നിത്യോപയോഗ സാധനങ്ങളുടെ വിപണി പിടിക്കാൻ റിലയൻസ്
മുംബൈ: രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിപണിയിൽ പിടിമുറുക്കാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ് (ആർസിപിഎൽ). ഇതിനായി വിതരണക്കാർക്കും വ്യാപാര പങ്കാളികൾക്കും 6 മുതൽ 8 ശതമാനം മാർജിനുകൾ കന്പനി നൽകുന്നത്.
ഇത് ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, റെക്കിറ്റ്, കൊക്ക കോള, പാർലെ, നെസ്ലെ തുടങ്ങിയ വൻകിട കന്പനികൾ നൽകുന്ന 3-5% വ്യവസായ ശരാശരിയുടെ ഇരട്ടിയാണ്. വ്യാപാര സ്ഥാപനങ്ങളിൽ റിലയൻസ് കണ്‍സ്യൂമർ പ്രൊഡക്ട്സിന്റെ നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ശേഖരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ആർസിപിഎലിനു കീഴിൽ അലൻ ബ്യൂഗിൾസ്, ഗ്ലിമ്മർ, പ്യൂറിക്, ഇൻഡിപെൻഡൻസ്, സ്നാക് ടാക് തുടങ്ങിയ ബ്രാൻഡുകളാണുള്ളത്. ഈ ബ്രാൻഡുകൾ എല്ലാ വിഭാഗത്തിലും എതിരാളികളുടെ വിലയേക്കാൾ 20 മുതൽ 40 ശതമാനം വരെ കുറവിലാണ് വിൽക്കുന്നത്. കന്പാ കോള ബ്രാൻഡിൽ സ്വീകരിച്ച നീക്കമാണ് കന്പനി ഇവിടെയും അനുകരിക്കുന്നത്.
വരാനിരിക്കുന്ന പാദങ്ങളിൽ, ചെറുകിട വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് ശേഷം നഗരപ്രദേശങ്ങളിൽ അതിന്റെ വിതരണം വ്യാപിപ്പിക്കാനാണ് കന്പനി ഉദ്ദേശിക്കുന്നത്. ദ്രുത-കൊമേഴ്സ് സൈറ്റുകളിൽ ഇപ്പോഴും ആർസിപിഎൽ അധികം ഇല്ല.
വിപണിയിലെ സ്വാധീനം
വിപണിയിൽ മത്സരം മുറുകുന്പോൾ ആർസിപിഎലിന്റെ വലിയ മാർജിനുകൾ സ്വീകരിക്കാൻ മറ്റ് കന്പനികളും തയാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് മേഖലകളിൽ, വർധിച്ച ട്രേഡ് ലെവൽ മാർക്കറ്റിംഗുമായി പ്രമുഖ കന്പനികൾ ഇതിനകം പ്രതികരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, കൊക്കകോളയും പെപ്സികോയും കന്പായുടെ കുറഞ്ഞ നിരക്കുകളുമായി പൊരുത്തപ്പെടുന്നതിന് അവരുടെ ബിസിനസ് പ്ലാനുകൾ മാറ്റി.
ആർസിപിഎല്ലിന്റെ ലാഭക്ഷമത തന്ത്രത്തിൽ ഡിസ്ട്രിബ്യൂട്ടർ സെയിൽസ് ടീമുകൾക്കുള്ള സഹായം ഉൾപ്പെടുന്നു. ചില്ലറ വ്യാപാരികൾക്ക്, കന്പനിയുടെ പരിമിതമായ പരസ്യ, വിപണന ചെലവുകളെ മറികടക്കാനാണ് ഉയർന്ന മാർജിൻ നൽകുന്നത്.
ഒറ്റ ചാർജിൽ 682 കിലോമീറ്റർ; പുതിയ ഇലക്ട്രിക് എസ്യുവികൾ അവതരിപ്പിച്ച് മഹീന്ദ്ര
ന്യൂഡൽഹി: ഇലക്ട്രിക് വാഹന നിരയിലേക്ക് രണ്ട് പുതിയ വാഹനങ്ങൾ കൂടി അവതരിപ്പിച്ച് പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര. കൂപ്പെ ഡിസൈനിലുള്ള ബിഇ 6ഇ, എക്സ്ഇവി 9ഇ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. മഹീന്ദ്രയുടെ ബോണ്‍-ഇവി ഇൻഗ്ലോ പ്ലാറ്റ്ഫോമിലാണ് ഇവ നിർമിച്ചിരിക്കുന്നത്.
ചെന്നൈയിൽ നടന്ന ‘അണ്ലിമിറ്റ് ഇന്ത്യ’ ഇവന്റിലാണ് മഹീന്ദ്ര രണ്ട് ഇവികളും ഒൗദ്യോഗികമായി അവതരിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം മഹീന്ദ്രയുടെ ഇലക്ട്രിക് എസ്യുവികളിൽ 5 ജി കണക്ടിവിറ്റിയും മൂന്ന് സ്ക്രീനുകളും എഐ അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളും ഉണ്ടാകും. ക്വാൽകോം സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.
18.90 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) ബിഇ 6ഇയുടെ പ്രാരംഭ വില. 682 കിലോമീറ്റർ റേഞ്ചാണ് എആർഎഐ സർട്ടിഫൈ ചൈയ്തിട്ടുള്ളത്. 59 കിലോവാട്ടിന്റെയും 79 കിലോവാട്ടിന്റെയും രണ്ട് ബാറ്ററി ഓപ്ഷനിൽ വാഹനം ലഭ്യമാകും. 228 എച്ച്പിയും 281 എച്ച്പിയുമാണ് ഇവയുടെ പരമാവധി പവർ. 380 എൻഎം ആണ് ടോർക്ക്. കൂടാതെ ഉയർന്ന വേരിയന്റിൽ 6.7 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകൾ ഇതിലുണ്ടാകും.
മഹീന്ദ്ര ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയാണ് നൽകുന്നത്. 175 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളിൽ ബാറ്ററി 20 ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാം.
വാഹനത്തിന്റെ വിതരണം 2025 ഫെബ്രുവരിയിലോ മാർച്ചിലോ ആരംഭിക്കുമെന്നാണ് വിവരം. ഒരു വേരിയന്റിന്റെ വില മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലാകും കൂടുതൽ വിവരങ്ങൾ പുറത്തുവിടുക.
21.90 ലക്ഷം രൂപ മുതലാണ് എക്സ്ഇവി 9ഇയുടെ വില ആരംഭിക്കുന്നത്. ബിഇ 6ഇനേക്കാൾ വലിയ വാഹനമാണിത്. 59, 79 കിലോവാട്ടിന്റെ ലിഥിയം അയണ്‍ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഇതിലുമുള്ളത്. ഈ ബാറ്ററികൾക്കും ലൈഫ് ടൈം വാറന്റി ലഭിക്കും. 656 കിലോമീറ്ററാണ് പരമാവധി റേഞ്ച്.
ഓക്സിജന്റെ പുതിയ ഷോറൂം അടൂർ ബൈപാസിൽ; ഉദ്ഘാടനം 30ന്
അടൂർ: അടൂരിൽ ഓക്സിജന്റെ പുതിയ ബിഗ് ഷോറൂമിന്റെ ഉദ്ഘാടനം 30ന്. ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്സ് റീട്ടെയ്ൽ വിപണനരംഗത്ത് സൗത്ത് ഇന്ത്യയിലെ മുൻനിര ഡീലറായ ഓക്സിജന്റെപുതിയ ഷോറൂം അടൂർ ബൈപാസ് റോഡിൽ 30നു രാവിലെ 9.45ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ആന്റോ ആന്റണി എംപി ആദ്യ വില്പന നിർവഹിക്കും. കൂടാതെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം ഉത്പന്നങ്ങൾ ഉൾപ്പെടുന്ന ജില്ലയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ഷോറൂമാണ് ആരംഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, എൽ ഇ ഡി ടിവി, ഏസി, കിച്ചൺ അപ്ലയൻസസ് തുടങ്ങിയ ഉത്പന്നങ്ങൾ വമ്പിച്ച വിലക്കുറവിലാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ലഭ്യമാക്കുന്നത്.
49 മുതൽ ആറുലക്ഷം രൂപ വരെ വിലയുള്ള നിരവധി ഉത്പന്നങ്ങൾ അടൂർ ഷോറൂമിൽ ലഭിക്കും. 8999 മുതൽ 1.5 ലക്ഷം രൂപ വരെ വിലയുള്ള 5 ജി സ്മാർട്ട്ഫോണുകൾ, 19,990 മുതൽ രണ്ടു ലക്ഷം രൂപ വരെ വിലയുള്ള ബ്രാൻഡഡ് ലാപ്ടോപ്പുകൾ തുടങ്ങിയവയുടെ ശേഖരമുണ്ടാകും.
6990 മുതൽ ആറു ലക്ഷം രൂപ വരെ വിലയുള്ള സ്മാർട്ട് ടിവികൾ. 49 മുതൽ 1.5 ലക്ഷം രൂപ വരെ വിലയുള്ള മൊബൈൽ ആക്സസറീസ്, 199 മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള കിച്ചൺ അപ്ലയൻസസുകളുടെ വലിയ കളക്ഷനുകൾ തുടങ്ങിയവ ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഏത് ആൻഡ്രോയിഡ് ഫോണുകൾ വാങ്ങിയാലും പ്രത്യേക ഫിസിക്കൽ ഡാമേജ് പ്രൊട്ടക്ഷൻ പ്ലാനും സൗജന്യമായി ലഭ്യമാകും.
