അർബുദചികിത്സയിൽ ദന്ത ഡോക്ടർക്ക് എന്തു കാര്യം?
Tuesday, February 8, 2022 3:34 PM IST
കാൻസർ ചികിത്സയിൽ പ്രധാനമായിട്ടുള്ളത് മൂന്ന് ചികിത്സാരീതികളാണ്. കീമോതെറാപ്പി. റേഡിയേഷൻ തെറാപ്പി.സർജറി. ഈ മൂന്ന് ചികിത്സാരീതികളിലും വായിലും പല്ലുകളിലും ഉമിനീർ ഗ്രന്ഥികളിലും പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് സാധാരണ ജീവിതത്തെ വളരെയധികം ബാധിക്കുന്നു. നമുക്ക് സംസാരിക്കാനും ഭക്ഷണം ചവച്ചരച്ച് ഇറക്കാനും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സാധാരണ ജീവിതത്തെ സാരമായി ബാധിക്കും.
പാർശ്വഫലം കുറയ്ക്കാൻ
ചികിത്സയ്ക്കു മുമ്പ് ഡോക്ടർമാരുമായി സംസാരിച്ചു ദന്ത - വായ സംരക്ഷണ രീതികൾ മനസിലാക്കുന്നതു വഴി നല്ലൊരു പരിധിവരെ പാർശ്വഫലങ്ങളെ ലഘൂകരിക്കുവാൻ സാധിക്കും. പലർക്കും വ്യത്യസ്തമായ രീതിയിലുള്ള പാർശ്വഫലങ്ങളാണ് വരുന്നതെങ്കിലും വളരെ സാധാരണമായി വരാൻ സാധ്യതയുള്ള പാർശ്വഫലങ്ങൾ അറിഞ്ഞാൽ അതിന് പരിഹാരം കരുതി വയ്ക്കാനാവും.
കാൻസർ ചികിത്സ നടത്തുമ്പോൾ ശരീരത്തിൽ വരാൻ സാധ്യതയുള്ള മറ്റു പ്രശ്നങ്ങളെപ്പറ്റി ഡോക്ടർ കൃത്യമായി നമുക്ക് പറഞ്ഞുതരും. ദന്ത ഡോക്ടറുടെ സഹായം കൂടി ഉണ്ടെങ്കിൽ വായ്ക്കുള്ളിലെ പ്രശ്നങ്ങൾക്ക് മരുന്നുകളും ജീവിതരീതിയിലെ മാറ്റങ്ങൾ വഴി ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കുവാൻ സാധിക്കും.
വായ പരിശോധിച്ച് വായുടെ പൊതുവായുള്ള ആരോഗ്യത്തെ പറ്റി ഡോക്ടർ നമുക്ക് പറഞ്ഞു തരും. ഏതെങ്കിലും പല്ലിൽ പോട് ഉണ്ടെങ്കിൽ അത് അടയ്ക്കുകയും ആവശ്യമുണ്ടെങ്കിൽ റുട്ട് കനാൽ ട്രീറ്റ്മെൻറ് ചെയ്ത് രോഗാണു വിമുക്തമാക്കുന്നതും നല്ലതാണ്.
ചികിത്സയ്ക്ക് മുമ്പ്
മോണയുടെ ആരോഗ്യം വളരെയധികം പ്രധാനപ്പെട്ടത് ആയതിനാൽ ചികിത്സയ്ക്ക് മുമ്പ് പരിശോധിച്ചു ക്ലീനിങ് നടത്തുന്നത് മോണയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. മോണയ്ക്ക് പഴുപ്പ് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വേണ്ട ചികിത്സകൾ നടത്തിയാൽ വായ്ക്കുള്ളിൽ കാൻസർ ചികിത്സാ സമയത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവും.
റേഡിയേഷനു മുന്പേ
കാൻസറിന് ചികിത്സ നടത്തുന്ന സമയത്ത് പ്രത്യേകിച്ച് റേഡിയേഷൻ ചികിത്സ നടത്തുന്ന സമയത്ത് പല്ലുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ സംഭവി ച്ച് വേദന ഉണ്ടായാൽ അത് എടുത്തുകളയുന്നതിനു സാധിക്കുകയില്ല. അതിനാലാണ് ചികിത്സയ്ക്ക് മുമ്പ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നു നിർദേശിക്കുന്നത് .
സാധാരണ പാർശ്വഫലങ്ങൾ :
1. വായ വരൾച്ച
2. ഉമിനിർ കട്ടി കൂടുന്നത്
3. രുചി വ്യത്യാസം
4. വായ്ക്കുള്ളിലെ അൾസർ
5. പല്ലുകൾക്ക് പോട്
6. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്
7. ഭക്ഷണം ചവയ്ക്കാനും വായ തുറക്കാനുമുള്ള ബുദ്ധിമുട്ട്
8. മോണ തടിപ്പും കഴലിച്ചയും
9. വായനാറ്റം
ഇതെല്ലാം ചികിത്സാ സമയത്ത് ഉണ്ടാകാൻ സാധ്യതയുള്ളതാണ്. എങ്കിൽ തന്നെയും ഭൂരിഭാഗവും ചികിത്സ അവസാനിക്കുമ്പോൾ മാറിക്കൊള്ളും. ചികിത്സയ്ക്കുമുമ്പ് ഇതിനുള്ള
പരിഹാരമാർഗങ്ങളും മുന്നിൽ കണ്ടാൽ ബുദ്ധിമുട്ടുകൾ നല്ലൊരു പരിധിവരെ നമുക്ക് പരിഹരിക്കാനാവും.
റേഡിയേഷൻ തെറാപ്പി കഴുത്തിലും തലയുടെ ഭാഗത്തും നടത്തുമ്പോൾ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ കൂടുതലായി വരാൻ സാധ്യതയുണ്ട്. ഇത് ചികിത്സയ്ക്ക് ശേഷവും കുറച്ചു കൂടുതൽ കാലം നിലനിൽക്കാൻ സാധ്യതയുണ്ട്.
(തുടരും)
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903