കണ്ണിന്റെ കാഴ്ചയും പരിചരണവും
Wednesday, February 7, 2024 1:41 PM IST
മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രധാനമാണ് കാഴ്ച. ആരോഗ്യകരവും സ്വതന്ത്രവുമായ ജീവിതത്തിന് കാഴ്ച നിലനിര്‍ത്തുക അത്യാവശ്യമാണ്. ചെറുപ്പത്തില്‍ത്തന്നെ കാഴ്ചയ്ക്കു പ്രശ്മുള്ളവരുണ്ട്.
എന്നാല്‍, ജീവിത ചക്രത്തില്‍ കാലക്രമേണ കാഴ്ച കുറയുക എന്നത് സര്‍വസാധാരണമാണ്. എന്നാല്‍, കാഴ്ചയിലൂടെയാണ് നമ്മള് ഓരോന്നും തിരിച്ചറിയുന്നതും ആസ്വദിക്കുന്നതും.
ഒരു പുസ്തകം വായിക്കാനും സിനിമ കാണാനും സൂര്യോദയവും അസ്തമയവും ആസ്വദിക്കുന്നതിനും കാഴ്ച ആവശ്യമാണ്. മനുഷ്യ ജീവിതത്തിലെ അനുഭവങ്ങളില്‍ ഒട്ടുമിക്കതും രൂപപ്പെടുന്നത് കാഴ്ചയിലൂടെയാണ് എന്നതാണ് വാസ്തവം.
കാഴ്ചയും കണ്ണിന്റെ ആരോഗ്യവും പ്രായത്തിന് അനുസരിച്ച് വഷളാകുന്നതായാണ് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യവും കാഴ്ച സംരക്ഷിക്കാനുള്ള ശ്രമങ്ങളും സ്വീകരിക്കേണ്ടത് പരമപ്രധാനമാണ്.
വാര്‍ധക്യം, തിമിരം, ഗ്ലോക്കോമ, മാക്യുലര്‍ ഡീജനറേഷന്‍(എഎംഡി) തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ കണ്ണും കാഴ്ചയുമായി ബന്ധപ്പെട്ടുണ്ട്. ദൂരെയുള്ള കാഴ്ച മങ്ങുക എന്നത് പ്രായമാകുമ്പോഴുള്ള പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്.
തിമിര ബാധയിലൂടെ ഇങ്ങനെ സംഭവിക്കാറുണ്ട്. കണ്ണിന്റെ ലെന്സിനെയാണ് തിമിരം ബാധിക്കുന്നത്. ഗ്ലോക്കോമ കാഴ്ച നഷ്ടത്തിലേക്ക് പെട്ടെന്ന് ആളുകളെ തള്ളിവിടുന്നു. അതുകൊണ്ട് കണ്ണിന്റെ സംരക്ഷണം നേരത്തേ തന്നെ ആരംഭിക്കുന്നത് നല്ലതാണ്.
കാരണം, നേത്രസംബന്ധമായ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ വരാതെ നോക്കുകയാണ് എളുപ്പമാര്‍ഗം. അതിനായി ചില പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്...
1. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം: വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, സിങ്ക് പോലുള്ള ധാതുക്കള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
ചീര, കാരറ്റ്, അണ്ടിപ്പരിപ്പ് തുടങ്ങിയ ആന്റി ഓക്സിഡന്റുകളും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങള്‍ പ്രായവുമായി ബന്ധപ്പെട്ട നേത്ര പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കുന്നു.
2. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക: അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുക കാഴ്ച സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് സുപ്രധാന പരിഹാരമാണ്. അതിനായി സണ്‍ഗ്ലാസ് ധരിക്കാവുന്നതാണ്.
99-100 ശതമാനം യുവിഎ, യുവിബി കിരണങ്ങള്‍ തടയുന്ന സണ്‍ഗ്ലാസ് ധരിക്കുന്നതാണ് ഉത്തമം. സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ അവസ്ഥകള്‍ തടയാന്‍ ഇത് സഹായിക്കും.
3. ആരോഗ്യ പരിപാലനം: പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നത് കണ്ണുകള്‍ക്കും ഗുണകരമാണ്. കാരണം, ഇത്തരം രോഗങ്ങള്‍ക്കായുള്ള മരുന്നുകളിലൂടെയും മറ്റും കാഴ്ചയ്ക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ട്.
കൃത്യമായി കണ്ണ് പരിശോധിക്കുന്ന ശീലം വളര്‍ത്തിയെടുക്കുന്നതും കാര്യങ്ങളെ നേരത്തേ മനസിലാക്കാന്‍ സഹായിക്കും. ഗ്ലോക്കോമ, തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരത്തേ മനസിലാക്കാന്‍ കൃത്യമായ ഇടവേളകളിലെ പരിശോധനവഴി സാധിക്കും.
4. മതിയായ ഉറക്കവും കണ്ണ് വ്യായാമവും: ഓരോ രാത്രിയിലും ഏഴ്-എട്ട് മണിക്കൂര്‍ ഉറക്കം കണ്ണിന്റെ ആരോഗ്യത്തിനും ക്വാളിറ്റിക്കും ഫലം ചെയ്യും.
വിദൂരത്തിലുള്ള വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, കണ്ണിന്റെ സമ്മര്‍ദം കുറയ്ക്കുന്നതിനും കണ്ണിന്റെ പേശികളുടെ വഴക്കത്തിനും പതിവായി കണ്ണ് ചിമ്മിയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും ഗുണകരമാണ്.