പത്തനംതിട്ട ജില്ലയിലെ തന്നെ ആദ്യ സാംസംഗ് എഐ സോൺ, ജർമ്മൻ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച ഡൈസൺ പോലുള്ള വിവിധ തരം ബ്രാൻഡുകളുടെ വമ്പിച്ച ശേഖരവും, ആപ്പിൾ, സാംസംഗ്, വിവോ, ഷവോമി, എൽജി, ഹയർ, വോൾട്ടാസ്, ഐഎഫ്ബി, ബോഷ്, ലെനോവോ തുടങ്ങി ഒട്ടേറെ ബ്രാൻഡ് പ്രതിനിധികളുടെ നേരിട്ടുള്ള സേവനവും ഓക്സിജൻ അടൂർ ഷോറൂമിൽ ലഭിക്കുന്നതാണ്.
ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്കായി ഓരോ മണിക്കൂർ ഇടവിട്ട് നടത്തുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് പ്രോഡക്റ്റുകൾ തുടങ്ങിയവ സമ്മാനമായി നൽകും. പഴയ പ്രോഡക്റ്റുകൾ കൊണ്ടുവന്ന് എക്സ്ചേഞ്ച് ബോണസിൽ പുതിയ പ്രോഡക്റ്റുകൾ വാങ്ങാനുള്ള സജ്ജീകരണവും അടൂർ ഷോറൂമിൽ ഒരുക്കിയട്ടുണ്ട്.
അടൂർ ഷോറൂമിൽ നിന്നും വാങ്ങുന്ന ഹോം അപ്ലയൻസസിനും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും ഡാമേജുകളിൽ നിന്നും പരിരക്ഷ ഉറപ്പാക്കാൻ 02 പ്രൊട്ടക്ൻ പ്ലാനും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9020 100 100.
ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് ചുവടുവച്ച് ഹോണ്ടയും
ചെന്നൈ: ഇന്ത്യയിൽ അതിവേഗം കുതിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് പ്രവേശിച്ച് പെട്രോൾ സ്കൂട്ടർ വിപണിയിലെ ഭീമനായ ഹോണ്ട. രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകളാണ് ജാപ്പനീസ് കന്പനി അവതരിപ്പിച്ചിരിക്കുന്നത്. ജനപ്രിയ സ്കൂട്ടറായ ആക്ടീവയുടെ ഇലക്ട്രിക് പതിപ്പായ ‘ആക്ടീവ ഇ’ ആണ് ഇതിലൊന്ന്. ക്യുസി1 ആണ് രണ്ടാമത്തെ മോഡൽ.
ആക്ടിവ ഇവിയിൽ ഊരിമാറ്റാവുന്ന ബാറ്ററിയും ക്യുസി1 ഇവിയിൽ ഫിക്സഡ് ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുംബൈയിൽ ഉടൻതന്നെ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷൻ തുടങ്ങുമെന്നും കന്പനി പറയുന്നു.
ഒറ്റ ചാർജിൽ 102 കിലോമീറ്റർ റേഞ്ചാണ് ആക്ടീവ ഇ സ്കൂട്ടറിന് കന്പനി പറയുന്നത്. സ്റ്റാൻഡേർഡ്, സ്പോർട്, ഇകോണ്‍ എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും റിവേഴ്സ് മോഡ് ഫീച്ചറും ലഭ്യമാണ്. ബ്ലൂടൂത്ത്, ഹോണ്ട റോഡ് സിങ്ക് ഡുവോ എന്ന ഫീച്ചറും ലഭ്യമാണ്. സ്റ്റാൻഡേർഡ്, സിങ്ക് ഡ്യുവോ എന്നീ രണ്ട് വേരിയന്റുകളിൽ ഈ മോഡൽ ലഭ്യമാകും.
80 കിലോമീറ്റർ റേഞ്ചുള്ള വാഹനമാണ് ക്യുസി1. ഇന്ത്യൻ മാർക്കറ്റിന് മാത്രമായി ഹോണ്ട പുറത്തിറക്കുന്ന വാഹനമാണിത്. ഏറെക്കുറെ ‘ആക്ടീവ ഇ’യോട് സാമ്യമുള്ള രൂപമാണ് ഇതിനുമുള്ളത്.
അതേസമയം, എൽഇഡി ഡിആർഎൽ ഇതിൽ കാണാനാകില്ല. 1.5 കിലോവാട്ടിന്റെ ഫിക്സഡ് ബാറ്ററി പാക്കാണ് ‘ക്യുസി1’ൽ ഉള്ളത്. 5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, യുഎസ്ബി, ടൈപ്പ് സി ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.
ആക്ടീവ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപനവും ബുക്കിംഗും ജനുവരി ഒന്നിന് ആരംഭിക്കും. 2025 ഫെബ്രുവരി മുതൽ ഡെലിവറികൾ ആരംഭിക്കും. പ്രാരംഭഘട്ടത്തിൽ, ഇ-സ്കൂട്ടർ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ ലഭ്യമാകും. തുടർന്ന് മറ്റ് നഗരങ്ങളിൽ വിപുലീകരിക്കും.
പവിഴം അരി വാങ്ങുന്നവര്‍ക്ക് കോംബോ ഓഫര്‍
കൊച്ചി: പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പവിഴം ഉത്പന്നങ്ങള്‍ ലഭിക്കുന്ന കോംബോ ഓഫര്‍ പദ്ധതി ആരംഭിച്ചതായി ചെയര്മാന് എന്‍.പി. ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പത്തു കിലോ പവിഴം അരി വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. 25 മുതല്‍ 100 രൂപവരെ വിലയുള്ള വിവിധതരം മസാലകള്‍, പൊടിയരി, റെഡ് ബ്രാന് റൈസ്, ഓയിലുകള്‍, അരിപ്പൊടികള്‍ തുടങ്ങി നൂറില്‍പ്പരം പവിഴം ഉത്പന്നങ്ങളാകും കിറ്റില്‍ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷത്തേക്കാണ് ഓഫര്‍ കാലാവധി. കോംബോ ഓഫറിലെ ഉത്പന്നത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ 8885050505 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ അറിയിക്കുന്ന ഉപഭോക്താക്കളില്‍നിന്നും പത്തു പേര്‍ക്ക് എല്ലാമാസവും സ്വര്‍ണനാണയം സമ്മാനമായി നല്‍കും.
ഇതുവഴി പവിഴം ഉത്പന്നങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായം അറിയുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ കമ്പനി ഡയറക്ടര്‍മാരായ റോയി ജോര്‍ജ്, ഗോഡ്വിന് ആന്റണി എന്നിവരും പങ്കെടുത്തു.
വ്യവസായങ്ങളില്‍നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവ് ലക്ഷ്യം: പി. രാജീവ്
കൊച്ചി: അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. ഇതിലൂടെ കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയുടെ വ്യാവസായിക വിറ്റുവരവ് ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്‍ഡോ- ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) സംഘടിപ്പിച്ച ‘സല്യൂട്ട് കേരള 2024’ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ തുറമുഖ ടെര്‍മിനല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസനകേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളൊന്നും തൊഴിലാളി പ്രശ്നങ്ങള്‍ നേരിട്ടിട്ടില്ലെന്നതു ശുഭകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കേരളത്തിലെ വിവിധ സംരംഭകരെ ആദരിക്കുന്നതിനാണ് ഇന്‍മെക്ക് ‘സല്യൂട്ട് കേരള 2024’ സംഘടിപ്പിച്ചത്. ആജീവനാന്ത സംഭാവനയ്ക്കുള്ള ‘ഇന്‍മെക്ക് ലീഡര്‍ഷിപ്പ് സല്യൂട്ട്’ പുരസ്കാരം ഡോ. പി. മുഹമ്മദ് അലി ഗള്‍ഫാറിനു സമ്മാനിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ കേരള ബ്രാന്‍ഡ് വികസിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിസിനസ് പ്രതിഭകളായ ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ഡോ. വിജു ജേക്കബ്, ഗോകുലം ഗോപാലന്, വി.കെ. മാത്യൂസ്, ഡോ. കെ.വി. ടോളിന്, കെ.മുരളീധരന്, വി.കെ. റസാഖ്, ഷീല കൊച്ചൗസേപ്പ്, പി.കെ. മായന്‍ മുഹമ്മദ്, ഡോ. എ.വി. അനൂപ് എന്നിവര്‍ക്ക് ഇന്‍മെക്ക് എക്സലന്‍സ് സല്യൂട്ട് പുരസ്കാരങ്ങൾ നല്കി.
സംസ്ഥാനസര്‍ക്കാരിന്റെ പുതിയ വ്യവസായനയ അവതരണം വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് നടത്തി. ഇന്‍മെക്ക് ചെയര്മാന് ഡോ. എന്‍.എം. ഷറഫുദ്ദീന്, സെക്രട്ടറി ജനറല്‍ ഡോ.സുരേഷ്കുമാര്‍ മധുസൂദനന്, കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. അഡ്വ. ഉണ്ണിക്കൃഷ്ണന്, സെക്രട്ടറി യൂനുസ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7,080 രൂപയും പവന് 56,640 രൂപയുമായി. 2020 നവംബറിനുശേഷം ഒറ്റ ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്.
കേരള വിപണിയില്‍ രണ്ടു ദിവസത്തിനുള്ളില്‍ സ്വര്‍ണവില ഗ്രാമിന് 220 രൂപയും പവന് 1760 രൂപയുമാണ് കുറഞ്ഞത്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്കോട്ട് ബെസെന്റിനെ യുഎസ് ട്രഷറി സെക്രട്ടറിയായി നിയമിച്ചതും ഇസ്രയേലും ലെബനനും തമ്മിൽ വെടിനിര്‍ത്തലിനു സാധ്യതയുള്ളതായ റിപ്പോര്‍ട്ടുകളും സ്വര്‍ണവില ഇടിയാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡിജിറ്റൽ കർഷകസേവനങ്ങൾക്കായി ആശ്രയ കേന്ദ്രങ്ങൾ
തിരുവനന്തപുരം: കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങളും മറ്റു സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാകുവാൻ സഹായകമാകുന്ന ’ആശ്രയ’ കാർഷിക സേവനകേന്ദ്രങ്ങൾ രൂപീകരിച്ച് സർക്കാർ ഉത്തരവായി. സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചത്.
