ദിവസം എത്രമാത്രം വെള്ളം കുടിക്കണം? വെള്ളം കുടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്...
Thursday, August 22, 2024 1:29 PM IST
ദിവസം എത്രമാത്രം വെള്ളം കുടിക്കണം...? നല്ല ചോദ്യംതന്നെ അല്ലേ...? ഓരോ ദിവസവും എത്രമാത്രം "വെള്ളംകുടിച്ചാണ്' ജീവിക്കുന്നതെന്ന് പുറത്തു പറയാന്‍ ഒക്കില്ല എന്നായിരിക്കും ചിരിയോടെ പറയുക.
അതല്ല ഉദ്ദേശിച്ചത്, മിനറല്‍സ് അടങ്ങിയ ശുദ്ധജലം എത്രമാത്രം ഒരാള്‍ ഒരു ദിവസം കുടിക്കണം എന്നതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ജലാംശം അത്യാവശ്യമാണ്.
ശരീരം എത്രത്തോളം ഫലപ്രദമായി ജലാംശം നിലനിര്‍ത്തുന്നു എന്നതു കുടിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം അനുസരിച്ചാണിരിക്കുന്നത്. ആളുകള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, പലപ്പോഴും വെള്ളത്തിലെ ധാതുക്കളുടെ പ്രാധാന്യം അവഗണിക്കുന്നു.
കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കള്‍ അടങ്ങിയ മിനറലൈസ്ഡ് വാട്ടറിന് ശരീരത്തിലെ ജലാംശം ഗണ്യമായി വര്‍ധിപ്പിക്കാനും ആരോഗ്യം പരിപോഷിപ്പിക്കാനും സാധിക്കും. അതായത് വെറുതേ കുറേ വെള്ളം കുടിക്കുന്നതുകൊണ്ടുകാര്യമില്ല, മറിച്ച് ധാതുക്കള്‍ അടങ്ങിയ വെള്ളം വേണം കുടിക്കാനെന്നു ചുരുക്കം.
പ്രകൃതിദത്ത ശുദ്ധ ജലമാണ് ഏറ്റവും ധാതുക്കള്‍ നിറഞ്ഞ വെള്ളം. ഉറവകളില്‍നിന്നു നേരിട്ടുള്ളതാണെങ്കില് അത്രയും നല്ലത്. എന്നാല്‍, നഗരങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് ഇത് അസാധ്യം. അതുകൊണ്ടുതന്നെ ചില പൊടിക്കൈകളിലൂടെ വെള്ളത്തില്‍ മിനറല്‍സ് ചേര്‍ക്കാവുന്നതാണ്.
എത്രമാത്രം വെള്ളം കുടിക്കണം
ഒരുദിവസം ആരോഗ്യമുള്ള ഒരാള്‍ എത്ര വെള്ളം കുടിക്കണമെന്നതില് കൃത്യമായി ഒരു കണക്കില്ല. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക, ആരോഗ്യത്തെ പരിപോഷിപ്പിക്കുക എന്നിവയ്ക്കുവേണ്ടിയാണ് വെള്ളം കുടിക്കണമെന്നു പറയാന്‍ കാരണം.
ആരോഗ്യമുള്ള ഒരു പുരുഷന് ദിവസം ഏകദേശം 3.7 ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ്. സ്ത്രീകളില്‍ ഈ കണക്കില്‍ അല്പം കുറവുണ്ട്, 2.7 ലിറ്റര്‍. എന്നാല്‍, ചില വിദഗ്ധര്‍ ശരീരത്തിന്റെ തൂക്കത്തിന് അനുസരിച്ചാണ് വെള്ളം കുടിക്കേണ്ടതെന്നു ചൂണ്ടികാണിക്കുന്നു.
