ആന്റിബയോട്ടിക് അധികമായാൽ എന്താണ് കുഴപ്പം?
Thursday, November 25, 2021 4:28 PM IST
ഒരു നൂറ്റാണ്ട് മുൻപ് രോഗങ്ങളെ കൃത്യമായി ചികിത്സിക്കുന്നതിന് ഉപയുക്തമായ മരുന്നുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. അലക്സാണ്ടർ ഫ്ളെമിംഗ്, പൊതുവെ അലസൻ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു സ്കോട്ടിഷ് ഗവേഷകൻ, വളരെ യാദൃശ്ചികമായാണ് പെൻസിലിൻ എന്ന ആദ്യ ആന്റിബയോട്ടിക് കണ്ടെത്തിയത്. ഇതു വൈദ്യശാസ്ത്ര രംഗത്തു വിപ്ലവകരമായ മാറ്റത്തിന് തുടക്കംകുറിച്ചു.
ഈ അദ്ഭുതമരുന്നുകളുടെ കണ്ടുപിടിത്തത്തോടെ, ഒരിക്കൽ മാരകമെന്നു കരുതിയിരുന്ന പല രോഗങ്ങളും നിസാരവത്കരിക്കപ്പെട്ടു. പിന്നീടുള്ള നാലു ദശകക്കാലം പല വിഭാഗത്തിൽപ്പെട്ട ആന്റിബയോട്ടിക്കുകൾ വികസിക്കപ്പെട്ടു. പല സാംക്രമിക രോഗങ്ങളും തുടച്ചുനീക്കാമെന്ന അമിതമായ ആത്മവിശ്വാസമാണ് ഇതു മാനവരാശിക്ക് നൽകിയത്. പക്ഷെ സംഭവിച്ചത് നേരെ മറിച്ചാണ്. ആന്റിബയോട്ടിക്സും ബാക്ടീരിയയുമായുളള യുദ്ധത്തിൽ, പ്രതിരോധമാർജിച്ച ബാക്ടീരിയ അഥവാ സൂപ്പർ ബഗ്ഗുകൾ ഉദയം ചെയ്തു.
ആന്റിബയോട്ടിക് റെസിസ്റ്റൻസ് അഥവാ പ്രതിരോധം എങ്ങനെ ഉണ്ടാകുന്നു?
ബാക്ടീരീയ മൂലമുണ്ടാകുന്ന അസുഖങ്ങൾ ചികിൽസിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്സ്. സൂപ്പർ ബഗ്ഗുകൾ ഉദയം ചെയ്യുന്നതിനുള്ള പ്രധാനകാരണം ആന്റിബയോട്ടിക്കുമായുള്ള സന്പർക്കമാണ്. അത് ശരിയായ രീതിയിലുള്ളതോ, ദുരുപയോഗമോ ആയിക്കൊള്ളട്ടെ.
ബാക്ടീരിയ സ്വന്തം നിലനിൽപ്പിനു വേണ്ടി പരിണാമത്തിന്റെ ഭാഗമായ പ്രകൃതി നിർധാരണത്തിനു വിധേയമാകുന്നു. അതായത് ഒരു ചെറിയ വിഭാഗം ബാക്ടീരിയ ജനിതകമാറ്റം വഴി പ്രതിരോധം ആർജിക്കുകയും അവ ക്രമേണ ആധിപത്യം നേടുകയും ചെയ്യുന്നു.
നമ്മുടെ ആശുപത്രികളിൽ സാധാരണയായി കാണുന്നതും എന്നാൽ ചികിത്സിക്കാൻ പ്രയാസമേറിയതുമായ സൂപ്പർ ബഗ്ഗുകളാണ് എംആർഎസ്എ, എംഡിആർ ടിബി, ആന്റിബയോട്ടിക്ക് റസിസ്റ്റൻസ്, ജിഎൻബി എന്നിവ.
കഴിഞ്ഞ 30 വർഷക്കാലം വളരെ ചുരുക്കം ചില ആന്റിബയോട്ടിക്കുകൾ മാത്രമേ പുതുതായി വിപണിയിൽ എത്തിയിട്ടുള്ളു. ഒരു മരുന്ന് നാല് വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾ കഴിഞ്ഞു വിപണിയിൽ എത്താൻ ചുരുങ്ങിയത് 10-15 വർഷം എങ്കിലും വേണ്ടി വരും.
പുതിയ മരുന്നുകൾ ഉപയോഗിക്കാൻ ചില നിയന്ത്രണങ്ങൾ ഉള്ളതിനാലും ബാക്ടീരിയ വളരെ പെട്ടെന്ന് തന്നെ പ്രതിരോധം ആർജിക്കുന്നതിനാലും ഇതു ലാഭകരമായ ഒരു സംരംഭം അല്ല. അതുകൊണ്ടു തന്നെ, മരുന്ന് കന്പനികൾ ഈ മേഖലയിൽ മുതൽ മുടക്കാൻ വിമുഖത കാട്ടുന്നു.
ഫലപ്രദമായ ആന്റിബയോട്ടിക്സ് ഇല്ലെങ്കിൽ ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ, അവയവമാറ്റ ശാസ്ത്രക്രിയകൾ തുടങ്ങിയ ചികിത്സാരീതികൾ അപകടം നിറഞ്ഞതും സമീപഭാവിയിൽ ഒരുപക്ഷേ അസംഭവ്യവും ആയെന്നു വന്നേക്കാം.
നമ്മൾ ആന്റിബയോട്ടിക്സ് കണ്ടുപിടിക്കുന്നതിനു മുൻപുളള ആ പഴയ യുഗത്തിലേക്ക് പിന്നോക്കം പോവുകയാണോ? അല്ല; നാം ആന്റിബയോട്ടിക്ക് യുഗത്തിന് ശേഷമുളള ഒരു പുതിയ കാലഘട്ടത്തിലേക്ക് എത്തിചേർന്നിരിക്കുന്നു.
ഒരു ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചാലും അണുബാധ വഴി മരണത്തിനു കീഴടങ്ങേണ്ടി വരുന്ന ദുരവസ്ഥ! ചെറിയ മുറിവുകളും തൊണ്ടയിലുളള അണുബാധയും മറ്റും മരണത്തിലേക്ക് നയിച്ചേക്കാവുന്ന വിചിത്രമായ അവസ്ഥയെപ്പറ്റി ചിന്തിച്ചു നോക്കൂ.
ഈ പ്രശനത്തിനെതിരെ പോരാടുന്നതിനു വേണ്ടിയാണു ഗ്ലോബൽ ആക്ഷൻ പ്ലാൻ ഫോർ ആന്റിമൈകബിയൽ റെസിസ്റ്റൻസ് 2015-ൽ നിലവിൽ വന്നത്. ഇതിന്റെ ചുവടു പിടിച്ചു ദേശീയതലത്തിലുള്ള മാർഗരേഖ 2017 ലും കേരളത്തിൽ അത് 2018 ലും നിലവിൽ വന്നു. എല്ലാ വിഭാഗത്തിൽ പെട്ട ആളുകളെയും ബോധവത്കരിക്കാൻ നവംബർ 18 മുതൽ 24 വരെ എല്ലാ വർഷവും ആന്റിമൈക്രോബിയൽ അവയെർനെസ്സ് വീക്ക് ആയി ആചരിക്കുന്നു.
ആന്റിമൈക്രോബിയൽസ് എന്താണന്നല്ലേ? ബാക്ടീരിയ മാത്രമല്ല, വൈറസ്, ഫംഗസ് പാരാസൈറ്റസ് മുതലായ സൂക്ഷ്മാണുക്കൾക്ക് എതിരെ ഉപയോഗിക്കുന്ന മരുന്നുകളെ പൊതുവായി ആന്റിമൈക്രോബിയൽസ് എന്ന് പറയുന്നു.
ആന്റിബയോട്ടിക് ദുരുപയോഗം എന്നതുകൊണ്ട് അർഥമാക്കുന്നത് എന്തൊക്കെ?
ഒരു ഉദാഹരണത്തിലൂടെ തുടങ്ങാം. രമേശന് ക്ഷയരോഗം സ്ഥിരീകരിച്ചത് ദീർഘനാളത്തെ പരിശോധനകൾക്ക് ശേഷമാണ് പക്ഷെ, അദ്ദേഹം കോഴ്സ് പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ മരുന്നുകൾ മുടക്കി. ഇതു രോഗാണുവിനെ പൂർണമായി നശിപ്പിക്കാൻ പര്യാപ്തമായിരുന്നില്ല എന്നു മാത്രമല്ല, അവയ്ക്ക് പ്രതിരോധം ആർജിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു.
ആറുമാസം കഴിഞ്ഞപ്പോൾ പ്രമേഹരോഗിയായ ഭാര്യ ബിന്ദുവിനും ക്ഷയരോഗം ബാധിച്ചു. ബിന്ദു കൃത്യമായിത്തന്നെ മരുന്നുകൾ എടുത്തു. എങ്കിലും പ്രതിരോധമാർജ്ജിച്ച രോഗാണു ആയതിനാൽ രോഗം മൂർച്ഛിച്ച് മരണപ്പെട്ടു. ആരാണ് ബിന്ദുവിന്റെ മരണത്തിനു ഉത്തരവാദി?
