ഫാറ്റി ലിവർ അപകടകാരിയാണോ?
Tuesday, October 5, 2021 8:38 AM IST
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരൾ വയറിനു മുകളിലായി വലതുഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന കരൾ യഥാർഥത്തിൽ ഒരു രാസപ്രവർത്തനശാല തന്നെയാണ്.
ഗ്ലൈക്കോജെൻ, കൊള സ്റ്ററോൾ, പ്രോട്ടീൻ, ഹോർമോണ് തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന കരൾ തന്നെ ശരീരത്തിനു ഹാനികരമായ വസ്തുക്കൾ വിവിധ രൂപത്തിൽ പുറംതള്ളുകയും ചെയ്യുന്നു. രക്തം കട്ട പിടിക്കുന്നതി നായുള്ള ഫാക്ടേഴ്സ് ഉത്പാദിപ്പിക്കുന്നതും കരളിനുള്ളിൽ തന്നെയാണ്. ക്രിക്കറ്റിലെ ആൾറൌണ്ടറിന് സമാനമാണ് കരളിന്റെ പ്രവർത്തനം.
എന്താണ് ഫാറ്റി ലിവർ?
കരളിൽ കൊഴുപ്പ് അടിയുന്പോഴാണ് ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നത്. സാധാരണ ഗതിയിൽ ഡാർക്ക് ബ്രൗണ് നിറമുള്ള കരൾ കൊഴുപ്പ് അടിയുന്നതോടെ ഇളം മഞ്ഞനിറം ആകും. കരളിൽ അഞ്ച് ശതമാനത്തിനു മുകളിൽ കൊഴുപ്പ് അടിയുന്പോൾ ഫാറ്റി ലിവർ എന്നുപറയുന്നു.
ലക്ഷണങ്ങൾ
ഫാറ്റി ലിവറിനു പ്രത്യേക ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾക്കായി അൾട്രാസൗണ്ട് സ്കാൻ ചെയ്യുന്പോഴാണ് ഫാറ്റി ലിവർ കണ്ടെത്തുന്നത്. ഫാറ്റി ലിവർ ഉണ്ടോയെന്ന് മനസിലാക്കാനുള്ള എളുപ്പമാർഗം യുഎസ്ജി സ്കാൻ തന്നെയാണ്.
കാരണങ്ങൾ
ഫാറ്റി ലിവറിന്റെ ഏറ്റവും പ്രധാന കാരണം മദ്യപാനം തന്നെയാണ്. കരളിനു മറ്റു തകരാർ ഒന്നുമില്ലെങ്കിൽ 45 മില്ലി വരെ മദ്യം ഒരാൾക്ക് അനുവദനീയമാണ്. ഈ ഒരളവിൽ മദ്യം കഴിച്ചു നിർത്തുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്.
ഭൂരിഭാഗം പേരും ഒന്ന് അല്ലെങ്കിൽ രണ്ട് പെഗ് എന്നു നിശ്ചയിച്ചു തുടങ്ങു കയും ഒടുവിൽ അളവിലധികം മദ്യപിക്കുകയും ചെയ്യുന്നു. പൊതുവേ നമ്മുടെ സമൂഹത്തിലുള്ള ധാരണ വൈനിലും ബിയറിലും കള്ളിലും ആൽക്കഹോൾ അളവ് കുറവാണെന്നും അതിനാൽ തന്നെ ഇവ ഹാനികരമല്ല എന്നുമാണ്.
ബിയറിൽ അഞ്ച് ശതമാനം മാത്രമേ ആൽക്കഹോൾ ഉള്ളുവെങ്കിലും നമ്മുടെ നാട്ടിലെ ബിയർ കുപ്പികൾ വരുന്നത് മിക്കവാറും 650 മില്ലി കുപ്പികളിലാണ്. 250 മില്ലി ബിയറിലും 100 മില്ലി വൈനിലും 30 മില്ലി വിസ്കിയിലും ഒരേ അളവിലാണ് ആൽക്കഹോൾ ഉള്ളത്.
