ശരീരഭാരം കൂട്ടാന്‍ മാത്രമല്ല, കുറയ്ക്കാനും നെയ്യ് ഉപയോഗിക്കാം
Tuesday, January 16, 2024 1:25 PM IST
വെണ്ണ കട്ടുതിന്നുന്ന കണ്ണനെയും ആ വഴി പിന്തുടരുന്ന കുറുമ്പന്മാരെയും നമുക്കറിയാം. കടഞ്ഞെടുക്കുന്ന വെണ്ണ തിന്നുന്നതിനോളം ശുദ്ധമായതൊന്നുമില്ലെന്നു പറഞ്ഞാലും തെറ്റില്ല... വെണ്ണയുടെ ശുദ്ധീകരിച്ച രൂപമാണ് നെയ്യ്.
നമ്മുടെ പാചകങ്ങളില്‍ നെയ്യ്യ്ക്ക് പ്രത്യേക റോളുണ്ട്. മെലിഞ്ഞവര്‍ക്ക് നെയ്യ് ധാരാളമായി ചേര്‍ത്ത ഭക്ഷണങ്ങള്‍ നല്‍കുന്നത് അമ്മമാരുടെ ശീലമാണ്. ഉയര്‍ന്ന കലോറി ഉള്ളതിനാലാണ് നെയ്യ് ശരീരഭാരം വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്നത്.
എന്നാല്‍, മിതവും കൃത്യവുമായ ഉപയോഗത്തിലൂടെ ശരീരഭാരം നിയന്ത്രിക്കാനും നെയ്യ് ഉപയോഗിക്കാം എന്നതാണ് പഠനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.
ശരീരഭാരം നിയന്ത്രിക്കും
നെയ്യ് ഉപയോഗിക്കുന്നതിലൂടെ എങ്ങനെ ശരീരഭാരം നിയന്ത്രിക്കാമെന്നത് നമ്മുടെ കൃത്യനിഷ്ഠയെ ആശ്രയിച്ചിരിക്കും. നെയ്യില്‍ അടങ്ങിയിരിക്കുന്ന ഒരു ഘടകമാണ് മീഡിയം ചെയിന്‍ ഫാറ്റി ആസിഡ്. ദഹനപ്രക്രിയയെ കാര്യക്ഷമമാക്കുന്നതാണ് ഇത്.
ഫാറ്റി ആസിഡുകളേക്കാള്‍ വേഗത്തില്‍ മെറ്റബോളിസത്തിന് ഇത് വഴിതെളിക്കുന്നു. മീഡിയം ചെയിന്‍ ഫാറ്റി ആസിഡ് കൊഴുപ്പായി സംഭവിക്കുന്നതിനേക്കാള്‍ ശരീരത്തില്‍ ഊര്‍ജ ഉത്പാദനത്തിനാണ് ഇത് ഉപയോഗിക്കുന്നത്. ഉപാപചയ നിരക്ക് വേഗത്തിലാക്കാനും ഇത് ഉപകരിക്കും.
ഇതിന്റെ ഫലമായി ശരീരഭാരം കുറയുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യും. കണ്‍ജഗേറ്റഡ് ലിനോലെയിക് ആസിഡും നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഇത് ഫലപ്രദമാണെന്നാണ്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.
പ്രത്യേകം ശ്രദ്ധിക്കുക
നെയ്യ് ശരീരഭാരം കൂട്ടാനും ഉപയോഗിക്കാറുണ്ട്. ശരീരഭാരം നിയന്ത്രിക്കുകയാണ് ലക്ഷ്യമെങ്കില്‍ നെയ്യ് ഉപയോഗിക്കുന്ന അളവിലും നിയന്ത്രണം ആവശ്യമാണ്. മാത്രമല്ല, നെയ്യ് നേരിട്ട് ഉപയോഗിക്കുന്നതിനു പകരം പച്ചക്കറികള്‍, പ്രോട്ടീനുകള്‍ തുടങ്ങിയവയുമായി ചേര്‍ത്ത് മാത്രം ഉപയോഗിക്കുക.
അതും വാരിവലിച്ച് ഉപയോഗിക്കരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഒമേഗ3 ഫാറ്റി ആസിഡ് കൂടുതലുള്ള ഗ്രാസ് ഫെഡ് നെയ്യ് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.
ഭക്ഷണത്തില്‍ നെയ്യ് മിതമായ രീതിയില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
നെയ്യില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതാണ് ശരീരഭാരം വര്‍ധിക്കാതിരിക്കാന്‍ ആദ്യം ചെയ്യേണ്ടത്.
പാചക എണ്ണകള്‍ക്കു പകരം നെയ്യ്
കൃത്രിമമായും അല്ലാതെയും നിര്‍മിക്കുന്ന നിരവധി പാചക എണ്ണകളാല്‍ സമ്പന്നമാണ് വ്യാപാരകേന്ദ്രങ്ങള്‍. അവയില്‍ പലതും നാം വാങ്ങാറും ഉപയോഗിക്കാറുമുണ്ട്.
എന്നാല്‍, പാചക എണ്ണകള്‍ക്ക് പകരം നെയ്യ് ഉപയോഗിക്കുന്നത് ആരോഗ്യകരമായ ശീലമായിരിക്കുമെന്ന് ഡോക്ടര്‍മാരുള്‍പ്പെടെ സാക്ഷ്യപ്പെടുത്തുന്നു. പാചക എണ്ണകളുമായി താരതമ്യം ചെയ്യുമ്പോള്‍ നെയ്യ്യ്ക്ക് ഉയര്‍ന്ന സ്മോക്ക് പോയിന്റ് ഉണ്ട്.
അതായത് ഉയര്‍ന്ന താപനിലയില്‍ ചൂടാക്കിയാലും നെയ്യ് ദോഷകരമായ ധാതുക്കള്‍ പുറത്തുവിടാറില്ല. അതുകൊണ്ടുതന്നെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടില്ല.
ഇത് ശരീരഭാരം നിയന്ത്രിക്കുന്നതില്‍ സുപ്രധാനമാണ്. അതുപോലെ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ നെയ്യ് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും.