കഥാപ്രസംഗം എന്ന് കേട്ടാല്‍ ആദ്യം മനസില്‍ വരുന്ന പേര് വി. സാംബശിവന്‍േറതാണ്. കഥപറച്ചിലിന്റെ പുതുഭാവങ്ങളുമായി കേള്‍വിക്കാരെ പിടിച്ചിരുത്തിയ സാംബശിവന്റെ പേര് കേള്‍ക്കാത്തവര്‍ ആരുംതന്നെയുണ്ടാകില്ല. തുടര്‍ന്നും കഥാപ്രസംഗ കലയില്‍ പല പേരുകളും ഉയര്‍ന്നു കേട്ടെങ്കിലും കാലത്തെ അതിജീവിച്ചവര്‍ കുറവായിരുന്നു. അതില്‍ തന്നെ സ്ത്രീശബ്ദങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം. മറ്റ് കലകളില്‍ പുരുഷന്‍മാരോടൊപ്പംതന്നെ സ്ത്രീകളും ശ്രദ്ധേയമായ സംഭാവനകളോടെ അരങ്ങത്തേക്ക് വന്നിരുന്നെങ്കിലും കഥാപ്രസംഗകലയില്‍ പെണ്‍ചുവട് തീരെ കുറവായിരുന്നു. ആ ചരിത്രവസ്തുതയ്ക്ക് ഒരു അപവാദമാണ് നദിയ നാരായണന്‍ എന്ന പേര്. വടക്കേമലബാറിലെ കഥാപ്രസംഗലോകത്ത് നദിയ നാരായണനെ അറിയാത്തവര്‍ കുറവായിരിക്കും. ഇവിടത്തെ ആള്‍ക്കൂട്ടങ്ങളോട് കഴിഞ്ഞ 15 വര്‍ഷമായി നദിയ കഥ പറയുന്നുണ്ട്. 300ല്‍ അധികം വേദികളില്‍ പുരാണങ്ങളും ഇതിഹാസങ്ങളും ചരിത്രസംഭവങ്ങളും ആ ശബ്ദത്തില്‍ അലയടിച്ചുയര്‍ന്നു.

കഥപറഞ്ഞ കുിക്കാലം

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ആലപ്പടമ്പ് സ്വദേശിനിയാണ് നദിയ. തെരുവ് നാടക കലാകാരനായ അച്ഛന്‍ നാരായണനും അ ജാനകിയും കുട്ടിക്കാലത്തു തന്നെ നദിയയുടെ കഥപറയാനുള്ള കഴിവിനെ തിരിച്ചറിഞ്ഞിരുന്നു. ഏറ്റുകുടുക്ക യുപി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് നദിയ കഥ പറഞ്ഞുതുടങ്ങുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പയ്യന്നൂര്‍ തെരു കസ്തൂര്‍ബ വായനശാല സംഘടിപ്പിച്ച കഥാപ്രസംഗ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അതായിരുന്നു നദിയയുടെ ജീവിതത്തിലെ അനിവാര്യമായ വഴിത്തിരിവ്. ആ ക്യാമ്പില്‍ പ്രശസ്തരായ പല കാഥികരുടേയും ക്ലാസുകള്‍ നദിയ കേട്ടു. അങ്ങനെ ക്യാമ്പിന്റെ അവസാനം വയലാറിന്റെ 'അയിഷ' 20 മിനിറ്റ് ദൈര്‍ഘ്യമുള്ള കഥാപ്രസംഗമായി നദിയ അവതരിപ്പിച്ചു. നദിയയുടെ ഈ അവതരണം കണ്ടിട്ടാണ് വല്ലപ്പാട് ശ്രീധരന്‍ എന്ന കാഥികന്‍ കരിവെള്ളൂര്‍ സമരചരിത്രത്തെ ആസ്പദമാക്കി തയാറാക്കിയ രണഭൂമി എന്ന കഥാപ്രസംഗം അവതരിപ്പിക്കാന്‍ നദിയയോട് ആവശ്യപ്പെടുന്നത്. അതുവരെ സ്‌കൂള്‍ വേദികളില്‍ പതിനഞ്ചോ ഇരുപതോ മിനിറ്റ് കഥാപ്രസംഗം അവതരിപ്പിച്ചിരുന്ന നദിയ രണഭൂമി എന്ന കഥാപ്രസംഗം പയ്യന്നൂരിലെ ആള്‍ക്കൂട്ടത്തിന് മുന്നില്‍ ഒരു മണിക്കൂര്‍ നേരം അവതരിപ്പിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പല വേദികളിലും നദിയ രണഭൂമിയുടെ കഥ പറഞ്ഞു. അങ്ങനെ 13 വയസുള്ള നദിയ ഒരു പ്രഫഷണല്‍ കാഥികയായി മാറി.

