ഭക്ഷണത്തിനുശേഷം നടത്തം; ഗുണമോ, ദോഷമോ...?
Saturday, May 4, 2024 1:24 PM IST
വയര്‍നിറച്ച് ഭക്ഷണം കഴിച്ചശേഷം നടക്കുന്നത് നല്ലതോ ചീത്തയോ...? രാത്രിയില്‍ അത്താഴത്തിനുശേഷം നടക്കുന്നവര്‍ ഏറെയുണ്ട്. ഭക്ഷണത്തിനുശേഷം നടക്കുന്നത് നല്ലതാണ്. എന്നാല്‍, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കാരണം, ചിലര്‍ക്ക് വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇത് ഇടയാക്കിയേക്കാം. ഭക്ഷണം കഴിച്ചതിന് ശേഷം നടക്കുന്നത് പൊതുവേ നിരവധി ആരോഗ്യഗുണങ്ങള്‍ക്ക് വഴിതെളിക്കും.
ഭക്ഷണത്തിന് ശേഷം നടക്കുന്നതിന്റെ വിവിധ ഗുണങ്ങള്‍ ഇവയാണ്:
മെച്ചപ്പെട്ട ദഹനം
മലബന്ധം, ആസിഡ് റിഫ്ലക്സ്, വയറുവേദന എന്നിവയെല്ലാം ഭക്ഷണം കഴിച്ചതിന് ശേഷം ഉണ്ടാകാറുള്ള അസുഖകരമായ ലക്ഷണങ്ങളാണ്. അത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഇതില്‍ നിന്നെല്ലാം മോചനം നേടാനുള്ള മാര്‍ഗമാണ് നടത്തം. നടക്കുന്നത് വയറ്റിനെയും കുടലിനെയും ഉത്തേജിപ്പിക്കുകയും ഭക്ഷണം കൂടുതല്‍ വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഹൃദ്രോഗ സാധ്യത കുറയ്ക്കും
പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് മികച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കുകയും നെഞ്ചെരിച്ചില്‍, ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിന് ശേഷം 10 മുതല്‍ 15 മിനിറ്റ് വരെ നടത്തം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് കൂടുതല്‍ ഗുണം ചെയ്യുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കും
ഭക്ഷണം കഴിച്ചതിന് ശേഷം അനങ്ങാതിരിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായ വര്‍ധിക്കാന്‍ കാരണമാകും. രക്തപ്രവാഹത്തില്‍ വളരെയധികം പഞ്ചസാര ഉണ്ടാകുന്നത് നമ്മുടെ കരളിനെയും പേശികളെയും പ്രതികൂലമായി ബാധിക്കും.
കാലക്രമേണ ഇത് പ്രമേഹത്തിന് വഴിയൊരുക്കുകയും ചെയ്യും. ഭക്ഷണത്തിന് ശേഷം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതിലൂടെ പ്രമേഹം അടക്കമുള്ള ജീവിതശൈലി രോഗങ്ങളില്‍നിന്ന് അകന്നുനില്ക്കാം.
ശരീരഭാരം നിയന്ത്രിക്കാം
ഭക്ഷണത്തിന് ശേഷം ഒരു ചെറിയ നടത്തം ശരീരഭാരം നിലനിര്‍ത്താനും കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി കത്തിക്കേണ്ടതുണ്ട്. അതിനായി കൂടുതല്‍ നടക്കണം.
നിങ്ങള്‍ നടക്കുമ്പോള്‍ നിങ്ങളുടെ ശരീരം കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കുകയും അങ്ങനെ കൂടുതല്‍ കലോറി കത്തിക്കുകയും ചെയ്യാം. ശരീരഭാരം നിലനിര്‍ത്താന്‍ സാധാരണ നടത്തം മാത്രം മതി.
നല്ല ഉറക്കം
അത്താഴത്തിന് ശേഷം നടക്കുന്നത് സിര്‍കാഡിയന്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണര്‍വ് ചക്രം വര്‍ധിപ്പിക്കുകയും ആഴത്തിലുള്ള ഉറക്കത്തിന് സഹായിക്കുകയും ചെയ്യും.
നടത്തം ഭക്ഷണത്തിന് ശേഷമുള്ള വയറുവേദനയ്ക്ക് ശമനമുണ്ടാക്കും. ഇതും സുഖകരമായ ഉറക്കത്തിന് സഹായകമാണ്.