കൃഷിവകുപ്പ് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായത്തിൽ AIMS പോർട്ടലിലൂടെ കർഷകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം മൊബൈൽ ആപ്ലിക്കേഷനായ KATHIR പോർട്ടലിലൂടെയും കൃഷി വകുപ്പിന്റെ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കൃഷിവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാക്കുന്നതിനായാണ് ആശ്രയ കാർഷിക സേവന കേന്ദ്രങ്ങൾക്കു തുടക്കം കുറിക്കുന്നത്.
നിലവിൽ പ്രവർത്തിച്ചുവരുന്ന സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങൾ, കൃഷിശ്രീ സെന്ററുകൾ, അഗ്രോ സർവീസ് സെന്ററുകൾ, കാർഷിക കർമ സേനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലായിരിക്കും ആദ്യഘട്ടത്തിൽ ‘ആശ്രയ’ ഡിജിറ്റൽ കർഷക സേവന കേന്ദ്രങ്ങൾ ആരംഭിക്കുക. ഈ വർഷം കാർഷിക പ്രാധാന്യമുള്ളതും ചെറുകിട നാമമാത്ര കർഷകർ കൂടുതലുള്ളതുമായ പ്രദേശം കണ്ടെത്തി പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും ആശ്രയ കേന്ദ്രങ്ങൾ ആരംഭിക്കുക. വിജയസാധ്യത വിലയിരുത്തിയായിരിക്കും കൂടുതൽ പ്രദേശങ്ങളിലേക്ക് ആശ്രയ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുക. ഓരോ കൃഷിഭവൻ പരിധിയിലും ഒരു കർഷക സേവന കേന്ദ്രമെന്നതാണ് ലക്ഷ്യം.
കൃഷിഭവൻ പരിധിയിൽ ലഭ്യമായിട്ടുള്ള AIMS രജിസ്ട്രേഷൻ, നെല്ല്/ പച്ചത്തേങ്ങ/ കൊപ്ര സംഭരണ രജിസ്ട്രേഷൻ, SMAM രജിസ്ട്രേഷൻ ഉൾപ്പെടെ ഇതര സാങ്കേതിക സേവനങ്ങളും കർഷകർക്ക് ഈ കേന്ദ്രം വഴി ലഭ്യമാക്കും. ഇങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും കർഷകർക്ക് ലഭ്യമാക്കുവാൻ ആവശ്യമായ പ്രധാന സേവനകേന്ദ്രമായി പ്രവർത്തിച്ച് കർഷകരുടെ ഒരു ‘വണ്‍ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ’ ആയാണ് ആശ്രയ പ്രവർത്തിക്കുക.
കർഷകന് സേവന കേന്ദ്രങ്ങൾ വഴി നൽകുന്ന സേവനങ്ങൾക്ക് അക്ഷയ സെന്ററുകൾക്ക് സമാനമായ ഫീസ് നിരക്ക് ഈടാക്കും. കൃഷിയിടത്തിലെത്തി നടത്തുന്ന സേവനങ്ങൾക്കും പുതിയ സേവനങ്ങൾക്കും നിരക്ക് പ്രാദേശികമായി നിശ്ചയിച്ചു നൽകും.
കേരളാ ബാങ്ക് ജീവനക്കാർ മൂന്നു ദിവസം പണിമുടക്കും
തിരുവനന്തപുരം: കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കേരളാ ബാങ്ക് ജീവനക്കാർ നാളെ മുതൽ മൂന്നു ദിവസം സംസ്ഥാന വ്യാപകമായി പണിമുടക്കും.
ജീവനക്കാരുടെ കുടിശികയായ 39 ശതമാനം ക്ഷാമബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് മൂന്നു വർഷമായ ശന്പള പരിഷ്കരണത്തിനു കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ മൂന്നു വർഷമായി തടഞ്ഞുവച്ചിരിക്കുന്ന പ്രമോഷനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാരും സഹകരണമന്ത്രിയും കേരളാ ബാങ്ക് മാനേജ്മെന്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ഡയമണ്ട് ജ്വല്ലറി ഷോയുമായി ജോയ് ആലുക്കാസ്
കൊല്ലം: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് കൊല്ലത്തു ഡയമണ്ട് ജ്വല്ലറി ഷോ സംഘടിപ്പിക്കുന്നു. 29 മുതല്‍ ഡിസംബര്‍ 15 വരെ കൊല്ലം ജോയ്ആലുക്കാസ് ഷോറൂമില്‍ നടക്കുന്ന ജ്വല്ലറി ഷോയില്‍ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രഷ്യസ് ആഭരണങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ജ്വല്ലറി ഷോയുടെ ഭാഗമായി ഒരു ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഉള്ള ഡയമണ്ട് ആഭരണ പര്‍ച്ചേസുകള്‍ക്ക് ഒരു ഗ്രാം സ്വര്‍ണനാണയം സൗജന്യമായി ലഭിക്കും.
സമാനതകളില്ലാത്ത കരകൗശലമികവിനു പ്രാധാന്യംനല്കി ആകര്‍ഷണീയമായ ഡിസൈനുകളില്‍ രൂപകല്പന ചെയ്ത ആഭരണങ്ങള്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും. ഡയമണ്ട് ആഭരണങ്ങളോടുള്ള അഭിരുചിയുടെയും കരകൗശലനൈപുണ്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെയും ആഘോഷമാണ് ഡയമണ്ട് ജ്വല്ലറി ഷോ എന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ക്രീപ ഗ്രീന്‍ പവര്‍ എക്സ്പോ 28 മുതല്‍
കൊച്ചി: കേരള റിന്യൂവബിള്‍ എനര്‍ജി എന്റര്‍പ്രണേഴ്സ് ആന്‍ഡ് പ്രൊമോട്ടേഴ്സ് അസോസിയേഷന്റെ (ക്രീപ) ക്രീപ ഗ്രീന്‍ പവര്‍ എക്സ്പോയുടെ ഏഴാമത് പതിപ്പ് 28 മുതല്‍ 30 വരെ അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടക്കും.
പാന്‍ ഇന്ത്യയില്‍നിന്നുള്ള പുനരുത്പാദന ഊര്‍ജ ഇന്നോവേറ്റര്മാരുടെയും നേതാക്കളുടെയും ആസ്വാദകരുടെയും കേരളത്തിലെ ഏറ്റവും വലിയ സംഗമമാണിത്. പ്രവേശനം സൗജന്യമാണ്.
റോള്‍സ് റോയ്സ് കള്ളിനന് സീരീസ് 2 കൊച്ചിയിൽ
കൊച്ചി: റോള്‍സ് റോയ്സ് ചരിത്രത്തിലെതന്നെ ഏറ്റവും മികവാര്‍ന്ന സൂപ്പർ ലക്ഷ്വറി സീരീസ് എന്നറിയപ്പെടുന്ന കള്ളിനന് സീരീസ് 2 ആദ്യമായി കേരളത്തിൽ. വാഹനം വിപണിയിലെത്തുന്നതിനു മുന്നോടിയായുള്ള പ്രദർശനത്തിനാണ് കള്ളിനന് സീരീസ് 2 കൊച്ചിയിലെത്തിച്ചത്. ചെന്നൈയിൽനിന്നുള്ള കുൻ എക്സ്ക്ലൂസീവ് കളമശേരി ചാക്കോളാസ് പവലിയനിൽ നടന്ന പ്രിവ്യൂ ഷോയിൽ വാഹനം അവതരിപ്പിച്ചു.
ഇന്റീരിയറിലും സാങ്കേതികവിദ്യയിലും മാറ്റങ്ങൾ വരുത്തിയും മികച്ച പേഴ്സണലൈസേഷന്‍ ഓപ്ഷനുകളുമായാണ് സീരീസ് 2 എത്തുന്നത്. മുന്‍ഭാഗത്തുതന്നെ വലിയ മാറ്റങ്ങളോടെയാണ് പുതിയ റോള്‍സ് റോയ്സ് അവതരിപ്പിച്ചിരിക്കുന്നത്.
ലൈറ്റ് ഘടിപ്പിച്ച സിഗ്നേച്ചർ ഗ്രില്ലുകള്‍, ഉയർന്ന ഹെഡ് ലൈറ്റുകള്‍, ബംപറില്നിന്നു താഴേക്കിറങ്ങുന്ന നീളന്‍ എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് തുടങ്ങി ശ്രദ്ധേയമായ മുഖംമിനുക്കൽ പുതിയ കള്ളിനന്റെ മുൻഭാഗത്തുണ്ട്. 23 ഇഞ്ച് അലോയി വീലുകളാണ് ഇതിനുള്ളത്. ഡാഷ്ബോര്‍ഡിന് ഇല്ലുമിനേറ്റഡ് ഗ്ലാസ് പാനലാണുള്ളത്. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി12 എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.
ഇന്ത്യയിൽ കള്ളിനൻ സീരീസ് 2ന്റെ വില ആരംഭിക്കുന്നത് 10.50 കോടിയിലാണ്. ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് 2ന്റെ വില ആരംഭിക്കുന്നത് 12.25 കോടിയിലും.
ലുലു ട്രാവല്‍ ഫെസ്റ്റിന് തുടക്കം
കൊച്ചി: ബാഗുകളും അക്സസറീസും മികച്ച ഓഫറുകളോടെ ഉപഭോക്താക്കളിലേക്ക് എത്തിച്ച് ലുലു ട്രാവല്‍ ഫെസ്റ്റിന് കൊച്ചി ലുലു മാളില്‍ തുടക്കം.
