എന്താണ് ആന്റിബയോട്ടിക് ദുരുപയോഗം?
Tuesday, November 30, 2021 11:35 AM IST
തടയൂ ആന്റിബയോട്ടിക് പ്രതിരോധം -2
ഒരു ചെറിയ വിഭാഗം ബാക്റ്റീരിയ ജനിതകമാറ്റം വഴി പ്രതിരോധം ആർജിക്കുകയും അവ ആന്റി ബയോട്ടിക് മരുന്നുകൾ ക്കെതിരേ പ്രതിരോധം നേടുകയും ചെയ്യുന്ന പ്രശ്നത്തിനെതിരെ പോരാടുന്നതിനു വേണ്ടിയാണു ഗ്ലോബൽ ആക്ഷൻ പ്ലാൻ ഫോർ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് 2015-ൽ നിലവിൽ വന്നത്.
ഇതിന്റെ ചുവടു പിടിച്ചു ദേശീയത്തലത്തിലുള്ള മാർഗ്ഗരേഖ 2017 ലും കേരളത്തിൽ അത് 2018 ലും നിലവിൽ വന്നു. എല്ലാ വിഭാഗത്തിൽ പെട്ട ആളുകളെയും ബോധവത്കരിക്കാൻ നവംബർ 18 മുതൽ 24 വരെ എല്ലാ വർഷവും ആന്റിമൈക്രോബിയൽ അവയെർനസ് വീക്ക് ആയി ആചരിക്കുന്നു.
ആന്റിമൈക്രോബിയൽസ്
ബാക്റ്റീരിയ, വൈറസ്, ഫംഗസ്, പാരസൈറ്റ്സ് മുതലായ സൂഷ്മാണുക്കൾക്ക് എതിരെ ഉപയോഗിക്കുന്ന മരുന്നുകളെ പൊതുവായി ആന്റിമൈക്രോബിയൽസ് എന്ന് പറയുന്നു.
മരുന്നു മുടക്കിയാൽ സംഭവിക്കുന്നത്...
എന്താണ് ആന്റി ബയോട്ടിക് ദുരുപയോഗം? ഒരു ഉദാഹരണത്തിലൂടെ തുടങ്ങാം. ഒരാൾക്കു ക്ഷയരോഗം സ്ഥിരീകരിച്ചത് ദീർഘനാളത്തെ പരിശോധനകൾക്കു ശേഷമാണ്. പക്ഷേ, അദ്ദേഹം കോഴ്സ് പൂർത്തീകരിക്കുന്നതിനു മുന്പുതന്നെ മരുന്നുകൾ മുടക്കി. ഇതു രോഗാണുവിനെ പൂർണമായി നശിപ്പിക്കാൻ പര്യാപ്തമായിരുന്നില്ല എന്നു മാത്രമല്ല, അവയ്ക്ക് പ്രതിരോധം ആർജിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തു.
ആറു മാസം കഴിഞ്ഞപ്പോൾ പ്രമേഹരോഗിയായ ഭാര്യയ്ക്കും ക്ഷയരോഗം ബാധിച്ചു. ഭാര്യ കൃത്യമായിത്തന്നെ മരുന്നുകൾ എടുത്തു. എങ്കിലും പ്രതിരോധമാർജിച്ച രോഗാണു ആയതിനാൽ രോഗം മൂർച്ഛിച്ച് മരണപ്പെട്ടു. ആരാണ് അയാളുടെ ഭാര്യയുടെ മരണത്തിന് ഉത്തരവാദി?
പഴയ കുറിപ്പടി, മരുന്നുകടയിൽ നിന്ന് ഉപദേശം, ഓൺലൈൻ ചികിത്സ!!
ഇതുപോലെ തന്നെയാണ് ചെറിയ വൈറൽ പനികൾക്കും ജലദോഷത്തിനും വയറിളക്കത്തിനും മറ്റും പഴയ കുറിപ്പടി ഉപയോഗിച്ചും മരുന്നുകടകളിൽ നിന്നുള്ള ഉപദേശം തേടിയും ഓണ്ലൈൻ ആയും ചികിത്സ നടത്തുന്പോൾ സംഭവിക്കുന്നത്.
തെറ്റായ ആന്റിബയോട്ടിക് ഉപയോഗം
ആന്റിബയോട്ടിക്സ് വേണ്ടാത്ത സന്ദർഭങ്ങളിൽ അതുപയോഗിക്കുക, തെറ്റായ ആന്റിബയോട്ടിക്സ് തിരഞ്ഞെടുക്കുക, തോതും കാലയളവും കൃത്യമല്ലാതെ ഉപയോഗിക്കുക എന്നിവയെല്ലാം ദുരുപയോഗത്തിന്റെ ഭാഗമാണ്.
വൈറസിനെതിരേ എന്തിന് ആന്റിബയോട്ടിക്കുകൾ!
ആന്റിബയോട്ടിക്കുകൾ വൈറസുകൾക്കെതിരെ യാതൊരു പ്രവർത്തനവും ഇല്ല എന്നു മാത്രമല്ല ചിലപ്പോൾ അത് സൂപ്പർ ബഗ്ഗുകൾ മൂലമുള്ള അണുബാധയ്ക്ക് വഴിതെളിച്ചേക്കാം. വെളുക്കാൻ തേച്ചത് പണ്ടായി എന്നു പണ്ടുള്ളവർ പറയുന്ന പോലെ. നമ്മുടെ ആശുപത്രികളിലെ 50% ആന്റിബയോട്ടിക്സ് ഉപയോഗവും യുക്തിവിരുദ്ധമാണ്
(തുടരും)