അർബുദചികിത്സയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ...
Wednesday, February 9, 2022 5:05 PM IST
1.ചികിത്സയ്ക്ക് 4 ആഴ്ച മുമ്പ് ദന്തഡോക്ടറെ കണ്ട് വായ പരിശോധിപ്പിച്ച് സാധ്യതയുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കണം. സാധിക്കുന്ന ചികിത്സകൾ നടത്തി ദന്ത - വായ ആരോഗ്യം നിലനിർത്തണം.
2.പൊട്ടിയ പല്ലുകൾ ഉണ്ടെങ്കിൽ ചികിത്സ നടത്തി സംരക്ഷിക്കണം. കുറ്റിപ്പല്ലുകൾ ഉണ്ടെങ്കിൽ എടുത്തു കളയണം.
3. ആഴത്തിലുള്ള പോടുകൾ ഉണ്ട് എങ്കിൽ റൂട്ട് കനാൽ ട്രീറ്റ്മെന്റ് നടത്തി രോഗാണു വിമുക്തമാക്കണം
4. മോണയുടെ ആരോഗ്യം പരിശോധിക്കണം. ക്ലീനിംഗ് നടക്കണം.
5. എടുത്തുമാറ്റുന്ന തരത്തിലുള്ള പല്ലുകൾ വച്ചിട്ടുണ്ടെങ്കിൽ അത് കൃത്യമായി ഉറച്ചിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഏതെങ്കിലും തരത്തിൽ മോണയിൽ മുറിവുകൾ ഉണ്ടാക്കുന്നുവെങ്കിൽ അതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തണം.
6. കമ്പിയിടുന്ന ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ് എങ്കിൽ കമ്പി നീക്കം ചെയ്യണം.
നിങ്ങളുടെ ദന്ത - വായ ആരോഗ്യത്തെപ്പറ്റിയുള്ള ഒരു റിപ്പോർട്ട് ദന്തഡോക്ടറിൽ നിന്നു വാങ്ങി കാൻസർ ചികിത്സ നടത്തുന്ന ഡോക്ടർക്ക് നൽകുന്നത് ഉചിതം.
7. കാൻസർ ചികിത്സയ്ക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള ദന്ത ചികിത്സകൾ നടത്തേണ്ടി വന്നാൽ ഡോക്ടറെ അറിയിച്ച് അനുവാദം വാങ്ങി വേണം ചികിത്സ നടത്താൻ .
മ്യൂകോസൈറ്റിസ്
തലയുടെയും കഴുത്തിന്റെയും ഭാഗത്തുള്ള റേഡിയേഷൻ തെറാപ്പി വായിലെയും അന്നനാളത്തിലെയും തൊലിയിൽ വീക്കം ഉണ്ടാക്കും. വായിലെ തൊലിയിൽ ചുവന്ന കളറും നേരിയ നീർക്കെട്ടും നീറ്റലും പുകച്ചിലും അനുഭപ്പെടും. ഇത് ഭക്ഷണം കഴിക്കുബോഴും ഇറക്കുമ്പോഴും കൂടുതലായി അനുഭപ്പെടും. സാധാരണയായി ചികിൽസ തുടങ്ങി മൂന്നു ദിവസത്തിനും പത്തു ദിവസത്തിനും ഇടയിലാണ് ഇത് ആരംഭിക്കുന്നത്. ദേദമാകുന്നത് ഓരോരുത്തരുടെയും ശരീരത്തിന്റെ പ്രതിരോധം അനുസരിച്ച് വ്യത്യസ്ത കാലയളവിലാ യിരിക്കും.
കാൻസർ ചികിൽസാ സമയത്ത് ശ്രദ്ധിക്കേണ്ട ദിനചര്യകൾ :
ബ്രഷിംഗ് - എല്ലാ ഭക്ഷണത്തിനു ശേഷവും 30 മിനിറ്റ് വളരെ മൃദുവായി ബ്രഷ് ചെയ്യണം. സൂപ്പർ സോഫ്റ്റ്, അൾട്രാ സോഫ്റ്റ്, എക്സ്ട്രാ സോഫ്റ്റ് ബ്രഷ് കടയിൽ ലഭിക്കും.
► ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം .
► ബ്രിസിൽസ് മടങ്ങിയാൽ ബ്രഷ് മാറ്റണം.
► ഫ്ലോസിംഗ് എല്ലാ ദിവസവും ചെയ്യണം. പല്ലുകൾക്കിടയിൽ ഇടുന്ന നൂലാണ് ഫ്ലോസ് . മാർക്കറ്റിൽ ലഭ്യമാണ്.
മൗത്ത് വാഷ്
എല്ലാ 4 മണിക്കൂറിനും 6 മണിക്കൂറിനും ഇടയിൽ വായ കഴുകണം.
1. കാൽ ഗ്ലാസ് വെള്ളത്തിൽ ഒരു ടീ സ്പൂൺ ഉപ്പ് ഒരു ടീ സ്പൂൺ ബേക്കിംഗ് സോഡ.
2. കാൽ ഗ്ലാസ് വെള്ളത്തിൽ ഒരു ടീ സ്പൂൺ ഉപ്പ്.
3. കാൽ ഗ്ലാസ് വെള്ളത്തിൽ ഒരു ടീ ൺ ബേക്കിംഗ് സോഡ .
4. വെള്ളം
5. ആൽക്കഹോൾ ഇല്ലാത്തതും മധുരം ഇല്ലാത്തതുമായ മൗത്ത് വാഷ് .
ഇതിൽ ഏതെങ്കിലും ലായനി മൗത്ത് വാഷ് ആയി ഉപയോഗിക്കാം. 15 മുതൽ 30 സെക്കൻഡ് വരെ കഴുകാം.
* ഭക്ഷണം വായിൽ കൂടി കഴിക്കുവാൻ സാധിക്കാത്ത അവസ്ഥയിൽ വായ വ്യത്തിയാക്കുകയും നനവോടെ നിലനിർത്തുകയും ചെയ്യണം. വാസലിൻ ഉപയോഗിച്ച് ചുണ്ട് ഉണങ്ങാതെ നിലനിർത്തണം.
ഒഴിവാക്കേണ്ടത്
പുകയില. മദ്യം, ആൽക്കഹോൾ ഉള്ള മൗത്ത് വാഷ് , ഉപ്പും എരിവും കൂടുതൽ ഉള്ള ഭക്ഷണം, പുളി കൂടുതൽ ഉള്ള ഭക്ഷണം (ഓറഞ്ച്, നാരങ്ങാ, മുന്തിരി, പൈനാപ്പിൾ മുതലായവ); തക്കാളി, സോസ്, ചിപ്സ് പോലെ വായ മുറിയുവാൻ സാധ്യത ഉള്ള വിഭവങ്ങൾ, വളരെ ചൂടും വളരെ തണുപ്പും ഉള്ള പാനീയങ്ങൾ.
വായ്ക്കുള്ളിലെ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ
വായ്ക്കുള്ളിൽ പുരട്ടുന്ന വേദന സംഹാര ലേപനങ്ങളും മൗത്ത് വാഷും ഗുണം ചെയ്യും. ആവശ്യാനുസരണം ഇത് ഉപയോഗിക്കാം.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903