ലോകോത്തര ബ്രാന്‍ഡുകളുടെ ബാഗുകളും ട്രാവല്‍ അക്സസറീസും 70 ശതമാനം വരെ ഓഫറോടെയാണു ലഭ്യമാക്കിയിരിക്കുന്നത്. സിനിമാതാരങ്ങളായ ഷറഫുദ്ദീന്, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് ലുലു ട്രാവല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ ഒന്നു വരെയാണ് ലുലു ട്രാവല്‍ ഫെസ്റ്റ്. ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്.രാജീവ് , ലുലു ഫാഷന്‍ സ്റ്റോര്‍ മാനേജര്‍ വിജയ് ജെയിംസ്, സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഒ.സുകുമാരന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മെഗാ കറൻസി ചെസ്റ്റ് കാക്കനാട് തുറന്നു
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മെഗാ കറൻസി ചെസ്റ്റ് കാക്കനാട് പ്രവർത്തനമാരംഭിച്ചു. പ്രവർത്തനക്ഷമതയും സേവന മികവും ഉറപ്പുവരുത്തി കാഷ് മാനേജ്മെന്റ് കാര്യക്ഷമമാക്കാനും ഉയർന്ന അളവിലുള്ള കറൻസികൾ കൈകാര്യം ചെയ്യാനുമുള്ള ബാങ്കിന്റെ കഴിവ് വർധിപ്പിക്കുകയാണു കറൻസി ചെസ്റ്റ് തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ആർബിഐ കേരള, ലക്ഷദ്വീപ് റീജണൽ ഡയറക്ടർ തോമസ് മാത്യു കറൻസി ചെസ്റ്റ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തുടനീളം സൗത്ത് ഇന്ത്യൻ ബാങ്കിന് ആറു ചെസ്റ്റുകളാണ് ഉള്ളത്. ബാങ്കിംഗ് സേവനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രവർത്തനങ്ങളിലെ സുപ്രധാന ചുവടുവയ്പാണ് കറൻസി ചെസ്റ്റ് തുറക്കുന്നതിലൂടെ സാധ്യമായതെന്നു സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സൗത്ത് ഇന്ത്യൻ ബാങ്കും തമ്മിലുള്ള സേവനപങ്കാളിത്തത്തിന്റെ ഭാഗമായാണു കറൻസി ചെസ്റ്റ് ആരംഭിച്ചത്.
നല്ല കറൻസി നോട്ടുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ ഇത്തരം കറൻസി ചെസ്റ്റുകൾ റിസർവ് ബാങ്കിനെ സഹായിക്കുമെന്ന് ആർബിഐ കേരള, ലക്ഷദ്വീപ് റീജണൽ ഡയറക്ടർ തോമസ് മാത്യു പറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി.ജെ. കുര്യൻ, ഡയറക്ടർമാരായ എം. ജോർജ് കോര, പോൾ ആന്റണി , എക്സിക്യൂട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്, ചീഫ് ജനറൽ മാനേജർ ആന്റോ ജോർജ് ടി. എന്നിവർ പങ്കെടുത്തു.
സൗത്ത് ഇന്ത്യൻ ബാങ്കും ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡും ധാരണയായി
കൊച്ചി: സ്വർണവായ്പാ ബിസിനസ് മേഖലയിലെ പരസ്പരസഹകരണത്തിനു സൗത്ത് ഇന്ത്യൻ ബാങ്കും മുൻനിര ഇതരധനകാര്യസ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡും തമ്മിൽ ധാരണയിലെത്തി.
ഇതുസംബന്ധിച്ച കരാറിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫീസർ ജഗദീഷ് റാവു എന്നിവർ ഒപ്പുവച്ചു.
രാജ്യമെന്പാടുമുള്ള ഉപയോക്താക്കൾക്കു ലളിതമായ നടപടിക്രമങ്ങളിലൂടെ സ്വർണവായ്പ നൽകുകയാണു സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഗോൾഡ് ലോണ്‍ വിപണിയിലെ മാറിവരുന്ന പ്രവണതകൾ കൂടുതൽ നേട്ടമുണ്ടാക്കുന്ന രീതിയിൽ അവതരിപ്പിക്കുക, നഷ്ടസാധ്യത പരമാവധി കുറയ്ക്കുക, ഉപഭോക്താക്കൾക്കു നൂതനസാന്പത്തിക പരിഹാരങ്ങൾ നൽകുക എന്നിവയിലൂടെ സ്വർണവായ്പാരംഗത്തെ ശക്തമായ സാന്നിധ്യമാകാൻ സഹകരണത്തിലൂടെ സാധ്യമാകും.
ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്, എച്ച്ആർ ആൻഡ് ഓപ്പറേഷൻസ് വിഭാഗം സിജിഎം ആന്റോ ജോർജ് ടി., സീനിയർ ജനറൽ മാനേജർ ആൻഡ് സിഐഒ എ. സോണി, എസ്.എസ്. ബിജി, സീനിയർ ജനറൽ മാനേജർ ആൻഡ് ബ്രാഞ്ച് ബാങ്കിംഗ് ഹെഡ്, ജോയിന്റ് ജനറൽ മാനേജർ എസ്. വിജിത്ത്, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് പ്രോഡക്ട്, മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജിക് അലയൻസസ് ഹെഡ് സഞ്ജു യൂസഫ്, ഹെഡ് പ്രോഡക്ട് ആൻഡ് സ്ട്രാറ്റജി (ഗോൾഡ് ലോണ്‍) അക്ഷത് ജെയിൻ, ഹെഡ് പ്രോഡക്ട് ബ്രാഞ്ച് ആൻഡ് ഡിഎസ്ജിഎൽ ചാനൽ (ഗോൾഡ് ലോണ്‍) ശരണ്‍ ശിവകുമാർ എന്നിവർ പങ്കെടുത്തു.
‘ഹഡിൽ ഗ്ലോബൽ 2024’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് സമ്മേളനമായ ‘ഹഡിൽ ഗ്ലോബൽ 2024’ ന്റെ ആറാം പതിപ്പിന് 28ന് കോവളത്ത് തുടക്കമാകും.
വൈകുന്നേരം നാലിന് കോവളം ലീല റാവിസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡീപ് ടെക്, ആർആൻഡ് ഡി സ്റ്റാർട്ടപ്പുകൾ എന്നിവയിൽ നിന്നുള്ള പരിഹാരങ്ങൾ മുഖ്യആകർഷണമായിരിക്കുമെന്ന് സിഇഒ അനൂപ് അംബിക അറിയിച്ചു.
കൊട്ടക് എന്‍എഫ്ഒ തുടങ്ങി
കൊച്ചി: കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ (കെഎംഎഎംസി) കീഴിലുള്ള കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ ട്രാന്സ്പോര്ട്ടേഷന് ആന്‍ഡ് ലോജിസ്റ്റിക്സ് ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു.
എന്‍എഫ്ഒയില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ ഒന്‍പതാണ്. 100 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക.
പവന് 800 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്.
സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിന് കേരളത്തിൽ 21 ലക്ഷം അംഗങ്ങൾ
തിരുവനന്തപുരം: കേരളത്തിൽ സ്റ്റാർ ഹെൽത്തിന് 21 ലക്ഷം അംഗങ്ങൾ. ഇന്ത്യയിലെ റീട്ടെയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് മേഖലയിൽ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ഹെല്‍ത്ത് ഇന്ഷ്വറന്നിസ് 60 ശാഖകളുണ്ട്.
സംസ്ഥാനത്ത് 531 നെറ്റ്വര്‍ക്ക് ആശുപത്രികളുടെയും 53,000 ഏജന്റുമാരുടെയു ശൃംഖലയാണുഉള്ളത്. സ്റ്റാര്‍ ഹെല്‍ത്ത് 21 ലക്ഷം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 2,650 കോടി രൂപയുടെയും ക്ലെയിമുകള്‍ തീര്‍പ്പാക്കി.
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ സുപ്രധാന മേഖലയാണ് കേരളമെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എക്സിക്യൂട്ടീവ് പ്രസിഡന്റ് സനന്ദ് കുമാര്‍ പറഞ്ഞു.
ഇന്ത്യൻ കുരുമുളക് കർഷകർക്ക് സ്പൈസസ് ബോർഡിന്റെ പ്രഹരം
നാല് ഓട്ടക്കാശിന് ഒരു സമൂഹത്തിനു മുന്നിൽ കുരുമുളക് കർഷകരെ അവർ നഗ്നരാക്കി. റബറിന് മുന്നേറാനാകുന്നില്ല. പച്ചത്തേങ്ങയ്ക്ക് ആവശ്യം വർധിച്ചു, മില്ലുകാർ കൊപ്രയ്ക്കായി പരക്കം പായുന്നു. ഏലം ആഗോള ഉത്പാദനം ചുരുങ്ങും, കൂടുതൽ മികവിലേക്ക്. ആഭരണ വിപണികൾക്ക് തിളക്കം.
കൊളംബോയിൽ നടന്ന അന്താരാഷ്ട്ര കുരുമുളക് സമൂഹയോഗത്തിൽ മുഖ്യ ഉത്പാദക രാജ്യങ്ങൾ അവരുടെ കർഷകരോട് നീതി പുലർത്തിയപ്പോൾ ഇന്ത്യൻ സംഘം കർഷകരെ മറന്ന് ഇറക്കുമതി ലോബിയുടെ താളത്തിനു തുള്ളി. ഒരു വ്യാഴവട്ടം മുമ്പുവരെ ആഗോള വിപണിയുടെ ചുക്കാൻ നിയന്ത്രിച്ച മലബാർ മുളകിനെ ഇന്ന് നയിക്കുന്നത് വ്യവസായികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നവരാണ്. ഊതിവീർപ്പിച്ച കണക്കുകളുമായി നാലു ദിവസം നീണ്ട യോഗത്തിൽ ദക്ഷിണേന്ത്യൻ കുരുമുളക് കർഷകരെ അവർ പരസ്യമായി അപമാനിച്ചു.
കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽ പ്രതിവർഷം എത്ര ടൺ കുരുമുളക് വിളയുമെന്നു പോലും അറിയാതെ ഐപിസി യോഗത്തിൽ ഉത്പാദനത്തെക്കുറിച്ചും കരുതൽ ശേഖരത്തെക്കുറിച്ചും ഘോരഘോരം പ്രസംഗിച്ചു. ഇന്ത്യക്ക് പുറമേ ആതിഥേയ രാജ്യമായ ശ്രീലങ്ക, ബ്രസീൽ, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ ഉത്പാദക രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിക്കാരും യുഎസ്, യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്കാരും ബഹുരാഷ്ട്ര കമ്പനികളുടെ മേധാവികളും സംബന്ധിച്ച യോഗത്തിൽ പൊള്ളയായ കണക്കുകൾ സ്പൈസസ് ബോർഡ് നിരത്തി.
ഇന്ത്യ കഴിഞ്ഞ സീസണിൽ ഒന്നേകാൽ ലക്ഷം ടൺ കുരുമുളക് ഉത്പാദിപ്പിച്ചെന്ന് അവകാശപ്പെടുന്ന കേന്ദ്ര ഏജൻസിയുടെ കണക്കിൽ അരലക്ഷം ടണ്ണിന്റെ നീക്കിയിരിപ്പുണ്ടെന്നും കഴിഞ്ഞ സീസണിൽ 33,000 ടൺ ഇറക്കുമതി നടത്തിയെന്നും അടുത്ത വർഷം 43,000 ടണ്ണിന്റെ ഇറക്കുമതി വേണ്ടിവരുമെന്നും വ്യക്തമാക്കുമ്പോൾ സത്യത്തിൽ ഇവർ പ്രവർത്തിക്കുന്നത് ആർക്കുവേണ്ടിയാണ്? പ്രതികൂല കാലാവസ്ഥയിൽ വിയറ്റ്നാമിൽ പോലും വിളവ് കുറഞ്ഞു, നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനിലയിൽ കേരളം വെന്തുരുകിയതും ശീതീകരിച്ച മുറിയിൽ ഇരുന്ന മേലാളൻമാർ അറിഞ്ഞില്ല.
ആ ഉയർന്ന താപനിലയുടെ ബാക്കിപത്രമായി അടുത്ത സീസണിൽ ഉത്പാദനത്തിൽ വൻ ഇടിവ് സംഭവിക്കുമെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കെൽപ്പില്ലാത്ത ഒരു കൂട്ടരിൽനിന്നും കർഷകരെ, നിങ്ങൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. മലബാർ മുളക് പോയവർഷം എത്ര ടൺ ഷിപ്പ്മെന്റ് നടത്തി? മൂല്യ വർധിതമാക്കാൻ ഇറക്കുമതി നടത്തിയ ശേഷം റീ ഷിപ്പ്മെന്റ് ചെയ്ത ചരക്കിന്റെ കണക്കല്ല കർഷകർ ചോദിക്കുന്നത്. ഇവിടെ വിളയിച്ച നാടൻ മുളകിന് ഏതെല്ലാം രാജ്യങ്ങൾ എത്രമാത്രം താത്പര്യം കാണിച്ചുവെന്ന് പോലും ബോർഡിനറിയില്ല. ദക്ഷിണേന്ത്യൻ കുരുമുളക് കർഷകരെ കേന്ദ്ര ഏജൻസി പൊട്ടൻമാരാക്കുകയാണോ, അതോ അവർ സ്വയം പൊട്ടൻമാരാണോ?
ഉത്പാദനത്തെക്കുറിച്ചും കരുതൽ ശേഖരത്തെക്കുറിച്ചുമുള്ള ഊതിവീർപ്പിച്ച കണക്കുകൾ പുറത്തുവരുമെന്ന കാര്യം മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ചിരുന്നു. അത് ശരിവയ്ക്കും വിധം വില ഇടിക്കാൻ സംഘടിത നീക്കവുമായി ഉത്തരേന്ത്യൻ ലോബി രംഗത്ത് തമ്പടിച്ചു. അതിൽ അവർ വിജയിക്കുകയും ചെയ്തു, ഒറ്റയടിക്ക് 1100 രൂപ കാര്യമായ സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ അവർക്ക് ഇടിക്കാനായി. രണ്ട് ലക്ഷ്യമാണ്, ഒന്നാമത് ഓഫ് സീസണിലെ വിലമുന്നേറ്റത്തിനു തുരങ്കം വയ്ക്കുക, രണ്ടാമത് അടുത്ത സീസണിലെ പുതിയ ചരക്ക് മുന്നേറാനുള്ള സാധ്യതകൾ ഇല്ലാതാക്കുക.
വിനിമയ വിപണിയിൽ രൂപ തവിട് പൊടിയായി മാറുന്നതിനാൽ ഇറക്കുമതി അത്ര ആകർഷകമല്ല. കറിമസാല പൗഡർ യൂണിറ്റുകൾക്കും ബ്രാൻഡ് നാമത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന ബഹുരാഷ്ട്ര കുത്തകകൾക്കും പുതിയ ചരക്ക് വൻതോതിൽ ആവശ്യമുണ്ട്. ജൂലൈക്കു ശേഷം മുളകു വിലയിലുണ്ടായ കുതിച്ചുചാട്ടത്തിനിടയിൽ മസാല കമ്പനികളെല്ലാം തന്നെ അവരുടെ പാക്കറ്റ് വില ഉയർത്തി. ആ വില അവർ ഇനി താഴ്ത്തില്ല, എന്നാൽ, പുതിയ ചരക്കിന്റെ വില പരമാവധി ഇടിച്ചാൽ കോടികളുടെ അധിക ലാഭം ഉറപ്പു വരുത്താനാവും. പ്രതികൂല കാലാവസ്ഥയോട് പടപൊരുതുന്ന കർഷകനെ ചവിട്ടിത്താഴ്ത്തിയാലും ചോദിക്കാൻ ആരും വരില്ലെന്നവർക്കറിയാം. അൺഗാർബിൾഡ് മുളക് 62,100 രൂപയിലും ഗാർബിൾഡ് 64,100 രൂപയിലുമാണ്.
നേരിയ മുന്നേറ്റത്തിൽ റബർ
റബർ അവധി വ്യാപാര രംഗത്ത് ഫണ്ടുകൾ ഷോർട്ട് കവറിംഗിനു കാണിച്ച തിടുക്കം വിലയിൽ വൻ മുന്നേറ്റം സൃഷ്ടിച്ചെങ്കിലും കുതിച്ചുചാട്ടത്തിന് അൽപ്പായുസായിരുന്നു. ഏഷ്യൻ അവധി നിരക്കുകളിൽ ശ്രദ്ധേയമായ ഉണർവ് കണ്ട് റബർ കയറ്റുമതി രാജ്യങ്ങൾ വില ഉയർത്താൻ തയാറായി. എന്നാൽ, ഈ അവസരത്തിലും തണുപ്പൻ മനോഭാവം കാഴ്ചവച്ച് ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര നിരക്ക് ഉയർത്തിയില്ല.
മുൻവാരം സൂചന നൽകിയത് ശരിവച്ച് വരവ് ചുരുങ്ങിയതു കണ്ട് സ്റ്റോക്കിസ്റ്റുകളെ വിപണിയിലേക്ക് അടുപ്പിക്കാൻ വാങ്ങലുകാർ നീക്കം നടത്തി. 18,200 രൂപയിൽനിന്നും വാരത്തിന്റെ രണ്ടാം പകുതിയിൽ നാലാം ഗ്രേഡിന് 18,600 വരെ ഉയർന്നു. അഞ്ചാം ഗ്രേഡ് 17,800ൽനിന്നും 18,200 രൂപയായി. വാരത്തിന്റെ ആദ്യ പകുതിയിൽ കനത്ത മഴ മൂലം തെക്കൻ കേരളത്തിൽ റബർ ടാപ്പിംഗ് ഏതാണ്ട് പൂർണമായി സ്തംഭിച്ചു. ചില ഭാഗങ്ങളിൽ പ്രതിസന്ധികളെ തരണം ചെയ്ത് റബർ വെട്ടിന് ഉത്പാദകർ ഉത്സാഹിച്ചു.
കുതിച്ചുകയറി ഏലം
വിദേശ ഓർഡറുകൾക്കൊപ്പം ആഭ്യന്തര ഡിമാൻഡും ഏലം ലേലകേന്ദ്രങ്ങളിൽ ആവേശം വിതറി. അറബ് രാജ്യങ്ങളിൽനിന്നുള്ള ഓർഡർ മുൻനിർത്തി കയറ്റുമതിക്കാരും ഉത്തരേന്ത്യൻ വാങ്ങലുകാരും രംഗത്ത് അണിനിരന്നത് ശരാശരി ഇനങ്ങളെ ഈ വർഷത്തെ ഉയർന്ന നിരക്കായ 2957 രൂപയിൽ എത്തിച്ചു. മികച്ചയിനങ്ങളുടെ വില 3500ലേക്കും കയറി.
