സ്റ്റിറോയിഡ് എന്ന വില്ലന്‍
Tuesday, July 30, 2024 1:37 PM IST
ഞാന്‍ 35 വയസുള്ള പുരുഷനാണ്. കഴിഞ്ഞ 5 വര്‍ഷമായി വട്ടച്ചൊറി മൂലം ബുദ്ധിമുട്ടുന്നയാളാണ്. ശരീരം നല്ല വൃത്തിയായി സൂക്ഷിക്കുന്ന വ്യക്തിയാണ്. ഈ അസുഖം മൂലം വല്ലാതെ കഷ്ടപ്പെടുകയാണ്. ഉറക്കം പോയിരിക്കുകയാണ്. മുന്‍പ് വല്ലപ്പോഴും മാത്രമേ ചൊറിച്ചിലും തടിപ്പും ഉണ്ടാവാറുള്ളൂ.
എന്നാല്‍, ഇപ്പോള്‍ അത് വിട്ടൊഴിയുന്നേയില്ല. കക്ഷം, പിന്‍ഭാഗം, തുടയിടുക്കുകള്‍ എന്നിവിടങ്ങളിലാണ് ഇത് സ്ഥിരമായി വരുന്നത്. മുന്‍പ് മെഡിക്കല്‍ ഷോപ്പില്‍ നിന്നു കാന്‍ഡിഡ് ബി എന്ന ഓയിൻമെന്റ് പുരട്ടിയാല്‍ ഭേദപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വ്യത്യാസമേ കാണുന്നില്ല. ഇപ്പോള്‍ പലപ്പോഴായി ഡോക്ടറെ കാണിച്ചു ലുലിക്കോണസോള്,
ഫ്ലൂക്കോണസോള്‍, ടെര്ബീനഫിന് എന്നീ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ എന്നും കെറ്റോ സോപ് ഉപയോഗിച്ചാണു കുളിക്കുന്നത്.
ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചു ഷുഗര്‍ പരിശോധിച്ചെങ്കിലും നോര്‍മല്‍ ആണ്. എന്റെ അസുഖം മാറാന്‍ ഒരുപായം പറഞ്ഞു തരുമോ?
സുരേഷ്, തലശേരി
വൈക്കം മുഹമ്മദ് ബഷീറിനോട് ഒരിക്കല്‍ ഒരു പത്രലേഖകന് ഏറ്റവും സുഖം നല്‍കുന്നതെന്താണെന്നു ചോദിച്ചപ്പോള്‍ ബഷീര്‍ നല്കിയ മറുപടി വട്ടച്ചൊറിയില്‍ ചൊറിയുമ്പോള്‍ കിട്ടുന്ന സുഖം എന്നതായിരുന്നു.
ചൊറിയുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന സെറോട്ടണിന്‍ എന്ന രാസ വസ്തുവാണ് സുഖം പ്രദാനം ചെയ്യുന്നത്. തത്ഫലമായി ചൊറിയുള്ള ആള് വീണ്ടും വീണ്ടും ചൊറിയുള്ള ഭാഗത്തു ചൊറിഞ്ഞുകൊണ്ടേയിരിക്കുന്നു. പൊതു ജനമധ്യത്തിലും ബന്ധു ജനാദികളുടെ ഇടയിലും വച്ചുമുണ്ടാവുന്ന ചൊറിച്ചല് നമ്മളെ അവര്‍ക്കു മുന്നില്‍ അപമാനിതരാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഇവിടെ 5 വര്‍ഷമായി വിട്ടുമാറാത്ത വട്ടച്ചൊറി താങ്കളെ അലട്ടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം താങ്കള്‍ ഉപയോഗിച്ച കാന്‍ഡിഡ് ബി എന്ന ലേപനത്തില്‍ ക്ലോട്രിമസോള്‍ എന്ന തന്മാത്രയോടൊപ്പം അടങ്ങിയിരിക്കുന്ന ബെക്ലോമെത്താസോണ് എന്ന സ്റ്റിറോയ്ഡ് ആണ്.
ഇത് പൂപ്പല്‍ ബാധ മൂലമുള്ള ചര്‍മരോഗങ്ങള്‍ക്ക് ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. ഒരിക്കലെങ്കിലും ഉപയോഗിച്ചാല്‍ ആ പൂപ്പല്‍ നമ്മുടെ ചര്‍മത്തില്‍ നിന്ന് ഒരിക്കലും വിട്ടു പോകാത്ത അവസ്ഥ സംജാതമാവുകയും വീണ്ടും ഈ അസുഖം വരികയും ചെയ്യുന്നു.
താങ്കള്‍ ഈ വിഷയത്തില്‍ ആദ്യം ചെയ്യേണ്ടത് സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകളുടെ ഉപയോഗം നിര്‍ത്തുക എന്നതാണ്. സ്വയം ചികിത്സ നടത്താതെ ഒരു നല്ല ചര്‍മ രോഗ വിദഗ്ധനെ കാണുക.
ഇന്ന് നമ്മുടെ നാട്ടിലെ ആളുകൾ നടത്തുന്ന സ്വയംചികിത്സ കാരണം സാധാരണ പൂപ്പല്‍ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളായ ക്ലോട്രിമസോള്‍, ഫ്ലൂകോനസോള്, ടെര്ബീനഫിന് എന്നിവയ്ക്കെതിരെയൊക്കെ പൂപ്പൽ പ്രതിരോധശേഷി കൈവരിച്ചതിനാല്‍ ഇവയൊന്നും തന്നെ ഫല പ്രദമാകുന്നില്ല.
വീട്ടിലെ ഇലക്ട്രിക്കല്‍ ജോലിക്ക് ഇലക്്ട്രീഷനെയും പ്ലാസ്റ്ററിംഗ് ജോലിക്ക് ആ ജോലി ചെയ്യുന്ന ആളിനെയും ഏല്‍പ്പിക്കുന്ന പോലെ ചർമരോഗം ചികില്‍സിക്കാന്‍ അതില്‍
വിദ്ഗധനായ ഒരു ഡോക്ടറെ സമീപിക്കുന്നതല്ലേ നല്ലത്.
വിവരങ്ങൾ: ഡോ. ജയേഷ് .പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍,
പാനൂര്‍, കണ്ണൂര്‍ ജില്ല
ഫോൺ: 0490 2316330