എന്നെക്കാൾ കൂടുതൽ മദ്യം ഉപയോഗിച്ചിട്ടും മറ്റു പലർ ക്കും ഒരു കുഴപ്പവുമില്ലല്ലോ എന്നു പലരും പറയാറുണ്ട്. ഒരേ അളവിൽ മദ്യം കഴിക്കുന്ന രണ്ടു വ്യക്തികളിൽ ഒരേ തോതിൽ കരളിനു കേടു സംഭവിക്കണം എന്നില്ല. ഇത് ആൽക്കഹോളിനെ മെറ്റബോളൈസ് ചെയ്യാനുള്ള ആ വ്യക്തിയുടെ ശാരീരിക ക്ഷമതയെ ആശ്രയിച്ചിരിക്കും.
നല്ല പോലെ ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യം കഴിച്ചാൽ കരളിന് ദോഷം ഉണ്ടാകില്ലെന്നത് യുക്തിക്ക് നിരക്കാത്തതാണ്. അമിതവണ്ണം ക്ഷണിച്ചു വരുത്തും എന്നല്ലാതെ മറ്റു പ്രയോജനം ഒന്നും ഉണ്ടാകാനിടയില്ല.
അമിത വണ്ണം കരൾരോഗത്തെ ത്വരി തപ്പെടുത്തുന്നു എന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷൻ മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മദ്യോപയോഗം താരതമ്യേന കുറഞ്ഞ അളവിൽ തന്നെ കരൾ രോഗത്തിനു കാരണമാകുന്നു.
ഒരു തുള്ളി മദ്യം കഴിക്കാത്ത ഒരാൾക്കും ഫാറ്റി ലിവർ ഉണ്ടായേക്കാം. ഇത് അയാളുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം, പ്രമേഹം, കൊളസ്റ്ററോൾ തുടങ്ങിയവ ഫാറ്റി ലിവറിനു കാരണമായേക്കും. ഇതിനു പുറമേ ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം കൊണ്ടും ഫാറ്റി ലിവർ ഉണ്ടായേക്കും.
കരുതൽ വേണം
എല്ലാവരിലും ഫാറ്റി ലിവർ അപകടകാരിയല്ല. പക്ഷേ ചെറിയ ശതമാനം ആളുകളിൽ ഫാറ്റി ലിവർ സീറോസിസിലേക്ക് നീങ്ങിയേക്കും. ഈ ഒരു വിഭാഗം രോഗികളെ തിരിച്ചറിയുകയാണ് മുഖ്യം. വർഷങ്ങളായുള്ള മദ്യപാനം, 50 വയസിനു മുകളിലുള്ളവർ, 10 വർഷത്തിനു മുകളിൽ ഡയബറ്റിക്/ കൊളസ്റ്ററോളിനു ചികിത്സ ചെയ്തവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.
കാലുകളിൽ നീര് കാണപ്പെടുന്നതും കണ്ണിന്റെ വെള്ളയിൽ മഞ്ഞ നിറം കാണുന്നതും, മൂത്രം മഞ്ഞക്കുന്നതും കൈകാലുകൾ ശോഷിക്കുന്നതും മുഖത്ത് കരുവാളിപ്പ് വരുന്നതും ഗുരുതരമായ കരൾ രോഗത്തിന്റെ ലക്ഷണങ്ങളാകാം. ഇക്കൂട്ടർ ഏറ്റവും പെട്ടെന്ന് ഡോക്ടറെ കണ്ട് വിദഗ്ദ്ധ ചികിത്സ നേടണം.