അങ്ങനെ നോക്കുമ്പോള്‍ ഒരു കിലോഗ്രാമിന് 35 മില്ലി ലിറ്റര്‍ വെള്ളം വീതം കുടിക്കണം. അതായത് 50 കിലോഗ്രാം തൂക്കമുള്ള ഒരാള്‍ 1.7 ലിറ്റര്‍ വെള്ളം കുടിക്കണം. 60 കിലോഗ്രാമുള്ള ആള് 2.1 ലിറ്ററും 70 കിലോഗ്രാമിന് 2.4 ലിറ്ററും 80 കിലോഗ്രാമിന് 2.8 ലിറ്ററും വെള്ളം കുടിക്കണമെന്നാണ് കണക്ക്.
എന്തുകൊണ്ട് മിനറലൈസ് ചെയ്യണം?
വെള്ളത്തിലെ ധാതുക്കള്‍ (സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം) കോശങ്ങള്‍ക്കുള്ളിലെ ദ്രാവക സന്തുലിതാവസ്ഥ സുഗമമാക്കുകയും നിങ്ങള്‍ കുടിക്കുന്ന വെള്ളം നിങ്ങളുടെ ശരീരം ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
നാഡിയുടെ പ്രവര്‍ത്തനം, പേശികളുടെ സങ്കോചം, ശരീരത്തിന്റെ പി.എച്ച് ബാലന്‍സ് എന്നിവയ്ക്ക് ഇലക്ട്രോലൈറ്റുകള്‍ പ്രധാനമാണ്. ഈ അവശ്യ ധാതുക്കള്‍ ഇല്ലാത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും.
ഇത് പേശിവേദന, ക്ഷീണം, ഇലക്ട്രോലൈറ്റ് കുറയല്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും. ശക്തമായ എല്ലുകള്‍ നിലനിര്‍ത്തുന്നതിന് കാല്‍സ്യവും മഗ്നീഷ്യവും നിര്‍ണായകമാണ്.
ഈ ധാതുക്കള്‍ അടങ്ങിയ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദൈനംദിന ഉപഭോഗത്തിന് കാരണമാകുകയും അസ്ഥികളുടെ സാന്ദ്രതയെ പിന്തുണയ്ക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യും.
എങ്ങനെ വെള്ളത്തെ മിനറലൈസ് ചെയ്യാം
ഉറവകളില്‍നിന്ന് അല്ലെങ്കില്‍ ഭൂഗര്‍ഭത്തില്‍നിന്നു നേരിട്ടുള്ള വെള്ളം ലഭിക്കാത്തവര്‍ക്ക് വീട്ടില്‍ സ്വന്തമായി വെള്ളം മിനറലൈസ് ചെയ്യാന്‍ ചില മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വെള്ളത്തില്‍ ധാതു തുള്ളികള്‍ ചേര്‍ക്കുക എന്നതാണ്.
സാന്ദ്രീകൃത ധാതു തുള്ളികള്‍ വാങ്ങാന്‍ ലഭിക്കും. ഹിമാലയന്‍ പിങ്ക് ഉപ്പ് ഉപയോഗിക്കുക എന്നതാണ് ഏറ്റവും എളുപ്പമാര്‍ഗം. മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ എണ്‍പതിലധികം ധാതുക്കളാല്‍ സമ്പന്നമാണ് ഹിമാലയന്‍ പിങ്ക് ഉപ്പ്.
നിങ്ങളുടെ വെള്ളത്തില്‍ ഒരു ചെറിയ നുള്ള് ഹിമാലയന്‍ ഉപ്പ് ചേര്‍ക്കുന്നത് ഈ ധാതുക്കള്‍ നിറയ്ക്കാന്‍ സഹായിക്കും. അമിതമായ ഉപ്പ് കഴിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ അതും ശ്രദ്ധിക്കുക.
വെള്ളത്തില്‍ ഒരു നുള്ള് ഫ്രഷ് നാരങ്ങ നീര് ചേര്‍ക്കുന്നത് ധാതുവല്‍ക്കരണത്തിന് സഹായകമാണ്. നാരങ്ങയില്‍ ചെറിയ അളവില്‍ മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്, മാത്രമല്ല അവ നിങ്ങളുടെ ശരീരത്തെ ആല്‍ക്കലൈസ് ചെയ്യാനും സഹായിക്കും.