പച്ചത്തേങ്ങ റിക്കാർഡിൽ
പച്ചത്തേങ്ങ സർവകാല റിക്കാർഡിലേക്ക് ഉയർന്നതോടെ വ്യവസായികൾ കൂടിയ വില നൽകി കൊപ്ര സംഭരിക്കാൻ രംഗത്ത്. മില്ലുകാർ 14,200ന് കൊപ്ര വാങ്ങി, വെളിച്ചെണ്ണ വില 21,200 രൂപ. ശബരിമല സീസണായതിനാൽ ദക്ഷിണേന്ത്യയിൽ പച്ചത്തേങ്ങയ്ക്ക് ഡിമാൻഡ് വർധിച്ചതോടെ കാർഷിക മേഖല കൊപ്രയാക്കാൻ ഉത്സാഹം കാണിച്ചില്ല.
ആഭരണ വിപണികളിൽ സ്വർണം 55,560 രൂപയിൽനിന്ന് 55,480ലേക്ക് താഴ്ന്നശേഷമുള്ള തിരിച്ചുവരവിൽ 58,400ലേക്ക് ഉയർന്നു. ഗ്രാമിന് വില 7300 രൂപ. 18 കാരറ്റ് ഗ്രാമിന് 6020 രൂപ.
നേട്ടം നിലനിർത്താൻ ഓഹരി വിപണികൾ
തെരഞ്ഞടുപ്പ് ഫലത്തിന്റെ ആഘോഷം ഓഹരി ഇൻഡെക്സുകൾക്ക് തിളക്കം പകരാമെങ്കിലും ഒരു ബുൾ റാലിക്കുള്ള സാധ്യത തെളിയാൻ ഇനിയും ക്ഷമയോടെ കാത്തിരിക്കേണ്ടി വരാം. അഞ്ചു മാസത്തിനിടയിൽ ഏറ്റവും വേഗമേറിയ ഒറ്റ ദിവസത്തെ റാലി വാരാന്ത്യം സെൻസെക്സിലും നിഫ്റ്റിയിലും കാണാനായി. രണ്ട് ശതമാനം പ്രതിവാര നേട്ടത്തിൽ സെൻസെക്സ് 1536 പോയിന്റും നിഫ്റ്റി 375 പോയിന്റും വർധിച്ചു. അതേസമയം, സെപ്റ്റംബറിലെ സർവകാല റിക്കാർഡ് നിലവാരത്തിൽനിന്നും വിപണി ഇതിനകം പത്ത് ശതമാനം ഇടിഞ്ഞു.
നിഫ്റ്റിക്ക് 24,080ലും സെൻസെക്സിന് 79,311 പോയിന്റിലും കഴിഞ്ഞവാരം വ്യക്തമാക്കിയിരുന്ന പ്രതിരോധം തകർക്കാനായില്ല. വാരാന്ത്യം ശക്തമായ ഷോർട്ട് കവറിംഗിന് ഫണ്ടുകളും ഊഹക്കച്ചവടക്കാരും മത്സരിച്ചു. മഹാരാഷ്ട്ര തെരഞ്ഞടുപ്പ് ഫലം കേന്ദ്രത്തിന് അനുകൂലമാകുമെന്ന സൂചന വാരാന്ത്യം ഓപ്പറേറ്റർമാരെ പൊസിഷനുകൾ വെട്ടിക്കുറയ്ക്കാൻ പ്രേരിപ്പിച്ചു. വിപണിയിലെ ബെയറിഷ് മനോഭാവം മാറിയിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കരടിക്കൂട്ടം. അതേസമയം, വാരമധ്യത്തിന് മുന്നേ കരടികളെ വരുതിയിലാക്കാനാകുമെന്ന വിശ്വാസത്തിലാണ് കാളകളും. വ്യാഴാഴ്ചയാണ് നവംബർ സീരീസ് സെറ്റിൽമെന്റ്.
■ കുതിപ്പിനു സാധ്യത
നിഫ്റ്റി സൂചിക 23,532ൽനിന്നും 23,263ലേക്ക് തളർന്ന ശേഷമുള്ള കുതിപ്പിൽ 23,956 വരെ ഉയർന്നങ്കിലും ക്ലോസിംഗിൽ 23,907 പോയിന്റിലാണ്. ഇന്ന് 23,080ലേക്ക് ഉയരാൻ അവസരം ലഭിച്ചാൽ അടുത്ത ചുവടിൽ സൂചിക 24,139 വരെ ഉയരാം. ആ നീക്കത്തിത്തിനിടയിൽ ഊഹക്കച്ചവടക്കാർ വീണ്ടും കവറിംഗിന് നിർബന്ധിതരായാൽ മുന്നേറ്റം 24,371 വരെ എത്താം. അതേസമയം, പ്രതീക്ഷിച്ചപോലെ ഒരു വാങ്ങൽ താത്പര്യം സൃഷ്ടിക്കാൻ വിപണിക്കായില്ലെങ്കിൽ 23,461ലേക്കും തുടർന്ന് 23,015ലേക്കും തിരുത്തലിന് സാധ്യത. നിഫ്റ്റി ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡും പാരാബോളിക്കും സെല്ലിംഗ് മൂഡിലാണ്. എംഎസിഡിയും ദുർബലാവസ്ഥയിൽ നീങ്ങുന്നു. അതേസമയം, മറ്റു പല ഇൻഡിക്കേറ്ററുകളും ന്യൂട്രൽ റേഞ്ചിലാണ്.
നിഫ്റ്റി നവംബർ ഫ്യൂച്ചർ 24,602ൽനിന്നും 23,490ലെ സപ്പോർട്ട് തകർത്ത് 23,200 റേഞ്ചിലേക്ക് നീങ്ങിയശേഷമുള്ള തിരിച്ചുവരവിൽ 23,959 വരെ കയറിയ ശേഷം 23,900ലാണ്, വ്യാഴ്ചയാണ് സെറ്റിൽമെന്റ്. നിഫ്റ്റി ഡിസംബർ 24,050ലാണ്. ശക്തമായ ഒരു മുന്നേറ്റം വെള്ളിയാഴ്ച ദൃശ്യമായതിനിടയിൽ ഓപ്പൺ ഇന്ററസ്റ്റിലെ കുറവ് ഷോർട്ട് കവറിംഗിനെ സൂചിപ്പിക്കുന്നു. വിപണി അതിന്റെ 20 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്ന് നിൽക്കുന്നതിനാൽ 24,250 റേഞ്ചിൽ പ്രതിരോധം തലയുയർത്താമെങ്കിലും ആ തടസം തകർക്കാനുള്ള കരുത്ത് ബുൾ ഓപ്പറേറ്റർമാർക്ക് ലഭിച്ചാൽ ക്രിസ്മസിന് മുന്നേ 24,800ലേക്കും 25,225ലേക്കും വിപണി മുന്നേറും.
■ പ്രതീക്ഷയോടെ സെൻസെക്സ്
സെൻസെക്സ് 77,411ൽനിന്നും 77,100ലേക്ക് തിരുത്തൽ നടത്തിയ മുൻനിര, രണ്ടാംനിര ഓഹരിവിലകൾ ആകർഷകമായി മാറിയത് ഒരു വിഭാഗം ഫണ്ടുകളെ പുതിയ ബയിംഗിന് പ്രേരിപ്പിച്ചതോടെ ഇരട്ടി വീര്യവുമായി സെൻസെക്സ് 79,248ലേക്ക് ഉയർന്നെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധം തകർക്കാനാകാതെ വാരാന്ത്യം 79,117ലാണ്. ഈ വാരം 79,886ലെ ആദ്യ പ്രതിരോധം മറികടന്നാൽ 80,656ൽ വീണ്ടും തടസം നേരിടാം. വിൽപ്പനസമ്മർദം ഉടലെടുത്താൽ 77,678-76,240 റേഞ്ചിൽ സപ്പോർട്ടുണ്ട്.
വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം അവർ 11,414.18 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. ആഭ്യന്തര ഫണ്ടുകൾ വാങ്ങൽ താത്പര്യം ശക്തമാക്കി 11,036.76 കോടി രൂപയുടെ വാങ്ങൽ നടത്തി.
■ രൂപയ്ക്ക് ഇടിവ്
പ്രമുഖ കറൻസികൾക്ക് മുന്നിൽ ഡോളർ സൂചിക മികവിലാണ്. 13 മാസത്തെ ഉയർന്ന നിലവാരമായ 107.50ൽ നീങ്ങുന്ന ഡോളർ സൂചിക 110 വരെ മുന്നേറിയാൽ യൂറോയും യെന്നും വീണ്ടും ദുർബലമാകും. ഫെഡ് റിസർവ് ഡിസംബറിൽ പലിശ കുറയ്ക്കുന്നതോടെ യൂറോ പരുങ്ങലിലാവാം. പണപ്പെരുപ്പം രണ്ട് ശതമാനത്തിനു മുകളിലായതിനാൽ അടുത്തമാസം ബാങ്ക് ഓഫ് ജപ്പാൻ പുതിയ പ്രഖ്യാപനങ്ങൾ നടത്താം.
ഗ്ലോബൽ മാർക്കറ്റിലെ കുത്തൊഴുക്കിൽ ഇന്ത്യൻ രൂപ പിടിച്ചുനിൽക്കാനാകാതെ ക്ലേശിക്കുന്നു. രൂപയുടെ മൂല്യം വാരാന്ത്യം 84.50ലെങ്കിലും സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ 84.90ലേക്കും 85.20ലേക്ക് ദുർബലമാകാം.