നാടറിഞ്ഞ ശബ്ദം

സ്‌കൂള്‍ കോളജ് കലോത്സവങ്ങളില്‍ കഥാപ്രസംഗത്തില്‍ ഒരു മത്സരാര്‍ഥിയായും നദിയ മിന്നിക്കയറി. എന്നാല്‍ മിക്ക വിദ്യാര്‍ഥികളും ചെയ്യുന്നതുപോലെ ഗ്രേസ് മാര്‍ക്കില്‍ ഒതുങ്ങുന്നതായിരുന്നില്ല നദിയയ്ക്ക് കഥാപ്രസംഗം. അത് ജീവിതത്തിന്റെ തുടര്‍ച്ചകൂടിയായിരുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ നാുവേദികളിലെ മങ്ങിയ വെളിച്ചത്തിലിരുന്ന ആള്‍ക്കൂട്ടത്തോട് നദിയ കഥ പറഞ്ഞുകൊണ്ടിരുന്നു. നാടറിയുന്ന പ്രഫഷണല്‍ കാഥികയായി നദിയ വളര്‍ന്നു. കണ്ണൂരിലെ മുക്കിലും മൂലയിലും നദിയയുടെ ശബ്ദത്തില്‍ കഥകളൊഴുകി. രണ്ടു മണിക്കൂര്‍ നേരം കേള്‍വിക്കാരെ കഥകളുടെ മായാലോകത്തെത്തിക്കാന്‍ നദിയയുടെ ശബ്ദത്തിന് കഴിഞ്ഞിരുന്നു. ആ ശബ്ദം കണ്ണൂരും കടന്ന് കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍ എന്നീ ജില്ലകളിലേക്കും ചേക്കേറി. രാഷ്ട്രീയ സംഘടനകളുടെ സമ്മേളനങ്ങള്‍, സാംസ്‌കാരിക വേദികള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ വ്യത്യസ്ത കഥകളുമായി പ്രേക്ഷകരെ ആദ്യാവസാനം മുള്‍മുനയില്‍ നിര്‍ത്തി നദിയ. മുച്ചിലോ, അയിഷ, കാറള്‍ മാര്‍ക്‌സ്, കണ്ണകി, ശ്രീ മുത്തപ്പന്‍, ഘടോല്‍ക്കചന്‍, നാറാണത്തുഭ്രാന്തന്‍, മേലേരി, ഉണര്‍ത്തുപാട്ട്, എന്റെ നാട് എന്റെ കേരളം തുടങ്ങിയ കഥകളാണ് നദിയ അവതരിപ്പിച്ചിരുന്നത്.


കൈമുതല്‍ ആവിശ്വാസം

കഥ കേള്‍ക്കുക എന്നത് എല്ലാവരുടേയും ശീലമാണ്. എന്നാല്‍ കഥ പറയുക എന്നത് ചിലരുടെ മാത്രം ശീലമാണ്. അതിന് അല്‍പം ഭാവനയും ആവിശ്വാസവും ആവശ്യമാണ്. കഴിഞ്ഞ 15 വര്‍ഷക്കാലം നദിയ കഥപറഞ്ഞത് ആ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്. അതായത് സ്വയം ആര്‍ജിച്ചെടുത്തതും കുടുംബം കൂുതന്നതുമായ ആവിശ്വാസം.

നദിയയ്ക്കും പറയാനുണ്ട്

രണ്ടു മണിക്കൂര്‍ നേരം ഇടവേളയില്ലാതെ കഥപറയുക എന്നത് വളരെ വലിയ അധ്വാനമാണ്. കഥാപ്രസംഗത്തിന്റെ സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ ഏറെ ദിവസം ഉറക്കമിളച്ചിരുന്നാണ് കഥയും പാട്ടുമൊക്കെ പഠിക്കുന്നത്. ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയ കഥയാണെങ്കില്‍ വെറും സ്‌ക്രിപ്റ്റ് മാത്രം പഠിച്ചുപറയുന്ന ശീലം ഞാന്‍ പിന്തുടരാറില്ല. ആ ചരിത്രസംഭവത്തെ കുറിച്ച് മറ്റ് വഴികളിലൂടെ വിശദമായി പഠിക്കും. എങ്കില്‍ മാത്രമേ സ്‌ക്രിപ്റ്റ് പഠിക്കുമ്പോള്‍ നമുക്ക് എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ സാധിക്കു. ഞാന്‍ ഒരിക്കലും സ്‌ക്രിപ്റ്റ് നോക്കി കഥപറയാറില്ല. സംശയനിവൃത്തിക്ക് പോലും സ്‌ക്രിപ്റ്റ് വേദിയിലേക്ക് എടുക്കാറില്ല. എല്ലാം മന:പാഠമാക്കി മാത്രമേ സ്റ്റേജില്‍ കയറൂ. അത് മുമ്പേയുള്ള ശീലമാണ്. കഥാപ്രസംഗത്തിലേക്ക് പെണ്‍കുട്ടികള്‍ കൂടുതലായി കടന്നുവരാത്തത് ഈ കലാരൂപത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം. കാരണം, അത്യധ്വാനമുള്ള കലാരൂപമാണിത്. പാട്ടുപാടാനും കഥപറയാനും സാധിക്കണം. രണ്ടു മണിക്കൂര്‍ നേരം പറയേണ്ട കഥ മന8പാഠമാക്കണം. വേദിയില്‍ കയറിയാല്‍ കഥപറഞ്ഞു ഫലിപ്പിക്കുക എന്നത് ഏറെ ആയാസകരമാണ് '.

കുടുംബം

പയ്യന്നൂര്‍ കോളജില്‍ നിന്നാണ് നദിയ ഡിഗ്രി (ബികോം) വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പയ്യന്നൂര്‍ എടാട്ട് സ്വദേശിയായ ബിജുവാണ് ഭര്‍ത്താവ്. മകള്‍ ദേവപ്രിയ.

ഷിജു ചെറുതാഴം