ഫാറ്റി ലിവർ ഉള്ള രോഗി തീർച്ചയായും ലിവർ ഫംഗ്ഷൻ ടെസ്റ്റ് (എൽ എഫ് ടി), ലിപിഡ് പ്രൊഫൈൽ, ഫാസ്റ്റിംഗ് ഷുഗർ, പ്ലേറ്റ്ലെറ്റ് കൗണ്ട് തുടങ്ങിയ ബ്ലഡ് ടെസ്റ്റ് ചെയ്തിരിക്കണം. ഫൈബ്രോസിസ് അറിയാൻ സഹായിക്കുന്ന ഇലാസ്റ്റോഗ്രാഫി ടെസ്റ്റ് പല ആശുപത്രികളിലും ഇന്ന് ലഭ്യമാണ്. സീറോസിസാ ണെന്ന് സംശയമുണ്ടെങ്കിൽ എൻഡോസ്കോപി ചെയ്യേണ്ടി വന്നേക്കാം.
ചികിത്സ എങ്ങനെ?
മദ്യപാനം മൂലമുള്ള ഫാറ്റി ലിവർ മൂന്നു മാസം പൂർണ മായും മദ്യം ഒഴിവാക്കിയാൽ പൂർവസ്ഥിതിയിലെത്തും. പ്രമേഹം, കൊളസ്റ്ററോൾ തുടങ്ങിയ അസുഖങ്ങൾ നല്ല രീതിയിൽ നിയന്ത്രി ക്കണം.
അമിതവണ്ണം ഉള്ളവർ ഭാരം കുറയ്ക്കണം. ബോഡി മാസ് ഇൻഡക്സ് അഥവാ ബിഎംഐ 23 മുതൽ 25 വരെ എത്തിക്കാൻ പരിശ്രമിക്കണം. ഇതിനു ഭക്ഷണ നിയന്ത്രണവും വ്യായാമവും ഒരു പോലെ ശ്രദ്ധിക്കണം.
ഭക്ഷണത്തിൽ അന്നജത്തിന്റെയും കൊഴുപ്പിന്േറയും അളവ് കുറച്ച് പ്രോട്ടീൻ അളവ് കൂട്ടുന്നത് ഉത്തമം. മധുര പലഹാരങ്ങൾ, കോള, ഫാസ്റ്റ് ഫുഡ്, ജംഗ് ഫുഡ് തുടങ്ങിയവ തീർത്തും ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർഥങ്ങൾ കുറയ്ക്കുകയും ആവിയിൽ പാകം ചെയ്തതോ ഗ്രിൽ ചെയ്ത തോ ആയ ഭക്ഷണം ഉപയോഗിക്കുകയും വേണം. ചോറ് പരമാവ ധി കുറച്ച് പകരം ഓട്സ്, റാഗി തുടങ്ങിയവ ഉപയോഗിക്കുക.
ചോറ് നിർബന്ധമുള്ളവർ കഴിയുമെങ്കിൽ ഒരു നേരം മാത്രം ഉപയോഗിക്കണം. വെള്ള അരി ഉപേക്ഷിച്ചു തവിടിന്റെ അംശം കൂടുതലുള്ള ബ്രൗണ് റൈസ് തിരഞ്ഞെടുക്കുക.
ഫൈബർ കൂടുതലായുള്ള ഇലക്കറികൾ കഴിക്കുന്നതും ഭക്ഷണത്തോടൊ പ്പം സാലഡുകൾ കഴിക്കുന്നതും അമിതാഹാരത്തെ നിയന്ത്രിക്കു ന്നു. കാപ്പി കുടിക്കുന്നത് കരൾ രോഗങ്ങൾക്കു നല്ലതാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രതിദിനം 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് നന്നായിരിക്കും. ഇത് ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വേണം. നടത്തം, ഓട്ടം, നീന്തൽ, സൈക്ലിംഗ്, സ്റ്റെപ്പ് കയറുന്നത് തുടങ്ങിയ വ്യായാമങ്ങൾ നല്ലതാണ്.
ഓർക്കുക, കരളിനെ പിണക്കാതിരിക്കാൻ മദ്യം ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുക. വ്യായാമം ചെയ്യുക.