ഇതു പോലെ തന്നെയാണ് ചെറിയ വൈറൽ പനികൾക്കും ജലദോഷത്തിനും വയറിളക്കത്തിനും മറ്റും പഴയ കുറിപ്പടി ഉപയോഗിച്ചും, മരുന്നുകടകളിൽ നിന്നുള്ള ഉപദേശം തേടിയും, ഓണ്ലൈൻ ആയും, ചികിത്സ നടത്തുന്പോൾ സംഭവിക്കുന്നത്.
ആന്റിബയോട്ടിക്സ് വേണ്ടാത്ത സന്ദർഭങ്ങളിൽ അതുപയോഗിക്കുക, തെറ്റായ ആന്റിബയോട്ടിക്സ് തിരഞ്ഞെടുക്കുക, തോതും കാലയളവും കൃത്യമല്ലാതെ ഉപയോഗിക്കുക എന്നിവയെല്ലാം ദുരുപയോഗത്തിന്റെ ഭാഗമാണ്. ആന്റിബയോട്ടിക്സിനു വൈറസുകൾക്കെതിരെ യാതൊരു പ്രവർത്തനവും ഇല്ലാ എന്നു മാത്രമല്ല ചിലപ്പോൾ അത് സൂപ്പർ ബാഗ്ഗുകൾ മൂലമുള്ള അണുബാധയ്ക്ക് വഴിതെളിച്ചേക്കാം. വെളുക്കാൻ തേച്ചത് പണ്ടായി എന്നു പണ്ടുള്ളവർ പറയുന്ന പോലെ.
നമ്മുടെ ആശുപത്രികളിലെ 50 ശതമാനം ആന്റിബയോട്ടിക്സ് ഉപയോഗവും യുക്തിവിരുദ്ധമാണ്. ആന്റിബയോട്ടിക്സ് ദുരുപയോഗം മനുഷ്യരിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ആകെയുള്ള ആന്റിബയോട്ടിക് ഉപയോഗത്തിന്റെ 80 ശതമാനം മൃഗങ്ങളിലും മത്സ്യകൃഷിയിലും ആണുളളത്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്മെന്റ് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന മിക്ക തേൻ ഉൽപ്പന്നങ്ങളിലും ആന്റിബയോട്ടിക്സ് വിവിധ അളവുകളിൽ അടഞ്ഞിയിട്ടുണ്ട്.
പശുകൾക്കുണ്ടാകുന്ന അകിടുവീക്കം ഡയറി ഫാമുകളിലെ ഒരു പ്രധാന പ്രശ്നമാണ്. അങ്ങനെയുള്ള പശുവിന്റെ പാലിൽ ആന്റിബയോട്ടിക്സിന് ഒപ്പം തന്നെ അവയോടു പ്രതിരോധം ആർജിച്ച അണുക്കളും ഉണ്ടാകാറുണ്ട്.
മൃഗങ്ങൾക്കു തൂക്കം വർധിക്കാനും അണുബാധ മുൻകൂട്ടി തടയാനും കാലിത്തീറ്റയിലും കോഴിത്തീറ്റയിലും ഇവ ചേർത്ത് കൊടുക്കുന്നത് സർവസാധാരണമാണ് ഇവ ഭക്ഷ്യശൃംഖലയിലൂടെ മനുഷ്യരിൽ എത്തിച്ചേരുന്നു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മാംസത്തിലും കൊഴുപ്പിലും പാലിലും അടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക്സിന്റെ അളവ് 0.01 mg/kg ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇതിനു നിയന്ത്രണങ്ങൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ ഭക്ഷണ സാധനങ്ങൾ വിപണിയിൽ ലഭ്യമാകുക എന്നത് ഓരോ ഉപഭോക്താവിന്റെയും അവകാശമാണ്.
ആന്റിബയോട്ടിക് പ്രതിരോധം തടയേണ്ടത് എന്തുകൊണ്ട്?
നമ്മുടെ ശരീരത്തിലും പ്രകൃതിയിലും ഉള്ള പല സൂക്ഷ്മാണുക്കളും ആന്റിബയോട്ടിക്സുമായുള്ള സന്പർക്കം വഴി പ്രതിരോധം ആർജിക്കുന്നു. പിന്നീട് ഇവ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാതെ വരുന്നു. മരണനിരക്ക് കൂടുന്നു എന്നത് മാത്രമല്ല, അനാവശ്യമായ ചികിത്സാ ചിലവും ആശുപത്രിവാസവും വേണ്ടിവരുന്നു.
