ഡിപ്രെഷന് മരുന്നും ലൈംഗിക ശേഷിയും; അറിയേണ്ടതെല്ലാം...
Wednesday, June 26, 2024 2:47 PM IST
കോവിഡ് മഹാമാരിക്കുശേഷം പലരും ഡിപ്രെഷന് മരുന്നുകള്‍ക്ക് അടിപ്പെട്ടിരികുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുമ്പും ഡിപ്രെഷനും ആന്റിഡിപ്രസന്റ് മരുന്നുകളും ഉണ്ടായിരുന്നെങ്കിലും ആളുകള്‍ ഇത്രയ്ക്ക് വ്യാപകമായി ഇതിന് അടിപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം.
ഡിപ്രെഷന് ഒഴിവാക്കാന്‍ ആന്റിഡിപ്രസന്റ് മരുന്നുകള്‍ കഴിക്കുന്നതോടെ ജീവിതം പഴയപടി ആകുന്നു എന്നത് ഏവരെയും ആശ്വസിപ്പിക്കും. എന്നാല്‍, പിന്നാലെ വരുന്ന വലിയൊരു പ്രശ്നം അപ്പോള്‍ ആരും കാണുന്നില്ല.
ആന്റിഡിപ്രസന്റ് മരുന്നുകള്‍ നിങ്ങളുടെ ലൈംഗിക ജീവിതത്തെ താറുമാറാക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു പഠന റിപ്പോര്‍ട്ട്. അതേസമയം, വിഷാദത്തിനുള്ള മരുന്നു കഴിക്കുന്ന ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് ലൈംഗിക പ്രവര്‍ത്തനം മെച്ചപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
ലൈംഗിക പ്രവര്‍ത്തനങ്ങളിലുള്ള താത്പര്യവും ആസ്വാദനവും ആനന്ദവും പലപ്പോഴും വിഷാദത്തെ ബാധിക്കുന്നതിനാലാണ് ഇതെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.
ലൈംഗിക പ്രശ്നങ്ങള്‍
വിഷാദത്തിനുള്ള മരുന്നു കഴിക്കുന്നവരില്‍ ഏറ്റവും വലിയ പാര്‍ശ്വഫലം അവരുടെ ലൈംഗികശേഷി കുറയുന്നു എന്നതാണ്. ഉദ്ധാരണ കുറവ്, ജനനേന്ദ്രിയങ്ങളിലെ സംവേദനക്ഷമത അല്ലെങ്കില്‍ തൊട്ടറിയാനുള്ള കഴിവ്, ലൂബ്രിക്കേഷന്, രതിമൂര്‍ച്ഛ, സ്ഖലന പ്രശ്നം തുടങ്ങിയവാണ് വിഷാദത്തിനുള്ള മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുന്നവരില്‍ കണ്ടുവരുന്ന ലൈംഗിക പ്രശ്നങ്ങള്‍.
ചിലര്‍ക്ക് ഒന്നിലധികം പ്രശ്നങ്ങള്‍ കണ്ടുവരുമ്പോള്‍ മറ്റുചിലരില്‍ ഇതില്‍ ഏതെങ്കിലും ഒരു പ്രശ്നം ശക്തമായിരിക്കാം. മരുന്നുകളുടെ പാര്‍ശ്വഫലമായി ലൈംഗിക അപര്യാപ്തത ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തെയോ ലൈംഗിക പ്രകടനത്തെയോ ബാധിക്കുകയും അത് ലജ്ജയ്ക്കും കുറ്റബോധത്തിനും ആശങ്കയ്ക്കും വഴിതെളിക്കുകയും ചെയ്യുന്നുണ്ട്.
എന്തുകൊണ്ട് ഇങ്ങനെ
വിഷാദത്തിനുള്ള മരുന്നു കഴിക്കുന്നതിലൂടെ ലൈംഗിക അപര്യാപ്ത ഉണ്ടാകാനുള്ള കാരണങ്ങളില്‍ പ്രധാനം ഇത്തരം മരുന്നുകള്‍ തലച്ചോറിനെ ബാധിക്കുന്നു എന്നതാണ്. ലൈംഗിക കൃത്യങ്ങള്‍ മറ്റുള്ള അവയവങ്ങളിലൂടെയാണ് നടക്കുന്നത് എങ്കിലും തലച്ചോറാണ് യഥാര്‍ഥത്തില്‍ ഇവയെല്ലാം നിയന്ത്രിക്കുന്നത്.
ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍, രക്തയോട്ടം, മസ്കുലര്‍ സിസ്റ്റം എന്നിവയെല്ലാം തലച്ചോറാണ് നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ "ഏറ്റവും പ്രധാനപ്പെട്ട ലൈംഗിക അവയവം' എന്ന് ചിലര്‍ തലച്ചോറിനെ വിശേഷിപ്പിക്കുന്നു.
തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്റര്‍ സെറോടോണിന്റെ അളവ് വര്‍ധിപ്പിച്ചാണ് വിഷാദത്തെ ചികിത്സിക്കുന്നത്. ഇത് ലൈംഗിക അപര്യാപ്തയ്ക്ക് കാരണമാകുന്നു. ലൈംഗിക പ്രതികരണത്തിന്റെ ആദ്യ ഘടകമായ ഉത്തേജനത്തിന് കാരണമാകുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ ഒന്നാണ് സെറോടോണിന്‍.
സെറോടോണ്‍ വര്‍ധിക്കുന്നത് ഒരാള്‍ക്ക് മാനസികമായി സുഖം നല്‍കും. എന്നാല്‍, അത് കാമാസക്തിയെ ഇല്ലാതാക്കും.
പരിഹാരമായി എന്തു ചെയ്യാം
ശാരീരിക ഉത്തേജനത്തിനും രതിമൂര്‍ച്ഛയ്ക്കും വേണ്ടത് ജനനേന്ദ്രിയത്തിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുക എന്നതാണ്. വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നവരാണെങ്കില്‍ പ്രശ്ന പരിഹാരത്തിനായി ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും ഉത്തമം.
എല്ലാവര്ക്കും ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകാറില്ല എന്നതും ശ്രദ്ധേയം. ലൈംഗിക അപര്യാപ്തതയ്ക്കുള്ള മരുന്നുകള്‍ ചിലപ്പോള്‍ രക്തക്കുഴലുകളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെടാറുണ്ട്.
കൃത്യമായ സോഷ്യല്‍ ഇടപെടലിലൂടെയും വ്യായാമത്തിലൂടെയും നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തി, വിഷാദത്തില്‍നിന്ന് മുക്തമാകുക എന്നതാണ് ഏറ്റവും പ്രധാനം.
മാത്രമല്ല, ശരീയായ രീതിയില്‍ വ്യായാമത്തിലൂടെ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തിയാല്‍ ലൈംഗിക കരുത്ത് വര്‍ധിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.