വെളുത്തുള്ളി വിശേഷങ്ങൾ..!
Wednesday, December 11, 2019 2:49 PM IST
ആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങൾക്കു മരുന്നായും ഉപയോഗിക്കുന്നു. വെളുത്തുളളിയുടെ ഒൗഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി ഇതിനുണ്ട്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആൻറി ഓക്സിഡൻറ് സ്വഭാവവും അലിസിനുണ്ട്.
ഗ്യാസിനു പരിഹാരമുണ്ട്!
ദഹനപ്രശ്നങ്ങളാണ് ഗ്യാസിന് ഇടയാക്കുന്നത്. ആഹാരം നന്നായി ചവച്ചരയ്ക്കാതെ വിഴുങ്ങുക, ഗ്യാസിനിടയാക്കുന്ന ഭക്ഷണം അമിതമായി കഴിക്കുക, കുടലിലെ ബാക്ടീരിയ അണുബാധ, ദഹനക്രമക്കേടുകൾ എന്നിവയെല്ലാം ഗ്യാസിനിടയാക്കുന്നു. തീക്കനലിൽ ചുട്ടെടുത്ത വെളുത്തുളളി കഴിക്കുന്നതു ഗ്യാസ് ട്രബിളിന് ആശ്വാസദായകം. വെളുത്തുളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗുണപ്രദം. ഗ്യാസ് അകറ്റുന്നതിനും ദഹനം ആരോഗ്യകരമായ രീതിയിൽ സാധ്യമാകുന്നതിനും വെളുത്തുളളി സൂപ്പ് സഹായകം. വെളുത്തുളളിക്കൊപ്പം കുരുമുളക്, ജീരകം എന്നിവ ചേർത്തു തിളപ്പിച്ചാറിച്ചും ഉപയോഗിക്കാം.
പച്ചയ്ക്കു കഴിക്കാം
വിറ്റാമിൻ എ, ബി, ബി2, സി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീൻ, പൊട്ടാസ്യം, കാൽസ്യം, സിങ്ക്, കോപ്പർ, ഇരുന്പ്, സെലിനിയം, മാംഗനീസ് തുടങ്ങിയ ധാതുക്കളും വെളുത്തുളളിയെ പോഷകസന്പുഷ്ടമാക്കുന്നു. വെളുത്തുളളിയുടെ ഒൗഷധഗുണം പൂർണമായും കിട്ടണമെങ്കിൽ പച്ചയ്ക്കു തന്നെ കഴിക്കണം. പാകം ചെയ്താൽ ഒൗഷധഗുണത്തിന്റെ നല്ലൊരുഭാഗം നഷ്ടപ്പെടും.
ഹൃദയത്തിനു പ്രിയം
ഹൃദയം, രക്തസഞ്ചാര വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെ അസുഖങ്ങളുടെ ചികിത്സയ്ക്ക് വെളുത്തുളളി സഹായകം; ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, കൊറോണറി ഹൃദയ രോഗങ്ങൾ, ഹൃദയാഘാതം, ആർീരിയോ സ്ളീറോസിസ് (രക്തധമനികളുടെ കട്ടി കൂടി ഉൾവ്യാസം കുറയുന്ന അവസ്ഥ) എന്നിവ തടയുന്നതിനു വെളുത്തുളളി ഫലപ്രദം. 600 - 900 മില്ലിഗ്രാം വെളുത്തുളളി ശീലമാക്കുന്നത് ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകമെന്നു പഠനം. അതേസമയം നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ തോതിൽ കുറവുണ്ടാകാതെ കരുതുന്നു.
പ്രമേഹബാധിതർക്കും...