■ സ്വർണം തിളങ്ങും
റഷ്യ-യുക്രെയ്ൻ മിസൈൽ ആക്രമണം ധനകാര്യസ്ഥാപനങ്ങളെ സ്വർണത്തിലേക്ക് അടുപ്പിച്ചു. വാങ്ങൽ താത്പര്യത്തിൽ മഞ്ഞലോഹം അഞ്ച് ശതമാനം പ്രതിവാര നേട്ടത്തിലാണ്. ട്രോയ് ഔൺസിന് 2560 ഡോളറിൽനിന്ന് 2717 വരെ ഉയർന്നു. സാങ്കേതികമായി വിലയിരുത്തിയാൽ 2900 ഡോളർ വരെ കുതിക്കാൻ ഈ റാലിക്കാവും. പുതുവർഷം സ്വർണം 3000 ഡോളറിന് മുകളിൽ ഇടംപിടിക്കാം.
യുപിഐ സർക്കിൾ അവതരിപ്പിച്ചു
ഡൽഹി: ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതു ലക്ഷ്യമിട്ട് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിച്ച് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ. യുപിഐ അക്കൗണ്ട് പല വ്യക്തികൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ "യുപിഐ സർക്കിൾ' എന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
ഒരു യുപിഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെയോ അല്ലെങ്കിൽ യുപിഐ ഉപയോക്താവ് ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റേതെങ്കിലും വ്യക്തികൾക്ക് ഇത്തരത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ കഴിയും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. പരമാവധി 5 പേരെ യുപിഐ ഇടപാടുകൾ നടത്താൻ ഒരു പ്രാഥമിക ഉപയോക്താവിന് അനുവദിക്കാവുന്നതാണ്.
സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത അല്ലെങ്കിൽ ഒരു ബാങ്ക് അക്കൗണ്ട് മാത്രം ഉപയോഗിക്കുന്ന വ്യക്തികൾക്കുള്ളതാണ് യുപിഐ സർക്കിൾ. ഇതിലൂടെ മുതിർന്ന പൗരന്മാർ, ഭാര്യ, കുടുംബത്തിലെ മറ്റ് അംഗങ്ങൾ അല്ലെങ്കിൽ കുട്ടികൾ എന്നിവർക്ക് യുപിഐ വഴി പണമടയ്ക്കാനുള്ള സൗകര്യം പ്രാഥമിക യുപിഐ അക്കൗണ്ട് ഉടമയ്ക്ക് നൽകാം.
ഒട്ടുമിക്ക മേഖലകളിലും യുപിഐ ഇടപാടുകൾ വർധിച്ചിട്ടുണ്ടെങ്കിലും ഈ സംവിധാനം ഉപയോഗിക്കാത്തവരും നിരവധിയാണ്. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് പുതിയ ഫീച്ചറായ യുപിഐ സർക്കിൾ അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോഗിക്കുന്ന വിധം
യുപിഐ ആപ്പ് തുറന്ന് "യുപിഐ സർക്കിൾ' ക്ലിക്ക് ചെയ്യുക. തുടർന്ന് "ആഡ് ഫാമിലി ഓർ ഫ്രണ്ട്സ്' ബട്ടണിൽ ക്ലിക്കുചെയ്യുക. കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ചേർക്കുന്നതിന് രണ്ട് ഓപ്ഷനുകൾ ആണ് ഉള്ളത്. ക്യുആർ കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ അവരുടെ യുപിഐ ഐഡി നൽകുക. യുപിഐ ഐഡി ഓപ്ഷൻ ആണെങ്കിൽ യുപിഐ ഐഡി നൽകുന്പോൾ "ആഡ് ടു മൈ യുപിഐ സർക്കിൾ' ക്ലിക്ക് ചെയ്യുക. ശേഷം ഇതിൽ ചേർക്കുന്ന വ്യക്തിയുടെ ഫോണ്‍ നന്പർ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും.
ആ വ്യക്തി കോണ്ടാക്റ്റ് ലിസ്റ്റിൽ ഉണ്ട് എന്ന് ഉറപ്പാക്കണം. ഇതിൽ രണ്ട് ഓപ്ഷനുകൾ ലഭിക്കും. "സ്പെൻഡ് വിത്ത് ലിമിറ്റ്' അല്ലെങ്കിൽ "അപ്രൂവ് എവരി പേയ്മെന്റ്' എന്നിവയാണ് രണ്ട് ഓപ്ഷനുകൾ. ആദ്യ ഓപ്ഷനിൽ, ഇടപാടുകൾക്ക് ഒരു പരിധി നിശ്ചയിക്കാം, രണ്ടാമത്തെ ഓപ്ഷനിൽ എല്ലാ ഇടപാടുകൾക്കും അംഗീകാരം നൽകണം. ആവശ്യാനുസരണം ഇതിൽ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്.
ചരിത്രത്തിലെ ഏറ്റവും ധനികനായി മസ്ക്
ന്യൂയോർക്ക്: ലോകത്തെ ഒന്നാം നന്പർ സന്പന്നനായ ഇലോണ്‍ മസ്ക് ചരിത്രത്തിലെ ഏറ്റവും വലിയ ധനാഢ്യനായി ഒന്നാംസ്ഥാനം നിലനിർത്തി. ബ്ലൂംബെർഗ് ശനിയാഴ്ച പുറത്തുവിട്ട പട്ടികയിൽ 34,780 കോടി ഡോളറാണ് (29.36 ലക്ഷം കോടി രൂപ) മസ്കിന്റെ ആസ്തി.
യുഎസ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിനുശേഷം മസ്ക്കിന്റെ ഇലക്ട്രിക് വാഹന കന്പനയിയായ ടെസ്ലയുടെ ഓഹരികൾ കുതിച്ചുയർന്നതോടെയാണ് ഈ നേട്ടം സ്വന്തമായത്. തെരഞ്ഞെടുപ്പു വേളകളിൽ ട്രംപിന്റെ റാലികളിൽ പങ്കെടുത്ത് റിപ്പബ്ലിക്കൻ നേതാവിനെ പരസ്യമായി പിന്തുണച്ചിരുന്ന ആളാണ് മസ്ക്. അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള 20 ദിവസത്തിലാണ് മസ്ക്കിന്റെ സന്പത്തിൽ 700 കോടി ഡോളറിന്റെ വർധനയുണ്ടായത്.
ടെസ്ലയുടെ 40 ശതമാനം ഓഹരികളും ഈ കാലയളവിൽ നേട്ടമുണ്ടാക്കി. ട്രംപുമായുള്ള അടുപ്പം മസ്ക്കിന്റെ കന്പനികളിലുള്ള നിക്ഷേപകരുടെ വിശ്വാസം വർധിപ്പിച്ചതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ വരാനിരിക്കുന്ന ഭരണത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷൻസിയുടെ തലവനായി ഇലോണ്‍ മസ്ക്കിനെ തെരഞ്ഞെടുത്തിരുന്നു.
ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള സ്പേസ് എക്സ്, വൈദ്യുത കാർ കന്പനിയായ ടെസ്ല, എഐ സ്ഥാപനമായ എക്സ് എഐ, ന്യൂറാലിങ്ക്, സമൂഹമാധ്യമമായ എക്സ് എന്നിവയെല്ലാം ഇലോണ്‍ മസ്കിന്റെ സ്ഥാപനങ്ങളാണ്.
ആമസോണിന്റെ ജെഫ് ബെസോസ് 21,900 കോടി ഡോളറുമായി രണ്ടാം സ്ഥാനത്തും ഒറാക്കിൾ കോർപറേഷന്റെ ലാറി എലിസണ്‍ 20,600 കോടി ഡോളറുമായി മൂന്നാം സ്ഥാനത്തുമുണ്ട്. 9570 കോടി ഡോളറിന്റെ ആസ്തിയുള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഒന്നാം നന്പർ ധനികൻ.
ബദാം ശീലമാക്കുന്നത് ആരോഗ്യത്തിന് ഉചിതമെന്ന് ഗവേഷണഫലം
തിരുവനന്തപുരം: ബദാം ശീലമാക്കുന്നത് ആരോഗ്യജീവിതത്തിന് ഉചിതമെന്നു ഗവേഷണഫലം. പതിവായി ബദാം കഴിക്കുന്നത് വ്യായാമത്തിനു ശേഷമുള്ള വേദനയും പേശികളുടെ കേടുപാടുകളും പരിഹരിച്ച് സുഖം പ്രാപിക്കാന്‍ സഹായിക്കുമെന്ന് പുതിയ ഗവേഷണത്തില്‍ കണ്ടെത്തി.
പേശികളുടെ തളര്‍ച്ചയും വേദനയും കുറയ്ക്കാനും ആരോഗ്യം വീണ്ടെടുക്കാനും ബദാം സഹായിക്കുമെന്നുമാണ് കണ്ടെത്തൽ. ആല്‍മണ്ട് ബോര്‍ഡ് ഓഫ് കലിഫോര്‍ണിയയുടെ ധനസഹായത്തോടെ നടന്ന ഗവേഷണത്തെക്കുറിച്ച് കറന്റ് ഡെവലപ്മെന്റ്സ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ആഴ്ചയില്‍ ഒന്നു മുതല്‍ നാലു മണിക്കൂര്‍ വരെ വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭാരം അല്ലെങ്കില്‍ നേരിയ അമിതഭാരം ഉള്ളവരുമായ 26 മധ്യവയസ്കരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഫിറ്റ്നസ് വീണ്ടെടുക്കുന്നതില്‍ ബദാം വഹിച്ചേക്കാവുന്ന പങ്കിനെക്കുറിച്ച് ഈ ഗവേഷണഫലം കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതായി സാന്‍ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പോഷകാഹാര-ശാസ്ത്ര പ്രഫസര്‍ ഡോ. മാര്‍ക്ക് കെന്‍ പറയുന്നു.
