അശ്രദ്ധമായി കൈകാര്യം ചെയ്താൽ കരൾരോഗം ഗുരുതരമാകും
Wednesday, November 3, 2021 12:53 PM IST
കരൾ രോഗങ്ങളിൽ കണ്ടുവരുന്ന മറ്റൊരു ഗുരുതരമായ പ്രശ്നമാണ് കരളിനുണ്ടാകുന്ന കാൻസർ. രോഗിയെ വളരെ നേരത്തേ മരണത്തിലേക്ക് നയിക്കുന്ന ഒന്നാണ് ഇത്. നീണ്ടകാലം കരൾവീക്കം നിലനിൽക്കുന്നത് കരളിൽ കാൻസർ ഉണ്ടാകുന്നതിന് ഒരു കാരണമാണ്. സിറോസിസിന്റെ ഭാഗമായും കരളിൽ കാൻസർ ബാധിക്കാവുന്നതാണ്.
അമിത മദ്യപാനം
അമിതമായ മദ്യപാനം, പുകയിലയിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ പോലെ വിഷാംശമുള്ള രാസവസ്തുക്കളുടെ ഉപയോഗം എന്നിവ കരളിൽ കാൻസർ ഉണ്ടാകുന്നതിന് തെളിയിക്കപ്പെട്ട കാരണങ്ങൾ ആണ്. നല്ല ആരോഗ്യത്തിന് നല്ലതല്ലാത്ത ആരോഗ്യ ശീലങ്ങളും നല്ലതല്ലാത്ത ജീവിതശൈലിയും വിഷവാതകങ്ങൾ ശ്വസിക്കുന്നതും പരിസര മാലിന്യവും അണുബാധകളും വേറെ കാരണങ്ങളാണ്.
ലക്ഷണങ്ങൾ
കരളിൽ കാൻസർ ബാധിക്കുമ്പോൾ ആദ്യ കാലങ്ങളിൽ അത്ര ഗൗരവമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അനുഭവപ്പെടുകയില്ല. വിശപ്പ് കുറയുക, ശരീര ഭാരം കുറയുക, ക്ഷീണം, വയറിൽ മുകൾവശം വലത് ഭാഗത്ത് അസ്വസ്ഥത തോന്നുക, പുറംവേദന എന്നിവ ആയിരിക്കും കൂടുതൽ പേരിലും കാണാൻ കഴിയുന്ന ലക്ഷണങ്ങൾ.
മഞ്ഞപ്പിത്തം
കാൻസർ കരളിൽ കൂടുതൽ പിടി മുറുക്കുമ്പോൾ അതിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന ലക്ഷണം മഞ്ഞപ്പിത്തം ആയിരിക്കും. എക്സ് റേ, സ്കാനിംഗ് പരിശോധനകളിലൂടെ വ്യക്തമായ രോഗനിർണയം സാധ്യമാകുന്നതാണ്. ബയോപ്സിയാണ് മറ്റൊരു സാധ്യത.
വൈദ്യശാസ്ത്രം ഓരോ ദിവസവും പുതിയ പഠനങ്ങളും പുതിയ അറിവുകളുമായി മുന്നോട്ട് സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഒരുപാടൊരുപാട് പുതിയ അറിവുകൾ ഇപ്പോൾ വൈദ്യശാസ്ത്ര മേഖലയിൽ നിലവിലുണ്ട്. പുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്ന പുതിയ അറിവുകൾ അതതു കാലത്തു തന്നെ പഠിക്കുകയും ചികിത്സാ രംഗത്ത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന കുറേയേറെ ഡോക്ടർമാരും ഉണ്ട്.
സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
എന്നാലും, വിശപ്പ് കുറയുന്പോഴും ശരീരഭാരം കുറയുമ്പോഴും കരൾ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴും ഇപ്പോഴും പലരും മരുന്ന് കടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുന്ന ശീലം കൊണ്ടുനടക്കുന്നതു കാണാറുണ്ട്. ഒറ്റമൂലികൾ അന്വേഷിച്ച് പോകുന്നവരും ധാരാളമാണ്.
ഇങ്ങനെ അശ്രദ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ ആയിരിക്കും കരൾ രോഗങ്ങൾ ഗുരുതരമായ അവസ്ഥയിൽ ആകാനുള്ള സാധ്യത കൂടുതൽ ഉണ്ടാകുക. ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നതും അകാലത്തിൽ അന്ത്യശ്വാസം വലിക്കുന്നതും ഇങ്ങനെയുള്ളവർ ആയിരിക്കും.