ഭക്ഷണത്തിൽ മാതളം പ്രധാനം
Monday, June 24, 2024 1:02 PM IST
അനേകം ഔഷധ ഗുണമേന്മകളാല് സമ്പന്നമാണ് മാതളം(പോമെഗ്രനേറ്റ്). ലിത്തറേസി കുലത്തില്‍പ്പെട്ട ഫലവര്‍ഗം. മാതള നാരങ്ങ മൂന്നു തരത്തിലുണ്ട്. മധുരമുള്ളത്, മധുരവും പുളിയുമൂള്ളത്, പുളിയുള്ളത്.
ഇവയ്ക്ക് മൂന്നിനും അവയുടേതായ ഗുണവിശേഷണങ്ങളും ഉണ്ട്. മധുരമാതളപ്പഴം ശരീരത്തില്‍ രക്ത നിര്‍മ്മാണത്തിന് സഹായകം. മധുരവും പുളിയുമുള്ള മാതളപ്പഴം അതിസാരം, ചൊറി എന്നീ അസുഖങ്ങളെ ശമിപ്പിക്കും. പുളിയുള്ള മാതളം നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയ്ക്ക് ആശ്വാസം നല്‍കും.
മാതളത്തിന്റെ മുകള്‍ ഭാഗത്ത് ദ്വാരം ഉണ്ടാക്കി ശുദ്ധമായ ബദാമിന്റെ എണ്ണ അതില്‍ നിറച്ച് അടച്ചു വയ്ക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ എണ്ണ പഴത്തില്‍ അലിഞ്ഞു ചേരും. ആപഴത്തിന്റെ അല്ലി കഴിച്ചാല്‍ കാലപ്പഴക്കമുള്ള ചുമയ്ക്കും പഴക്കം ചെന്നതായ ശ്വാസം മുട്ടലിനും ആശ്വാസം ലഭിക്കും.
ഉദരരോഗ ശമനത്തിന്..
മാതളനീരും തിപ്പലിയും കല്‍ക്കണ്ടവും തേനും ചേര്‍ത്തു കഴിച്ചാല്‍ ചര്‍ദിക്ക് പെട്ടെന്നു തന്നെ ആശ്വാസം ലഭിക്കും. നിത്യവും ഒരു മാതളപ്പഴം വീതം കഴിച്ചുവന്നാല്‍ ഉദരപ്പുണ്ണ് ഇനി ഉണ്ടാകാത്ത വിധം മാറിക്കിട്ടും.
മാതളം മുഖ്യ ചേരുവയായ മാതള രസായനം ആസ്ത്മ, ചുമ എന്നിവയ്ക്ക് ഗുണകരം. നിത്യവും ഒരു ഗ്ലാസ് മാതളപ്പഴച്ചാര് കഴിക്കുന്നത് ഉദര രോഗങ്ങള്‍ക്കും ശമനം വരുത്തും. മാതളത്തോട് നന്നായിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കലക്കിക്കുടിച്ചാല്‍ ഏതു തരം കൃമി ഉപദ്രവത്തിനും ആശ്വാസം കിട്ടും.
വിറ്റാമിൻ സി
മാതളപ്പഴത്തില്‍ ധാരളമായ തോതില്‍ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. വയറുകടി,വയറിളക്കം എന്നിവയ്ക്ക് മാതളത്തോട് ഒരു ഉത്തമ ശമനൗഷധം പോലെ ഉപകരിക്കും. അത്യുഷ്ണം ശമിപ്പിച്ച് ശരീരത്തിനു കുളിര്‍മ നല്കാന് മാതളത്തിനുള്ള കഴിവ് ഒന്നു വേറെ തന്ന.
മാതളത്തിന്റെ വേര്, തൊലി, ഇല, പൂവ്, കായ് എന്നിവ എടുത്ത് കഷായം വച്ച് കുറച്ചു നാള് കഴിച്ചു കൊണ്ടിരുന്നാല്‍ രക്തവാതം കൊണ്ട് കൈ കാലുകള്‍ പൊള്ളുന്നതും വിളറുന്നതും ചൊറിച്ചിലും ശമിക്കും.
സ്ത്രീകളുടെ ആരോഗ്യത്തിന്
സ്ത്രീകള്‍ക്കുണ്ടാകുന്ന വെള്ളപോക്ക്, രക്തസ്രാവം, ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവയ്ക്ക് മാതള വേരിന്റെ തൊലി വളരെയധികം ഫലപ്രദമാണ്.
തൊലിയും പൂവും ഇലയും വേരും
മാതളത്തിന്റെ നീര് മൂക്കില്‍ നിന്നുള്ള രക്തസ്രാവം തടയാന്‍ സഹായിക്കും. മാതളത്തോടിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരക്ഷീണം അകറ്റാന്‍ വളരെയധികം ഉത്തമമാണ്. അമ്ളപ്രധാനമായ രസമാണ് മാതളത്തിന്.
ഈ ഫല വൃക്ഷത്തിന്റെ തൊലിയും പൂവും ഇലയും വേരും എല്ലാം തന്നെ ഔഷധയോഗ്യമാണ്. ഇത്രയേറെ ഔഷധ ഗുണങ്ങള്‍ നിറഞ്ഞ മാതളപ്പഴം ഭക്ഷണക്രമത്തിലുള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393