ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അഭ്യാസം കാണിച്ച് "ലൈഫൗട്ടാവു'ന്നത് എന്തൊരു കഷ്ടമാണ്
Thursday, November 28, 2024 3:08 PM IST
പൊതുനിരത്തുകളില്‍ വാഹനവുമായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി ജീവന് വെടിയുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി).
നന്നായി ഡ്രൈവ് ചെയ്യുന്നതിനു പകരം നിരത്തുകളില്‍ വാഹനവുമായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി ഔട്ടാകുന്നത് എന്തൊരു കഷ്ടമാണെന്നാണ് എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. ഒരുപക്ഷേ ഇതിന് ഇരയാകുന്നവരെക്കാളും പതിന്മടങ്ങു ദുഃഖം അനുഭവിക്കുന്നത് അവര്‍ക്ക് പ്രിയപ്പെട്ടവരാകാം.
എംവി ആക്ട് സെക്ഷന്‍ 189 പ്രകാരം പൊതുസ്ഥലങ്ങളില്‍ റേസ് അല്ലെങ്കില്‍ അമിത വേഗതയില്‍ അപകടകരമായി വാഹനമോടിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ആദ്യ കുറ്റത്തിന് 5000 രൂപയും അല്ലെങ്കില്‍ ആറു മാസത്തെ തടവും അതുമല്ലെങ്കില്‍ രണ്ടും കൂടെയോ ശിക്ഷ വിധിക്കാവുന്നതാണെന്നും എംവിഡി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇതേകുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ 10,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ഇത്തരം കേസുകള്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1989 സെക്ഷന്‍ 184, 189 പ്രകാരമാണ് കേസെടുക്കുന്നത്.