രക്തക്കുഴലുകൾ വികസിക്കുന്നതിനും രക്തസഞ്ചാരം സുഗമമാകുന്നതിനും വെളുത്തുളളി സഹായകം. രക്തം കട്ട പിടിക്കുന്നതു തടയുന്നതിൽ വെളുത്തുളളിക്കു മുഖ്യ പങ്കുണ്ട്. ഹൈപ്പർ ടെൻഷൻ സാധ്യത കുറയ്ക്കുന്നതിന് ഇതു ഗുണപ്രദം. എന്നാൽ ഇത്തരം രോഗങ്ങൾക്കു മരുന്നുകഴിക്കുന്നവർ വെളുത്തുളളി എത്രത്തോളം അളവിൽ പതിവായി ഉപയോഗിക്കാം എന്നതു സംബന്ധിച്ച് ചികിത്സകെൻറ ഉപദേശം തേടാവുന്നതാണ്.
ഇൻസുലിന്റെ ഉത്പാദനം വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിനു വെളുത്തുളളി സഹായകമെന്നു പഠനം.
പ്രായമായവരുടെ ആരോഗ്യജീവിതത്തിന്
റുമാറ്റോയിഡ് ആർത്രൈറ്റിസ് രോഗ ലക്ഷണങ്ങളായ സന്ധിവേദനയും നീർവീക്കവും മറ്റും കുറയ്ക്കുന്നതിനു വെളുത്തുളളി സഹായകം. അതുപോലെതന്നെ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും വെളുത്തുളളി ഉത്തമം. ശരീരത്തിൽ നിന്നു വിഷമാലിന്യങ്ങളെ പുറന്തളളുന്നതിനു കരളിനെ സഹായിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ബാക്ടീരിയ, വേദന എന്നിവ തടയുന്ന വെളുത്തുളളിയുടെ ഗുണങ്ങൾ പല്ലുവേദനയിൽ നിന്ന് താത്കാലിക ആശ്വാസത്തിന് ഉതകും. വെളുത്തുളളി ചതച്ചു വേദനയുളള ഭാഗത്തു വയ്ക്കുക. എന്നാൽ വെളുത്തുളളിയുടെ സാന്നിധ്യം ചിലപ്പോൾ മോണയിൽ അസ്വസ്ഥതകൾക്ക് ഇടയാക്കും.
രോഗപ്രതിരോധശക്തി വെളുത്തുളളിയിലുളള
വിറ്റാമിനുകളായ സി, ബി6, ധാതുക്കളായ സെലിനിയം, മാംഗനീസ് എന്നിവ പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. വൈറസ്, ബാക്ടീരിയ എന്നിവയ്ക്കെതിരേ പോരാടുന്നതിനാൽ ചുമ, തൊണ്ടയിലുണ്ടാകുന്ന മറ്റ് അസ്വസ്ഥതകൾ എന്നിവയുടെ ചികിത്സയ്ക്കു വെളുത്തുളളി ഫലപ്രദം. ശ്വസനവ്യവസ്ഥയിലെ അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനും സഹായകം. വെളുത്തുളളി ചേർത്ത ഭക്ഷണം ശീലമാക്കിയാൽ ഇടയ്ക്കിടെ ജലദോഷം വരുന്നത് ഒഴിവാകും. അതിലുളള ആന്റിഓക്സിഡൻറുകൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. വെളുത്തുളളി ചേർത്ത ചായ ശീലമാക്കുന്നതും ഉചിതം. പനി തടയുന്നതിനും പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായകം. ശ്വസനവ്യവസ്ഥയിലെ തടസങ്ങൾ നീക്കി ശ്വസനം സുഗമമാക്കുന്നതിനും വെളുത്തുളളി ഗുണപ്രദം.
കാൻസർ പ്രതിരോധത്തിന്
ചിലതരം മുഴകളുടെ വളർച്ച തടയുന്നതിനും വലുപ്പം കുറയ്ക്കുന്നതിനും വെളുത്തുളളി സഹായകമെന്നു പഠനം. വെളുത്തുളളിയിലെ അലൈൽ സൾഫർ കാൻസർകോശങ്ങളുടെ വളർച്ച തടയുന്നു. കുടൽ, ആമാശയം, സ്തനം, പ്രോസ്റ്റേറ്റ്, ശ്വാസകോശം തുടങ്ങിയവയിലെ കാൻസർ സാധ്യത കുറയ്ക്കുന്നു. ബ്ലാഡർ, പ്രോസ്റ്റേറ്റ് കാൻസറുകളുടെ ചികിത്സയ്ക്കും ഗുണപ്രദം.
