ചികിത്സാസൗകര്യങ്ങൾ കൂടിയിട്ടും ഹൃദ്രോഗികളുടെ എണ്ണത്തിൽ വർധന !
Saturday, January 22, 2022 11:55 AM IST
ഹൃദ്രോഗ ചികിത്സയ്ക്ക് പൂർണ സജ്ജീകരണങ്ങളുള്ള "കാത്ത് ലാബ്' സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം കേരളത്തിൽ ആശ്ചര്യമാംവിധം വർധിച്ചുവരികയാണ്. ഏവിടെയും ഹൃദ്രോഗികളെ ചികിത്സിക്കാനുള്ള സാമഗ്രികൾ മോടിപിടിപ്പിക്കാനുള്ള വ്യഗ്രതയിലാണ് ആശുപത്രി ഉടമകൾ.
പ്രതിരോധത്തിന്റെ കാര്യം മറന്നുപോകുന്പോൾ
സാങ്കേതിക മികവുള്ള ചികിത്സകൾ സജ്ജമാക്കാൻ ആക്രാന്തം കാണിക്കുന്ന മലയാളികൾ എന്നാൽ ഏറ്റവും കാതലായ പ്രതിരോധത്തിന്റെ കാര്യം മറന്നുപോകുന്നു. ഇത്രയൊക്കെ ചികിത്സാസൗകര്യമുള്ള ആശുപത്രികൾ കേരളത്തിൽ തല ഉയർത്തിയിട്ടും ഇവിടത്തെ ഹൃദ്രോഗികളുടെ എണ്ണത്തിൽ കുറവിനു പകരം വർധന കാണുന്നത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന വിവിധ ആപത് ഘടകങ്ങളെ നിയന്ത്രണ വിധേയമാക്കാത്തതുകൊണ്ടുതന്നെ.
പ്രായഭേദമില്ലാതെ...
വിദേശരാജ്യങ്ങളിൽ സാധാരണ അറുപതു വയസിനു ശേഷമാണ് ഹാർട്ടറ്റാക്കുണ്ടാകുന്നത്. എന്നാൽ, കേരളത്തിൽ 40 വയസ് കഴിഞ്ഞവർ ഹൃദയാഘാതം വന്നു മരിക്കുന്നു. ഇപ്പോൾ മുപ്പതു വയസുകാരിലും ഇവിടെ ഹൃദ്രോഗസാധ്യത ഏറിവരുന്നു.
വയോജന പരിപാലനം
2022-ൽ കേരളത്തിലെ ജനസംഖ്യ 3.59 കോടിയായിരിക്കുമെന്നാണ് കണക്കുകൾ. ഇതിൽ 50 ലക്ഷം പേർ അറുപത് വയസിന് മുകളിലുള്ളവരാണ്. 80 വയസിനു മുകളിലുള്ളവർ ഇതിൽ 20 ശതമാനവും. ഇതിൽ 30 ശതമാനം വിധവകളായിരിക്കുമെന്നും കണക്കുകൾ പ്രവചിക്കുന്നു. അപ്പോൾ വയോജനങ്ങളുടെ സമഗ്ര പരിപാലനം സംസ്ഥാനത്തിന് വലിയ ഭാരമാകുമെന്ന് തീർച്ച.
ഇവിടെ മുതിർന്ന പൗരന്മാരുടെ ജീവിതവും ഏറെ സങ്കീർണമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ആയുസിന്റെ നല്ലനാളുകൾ രാജ്യത്തിനും സമൂഹത്തിനുമായി മാറ്റിവച്ച മുതിർന്ന പൗരന്മാർക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്തേണ്ടതു സർക്കാരിന്റെ ബാധ്യതയാണ്.
നിസാരമായി അവഗണിക്കരുത്
വയോധികരിലെ ആരോഗ്യപരിപാലനം ഏറെ ദുഷ്കരമാകുന്നു. അവരുടെ രോഗങ്ങൾ തികച്ചും വ്യത്യസ്തമാണ്. കാലം ശരീരത്തിനേൽപ്പിക്കുന്ന പൊറുക്കാത്ത ആഘാതങ്ങളാണ് അതിനു കാരണം. നിസാരമായി അവഗണിക്കപ്പെടുന്ന പല രോഗാവസ്ഥകൾ മരണത്തിൽ കലാശിക്കാം.
രോഗലക്ഷണങ്ങൾ പ്രകടമാകാതെ രോഗം മൂർച്ഛിക്കാം. നെഞ്ചുവേദന കൂടാതെ ഹാർട്ടറ്റാക്കുണ്ടാകാം, പനിയില്ലാതെ അണുബാധയുണ്ടാകാം. അതുപോലെ വയോധികർക്ക് ചെറുപ്പക്കാരെ അപേക്ഷിച്ച് ഔഷധചികിത്സയും വ്യത്യസ്തമാണ്.
ആരോഗ്യം പിടിച്ചുനിർത്താൻ
കോവിഡ്19 മഹാമാരി മനസിലും ശരീരത്തിലും ഉണ്ടാക്കിയ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ആരോഗ്യം പിടിച്ചുനിർത്താൻ നാം ഏറെ കഷ്ടപ്പെടേണ്ടിവരുന്നു. നമ്മുടെ അജ്ഞതയും മുൻവിധിയും കെടുകാര്യസ്ഥതയും കൊണ്ട് വരുംതലമുറ രോഗപീഡകളുടെ കെടുതിയിലേക്കു വഴുതിവീഴരുത്. അതിനുതക്ക നടപടികൾ എല്ലാവരും സർക്കാരും സന്നദ്ധസംഘടനകളും രാഷ്്ട്രീയ മതസാമൂഹിക പ്രസ്ഥാനങ്ങളും കൈക്കൊള്ളണം.
ഡോ. ജോർജ് തയ്യിൽ MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, ലൂർദ് ആശുപത്രി,എറണാകുളം