പ്രസവശേഷം മുടികൊഴിച്ചിൽ
Tuesday, August 13, 2024 4:14 PM IST
ഞാൻ 24 വയസുള്ള യുവതിയും മൂന്നു വയസുള്ള കുട്ടിയുടെ അമ്മയുമാണ്. കഴിഞ്ഞ പ്രസവത്തിനു ശേഷം എന്റെ തലമുടി വല്ലാതെ കൊഴിയുന്നുണ്ട്. നിരവധി ചർമ രോഗ വിദഗ്ധരെ കണ്ടു. മൂന്നു മാസത്തോളം ഹെയർ സെറം ഉപയോഗിച്ചു.
പല തരം ഗുളികകളും എണ്ണകളും ഉപയോഗിച്ചെങ്കിലും കാര്യമായ വ്യത്യാസം കാണുന്നില്ല. മുടി കൊഴിച്ചിൽ കാരണം ഏതെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കാനോ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അഭിമുഖീകരിക്കുന്നതിനോ വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു.
കൂടാതെ ഞാൻ വല്ലാത്ത മാനസിക പിരിമുറുക്കത്തിലുമാണ്. ഉറക്കം തീരെയില്ല. എന്റെ പ്രശ്നത്തിന് ഒരു പ്രതിവിധി നിർദേശിക്കാമോ?
പത്മം, കിളിപാടി
പ്രസവശേഷം 40-60 ശതമാനം സ്ത്രീകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് റ്റീലൊജൻ എഫ്ഫലുവിയം എന്നത്. ഇത് സാധാരണയായി പ്രസവശേഷം ആറു മാസ കാലഘട്ടത്തിലാണ് കാണപ്പെടാറ്. അപൂർവമായി ചിലരിലെങ്കിലും വർഷങ്ങളോളം നീണ്ടു നിൽക്കാറുണ്ട്. താങ്കളുടെ അവസ്ഥ അത്തരമൊന്നാവാനാണ് സാധ്യത.
ഹെയർ പുൾ ടെസ്റ്റ് ചെയ്തു നോക്കേണ്ടി വരും. കൂടാതെ രക്തത്തിലെ ഫെരിറ്റിൻ,വിറ്റാമിൻ ഡി3, തൈറോയ്ഡ് ഹോർമോൺ, തൈറോയ്ഡ് ആന്റിബോഡി, ഫോലേറ്റ് ലെവൽ, വിറ്റാമിൻ B12,ആന്റി ന്യൂക്ലിയർ ആന്റിബോഡി എന്നിവയുടെ ലെവൽ എന്നിവ പരിശോധിച്ച ശേഷമേ കൃത്യമായുള്ള ചികിത്സ ആരംഭിക്കാൻ കഴിയൂ. ഒരു ചർമ രോഗ വിദഗ്ധനെ കാണുക.
വിവരങ്ങൾ: ഡോ. ജയേഷ് .പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍,
പാനൂര്‍, കണ്ണൂര്‍ ജില്ല. ഫോൺ: 0490 2316330.