? ഇരുപത്തഞ്ചുകാരിയായ എന്റെ മുഖം എണ്ണമയമുള്ളതാണ്. മുഖം നിറയെ കുരുക്കള്‍ വന്ന് അതു പൊട്ടിക്കഴിഞ്ഞാല്‍ കറുത്ത പാടുകള്‍ വരുന്നുവെന്നതാണ് എന്റെ പ്രശ്‌നം. ഇതു തുടങ്ങിയിട്ട് ഇപ്പോള്‍ ഏകദേശം അഞ്ചു വര്‍ഷത്തോളമായി. വെളുത്ത നിറമായതിനാല്‍ തെളിഞ്ഞു കാണുന്നു. ഇതു കാരണം പുറത്തിറങ്ങാന്‍ മടിയാണ്. കുറേ പ്രാവശ്യം ഡോക്ടറെ കാണിച്ചു ക്രീമും ഗുളികയും ഉപയോഗിച്ചിട്ടൊന്നും കുറയുന്നില്ല. ഇപ്പോള്‍ 'ഗ്ലൈക്കോളിക്' ആസിഡ് ക്രീം ആറു ശതമാനം എന്ന ക്രീമാണു സ്ഥിരമായി ഉപയോഗിക്കുന്നത്. കുറച്ചു കാലം ഫേഡ് ഔട്ട് ഉപയോഗിച്ചിരുന്നു. ഈ കലകള്‍ പൂര്‍ണമായി മാറാനും ഇനി കുരുക്കള്‍ വരാതിരിക്കാനും എന്തു ചെയ്യണം.

സോണിയ,
പൂച്ചാക്കല്‍

നിങ്ങളുടെ മുഖത്തുണ്ടാകുന്നതു മുഖക്കുരു ആകാനാണു സാധ്യത. പാരമ്പര്യവും ഹോര്‍മോണുകളും ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ് ഇതു പ്രത്യക്ഷപ്പെടുന്നത്. മുഖത്തെ എണ്ണമയവും ഇതിന്റെ തന്നെ ഭാഗമാണ്. ഒരു ത്വക് രോഗവിദഗ്ധനെ കണ്ടു കഴിക്കാന്‍ പറ്റിയ ആന്റിബയോട്ടിക് ഏതാണെന്നു തീരുമാനിക്കുക. ആറു മുതല്‍ എട്ടാഴ്ച വരെ എങ്കിലും ചികിത്സ തുടരണം. ആര്‍ത്തവചക്രവുമായി കുരുക്കള്‍ വരുന്നതിനു ബന്ധമുണ്ടെങ്കില്‍ അതും കണക്കിലെടുക്കണം.