ആട്ടിന്‍ പാല് കുടിക്കാം, നേടാം ഈ ഗുണങ്ങള്‍
Saturday, March 9, 2024 11:40 AM IST
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്നവനാണ് ആട് തോമ എന്ന് കേരളക്കര കേട്ടിട്ടുണ്ട്, സ്ഫടികം സിനിമയിലൂടെ...അതെല്ലാം സിനിമാ വര്‍ത്തമാനങ്ങള്‍ മാത്രം. നമ്മളില്‍ എത്രപേര്‍ ആട്ടിന്‍ പാല് കുടിക്കുന്നവരാണ്...ആട്ടിന്‍ പാലിന്റെ ഗുണമറിഞ്ഞാല്‍ ഒന്ന് കുടിച്ച് നോക്കുമെന്ന് ഉറപ്പാണ്.
കാരണം, അത്രയ്ക്ക് ഗുണഫലങ്ങള്‍ ആട്ടിന്‍ പാലില്‍ ഉണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാല് ഇനങ്ങളിലൊന്നാണ് ആട്ടിന്‍ പാല്. കലോറി, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയുടെ പ്രധാന ഉറവിടമാണ് ആട്ടിന്‍ പാല്. പശുവിനെ അപേക്ഷിച്ച് ആടിനെ വളര്‍ത്താന്‍ എളുപ്പമാണെന്നതും മറ്റൊരു വാസ്തവം.
പശുവിന് പാലിലേക്കാള് ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന കൂടുതല്‍ പോഷകങ്ങള്‍ ആട്ടിന്‍ പാലില്‍ ഉണ്ട്. എളുപ്പത്തില്‍ ദഹിക്കും, പാല് അലര്‍ജി സാധ്യത കുറവ്, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും എന്നിങ്ങനെ നിരവധി ഗുണങ്ങളാണ് ആട്ടിന്‍ പാലിനുള്ളത്.
ആട്ടിന്‍ പാലിന്റെ പോഷകക്കണക്ക്
നമ്മള് ആട്ടിന്‍ പാല് കുടിക്കുന്നവരോ അല്ലാത്തവരോ ആയിരിക്കട്ടെ, ഒരു കപ്പ് ആട്ടിന്‍ പാലില്‍ എന്തെല്ലാം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്ന് മനസിലാക്കേണ്ടത് അഭികാമ്യമാണ്. ഒരു കപ്പ് ആട്ടിന്‍ പാലില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവ് ഇങ്ങനെയാണ്:
കലോറി: 168, പ്രോട്ടീന്‍: ഒന്‍പത് ഗ്രാം, കൊഴുപ്പ്: 10 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ്: 11 ഗ്രാം, ഫൈബര്‍: 0 ഗ്രാം, പഞ്ചസാര: 11 ഗ്രാം
ആട്ടിന്‍ പാലിന്റെ ഗുണങ്ങള്‍
ആട്ടിന്‍ പാലില്‍ വിറ്റാമിന്‍ എ ധാരാളമുണ്ട്. തിമിരം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും വൈറല്‍ രോഗമായ മീസില്‍സിനെതിരെ പോരാടാന്‍ കുട്ടികളെ വിറ്റാമിന്‍ എ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മാത്രമല്ല, പ്രോട്ടീന്‍, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ് മഗ്നീഷ്യം തുടങ്ങിയവയും ആട്ടിന്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. സാധാരണ പശുവിന് പാല്, സോയ പാല്, ബദാം പാല് തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആട്ടിന്‍ പാലില്‍ പ്രോട്ടീന്‍ കൂടുതല്‍ ഉണ്ട്.
എളുപ്പത്തില്‍ ദഹിക്കുന്ന പ്രോട്ടീനാണ് ആട്ടിന്‍ പാലിലേത് എന്നതും ശ്രദ്ധേയം. അതുകൊണ്ട് ശരീരത്തിന് ഇത് കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും.
അലര്‍ജിക്ക് കാരണമാകില്ല
പശുവിന് പാല് മൂലം ആലര്ജി ഉണ്ടാകുന്ന ആളുകളില്‍ ആട്ടിന്‍ പാല് കുഴപ്പമില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പശുവിന് പാല് മൂലം അലര്‍ജിയുള്ള നാല് കുട്ടികളില്‍ ഒരാള്‍ക്ക് ആട്ടിന്‍ പാല് അലര്‍ജി ഇല്ലെന്നാണ് പഠനം കണ്ടെത്തിയത്.
നിങ്ങള്‍ക്ക് ഡയറി അലര്‍ജിയുണ്ടെങ്കില്‍ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്തശേഷം പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പാക്കി മാത്രം ആട്ടിന്‍ പാല് ട്രൈ ചെയ്ത് നോക്കാം.
കൊളസ്ട്രോള്‍ നിയന്ത്രിക്കും
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ആട്ടിന്‍ പാല് സഹായിക്കും. കൊളസ്ട്രോള്‍ അധികമുള്ളവര്‍ക്ക് ആട്ടിന്‍ പാല് ഉപയോഗിക്കാവുന്നതാണ്. രക്തധമനികളിലെയും പിത്തസഞ്ചിയിലെയും കൊളസ്ട്രോള്‍ കുറയ്ക്കാനും ആട്ടിന്‍ പാല് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
അതേസമയം, മറ്റേത് തരം പാലിലേക്കാളും ആട്ടിന്‍ പാലില്‍ കൂടുതല്‍ കലോറിയുണ്ട്. അമിതമായ കലോറി ഉപഭോഗം ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. നിങ്ങള്‍ കലോറി കൂട്ടാന്‍ ശ്രമിക്കുകയാണെങ്കില്‍ ആട്ടിന്‍ പാല് ഉത്തമമാണ്.