ചോദിച്ച പണം കിട്ടി, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല: പാട്ട് വിവാദത്തിൽ പ്രതികരിച്ച് ഡബ്സി
Thursday, November 28, 2024 3:24 PM IST
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മാര്‍ക്കോ’യിൽ രവി ബസ്റുർ ഈണമൊരുക്കിയ ‘ബ്ലഡ്’ എന്ന പാട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് ഗായകന് ഡബ്സി.
ചോദിച്ച അത്രയും പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രതിഫലമായി തനിക്കു നൽകിയെന്നും പാട്ട് നീക്കം ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്നതിൽ തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും ഡബ്സി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഗായകന്റെ പ്രതികരണം.
""മാര്‍ക്കോ എന്ന സിനിമയെച്ചൊല്ലി കുറച്ചധികം പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. ചിത്രത്തില്‍ പാടാനായി ഞാന്‍ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പാട്ട് പാടുകയും ചെയ്തു.
അതിനു ശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ട് ചിട്ടപ്പെടുത്തിയത് ഞാനല്ല. പാട്ടിലെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് സംഗീതസംവിധായകന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമേയല്ല, ഡബ്സി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് മാർക്കോയിലെ ബ്ലഡ് പുറത്തിറങ്ങിയത്. ഡബ്സി പാടിയ പതിപ്പായിരുന്നു അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. എന്നാൽ ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിമർശനങ്ങളും ശക്തമായി.
ഇതോടെ പാട്ട് മറ്റൊരു ഗായകന്റെ ശബ്ദത്തിൽ പുറത്തിറക്കാൻ നിർമാതാക്കൾ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഗായകൻ സന്തോഷ് വെങ്കി നേരത്തേ പാടിവച്ച പതിപ്പ് റിലീസ് ചെയ്യുകയായിരുന്നു.