ഫംഗസ് ബാധ ഗുരുതരമാകുന്നത് എപ്പോൾ?
Wednesday, November 17, 2021 12:33 PM IST
ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. അതാണ് പ്രധാനമായി എല്ലാവരും മനസിലാക്കേണ്ട കാര്യം. മാസ്ക് നല്ലപോലെ വെയിലിൽ ഉണക്കിയെടുക്കണം. കോട്ടൺ മാസ്ക് ആണെങ്കിൽ ഉപയോഗിക്കുന്നതിനു മുൻപ് ഇസ്തിരിയിടുന്നതും നല്ലതാണ്.
നിസാരമല്ല ഫംഗസ്
കാൻസർ ബാധിച്ചവർ, പ്രമേഹ രോഗികൾ, ഏതെങ്കിലും അവയവം മാറ്റി വെച്ചിരിക്കുന്നവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ നീണ്ട കാലമായി ഉപയോഗിച്ച് വരുന്നവർ എന്നിവർ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. ഫംഗസ് ബാധകൾ ലോകത്തെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് പ്രശ്നങ്ങൾ ആയിരിക്കുന്നു എന്നാണ് വാർത്തകളിൽ നിന്ന് അറിയുന്നത്. ഫംഗസ് ബാധകളെ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വൈദ്യശാസ്ത്ര രംഗം ജാഗ്രതയിലുമാണ്. കണ്ണ് നീക്കം ചെയ്ത സംഭവം വരെ വാർത്തകളിൽ കാണുകയുണ്ടായി.
എവിടെയൊക്കെ ഫംഗസ്?
ശ്വാസകോശം, വൃക്കകൾ, കുടൽ, ആമാശയം, സ്വകാര്യ ഭാഗങ്ങൾ, നഖങ്ങൾ, ചർമ്മം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധകൾ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ളത്. ചുരുക്കം ചിലരിൽ ചിലപ്പോൾ ഇത് ഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങാവുന്നതുമാണ്.
സൈനസിലും!
ഫംഗസ് ബാധകളെ കുറിച്ചുള്ള വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ഈ സമയത്ത് ഫംഗസ് ബാധകളെ കുറിച്ചുളള അറിവുകൾ നേടാൻ ശ്രമിക്കുന്നത് നല്ലതാണ്. ഫംഗസ് ശരീരത്തിൽ ബാധിക്കുന്ന അവസരങ്ങളിൽ അത് തുടക്കത്തിൽ തന്നെ മനസിലാക്കാൻ ഈ അറിവുകൾ സഹായിക്കും. ചിലരിൽ സൈനസുകൾ, ശ്വാസകോശം എന്നിവ നശിക്കുന്നതിന് ചില ഫംഗസ് ബാധകൾ കാരണമാകാറുണ്ട്.
നീണ്ടകാലം സ്റ്റിറോയ്ഡുകൾ...
മറ്റുള്ള സൂക്ഷ്മജീവികളെ പോലെ തന്നെ ശരീരത്തിലെ സഹജമായ രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹം, ആസ്ത്മ, കാൻസർ, നീണ്ട കാലമായി സ്റ്റിറോയ്ഡ് ഔഷധങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് ഫംഗസുകളും ബാധിക്കാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. ഗർഭിണികളും കുട്ടികളും മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും.
ഫംഗസ് ലക്ഷണങ്ങൾ
ഫംഗസ് ശ്വാസകോശങ്ങളെ ആക്രമിക്കുകയാണ് എങ്കിൽ ചുമ, നെഞ്ചുവേദന, ശ്വാസം മുട്ടൽ എന്നിവ ആയിരിക്കും പ്രധാനമായി കാണുന്ന അസ്വസ്ഥതകൾ. ചിലരിൽ ഇതിൻെറ കൂടെ തലവേദനയും ഉണ്ടായിരിക്കും. ഫംഗസ് ബാധകളിൽ പൊതുവായി കാണാൻ കഴിയുന്ന ലക്ഷണങ്ങളിൽ താഴെ പറയുന്നവ കൂടി ഉണ്ടാകാവുന്നതാണ്്. അസ്വസ്ഥത, തളർച്ച, ചിന്താക്കുഴപ്പം, ദഹനേന്ദ്രിയ പ്രശ്നങ്ങൾ, വിശപ്പ് കുറയുക, ശരീരഭാരം കുറയുക, കണ്ണുകളിൽ ചുവപ്പ് നിറം, കാഴ്ച മങ്ങൽ, മുറിവുകൾ ഉണങ്ങാതിരിക്കുകയോ പഴുക്കുകയോ ചെയ്യുക.
ഫംഗസ് ബാധിച്ചാൽ ചെയ്യേണ്ടത്...
നാം ജീവിക്കുന്ന വീടും പരിസരവും നല്ല വൃത്തിയായി സൂക്ഷിക്കണം. വൃത്തിയില്ലാത്ത പരിസരങ്ങളിൽ നിന്നു ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടുതൽ ആയിരിക്കും, പ്രത്യേകിച്ച് പ്രമേഹം, ആസ്ത്മാ എന്നിവയുള്ളവരിൽ.
ഫംഗസ് ബാധിക്കുന്ന അവസരങ്ങളിൽ ഒട്ടും വൈകാതെ ആശുപത്രിയിൽ പോകുകയാണ് വേണ്ടത്. ശരിയായരീതിയിൽ രോഗനിർണയവും ചികിത്സയും സാധ്യമാകുന്ന കാലത്താണ് നാം എല്ലാവരും ജീവിക്കുന്നത്. അശ്രദ്ധയും അലസതയും ഒഴിവാക്കിയാൽ തന്നെ ഒരുപാട് ദുരിതങ്ങളും മരണങ്ങളും ഒഴിവാക്കാൻ കഴിയും.
പഴകിയ ആഹാരം കഴിക്കാതിരിക്കണം. വ്യക്തിശുചിത്തം ഇല്ലായ്മയും അപകടകരമാണ്. ശുചിത്വം പാലിക്കുകയും വൃത്തിയായി ജീവിക്കുകയും ചെയ്യുന്നത് ഫംഗസ് ബാധകളെ അകറ്റി നിർത്താൻ കുറേയേറെ സഹായിക്കും.