പ്രമേഹസാധ്യത കുറയ്ക്കാൻ ഉലുവ
Friday, September 28, 2018 2:53 PM IST
ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ; ഒപ്പം ഹൃദയാരോഗ്യത്തിനും ഉലുവ സഹായകം. ഉലുവയിലുളള പോളിസാക്കറൈഡ് ഹൃദയാരോഗ്യത്തിനും ഗുണപ്രദം.
ഉലുവയിലെ നാരുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. ഉലുവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ പ്രവർത്തനത്തിനു കടിഞ്ഞാണിട്ടു രക്തസമ്മർദം നിയന്ത്രിതമാക്കുന്നു. ബിപി നിയന്ത്രിതമായാൽ ഹൃദയാരോഗ്യം സുരക്ഷിതം. രക്തം ശുദ്ധമാക്കുന്നതിനും കട്ടിയാകുന്നതു തടയാനും സഹായകം. അങ്ങനെ രക്തസഞ്ചാരം സുഗമമാക്കി ബിപി കൂടാനുളള സാധ്യത ഇല്ലാതാക്കുന്നു.
കരളിൽ നിന്നു വിഷമാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഉലുവ ചേർത്ത ഭക്ഷണം സഹായകം. ഉലുവയിലടങ്ങിയ കാൽസ്യം, വിറ്റാമിൻ എ, സി എന്നിവയും പ്രായമായവരുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനു സഹായകം.
ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ഉലുവ ഫലപ്രദമെന്നു പഠനങ്ങൾ.ജലത്തിൽ ലയിക്കുന്ന തരം നാരുകൾ ഉലുവയിലുണ്ട്. ആമാശയത്തിൽ നിന്നു രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന പഞ്ചസാരയുടെ തോതു കുറയ്ക്കുന്നതിന് നാരുകൾ സഹായകം. ഉലുവയിൽ അമിനോ ആസിഡുകൾ ധാരാളം. ഇൻസുലിൻ ഉത്പാദനം കുട്ടുന്നതിന് അമിനോ ആസിഡുകൾ ഗുണപ്രദം. ഉലുവ ചേർത്ത ഭക്ഷണം കഴിച്ചതിനുശേഷം പ്രമേഹബാധിതരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് ഏറെ കുറഞ്ഞതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്്.