കൊളസ്ട്രോൾ കുറയ്ക്കാൻ അയമോദകം; ഫലങ്ങൾ അദ്ഭുതകരം...
Thursday, March 21, 2024 1:26 PM IST
കൊളസ്ട്രോൾ എങ്ങനെയെങ്കിലും ഒന്നു കുറഞ്ഞു കിട്ടിയാൽ മതിയായിരുന്നു എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ...? അങ്ങനെയെങ്കിൽ അതിനായി ഏറ്റവും ഫലപ്രദവും എളുപ്പത്തിലും മറ്റ് ദോഷങ്ങൾ ഒന്നുമില്ലാതെയും ഉപയോഗിക്കാവുന്ന ഒന്നാണ് അയമോദകം.
ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് അയമോദകം കഴിക്കുന്നവർ ഏറെയുണ്ട്. അതുപോലെ കൊളസ്ട്രോളിനെ നിയന്ത്രണത്തിൽ നിർത്താനും അയമോദകം നമ്മൾക്കു സഹായകമാണ്. അമിതമായ കൊളസ്ട്രോൾ ഹൃദ്രോഗത്തിനും സ്ട്രോക്കിനും കാരണമാകും എന്നതിനാൽ അത് നിയന്ത്രണത്തിൽ നിർത്തുന്നത് നമ്മുടെ ദീർഘായുസിനു പ്രധാനമാണ്.
കൊളസ്ട്രോളിനെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. ചീത്ത കൊളസ്ട്രോളും (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീൻ - എൽഡിഎൽ) നല്ല കൊളസ്ട്രോളും (ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീൻ - എച്ച്ഡിഎൽ). എൽഡിഎൽ കൊളസ്ട്രോള്‍ രക്ത ധമനികളില്‍ അടിഞ്ഞു കൂടും. ഇത് രക്തക്കുഴലുകളെ ചുരുക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.
അനാരോഗ്യകരമായ ജീവിതശൈലി, കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പുകവലി എന്നിവ പലപ്പോഴും നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്ന കാരണങ്ങളാണ്.
വെറും വയറ്റിൽ അയമോദ വെള്ളം
രാത്രിയിൽ അയമോദകം വെള്ളിൽ കുതിർത്ത് രാവിലെ വെറുംവയറ്റിൽ അത് കഴിച്ചാൽ കൊളസ്ട്രോൾ കുറയുന്നതടക്കമുള്ള നിരവധി ആരോഗ്യകരമായ കാര്യങ്ങൾ ശരീരത്തിൽ നടക്കുമെന്നതാണ് വാസ്തവം.
ശരീരത്തിലെ നീരുകൾ കുറയ്ക്കുന്നതിനും കാര്യക്ഷമമായ ദഹനം പ്രോത്സാഹിപ്പിക്കുന്നതിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും മറ്റ് ആരോഗ്യകരമായ സംയുക്തങ്ങളും നിറഞ്ഞതാണ് അയമോദകം.
പാർശ്വഫലങ്ങൾ ഇല്ല
പാർശ്വഫലങ്ങൾ ഒട്ടുമില്ല എന്നതാണ് അയമോദകത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. രാവിലെ ഒരു ഗ്ലാസ് അയമോദക വെള്ളം കുടിച്ച് ദിവസം ആരംഭിച്ചാൽ കൊളസ്ട്രോളിന്റെ ശരീരത്തിലെ അളവ് അതിവേഗം കുറയുന്നതായി കാണാം.
ആന്റിഓക്സിഡന്റുകളുടെ കലവറയാണ് അയമോദനം. ഓക്സിഡേറ്റീവ് സമ്മർദത്തിനും ശരീരം ചീർത്തുവരുന്നതിനും ഉത്തമ മരുന്നാണ് ആന്റിഓക്സിഡന്റ്. മാത്രമല്ല, സ്വാഭാവിക കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിലൂടെ ഹൃദ്രോഗങ്ങൾക്കെതിരേ പ്രതിരോധം തീർക്കാനും സഹായിക്കുന്നു.
ദഹനം, ഷുഗർ നിയന്ത്രം
ദഹനത്തെ ശക്തിപ്പെടുത്തുകയാണ് അയമോദകത്തിന്റെ ഏറ്റവും വലിയ കർത്തവ്യങ്ങളിൽ ഒന്ന്. ദഹനം കാര്യക്ഷമമായാൽ പോഷകങ്ങൾ വിഘടിക്കുകയും അത് ആഗിരണം ചെയ്യാൻ ശരീരത്തിനു സാധിക്കുകയും ചെയ്യുന്നു. അതിലൂടെ കൊളസ്ട്രോൾ നിയന്ത്രണത്തിൽവരും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും വെറുംവയറ്റിൽ അയമോദക വെള്ളം കുടിക്കുന്നത് സഹായകമാണ്. ചീത്ത കൊളസ്ട്രോളിന്റെ ഒരു മറുവശമായി രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയർന്നു കാണപ്പെടാറുണ്ട്.
ക്ഷീണമകറ്റും
ദീർഘനേരം ഉറങ്ങിയിട്ടും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് കുറയുന്നതാണ് ഇതിന്റെ കാരണം. ഈ പ്രശ്നം മൂലം ദഹനക്കേടും വന്നേക്കും.
രാവിലെ അയമോദകം വെള്ളം കുടിച്ച് ദിവസം ആരംഭിച്ചാൽ മെറ്റബോളിസം വേഗത്തിലാക്കാനും ശരീരത്തിലെ അമിത കലോറി കത്തിക്കാനും കഴിയും. അങ്ങനെ ശരീരഭാരവും കൊളസ്ട്രോളും നിയന്ത്രണത്തിലാകുന്നതിനൊപ്പം ക്ഷീണത്തിൽനിന്നും മുക്തരാകാം.
കരളിന്റെ ആരോഗ്യം
ഒരു ടീസ്പൂൺ അയമോദകം ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ വച്ചശേഷമാണ് രാവിലെ വെറുംവയറ്റിൽ അത് കുടിക്കേണ്ടത്. ഇത് കരളിന്റെ ആരോഗ്യത്തിനും നിർണായകമാണ്. കരളിനെ വിഷാംശം ഇല്ലാതാക്കാൻ ഇത് സഹായിക്കും.
അയമോദകം ആയുർവേദ ഔഷധസസ്യമാണ്. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങളെക്കുറിച്ച് ആശങ്കയില്ലാതെ ദിനചര്യയുടെ ഭാഗമാക്കാം. എന്നിരുന്നാലം ഭക്ഷണക്രമത്തിലും ജീവിത ശൈലിയിലും മാറ്റംവരുത്തുന്നതിനു മുന്‍പ് ഒരു ഡയറ്റീഷനുമായോ ഡോക്ടറുമായോ കൂടിയാലോചിക്കേണ്ടത് അത്യാവശ്യമാണ്.
മാത്രമല്ല, ഭക്ഷണത്തിൽ മാറ്റവും നിയന്ത്രണവും കൊണ്ടുവരേണ്ടതും വ്യായാമം ചെയ്യേണ്ടതും ശരീരത്തിന്റെ ആരോഗ്യാവസ്ഥയ്ക്കു നിർണായകമാണ്.