വേരിക്കോസ് വെയ്ന്‍ ഉണങ്ങാത്ത മുറിവുകള്‍ക്കു കാരണമാകുമ്പോള്‍
Tuesday, July 23, 2024 2:42 PM IST
ഞാന്‍ 53 വയസുള്ള ബിസിനസുകാരനാണ്. കഴിഞ്ഞ 6 വര്‍ഷമായി വേരിക്കോസ് വെയിന്‍ മൂലമുള്ള വ്രണം കൊണ്ട് ബുദ്ധിമുട്ടുകയാണ്. നിരവധി ഡോക്ടര്‍മാരെ കാണിച്ചുവെങ്കിലും ഇതുവരെ അത് ഉണങ്ങിയിട്ടില്ല. കാലില്‍ രക്തയോട്ടം കുറയുന്നതാണ് മുറിവുണങ്ങാന്‍ താമസിക്കുന്നത് എന്നാണ് ഡോക്ടര്‍ പറഞ്ഞത്.
കാലിന്റെ ഡോപ്ളർ പരിശോധന നടത്തിയപ്പോള്‍ കാര്യമായ തകരാറു കാണുന്നില്ല എന്നും ഡോക്ടര്‍ പറഞ്ഞു. കാലിന്റെ സര്ജന്, സ്കിന്‍ സ്പെഷലിസ്റ്റ് എന്നിവരെ കാണിച്ചു. പ്രമേഹം, പ്രഷര്‍ എന്നിവയൊന്നും തന്നെയില്ല.
ദുശീലങ്ങളൊന്നും തന്നെയില്ല. അണുബാധയ്ക്കുള്ള മരുന്ന്, പുറമെ പുരട്ടാനുള്ള മരുന്നുകള്‍ എന്നിവയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്റെ അസുഖത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമോ?
വേണുഗോപാല്‍, മാനന്തവാടി
തീര്‍ച്ചയായും ഗൗരവമേറിയ പ്രശ്നം മൂലം താങ്കള്‍ വിഷമിക്കുകയാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. താങ്കളുടെ വ്രണം (ത്വക്ക് രോഗ വിദഗ്ധര്‍ ഇതിനെ സ്റ്റേസിസ് അള്‍സര്‍ എന്നാണ് വിളിക്കുന്നത്)രക്തയോട്ടത്തിന് പ്രശ്നമില്ലാത്തതു കൊണ്ടും ജീവിതശൈലീ രോഗങ്ങളുടെ അഭാവത്തിലും ചികില്‍സിച്ചു മാറ്റാന്‍ പറ്റും എന്ന് തന്നെയാണ് എനിക്ക് നിരീക്ഷണം. രക്തയോട്ടം കുറവുണ്ടെങ്കില്‍ പോലും അത് വര്‍ധിപ്പിക്കാനുള്ള മരുന്നുകള്‍ ഇന്ന് ലഭ്യമാണ്.
മുറിവുണങ്ങുന്നത് കോളാജന്‍ എന്ന ടിഷ്യൂ അഥവാ കലകള്‍ മുറിവിനു ചുറ്റും കൂടുതലായി ഉല്‍പ്പാദിപ്പിക്കുമ്പോഴാണ്. താങ്കള്‍ അത്തരം മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. മുറിവുണങ്ങുന്നതിനു തടസമാകുന്ന തരത്തില്‍ ഫ്രീ റാഡിക്കലുകള്‍ സമീപ കലകളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതും മുറിവുകള്‍ ഉണങ്ങുന്നതിനു തടസമാകും. ഇത് പരിഹരിക്കപ്പെടേണ്ടതുണ്ട്.
മുറിവുണക്കുന്നതിന് സഹായകമായ ആര്‍ജിനിന്‍, ഒമെഗാ ഫാറ്റി അമ്ലങ്ങള്‍ മുതലായ നിരവധി സംഗതികള്‍ ആവശ്യമായി വരും. താങ്കളുടെ കാര്യത്തില്‍ എന്തെല്ലാം സാധ്യതകള്‍ മുന്നിലുണ്ടെന്ന് പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. താങ്കള്‍ വയനാട് ജില്ലയില്‍ നിന്നുള്ള ആളായതു കൊണ്ട് സിക്കിള്‍ സെല്‍ അനീമിയ ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള സിക്ലിംഗ് ടെസ്റ്റ് കൂടി ചെയ്യേണ്ടത് അത്യാവശ്യമാണ്.
വേരിക്കോസ് വെയിന്‍ മൂലമുള്ള പ്രശ്നങ്ങള്‍ക്ക് മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സകള്‍ക്ക് പരിമിതികള്‍ ഉണ്ട്. പ്രാരംഭഘട്ടത്തില്‍ സര്‍ജറി, ലേസര്‍ പോലുള്ള ചികിത്സകളാണ് ഫലപ്രദം. കുറേ കാലം ചികിത്സകള്‍ ഒന്നും ചെയ്യാതിരിക്കുകയാണെങ്കില്‍ അവ ചില സങ്കീർണതകൾ ഉണ്ടാക്കും. അതില്‍ പ്രധാനപ്പെട്ടതാണ് കാലിനെ ബാധിക്കുന്ന എക്സിമയും ഉണങ്ങാന്‍ കൂട്ടാക്കാത്ത വ്രണങ്ങളും.
ഇവ രണ്ടും വേരിക്കോസ് വെയിനിനെക്കാളും ഗൗരവത്തില്‍ ചികില്‍സിക്കേണ്ട രണ്ടു രോഗങ്ങളാണ്. വേരിക്കോസ് അഥവാ സ്റ്റേസിസ് വ്രണങ്ങളെ മറ്റേതു വ്രണങ്ങളെ ചികില്സിക്കുന്ന രീതിയില്‍ ചികില്‍സിക്കുന്നവരാണ് മിക്ക ഡോക്ടര്‍മാരും എന്നത് ഈ രംഗത്തെ ഒരു വെല്ലുവിളിയാണ്. വ്രണങ്ങള്‍ ദീര്‍ഘകാലം ഉണങ്ങാതിരിക്കാനും അത് ഇടയാക്കുന്നു. ശരിയായ പാതോളജി മനസിലാക്കി വേണം ഇത് ചെയ്യാന്‍.
വിവരങ്ങൾ: ഡോ. ജയേഷ് പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ),
ത്വക്ക് രോഗ വിദഗ്ധന്‍, പാനൂര്‍, കണ്ണൂര്‍ ജില്ല
ഫോൺ: 0490 2316330