ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്; സംഭവം ട്രെന്‍ഡാണ്, പക്ഷേ ഗുണവും ദോഷവുമുണ്ട്...
Wednesday, March 20, 2024 1:53 PM IST
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്(ഐഎഫ്) എന്നു കേട്ടിട്ടുണ്ടോ...? ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിശ്ചിത സമയത്തിനുള്ളില്‍ ഒരാള്‍ക്കുവേണ്ട കലോറി ഭക്ഷണം കഴിക്കുക, ബാക്കി സമയത്ത് ഒരു ഭക്ഷണവും കഴിക്കാതിരിക്കുക എന്നതാണ്.
8 - 10 മണിക്കൂറാണ് സാധാരണയായി ഇന്റര്‍മിറ്റന്റ് ഭക്ഷണം കഴിക്കുന്നവര്‍ എടുക്കുന്ന സമയപരിധി. അതായത് 8 - 10 മണിക്കൂറിനുള്ളില്‍ കൃത്യമായി സമയം നിശ്ചയിച്ച് ഒരു ദിവസം ആവശ്യമുള്ള കലോറി ആഹാരം കഴിക്കും. 5:2 ഡയറ്റ് പ്ലാനാക്കി ഇതിനെ ഉപയോഗിക്കുന്നവും ഉണ്ട്.
മനുഷ്യര്‍ സാധാരണയായി 12 - 16 മണിക്കൂര്‍ ഇടയിലാണ് ഓരോദിവസത്തെയും ഭക്ഷണം കഴിക്കാറുള്ളത്. ഇതിനു കൃത്യമായ പരിധി നിശ്ചയിക്കുകയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിന് ഗുണങ്ങളുമുണ്ട് ദോഷങ്ങളുമുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
തലച്ചോറിന്റെ പ്രവര്‍ത്തനം ക്രിയാത്മകമാക്കുന്നു
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിന്റെ ഏറ്റവും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം പരിപോഷിപ്പിക്കപ്പെടുന്നു എന്നതാണ്.
ബുദ്ധി കൂര്‍മത, ശ്രദ്ധ തുങ്ങിയ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന തലച്ചോറിന്റെ കഴിവായ ന്യൂറോപ്ലാസ്റ്റിറ്റിയെ പ്രോത്സാഹിപ്പിക്കാന്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിലൂടെ കഴിയുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്.
അതിലൂടെ വൈജ്ഞാനിക പ്രവര്‍ത്തനം വര്‍ധിക്കും. ഇത് ഓര്‍മശക്തി, പഠനം, വൈജ്ഞാനിക പ്രകടനം എന്നിവയെ മെച്ചപ്പെടുത്താന്‍ ഉപകരിക്കും. ബ്രെയിന്‍-ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടര്‍ (ബിഡിഎന്‍എഫ്) പോലുള്ള ന്യൂറോട്രോഫിക് ഘടകങ്ങളുടെ ഉത്പാദനം വര്‍ധിക്കാനും ഇത് സഹായിക്കും.
ഇത് അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാന്‍ സഹായകമാണ്.
ഹോര്‍മോണ്‍ നിയന്ത്രിക്കും
മസ്തിഷ്കത്തില്‍ നിന്നുള്ള ഹോര്‍മോണുകളുടെ നിയന്ത്രണം ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിലൂടെ സാധിക്കും എന്നാണ് കണ്ടെത്തല്‍. ഇന്‍സുലിന്‍, ഗ്രെലിന്‍, ലെപ്റ്റിന്‍ തുടങ്ങിയ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തെയും പ്രകാശനത്തെയും ഇടവിട്ടുള്ള ഉപവാസം സ്വാധീനിക്കും.
ഇത് വിശപ്പ് നിയന്ത്രിക്കുകയും തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും. വിട്ടുമാറാത്ത നീര് ഉള്‍പ്പെടെയുള്ള വിവിധ ന്യൂറോളജിക്കല്‍ അവസ്ഥകള്‍ കുറച്ച് മസ്തിഷ്ക ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മാത്രമല്ല, കോശങ്ങളില്‍ നിന്ന് കേടുപാടുകള്‍ സംഭവിച്ചതോ പ്രവര്‍ത്തനരഹിതമോ ആയ ഘടകങ്ങളെ നീക്കം ചെയ്യാന്‍ ഇത് ഉപകാരപ്രദമാണ്.
തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്തും
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിലൂടെ തലച്ചോറിലെ രക്തയോട്ടവും രക്തക്കുഴലുകളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ കഴിയും. ഇത് തലച്ചോറിലെ കോശങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതിനും ശുദ്ധീകരണപ്രവര്‍ത്തനം സജീവമാക്കാനും അത്യാവശ്യമാണ്.
മെച്ചപ്പെട്ട രക്തചംക്രമണം ബുദ്ധിപരമായ പ്രവര്‍ത്തനത്തിനും മസ്തിഷ്ക ആരോഗ്യത്തിനും സഹായകമാകും. മാനസിക സമ്മര്‍ദത്തിനും ഇത്തരത്തിലുള്ള ഫാസ്റ്റിംഗ് ഗുണകരമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
തലച്ചോറിലെ പുതിയ ന്യൂറോണുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും ഇത് ഉപകാരപ്രദമാണ്.
പ്രമേഹം, ശരീരഭാരം
പ്രമേഹം, അമിതശരീരഭാരം തുടങ്ങിയവയ്ക്കുള്ള മറുമരുന്നാണ് 8-10 മണിക്കൂറിനുള്ളില്‍ ദിവസേനയുള്ള കലോറി കഴിക്കുന്ന ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്.
നിലവില്‍ ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ജീവിതശൈലി ലളിതമാക്കാനും ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ഭക്ഷണ പ്രവണതയായി ഇത് മാറിയിരിക്കുന്നു.
ഹൃദയാരോഗ്യത്തിനു വെല്ലുവിളി
ഷിക്കാഗോയിലെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ശാസ്ത്രസമ്മേളനങ്ങളില്‍ അവതരിപ്പിച്ച ഒരു വിശകലനത്തില്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാണെന്ന് വ്യക്തമാക്കുന്നു.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് അനുസരിച്ച് എട്ട് മണിക്കൂറിനുള്ളില്‍ ഒരു ദിവസത്തെ ഭക്ഷണം കഴിക്കുന്ന ആളുകള്‍ എട്ട് വര്‍ഷത്തെ ശരാശരി കാലയളവില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കാനുള്ള സാധ്യത 91 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.
20,000 ആളുകളെ പങ്കെടുപ്പിച്ചുള്ള സര്‍വേയില്‍നിന്നുള്ള കണ്ടെത്തലാണ് ഇത്.