകാറുണ്ട്. ഇത്തരം സന്ദർഭ ങ്ങളിൽ ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടി സിസേറിയന് ചെയ്യേണ്ടി വരാറുണ്ട്.
1980കളിലില്ലാത്ത വിധം വന്ധ്യതാ ചികിത്സ വേണ്ടി വരുന്നതിന്റെ ഒരു കാരണം ജീവിതശൈലി പ്രശ്നങ്ങള്‍ തന്നെയാണ്. അമിതവണ്ണവും പോളിസിസ്റ്റിക് ഓവറിയും അണ്ഡോത്പാദന പ്രശ്നങ്ങളുമൊക്കെ സങ്കീര്‍ണമായി കെട്ടുപിണഞ്ഞു കിടക്കുന്നു.
ഭയം, ആശങ്കകൾ....
അണുകുടുംബത്തില്‍ പലപ്പോഴും അച്ഛനമ്മമാരുടെ ഒരേ ഒരു സന്തതിയായി വളര്‍ന്നു വരുന്ന കുട്ടിക്ക് കൂട്ടുകുടുംബത്തില്‍ മറ്റു കുടുംബാംഗങ്ങളോടൊത്ത് വളരുന്ന കുട്ടികളുടെ മനഃസാന്നിധ്യവും പാകതയും കാണാറില്ല.
പ്രസവമുറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയചകിതരാകുന്ന പെണ്‍കുട്ടികളെയാണ് കണ്ടുവരുന്നത്. ഇതേ ഭയം അവരുടെ അമ്മമാരെയും കുടുംബാംഗങ്ങളെയും ബാധിക്കുന്നു. പ്രസവം എല്ലാവര്ക്കും ഒരുപോലെ ആകണമെന്നില്ല എന്നതും ചിലപ്പോള്‍ ചെറിയ വേദന ദിവസങ്ങളോളം കണ്ടതിനുശേഷമായിരിക്കും യഥാര്‍ഥ പ്രസവവേദന ആരംഭിക്കുക എന്നതും ഗര്‍ഭിണികള്‍ മനസിലാക്കണം.
ഡോക്ടര്‍മാര്‍ വിചാരിച്ചാല്‍ പ്രസവത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ സാധിച്ചെന്നു വരില്ല. ക്ഷമയോടെ കാത്തിരിക്കുക എന്നതാണ് നല്ല തീരുമാനം. പ്രസവമുറിയില്‍ ഗര്‍ഭിണിയും ബന്ധുക്കളും കാണിക്കുന്ന ആശങ്ക ഒരു പരിധിവരെ സാംക്രമികമാണ്. അത് പതുക്കെ ഡോക്ടര്‍മാരിലേക്കും പകരും. പരിണിതഫലം ഒരു സിസേറിയന് ആയിരിക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.