2050 ആകുന്പോൾ ഏതാണ്ട് 10 ശതമാനം മരണങ്ങളും ആന്റിബയോട്ടിക് റെസിസ്റ്റൻസ് മൂലമാകുമെന്ന് കരുതപ്പെടുന്നു. ഇതു കാൻസർ, റോഡപകടങ്ങൾ എന്നിവമൂലമുള്ള മരണനിരക്കുകളെക്കാൾ കൂടുതലാണ്. പുതിയ ആന്റിബയോട്ടിക്കുകൾ വികസിക്കപ്പെടുന്നില്ല എന്ന വസ്തുതയും ഇവ കരുതലോടെ ഉപയോഗിക്കാൻ നമ്മെ ഓർമപ്പെടുത്തുന്നു.
നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട 10 ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ആന്റിബയോട്ടിക്ക് റസിസ്റ്റൻസ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗാണുബാധകൾ ഉണ്ടാകാനുളള സാഹചര്യം കഴിവതും തടയുന്നതാണ്.
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരുമായി അകലം പാലിക്കുക, രോഗ പ്രതിരോധ കുത്തിവെപ്പുകൾ സമയത്തിനു എടുക്കുക എന്നീ മുൻകരുതലുകൾ സ്വീകരിക്കാം.
പ്രതിരോധ ശേഷികുറഞ്ഞ കിടപ്പ് രോഗികളെ സന്ദർശിക്കുന്നത് കഴിവതും പരിമിതപ്പെടുത്തുക, ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് അംഗീകൃത മെഡിക്കൽ പ്രാക്ടീഷണൻമാരുടെ മേൽനോട്ടത്തിലും കുറുപടി അനുസരിച്ചും മാത്രം ആയിരിക്കണം.
താത്കാലിക രോഗശമനം അനുഭവപ്പെട്ടാലും ഡോക്ടർ നിർദ്ദേശിക്കുന്ന ക്രമത്തിൽ മരുന്നുകൾ കഴിച്ചു പൂർത്തിയാക്കുക. ബാക്കി വരുന്ന ആന്റിബയോട്ടിക്കുകൾ ചികിത്സ പൂർത്തിയായാൽ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല. ആന്റിബയോട്ടിക്കുകൾ മറ്റുള്ളവർക്ക് കൊടുക്കാനോ മറ്റുള്ളവരിൽ നിന്നും കൈമാറി സ്വയം ചികിത്സയുടെ ഭാഗമായി കഴിക്കാനോ പാടുള്ളതല്ല.
ഓണ്ലൈൻ ആയും ഡോക്ടറുടെ കുറുപ്പില്ലാതെയുമുള്ള വില്പന നിയമം വഴി പൂർണമായി തടയേണ്ടതാണ്. എല്ലാ ആശുപപത്രികളിലും ആന്റിബയോട്ടിക്കുകൾ കരുതലോടെ ഉപയോഗിക്കുന്നതിനാവശ്യമായ നയങ്ങളും പദ്ധതികളും രൂപീകരിക്കേണ്ടതുണ്ട്. ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്പോൾ അതിന്റെ ആവശ്യകതയും കൃത്യതയും ഉറപ്പുവരുത്തേണ്ട ചുമതല ഡോക്ടർമാർക്കുണ്ട്.
പ്രതിരോധമാർജ്ജിക്കാൻ സാധ്യതകുറഞ്ഞ മരുന്നുകൾ കൂടുതലായി ഉപയോഗിക്കുകയും, മാരകമായ അണുബാധയ്ക്കുളള റിസേർവ് ഡ്രഗ്സ് യുക്തിപൂർവം ഉപയോഗിക്കേണ്ടതുമാണ്. ലാബ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി നിരന്തരമായ വിശകലനവും അത്യന്താപേക്ഷിതമാണ്.
ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് വളരെ സങ്കീർണമായ ഒരു പ്രശ്നം ആയതിനാൽ ആരോഗ്യമേഖലയിൽ മാത്രം ഒതുങ്ങിക്കൊണ്ടുളള പ്രവർത്തനങ്ങൾ അപര്യാപ്തമാണ്. പൊതുജനങ്ങളുടെയും മൃഗ-കൃഷി-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ പോലുളള വിവിധമേഖലയിലുളള ആളുകളുടേയും സഹകരണത്തോടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാവുകയുള്ളു. ആരോഗ്യപൂർണമായ ഒരു ഭാവിക്ക് കരുതലോടെയുളള ആന്റിബയോട്ടിക്ക് ഉപയോഗം അത്യന്താപേക്ഷിതമാണ്.
ഡോ. നിമ്മി പോൾ
അസിസ്റ്റന്റ് പ്രൊഫസർ, മൈക്രോബയോളജി
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കോട്ടയം