ഫിറ്റ്നസും ഹെല്‍ത്തും ഒന്നാണോ... വ്യായാമം ചെയ്യുന്നവര്‍ക്ക് അസ്വാഭാവിക മരണം സംഭവിക്കുമോ...?
Monday, January 1, 2024 10:26 AM IST
ഫിറ്റ്നസസും ഹെല്‍ത്തും ഒന്നാണോ എന്നത് സര്‍വ സാധാരണമായ ഒരു ചോദ്യമാണ്. പ്രത്യേകിച്ച് സ്ഥിരമായി ശരീരികാഭ്യാസം നടത്തുന്നവരില്‍ ചിലര്‍ അകാലമൃത്യുവരിക്കുന്ന പശ്ചാത്തലത്തില്‍... സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്ക് അസ്വാഭാവിക മരണം സംഭവിക്കുമോ...?
"എന്തു നല്ല ചെറുക്കനായിരുന്നു, ജിമ്മിലൊക്കെപോയി മസിലൊക്കെ പെരുപ്പിച്ച്... പറഞ്ഞിട്ടെന്ത് കാര്യം, മസിലിന്റെയത്ര ആയുസിനു ബലമില്ലായിരുന്നു...' ജിംനേഷ്യത്തിലൊക്കെ പോയി മികച്ച ഫിറ്റ്നസുള്ള പ്രമുഖതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ ചിലര്‍ മരിക്കുമ്പോള്‍ സാധാരണക്കാര്‍ക്കിടയിലുള്ള പൊതുവായ സംസാരമാണിത്.
അതോടെ ആകെ ആശയക്കുഴപ്പം. ഫിറ്റ്നസ് കൈവരിക്കണോ അതോ ഇപ്പോഴത്തെപോലെ ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങി ജീവിക്കണോ... ജിമ്മിലൊക്കെപോയി ഉള്ള ആയുസിന്റെ ദൈര്‍ഘ്യം കുറയ്ക്കണ്ട എന്നു ചിലര്‍ പറയും, സ്വന്തം മടി പകര്‍ന്നുകൊടുക്കുക എന്നാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ ഫിറ്റ്നസിന്റെയും ഹെല്‍ത്തിന്റെയും അടിസ്ഥാന കാര്യങ്ങള്‍ അറിയേണ്ടിയിരിക്കുന്നു. ഫിറ്റ്നസ് എന്നത് ശാരീരിക ക്ഷമതയാണ്. ഹെല്‍ത്ത് ആരോഗ്യവും.
ആരോഗ്യത്തെ കുറിച്ച് ലോകാരോഗ്യ സംഘടന നല്കുന്ന വിശദ്ധീകരണം ഇങ്ങനെ: പൂര്‍ണമായി ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തിന്റെ അവസ്ഥ, രോഗത്തിന്റെയോ, എന്തെങ്കിലും വൈകില്യത്തിന്റെയോ അഭാവം. അതാണ് ശരിക്കുള്ള ആരോഗ്യം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു തരത്തിലും രോഗം ഇല്ലാത്ത, വേദന ഇല്ലാത്ത അവസ്ഥ.
കായിക ക്ഷമത അല്ലെങ്കില്‍ ഫിറ്റ്നസ് എന്നു പറഞ്ഞാല്‍ ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള ആളുകളുടെ കഴിവ് അല്ലെങ്കില്‍ ചില മാനദണ്ഡങ്ങളിലൂടെ അത് നേടിയെടുക്കുന്നതാണ്. ഫിറ്റ്നസ് ഉണ്ടെന്നുകരുതി പൂര്‍ണ ആരോഗ്യമുള്ള ആള് എന്ന് അര്‍ഥമില്ല.
ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്
ഒരാള്‍ ഫിറ്റ് ആണോ എന്ന് പരിശോധിക്കുന്ന കുറച്ചു കാര്യങ്ങളുണ്ട്. ചില പരീക്ഷ അല്ലെങ്കില്‍ ടെസ്റ്റ് നടത്തിയാണ് ആളുകള്‍ക്ക് കായിക ക്ഷമതയുണ്ടോ എന്ന് തിരിച്ചറിയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായുള്ള കളിക്കാര്‍ക്ക് ഫിറ്റ്നസ് പരീക്ഷയായി യോ-യോ ടെസ്റ്റ് ആണ് നടത്താറുള്ളത്.
അതില്‍ ചില കളിക്കാര്‍ പരാജയപ്പെടാറുണ്ടെന്നതും വാസ്തവം. എന്നുവച്ചാല്‍ ഒരു കായിക താരത്തിനുപോലും ചിലപ്പോള്‍ പൂര്‍ണമായ ഫിറ്റ്നസ് ഉണ്ടാകില്ല. വലിയ മസില് ഉള്ള ഒരാള്‍ അല്ലെങ്കില്‍ എന്നും ജിമ്മില്‍ പോകുന്ന ഒരാള്‍, ഫുള്‍ ഫിറ്റ് ആണ് എന്നോ അല്ലാത്ത ഒരാള്‍ ഫിറ്റ് അല്ല എന്നോ പറയാന്‍ കഴിയില്ല.
കാരണം ബോഡിബില്‍ഡിംഗ് എന്നത് ഒരു സ്പോര്‍ട്സ് മാത്രമാണ്. ഫിറ്റ്നസ് ട്രെയിനിംഗ് എന്നത് ഒരു ജീവിത രീതിയാണ്. ചിലപ്പോള്‍ ബോഡിബില്‍ഡര്‍മാര്‍ക്ക് മത്സരത്തിനായി സ്റ്റെറോയിഡുകള്‍ ഉപയോഗിക്കേണ്ടിവന്നേക്കാം.
ആരോഗ്യത്തെ പൂര്‍ണമായി ഇല്ലാതാക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് അത്. അതായത് മസില് പെരുപ്പിച്ചാല്‍ ഫിറ്റ്നസും ആരോഗ്യവും ഉണ്ടാകില്ലെന്ന് ചുരുക്കം. ഫിറ്റ്നസ് ആയിരിക്കുക എന്നത് ഒരു ജീവിത രീതിയുടെ ഭാഗമാണ്.
കൃത്യമായ നിഷ്കര്‍ഷയോടെയുള്ള ഭക്ഷണം ഉള്‍പ്പെടെ ഇതിന്റെ അടിസ്ഥാനമാണ്. ഫിറ്റ്നസ് പ്രധാനമായും നാല് കാര്യങ്ങളിലാണ്. 1. കാര്ഡിയൊ റെസ്പിറേറ്ററി ഫിറ്റ്നസ്. 2. പേശീ ഫിറ്റ്നസ്. 3. ശരീരത്തിന്റെ വഴക്കം. 4. ബോഡി കമ്പോസിഷന്‍.
ഫിറ്റ്നസ് സംരക്ഷിക്കുന്നത് നമുക്ക് ആരോഗ്യത്തോടെ ഇരിക്കാനുള്ള ഒരു വഴി മാത്രമാണ്. അല്ലാതെ ഫിറ്റായ ഒരാള്‍ ഹെല്‍ത്തി എന്നോ അയാള്‍ക്ക് ഒരു അസുഖവും വരില്ല എന്നോ അര്‍ഥമില്ല. വ്യായാമം രോഗങ്ങള്‍ വരാനുള്ള സാഹചര്യം കുറക്കുന്നു.
ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് ലോകത്തിലെ ഏറ്റവും അപകടകരമായ അവസ്ഥ. പേശികളുടെ ബലക്ഷയത്തിന് ഇത് കാരണമാകുന്നു. ചുരുക്കത്തില്‍ ഫിറ്റ്നസും ആരോഗ്യവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് എന്നു പറയാം.