ആർത്തവപ്രശ്നങ്ങൾക്ക് ആയുർവേദത്തിലൂടെ പരിഹാരം നേടാം
Thursday, September 9, 2021 2:12 PM IST
ആയുർവേദശാസ്ത്രത്തിലെ വിവിധ വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രശാഖയാണ് പ്രസൂതിതന്ത്രം(Obstetrics).
മാതൃത്വത്തിലേക്ക്, ഗർഭധാരണത്തിനു തയാറാകുന്പോൾ പെണ്‍കുട്ടിയുടെ ശരീരത്തിൽ പ്രത്യേകിച്ച് ഗർഭാശയത്തിലും മറ്റും കൗമാരത്തിൽ പലതരത്തിലുള്ള വ്യതിയാനങ്ങൾ സംഭവിക്കും. അതിൽ ഏറ്റവും പ്രധാനമാണ് ഗർഭാശയാന്തരകലയുടെ മാസാനുമാസ വളർച്ചയും അണ്ഡോത്പാദനവും. ഈ കാലാനുകാല വ്യതിയാനത്തെ ആർത്തവം എന്ന പേരിൽ വിവക്ഷിക്കുന്നു.
ആർത്തവം സാധാരണയായി 28-30 ദിവസങ്ങൾക്ക് ഇടയ്ക്ക് ഉണ്ടാകുന്നു. ഇത് മൂന്ന്-നാല് ദിവസം മുന്‍പായോ പിന്നീടായോ ആർത്തവമുണ്ടാവുക സ്വാഭാവികമാണ്.
ശുദ്ധമായ ആർത്തവരക്ത ലക്ഷണം
ശരീരത്തിൽ അസഹ്യമായ വേദനയോ ചുട്ടുനീറ്റലോ രക്തത്തിനു നിറവ്യത്യാസമോ ഉണ്ടാകുന്നില്ല. 60 മുതൽ 120 വരെ മില്ലി ലിറ്റർ ആണ് കൃത്യമായ അളവ്.
ആർത്തവക്രമക്കേടുകൾ
അസഹ്യമായ വേദന, രക്തം നിറവ്യത്യാസത്തോടുകൂടി പോകുക, സാധാരണയിൽ നിന്ന് അളവിൽ കൂടുതൽ രക്തം പോകുക, കൈകാൽ കഴപ്പ്, വേദന, തലവേദന എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം.
കൗമാരക്കാരിലെ പ്രശ്നങ്ങൾ
കൗമാരക്കാരിൽ ആർത്തവം തുടങ്ങുന്ന സമയത്ത് ആദ്യം ഒരു മാസമോ രണ്ടു മാസമോ ഉണ്ടായി പിന്നീട് ആർത്തവം ഉണ്ടാകാതെ വരാം. ഇതിനെ മൂന്നു രീതിയിൽ തരംതിരിക്കാവുന്നതാണ്. ആർത്തവം ഇല്ലാതിരിക്കുക, വേദനയോടുകൂടിയ ആർത്തവം, ആർത്തവരക്തം കൂടുതൽ പോകുക(Amenorrhea), (Dysmenorrhea), (Menorrhagia).
ആർത്തവം കൃത്യമായി ഉണ്ടാകാത്തവർ
ആർത്തവം കൃത്യമായി ഉണ്ടാകാത്തവരിൽ മനസിനുണ്ടാകുന്ന വിഷാദം, ഉത്കണ്ഠ, അസ്വസ്ഥത, ആമാശയസംബന്ധമായ രോഗങ്ങൾ, മുഖക്കുരു, ചൊറിച്ചിൽ, തലവേദന, ഒന്നിലും ശ്രദ്ധയില്ലായ്മ, രുചിഭേദങ്ങൾ, ദേഹത്തിൽ അവിടവിടെയായി കാണുന്ന ചുവപ്പുനിറം എന്നീ ലക്ഷണങ്ങൾ കണ്ടേക്കാം.
ചികിത്സ തേടുന്നതോടൊപ്പം മിതമായ ജീവിതരീതി വ്യതിയാനങ്ങളും ഇതിനു സഹായകമാകും. കൃത്യമായ വ്യായാമം, ആഹാരക്രമം, ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയ ഭക്ഷണം, പഴങ്ങൾ, നാരുകളുള്ള ഭക്ഷണം എന്നിവ ശീലിക്കണം. ഇപ്പോഴത്തെ ഭക്ഷണരീതികൾ, ബേക്കറിയിൽ നിന്നു കിട്ടുന്ന പലഹാരങ്ങൾ, ബർഗറുകൾ, ഫാസ്റ്റ്ഫുഡ് എന്നിവ നിത്യം ശീലമാക്കരുത്. മധുരവും ഉപ്പും കുറയ്ക്കണം.
