പോഷകസമൃദ്ധം കശുവണ്ടിപ്പരിപ്പ്; മിതമായി ഉപയോഗിക്കാം
Saturday, October 5, 2019 3:12 PM IST
പോഷകസമൃദ്ധമാണ് കശുവണ്ടിപ്പരിപ്പ്. പ്രോട്ടീനുകൾ, ശരീരത്തിന് അവശ്യം വേണ്ട ധാതുക്കളായ കോപ്പർ, കാൽസ്യം, മഗ്നീഷ്യം, ഇരുന്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയുടെ ഉറവിടം. വിറ്റാമിൻ സി, വിറ്റാമിൻ ബി1 അഥവാ തയമിൻ, വിറ്റാമിൻ ബി2 അഥവാ റൈബോഫ്ളാവിൻ, വിറ്റാമിൻ ബി3 അഥവാ നിയാസിൻ, വിറ്റാമിൻ ബി6, ഫോളേറ്റ്, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയും അടങ്ങിയിരിക്കുന്നു.
ഡയറ്ററി നാരുകൾ
ശരീരം ഡയറ്ററി നാരുകൾ ഉത്പാദിപ്പിക്കാറില്ല. അതു നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിനു കിട്ടുന്നത്. കശുവണ്ടിപ്പരിപ്പിൽ ഡയറ്ററി നാരുകൾ ധാരാളം. ഭക്ഷണം നല്ല രീതിയിൽ ദഹിക്കുന്നതിനും ദഹന സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും അതിലെ ഡയറ്ററി നാരുകൾ സഹായകം. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവയുടെ ആഗീരണത്തിനും ഡയറ്ററി നാരുകൾ അവശ്യം.
ഹൃദയത്തിനു കാവൽ
കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കശുവണ്ടിപ്പരിപ്പു സഹായകം. ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ തോതു കൂട്ടുന്നു. അങ്ങനെ ഹൃദയരോഗസാധ്യത കുറയ്ക്കുന്നു. പക്ഷേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പു ചേർത്തതോ എണ്ണയിൽ വറുത്തതോ ആയ കശുവണ്ടിപ്പരിപ്പ് ഒഴിവാക്കണം.
ഒമേഗ 3 സന്പന്നം
കശുവണ്ടിയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം. ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളെ ബൂസ്റ്റ് ചെയ്യുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കുന്നതിനും സഹായകം.
കണ്ണുകളുടെ ആരോഗ്യം
കശുവണ്ടിപ്പരിപ്പിൽ അടങ്ങിയ ശക്തിയേറിയ ഒരു ആന്റിഓക്സിഡന്റ് പിഗ്മെന്റ് റെറ്റിനയുടെ ഉപരിതലത്തിൽ ഒരു സംരക്ഷണ ആവരണം ഉണ്ടാക്കുന്നു. ഉപദ്രവകാരികളായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്നു സംരക്ഷിക്കുന്നു. അന്തരീക്ഷമലിനീകരണം മൂലം കണ്ണിനുണ്ടാകാവുന്ന
അണുബാധ തടയുന്നു.
ചർമാരോഗ്യത്തിന്
കശുവണ്ടിപ്പരിപ്പിൽ മഗ്നീഷ്യം, സിങ്ക്, ഇരുന്പ്, ഫോസ്ഫറസ് എന്നിവ ധാരാളം. അതിലുള്ള പ്രോട്ടീനും സെലിനിയം ഉൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകളും ചർമാരോഗ്യത്തിന് ഉത്തമം.
മഗ്നീഷ്യം
പേശികൾ, എല്ലുകൾ, കോശസമൂഹങ്ങൾ, അവയവങ്ങൾ എന്നിവയുടെ ആരോഗ്യകരമായ വികാസത്തിനു സഹായകമാണ് മഗ്നീഷ്യം. രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനും പ്രതിരോധസംവിധാനം മെച്ചപ്പെടുത്തുന്നതിനും സഹായകം.
പ്രമേഹസാധ്യത കുറയ്ക്കുന്നു
ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിനു സഹായകം. കശുവണ്ടിപ്പരിപ്പിൽ പഞ്ചസാര ചെറിയ തോതിൽ മാത്രമാണുള്ളത്. ഉപദ്രവകാരിയായ കൊളസ്ട്രോളുമില്ല. മിതമായ രീതിയിൽ ഉപയോഗിച്ചാൽ ആരോഗ്യത്തിന് ഉത്തമം.
കോപ്പർ സന്പന്നം
കോപ്പർ സമൃദ്ധമാണ് കശുവണ്ടിപ്പരിപ്പ്. ചുവന്ന രക്താണുക്കളുടെ നിർമാണത്തിനു സഹായകം. എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നു. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. കോപ്പറിന്റെ കുറവ് ഓസ്റ്റിയോ പൊറോസിസ്, ഹൃദയമിടിപ്പിലെ ക്രമവ്യതിയാനം, വിളർച്ച എന്നിവയ്ക്കു കാരണമാകുന്നു.
ഫോസ്ഫറസ്
കശുവണ്ടിപ്പരിപ്പിലെ ഫോസ്ഫറസ് പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യകരമായ വികാസത്തിനു സഹായകം.
ഒലീയിക് ആസിഡ് അഥവാ ഒമേഗ 9
കശുവണ്ടിപ്പരിപ്പിലുള്ള ഒലീയിക് ആസിഡ് അഥവാ ഒമേഗ 9 രക്തസമ്മർദം, അമിതഭാരം എന്നിവ കുറയ്ക്കുന്നതിനു സഹായകം.
ശരീരത്തിനു ഗുണകരമായ മോണോസാച്ചുറേറ്റഡ് ഫാറ്റ് കൂടിയ അളവിൽ കശുവണ്ടിയിലുണ്ട്. ചീത്ത കൊളസ്ട്രോൾ സാന്നിധ്യമില്ലാത്ത പോളിഅണ്സാച്ചുറേറ്റഡ് ഫാറ്റ്സ് ചെറിയ തോതിലുണ്ട്. മിതമായി മാത്രം ആഹാരക്രമത്തിൽ ഉൾപ്പെടുത്താം,
വിളർച്ച തടയുന്നു
വിളർച്ച തടയുന്നതിനു കശുവണ്ടിപ്പരിപ്പിലുള്ള ഡയറ്ററി അയണ്(ഇരുന്പ്) സഹായകം. ശരീരകോശങ്ങളിൽ ഓക്സിജൻ സാന്നിധ്യം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നു. ഇരുന്പിന്റെ കുറവ് ക്ഷീണം, വിളർച്ച എന്നിവയ്ക്കു കാരണമാകുന്നു.
പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു
പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു കശുവണ്ടിപ്പരിപ്പ് ഉത്തമം. എല്ലുകളുടെ ആരോഗ്യത്തിനു സഹായകം. ചുവന്ന രക്താണുക്കളുടെ നിർമാണത്തിനു സഹായകം. വിളർച്ച, പ്രമേഹ- സാധ്യതകൾ കുറയ്ക്കുന്നു.