തണ്ണിമത്തന് കഴിക്കൂ; നേടൂ ഈ ആരോഗ്യ ഗുണങ്ങള്‍...
Tuesday, April 16, 2024 11:59 AM IST
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍ മുതല്‍ നിരവധി ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.
കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന് വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...
92 ശതമാനം ജലാംശം
തണ്ണിമത്തനില്‍ 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മത്തിന്റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന്‍ സഹായികമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍, അര്‍ജിനൈന്‍ എന്നിവയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൊളാജന്‍, ആന്റിഓക്സിഡന്റ് സമ്പന്നം
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, വരകള്‍ തുടങ്ങിയ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇതിന് കഴിയും.
ചര്‍മത്തിന്റെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം തണ്ണിമത്തനിലുണ്ട്.
തണ്ണിമത്തനില്‍ കുക്കുര്‍ബിറ്റാസിന്‍ ഇ, ല്യൂട്ടോലിന്‍ എന്നീ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലെ വീക്കം, ചുവന്നു തടിക്കല്‍ എന്നിവയ്ക്ക് പ്രതിവിധിയാണ്.
അള്‍ട്രാവയലറ്റ് സംരക്ഷണം
തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ശരീരത്തിനു സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന് പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ സഹായിക്കും.
മാത്രമല്ല, തണ്ണിമത്തന് ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്‍
തണ്ണിമത്തനില്‍ കലോറി കുറവാണ്. നാരുകളാല്‍ സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന്‍ ഉത്പാദനം, നീര് കുറയ്ക്കല്‍, പോഷണം തുടങ്ങിയവ നല്‍കിക്കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന് ഉപകാരപ്രദമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന് മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്‍മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില്‍ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.