ചികിത്സ
സുകുമാരം കഷായം. സപ്തസാരം കഷായം, അഭയാരിഷ്ടം, അശോകാരിഷ്ടം, കുമാര്യാസവം, ധാന്വന്തരം ഗുളിക എന്നിവ വൈദ്യന്റെ നിർദേശാനുസരണം അവസ്ഥകൾക്കനുസരിച്ച് കഴിക്കാം.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(PCOD)
ആർത്തവക്രമക്കേട് ഉണ്ടാകുന്നത് പ്രധാനമായും പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(PCOD) എന്ന ഒരു അവസ്ഥയാണ്. രണ്ട് ഓവറികൾ ഉള്ള ഒരാൾക്ക് എല്ലാ മാസവും മാസമുറ സമയത്ത് ഓരോ ഓവറിയിൽ ഒരു അണ്ഡം വീതം ഉണ്ടാകുന്നു. ഇത് ഗർഭാശയനാളിയിലേക്കു പോകാതെ ഓവറിയിൽ തന്നെ ഇരിക്കുന്നു. പൂർണവളർച്ച പ്രാപിക്കുന്നില്ല. ബ്ലീഡിംഗ്(രക്തസ്രാവം) ഇല്ലാതെ വരുക, രണ്ടു മൂന്നു മാസം കൂടുന്പോൾ ഉണ്ടാകുന്ന രക്തസ്രാവം, പുരുഷഹോർമോണ്‍ പുറപ്പെടുവിക്കുന്നതുപോലെയുള്ള അധിക രോമവളർച്ച, ശരീരഭാരം കൂടുക എന്നീ ലക്ഷണങ്ങൾ ഉണ്ടാകും. ആരംഭത്തിൽ തന്നെ വൈദ്യനെ കണ്ടു ചികിത്സ തേടണം. അല്ലെങ്കിൽ വന്ധ്യത, പ്രമേഹസാധ്യത തുടങ്ങിയ രോഗങ്ങൾക്കു വഴിയൊരുക്കും.
ആർത്തവ വിരാമം
40-50 വയസിൽ സാധാരണ സ്ത്രീയിലുണ്ടാകുന്ന പ്രകൃത്യായുള്ള പ്രതിഭാസമാണ് ആർത്തവ വിരാമം. ഹോർമോണ്‍ പ്രവർത്തനം ഇല്ലാതാകുന്നതോടെ ശരീരത്തിലുണ്ടാകുന്ന ചൂട്, ശരീരഭാരം കൂടുക, സ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ഉത്കണ്ഠ എന്നീ ലക്ഷണങ്ങൾ ശരീരം കാണിക്കുന്നു. ഹോർമോണ്‍ പ്രവർത്തനം പൂർണമായും ഇല്ലാതാകുന്നില്ല. ആർത്തവ വിരാമം പല മാസങ്ങളിൽ കൃത്യമായ മാസമുറ ഇല്ലാതായ സാവധാനത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് സ്ത്രീകളിൽ തെറ്റായ ധാരണകൾ പലതും നിലവിലുണ്ട്.
ആർത്തവവിരാമം അടുക്കുന്പോൾ ചില അവസ്ഥകളിൽ രക്തസ്രാവം കൂടുതൽ ആവാനിടയുണ്ട്. രക്തം കട്ടയായി പോകുക, മാസത്തിൽ ഒന്നോ രണ്ടോ തവണ ആർത്തവം വരുക, തുടർന്ന് ശരീരത്തിനുണ്ടാകുന്ന വിളർച്ച, ക്ഷീണം, കൈകാൽ വേദന, മാനസികമായ പിരിമുറുക്കം, ഉറക്കമില്ലായ്മ എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം. ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക അവസ്ഥയാണ് ഇതെന്നു മനസിലാക്കി ജീവിതം പിരിമുറുക്കം ഇല്ലാത്ത അവസ്ഥയാക്കണം. എന്നാൽ, ഇതു നീണ്ടുപോകുകയോ വേദന, രക്തസ്രാവം നിർത്താൻ പറ്റാതെ വരുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ടു ചികിത്സാനിർദേശം തേടണം. ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിത്സയ്ക്കു വിധേയമാകരുത്. പല കാരണങ്ങൾകൊണ്ടും രക്തസ്രാവം അധികമാകാനിടയുണ്ട്. ഗർഭാശയത്തിലുണ്ടാകുന്ന മുഴകൾ, കാൻസർ തുടങ്ങിയ രോഗങ്ങളും ഇതിനു കാരണമായേക്കാം.
വിദഗ്ദ്ധമായ ചികിത്സ തേടി വ്യതിയാനങ്ങളെ നമുക്കു നിയന്ത്രിക്കാവുന്നതേയുള്ളൂ. പുതിയൊരു ജീവന്റെ ഉത്ഭവത്തിന് ആധാരമായിത്തീരുന്ന സ്ത്രീയെ സംരക്ഷിക്കേണ്ട ചുമതല നമ്മുടെ എല്ലാവരുടേയും കടമയാണ്.