താള് കറി കൂട്ടിയിട്ടുണ്ടോ? ഇല്ലെങ്കില്‍ കൂട്ടണം, കാരണങ്ങള്‍ ഇവയാണ്
Monday, January 8, 2024 2:36 PM IST
"തേങ്ങ എത്ര അരച്ചാലും താളല്ലേ കറി...' മലയാളികള്‍ക്ക് ഇടയിലുള്ള ഒരു പരിഹാസമാണിത്. ആളുകളെ കളിയാക്കാനാണ് ഈ പ്രയോഗമെങ്കിലും താളിനും ആ പരിഹാസത്തിന്റെ ചുവയേക്കുന്നുണ്ട്.
എന്നാല്‍, താള് കറിയും താളും അത്രമോശമല്ല എന്നതാണ് വാസ്തവം. അത് മനസിലാകണമെങ്കില്‍ താളിന്റെ ഗുണഫലങ്ങള്‍ അറിയണമെന്നുമാത്രം...
കേരളത്തില്‍ ഒരു കാലത്ത് താള് കറിക്ക് വീടുകളില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. ചേമ്പിന്റെ തണ്ടാണ് താള് കറിയായി ഉപയോഗിക്കാറുള്ളത്. സാമ്പത്തിക വിഷമങ്ങളും അല്ലലുമാണ് താള് കറിയിലേക്കെത്തിച്ചത്.
കാലമേറെ കഴിഞ്ഞതോടെ വരുമാനവും സമ്പത്തും വര്‍ധിച്ചതോടെ താള് പടിക്കു പുറത്തായി. താളിനെ വീണ്ടും തീൻമേശയിലേക്ക് മാടിവിളിക്കാന്‍ മടിക്കരുതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. അതിന്റെ കാരണങ്ങളിലേക്ക്...
വിറ്റാമിനുകളുടെ സംഗമം
വിറ്റാമിന്‍ എ, സി, ബി കോംപ്ലക്സ് എന്നിവയും കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയതാണ് താള്. ഇത്രയധികം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മറ്റൊരു ഭക്ഷണപദാര്‍ഥം ഇല്ലെന്നു പറഞ്ഞാലും തെറ്റില്ല.
ഇതെല്ലാംകൊണ്ട് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ ഈ ഇലകറിക്ക് നിര്‍ണായ പങ്കുവഹിക്കാന്‍ സാധിക്കും.
രക്തസമ്മര്‍ദം കുറയ്ക്കും
രക്തസമ്മര്‍ദം കുറയ്ക്കാന്‍ താളിനു സാധിക്കും. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയതുകൊണ്ടാണ് ഇത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് ഈ ഇലകള്‍ പ്രയോജനകരമാണ്.
ഉയര്‍ന്ന വിറ്റാമിന്‍ സി അടങ്ങിയതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കുന്നു.
കൊളസ്ട്രോള്‍ കുറയ്ക്കും
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും താള് ഫലപ്രദമാണ്. ഫൈബറും മിഥിയോണും കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
കൊഴുപ്പ് തീരെ കുറവുള്ള പച്ചിലയാണ് ഇതെന്നതും ശ്രദ്ധേയം.
കണ്ണുകള്‍ക്ക് ഉത്തമം
താള് കറിയുടെ ഹൈലൈറ്റ് പുളിയാണ്. വൈറ്റമിന്‍ എ ധാരാളം ഉള്ളതിനാലാണിത്. കണ്ണുകളുടെ ആരോഗ്യത്തിന് ഇത് ഏറെ സഹായകമാണ്.
താള് കറി ധാരാളമായി കൂട്ടുന്നതിലൂടെ കാഴ്ച ഉള്‍പ്പെടെയുള്ള കണ്ണ് സംബന്ധമായ അസുഖങ്ങളില്‍നിന്ന് രക്ഷനേടാനും സഹായകമാകും.
അമിതഭാരം, റെഡ് ബ്ലെഡ് സെല്‍സ്
ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുന്നതിനും താള് ഉപയോഗപ്രദമാണ്. പ്രോട്ടീന്‍ ധാരാളമുണ്ടെങ്കിലും കൊഴുപ്പ് തീരെ കുറവുള്ളതാണ് താള് കറി. ശരീരത്തിന്റെ തൂക്കം കുറയ്ക്കണമെന്നുണ്ടെങ്കില്‍ താള് കറി ധാരാളമായി കഴിച്ചാല്‍ മതിയാകും.
അതോടൊപ്പം രക്തത്തിലെ ചുവപ്പ് സെല്‍സ് വര്‍ധിപ്പിക്കാനും താള് ഉപയോഗപ്രദമാണ്. അയണ്‍ കൂടുതല്‍ ഉള്ളതിനാല്‍ അനീമിയ പോലുള്ള രോഗത്തിനുള്ള പ്രതിവിധിയായും ഇത് ഉപയോഗിക്കാം.
ചുരുക്കത്തില്‍, തേങ്ങ അല്പം കൂടുതല്‍ ചേര്‍ത്ത് നല്ല താള് കറി ഉണ്ടാക്കി കഴിക്കാന്‍ ഒട്ടും വൈകേണ്ട...