എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
Friday, May 24, 2019 2:54 PM IST
ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത് ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കു ുന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ഉപയോഗിക്കുന്നത്. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഏകദേശം 2500 ഫുഡ് അഡിറ്റീവ്സ് നാം ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അവ അനുവദനീയമായ അളവിലും അധികമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. പ്രോസസ് ചെയ്ത ഭക്ഷണം മികച്ചതാണെന്നു പലരും ധരിക്കുന്നുണ്ട്. പക്ഷേ, അതിൽ രാസവസ്തുക്കളുടെ സാന്നിധ്യം അത്രത്തോളമുണ്ടെന്നുകൂടി ഓർക്കണം.
സംസ്കരിച്ച ധാന്യപ്പൊടികൾ
പായ്ക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ധാന്യപ്പൊടികൾ ശീലമാക്കരുത്. ഗോതന്പ് വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണു സുരക്ഷിതം. മുളകും ഉണങ്ങി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണു സുരക്ഷിതം. സുഗന്ധവ്യഞ്ജനങ്ങളും ധാന്യങ്ങളും വാങ്ങി വൃത്തിയാക്കി മില്ലിൽ പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണറും നിർദേശിക്കുന്നു.
മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്
ചില ഉത്പന്നങ്ങളുടെ കവറിൽ ഫ്രീ ഫ്രം എംഎസ്ജി എന്നു രേഖപ്പെടുത്തിയിരിക്കും. എംഎസ്ജി എന്നാൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്. അജിനോമോട്ടോ. പക്ഷേ അങ്ങനെ എഴുതിയിട്ടുണ്ടാകുമെങ്കിലും ടേസ്റ്റ് എൻഹാൻസറിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്. അതായത് ഭക്ഷണത്തിന്റെ സ്വാദു കൂട്ടാനും ചില സ്വാദിന്റെ തീവ്രത കൂട്ടാനും ചിലതിന്റെ കുറയ്ക്കാനും ടേസ്റ്റ് എൻഹാൻസർ സഹായകം. വാസ്തവത്തിൽ നാവിലുള്ള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണ് എംഎസ്ജി ചെയ്യുന്നത്. ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് എംഎസ്ജി അടങ്ങിയ ഭക്ഷണം കൊടുക്കാൻ പാടില്ലെന്നാണു നിർദേശം.
ശ്രദ്ധിക്കുക
* ഫുഡ് അഡിറ്റീവ്സ് അനുവദനീയ തോതിൽ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫലപ്രദമായ നിയമം കൊണ്ടുവരണം * ഫുഡ് അഡിറ്റീവ്സിനെക്കുറിച്ച്് ഉപഭോക്താവിനു കൃത്യമായ അറിവ് ഉണ്ടായിരിക്കണം.* പ്രോസസ് ചെയ്ത ഭക്ഷണം കുറച്ചുമാത്രം ഉപയോഗിക്കുക. ശീലമാക്കരുത്.
വിവരങ്ങൾ: ഡോ. അനിത മോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്