മോഹൻലാലിനെ കെട്ടിപ്പിടിച്ച് മമ്മൂട്ടി, ഒപ്പം ചാക്കോച്ചനും; ശ്രീലങ്കയിൽ ഇത് താരസംഗമം
Tuesday, November 19, 2024 9:17 AM IST
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾടിസ്റ്റാർ സിനിമയുടെ ചിത്രീകരണത്തിന് തിങ്കളാഴ്ച ശ്രീലങ്കയിൽ തുടക്കമായി. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ്. സിനിമയുടെ ചിത്രീകരണത്തിനായി കഴിഞ്ഞയാഴ്ച മോഹൻലാൽ കൊളംബോയിലെത്തിയിരുന്നു. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൊളംബോയിൽ വിമാനമിറങ്ങി.
കൊച്ചിയിൽ നിന്ന് മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, ജോർജ്, ആന്റണി പെരുമ്പാവൂർ എന്നിവരും കൊളംബോയ്ക്കു വിമാനം കയറിയിരുന്നു. ഈ വീഡിയോ ആന്റണി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
കുഞ്ചാക്കോ ബോബനും ശ്രീലങ്കയിൽ നിന്നും താരരാജാക്കൻമാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. 11 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
ശ്രീലങ്ക, യുകെ, അസർബൈജാൻ, ദുബായി, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. കരൺ ജോഹർ ചിത്രങ്ങളുടെ കാമറമാനായ മാനുഷാണ് സിനിമയുടെ ഛായാഗ്രഹകൻ. മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിനായി മമ്മൂട്ടി 100 ദിവസവും മോഹന്‍ലാല്‍ 30 ദിവസവും ഡേറ്റ് നല്‍കിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഡീ ഏജിംഗ് ഉപയോഗിച്ച് ഇരുവരുടേയും ചെറുപ്പകാലം കാണിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല.
ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംവിധായകന് മഹേഷ് നാരായണനും നിർമാതാവ് സി.വി. സാരഥിയും മലയാളം സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ആന്റോ ജോസഫുമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.
മമ്മൂട്ടിയും മോഹൻലാലും നായക വേഷത്തിൽ എത്തിയ ഒടുവിലത്തെ ചിത്രം 2008 റിലീസ് ചെയ്ത ട്വന്റി 20 ആയിരുന്നു. പിന്നീട് കടൽ കടന്നൊരു മാത്തുക്കുട്ടി(2013) യിലും ഇരുവരും ഒന്നിച്ചു.