രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം; ആരോഗ്യകരമായ മാറ്റങ്ങള്‍ നേരിട്ടറിയാം
Wednesday, February 14, 2024 1:30 PM IST
ജീവന്റെ നിലനില്‍പ്പിന് ജലം എത്രമാത്രം ആവശ്യമാണെന്ന് നമുക്കറിയാം. ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ തന്നെ ശരീരത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
ധാരാളം വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക മാത്രമല്ല ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യും. ചൂടുവെള്ളം പലവിധത്തില്‍ ആരോഗ്യം വര്‍ധിപ്പിക്കുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.
രാവിലെ എഴുന്നേറ്റുകഴിഞ്ഞ് ആദ്യം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തില്‍ അദ്ഭുതകമായ പല മാറ്റങ്ങള്‍ക്കും വഴിതെളിക്കുന്നു. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്ന ശ്രദ്ധേയമായ ചില ഗുണങ്ങള്‍ ഇവയാണ്.
മാലിന്യങ്ങള്‍ ഇല്ലാതാക്കല്‍
ശരീരത്തിലെ മാലിന്യങ്ങള്‍ കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ ചൂടുവെള്ളം സഹായിക്കുമെന്ന് കരുതപ്പെടുന്നു.
രക്തചംക്രമണം വര്‍ധിപ്പിക്കുകയും മാലിന്യങ്ങള്‍ പുറന്തള്ളാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ചൂടുള്ളതോ തണുപ്പുള്ളതോ ആയ ഒരു ഗ്ലാസ് വെള്ളത്തില്‍ ദിവസം ആരംഭിക്കുന്നത് ഉറക്കത്തില്‍ നഷ്ടപ്പെട്ട ശരീര ദ്രാവകങ്ങള്‍ തിരിച്ച് എത്തിക്കാന്‍ സഹായിക്കുന്നു.
ദഹനം, മെറ്റബോളിസം
ദഹനത്തെ സഹായിക്കുന്ന ഏറ്റവും ലഘുവായ പരിപാടിയാണ് രാവിലെ വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത്. ചൂടുവെള്ളം മാത്രമല്ല, വയര്‍ നിറച്ച് വെള്ളം കുടിച്ചാലും ദഹനപ്രക്രിയ സജീവമാകും.
ദഹന നാളത്തെ ഉത്തേജിപ്പിക്കുക മാത്രമല്ല, മെച്ചപ്പെട്ട ദഹനത്തിനും പോഷകങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ആഗിരണം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. ചൂടുവെള്ളം രാവിലെ കുടിക്കുന്നത് മെറ്റബോളിക് നിരക്ക് വര്‍ധിപ്പിക്കും.
ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, ചൂടുവെള്ളം മലവിസര്‍ജ്ജനത്തെ ഉത്തേജിപ്പിക്കുകയും മലബന്ധം ലഘൂകരിക്കുകയും ചെയ്യും.
മൂക്ക്, തൊണ്ട, വായ
ചൂടുവെള്ളം കുടിക്കുമ്പോഴുണ്ടാകുന്ന നീരാവി ശ്വസിക്കുന്നത് മൂക്ക് അടപ്പ് കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ജലദോഷമോ അലര്‍ജിയോ ഉണ്ടാകുമ്പോള്‍. ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് തൊണ്ടവേദനയ്ക്ക് താത്കാലിക ആശ്വാസം നല്‍കും.
തൊണ്ടയുടെ അസ്വസ്ഥത ശമിപ്പിക്കാന്‍ ചൂട് നല്ലതാണ്. രാവിലെ ചെറുചൂടുവെള്ളത്തില്‍ വായ കഴുകുന്നത് ബാക്ടീരിയകളെ ഇല്ലാതാക്കി ശുചിത്വം മെച്ചപ്പെടുത്താനും സഹായിക്കും.
മോണയുടെ വീക്കം ശമിപ്പിക്കാനും മൊത്തത്തിലുള്ള വായയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഉപകാരപ്രദമാണ്.
രക്തചംക്രമണം, സമ്മര്‍ദം
രക്തയോട്ടം വര്‍ധിപ്പിക്കാനും പേശികളെ റിലാക്സ് ചെയ്യിക്കാനും സഹായിക്കും. രക്തക്കുഴലുകളുടെ വികാസത്തിനും ഇത് വഴിതെളിക്കും. അങ്ങനെ കോശങ്ങളിലേക്ക് മികച്ച ഓക്സിജനും പോഷകങ്ങളും എത്താന്‍ അവസരമൊരുക്കും.
ചൂടുവെള്ളം ശരീരത്തിലെന്നപോലെ മനസില്‍ ശാന്തത വരുത്താനും സമ്മര്‍ദങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
സംഭവം കൊള്ളാം
എല്ലാദിവസവും ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിക്കാം എന്നു തീരുമാനിച്ചാല്‍ നല്ലതാണ്. അതോടൊപ്പം ആരോഗ്യകരമായ മറ്റ് ശീലങ്ങളും വളര്‍ത്തിയെടുക്കണം.
ശരിയായ ഭക്ഷണക്രമം, പതിവ് വ്യായാമം, മതിയായ ഉറക്കം എന്നിങ്ങനെയുള്ള ആരോഗ്യകരമായ ജീവിതശൈലിയാണ് ശരീരത്തിന് ആവശ്യം.