ബാക്ടീരിയയെ തടയുന്നു
വെളുത്തുളളിയിലെ ആന്റി ഓക്സിഡൻറുകൾക്ക് ബാക്ടീരിയയെ നശിപ്പിക്കാനുളള ശേഷിയുണ്ട്. അതിനാൽ വെളുത്തുളളി ചതച്ചു മുഖക്കുരുവിൽ പുരിയാൽ മുഖക്കുരുവിൽ ആക്രമണത്തിൽ നിന്ന് രക്ഷനേടാം. സോറിയാസിസ് ചികിത്സയ്ക്കും വെളുത്തുളളി ഫലപ്രദമാണെന്ന് വിദഗ്ധർ.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ച(benign prostatic hyperplasia), ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന എല്ലുരോഗം, വയറുവേദന, സൈനസ് വീക്കം, റുമാറ്റിസം, ആസ്ത്്മ, ബ്രൊങ്കൈറ്റിസ്, ശ്വാസംമുട്ടൽ തുടങ്ങിയവയുടെ ചികിത്സയ്ക്കും വെളുത്തുളളി ഉപയോഗപ്പെടുത്തുന്നു.
വെളുത്തുളളിയിൽ അടങ്ങിയ അലിസിൻ എന്ന് ആന്റിഓക്സിഡൻറ് മുടികൊഴിച്ചിൽ തടയുന്നതിനു സഹായകം. വെളുത്തുളളി ചേർത്ത എണ്ണ തേച്ചു മസാജ് ചെയ്യുന്നതും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ഉചിതം.
ഫംഗസ് പ്രതിരോധം
ഫംഗസ്ബാധ ഉൾപ്പെടെയുളള ചർമരോഗങ്ങൾ തടയാൻ വെളുത്തുളളി ഫലപ്രദമെന്നു പഠനങ്ങൾ. മാനസിക പിരിമുറുക്കം, ക്ഷീണം എന്നിവ അകറ്റുന്നു. കരളിന്റെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നു. ഭക്ഷ്യവിഷബാധ തടയുന്നതിനും വെളുത്തുളളി ഫലപ്രദമെന്ന് ഗവേഷകർ. വെളുത്തുളളിക്ക് ഇ കോളായ് സ്വഭാവത്തിലുള്ള ബാക്ടീരിയകൾ, ആൻറി ബയോട്ടിക്കുകളെ വകവയ്ക്കാത്ത സ്റ്റെഫാലോ കോക്കസ്, സാൽമൊണല്ല എന്നിവയെ നശിപ്പിക്കാനുളള കഴിവുളളതായി ചില സൂചനകളുണ്ട്.
ശരീരത്തിൽ ഫാറ്റ് കോശങ്ങൾ രൂപപ്പെടുന്നതു നിയന്ത്രിക്കുന്നതിനു വെളുത്തുളളിയുടെ ആന്റി ഇൻഫ്ളമേറ്ററി സ്വഭാവം സഹായകമെന്ന് പഠനങ്ങൾ. ഇത് അമിതവണ്ണം ഒഴിവാക്കുന്നു. പ്രാണികളുടെ കടിയേൽക്കുന്നതു മൂലമുളള അലർജികൾ തടയുന്നതിനും വെളുത്തുളളി ഉത്തമം.
വെളുത്തുളളി അമിതമായാൽ
എന്തും അധികമായാൽ വിഷതുല്യം. അമിതമായി കഴിച്ചാൽ ശ്വാസത്തിലും വിയർപ്പിലും വെളുത്തുളളിയുടെ രൂക്ഷഗന്ധം നിറയും. വായിലും ആമാശയത്തിലും ചിലപ്പോൾ എരിച്ചിലിനും സാധ്യതയുണ്ട്.