ടൈക്കോണ്‍ കേരള സംരംഭക സമ്മേളനം കൊച്ചിയില്‍
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള ഡിസംബര്‍ നാലിനും അഞ്ചിനും കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. ‘മിഷന് 2030: കേരളത്തെ രൂപാന്തരപ്പടുത്തുന്നു’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനം സുസ്ഥിര വളര്‍ച്ചയ്ക്കും ആധുനികവത്കരണത്തിനും സാങ്കേതികമുന്നേറ്റത്തിനും ഊന്നല്‍ നല്കി കേരളത്തിന്റെ ഭാവിവികസനം സാധ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും.
അടിസ്ഥാനസൗകര്യങ്ങള്‍ ആധുനികവത്കരിക്കുക, വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം സാധ്യമാക്കുക, ആരോഗ്യസംരക്ഷണം, സാമ്പത്തിക ശക്തീകരണത്തിന് നൂതനാശയങ്ങള്‍ രൂപപ്പെടുത്തുക എന്ന ലക്ഷ്യവും സമ്മേളനത്തിനുണ്ട്. മന്ത്രി കെ. രാജന്, തെലുങ്കാന മുന്‍ ഐടി വ്യവസായ മന്ത്രി കെ.ടി. രാമറാവു, കെഎസ്ഐഡിസി ചെയര്മാന് സി. ബാലഗോപാല്‍, ടൈ ഗ്ലോബല്‍ ബിഒടി വൈസ് ചെയര്മാന് മുരളി ബുക്കപട്ടണം തുടങ്ങിയവര്‍ പങ്കെടുക്കും.
ടൈക്കോണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 50ലധികം പ്രഭാഷകരും 100 നിക്ഷേപകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പുതിയ ടാബ്ലറ്റും ലാപ്ടോപ്പും പുറത്തിറക്കി ലെനോവോ
കൊച്ചി: ടെക്നോളജി രംഗത്തെ പ്രമുഖരായ ലെനോവോ, വര്‍ക്കിംഗ് പ്രഫഷണലുകള്‍ക്കായി പുതിയ ലാപ്ടോപ്പും ടാബ്ലെറ്റും പുറത്തിറക്കി. ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയിലാണു രൂപകല്പന ചെയ്തിരിക്കുന്നത്.
11 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, 400 നിറ്റ്സ് ബ്രൈറ്റ്നസ്, 1920-1200 റസല്യൂഷന്‍ എന്നിവയോടെയുള്ള ടാബ്ലെറ്റ്, ഉയര്‍ന്ന ഗുണമേന്മയുള്ള ദൃശ്യാനുഭവമാണ് നല്‍കുന്നത്. നാല് സ്പീക്കറുകളും മിഡിയാടെക് ഹെലിയോ ജി 88 പ്രോസസറും 8 ജിബി വരെ റാം 128ജിബി സ്റ്റോറേജ് എന്നിവയും ഉപയോക്താക്കള്‍ക്കു ശരിയായ മള്ട്ടിടാസ്കിംഗും ധാരാളം സ്റ്റോറേജും ഉറപ്പുവരുത്തുന്നു. 22,999 രൂപയില്‍ ആരംഭിക്കുന്ന ലൂണ ഗ്രേ നിറത്തിലുള്ള ഈ മോഡല്‍ lenovo.comല്‍ ലഭ്യമാണ്. കൂടാതെ തിങ്ക് ബുക്ക് എന്ന പുതിയ ലാപ്ടോപ്പും ലെനോവോ പുറത്തിറക്കി.
നൂതന ഉപകരണങ്ങള്‍ ഹൃദ്രോഗ ചികിത്സയിലെ വിപ്ലവമെന്നു വിദഗ്ധര്‍
കൊച്ചി: സൊസൈറ്റി ഫോര്‍ കൊറോണറി ഇമേജിംഗ് ആന്‍ഡ് ഫിസിയോളജിയുടെ (എസ്സിഐപി) എട്ടാമത് ദേശീയ സമ്മേളനം കൊച്ചിയില്‍ നടന്നു. ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന സമ്മേളനത്തില്‍ ഹൃദയധമനികളുടെ നൂതന ഇമേജിംഗ്, ഫിസിയോളജി ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ തുടങ്ങിയവ ചര്‍ച്ചയായി. കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. പി.സി. റാത്ത് ഉദ്ഘാടനം ചെയ്തു.
ഹൃദയാഘാതത്തിനും മറ്റു ഹൃദ്രോഗങ്ങള്‍ക്കും ഇമേജിംഗ് വഴിയുള്ള താക്കോല്‍ദ്വാര ചികിത്സകള്‍ ഏറെ കൃത്യത നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു ദിവസങ്ങളിലായി 25 ശാസ്ത്ര സെഷനുകള്‍ നടന്നു.
നൂതന ഉപകരണങ്ങള്‍ ഹൃദ്രോഗ ചികിത്സയിലെ വിപ്ലവമാണെന്ന് വിദഗ്ധര്‍ വിലയിരുത്തി. അന്താരാഷ്ട്ര, ദേശീയ വിദഗ്ധരടങ്ങുന്ന മുന്നൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ടെലികോം സേവനദാതാക്കൾക്ക് ആശ്വാസം; ജനുവരി മുതൽ പുതിയ ടെലികോം റോ റൂൾ
ഡൽഹി: ടെലികമ്യൂണിക്കേഷൻ നിയമത്തിനു കീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള റൈറ്റ് ഓഫ് വേ (Right of Way) നിയമങ്ങൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. നിലവിൽ ഓരോ സംസ്ഥാനത്തെയും റൈറ്റ് ഓഫ് വേ (RoW) നിയമങ്ങൾ വ്യത്യസ്തമാണ്.
ഈ രീതി മാറ്റി രാജ്യത്തെല്ലായിടത്തും ഒരൊറ്റ റോ റൂൾ അവതരിപ്പിക്കാനാണ് കേന്ദ്ര നീക്കം. രാജ്യത്തെ ടെലികോം രംഗത്ത് പുതിയ മാനദണ്ഡങ്ങൾ അടുത്ത വർഷം ഒന്നുമുതൽ നിലവിൽ വരും.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോണ്‍ ഐഡിയ, ബിഎസ്എൻഎൽ എന്നിവർ ഉൾപ്പെടെയുള്ള ടെലികോം സേവനദാതാക്കൾക്ക് ഗുണകരമാകുന്ന റൈറ്റ് ഓഫ് വേ മാനദണ്ഡങ്ങൾ അടുത്തിടെ ടെലികമ്യൂണിക്കേഷൻസ് വകുപ്പു പുറത്തിറക്കിയിരുന്നു.
ഒപ്റ്റിക്കൽ ഫൈബറുകൾ, ടെലികോം ടവറുകൾ എന്നിവ സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കാൻ ഇതിലൂടെ കഴിയും എന്നാണു വിലയിരുത്തൽ. പൊതുജനങ്ങളുടെ സുരക്ഷ, സുതാര്യത എന്നിവയിലൂന്നിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
ആവശ്യമായ സർക്കാർ അനുമതികൾ ലഭ്യമാക്കുന്ന നടപടികൾ ഡിജിറ്റൽ വത്കരിക്കുക എന്ന ലക്ഷ്യവും ഇതിലൂടെ സാധ്യമാകും. ഇപ്പോൾ പല സംസ്ഥാന സർക്കാരുകളിൽനിന്നും വിവിധ അനുമതികൾ നേടണമെങ്കിൽ ഓഫ്ലൈനായി ഒരുപാട് നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്.
മുൻ ടെലികോം നയങ്ങളിലെ അവ്യക്തതയും അസ്ഥിരതയും ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനു തടസമാകുന്നതായി പരാതികളുയർന്നിരുന്നു. ഇതിനു പരിഹാരം കാണുകയെന്നതും കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമാണ്.
പുതിയ നീക്കത്തിലൂടെ കണക്റ്റിവിറ്റിയും രാജ്യത്തിന്റെ ഡിജിറ്റൽ പാതയിലെ മുന്നേറ്റവും സാധ്യമാക്കാൻ കഴിയുമെന്നാണു സേവനദാതാക്കൾ വിലയിരുത്തുന്നത്. രാജ്യത്തെ 5ജി നെറ്റ്വർക്കുകളുടെ വേഗത്തിലുള്ള വ്യാപനത്തിനടക്കം ഈ മാറ്റം ഏറെ ഗുണം ചെയ്യുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ബിഎസ്എൻഎൽ 4ജി വ്യാപനത്തിനും ഇത് ഗുണം ചെയ്യും.
നിരക്ക് വർധന: സ്വകാര്യ ടെലികോം കന്പനികളിൽ കൊഴിഞ്ഞുപോക്കു തുടരുന്നു
ഡൽഹി: നിരക്ക് വർധിപ്പിച്ചതു മുതൽ ഇന്ത്യൻ ടെലികോം മേഖലയിൽ ആരംഭിച്ച കൂടുമാറ്റം സെപ്റ്റംബറിലും തുടരുന്നതായി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകൾ. ഈ വർഷം ജൂലൈയിൽ ഇന്ത്യൻ ടെലികോം കന്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോണ്‍ ഐഡിയ എന്നീ കന്പനികൾ നിരക്ക് വർധന പ്രഖ്യാപിച്ചിരുന്നു.
ട്രായിയുടെ കണക്ക് പ്രകാരം സെപ്റ്റംബറിൽ തുടർച്ചയായ മൂന്നാം മാസവും കന്പനികൾക്ക് ഉപയോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. അതേസമയം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം ഉയർന്നു. നേരത്തേ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകൾ പുറത്തുവന്നപ്പോഴും ഇതേ ട്രെൻഡ് തന്നെയായിരുന്നു.
ട്രായിയുടെ റിപ്പോർട്ട് പ്രകാരം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) മാത്രമാണ് പുതിയതായി സെപ്റ്റംബറിൽ വയർലെസ് ഉപഭോക്താക്കളെ സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബറിൽ ഏകദേശം 8.4 ലക്ഷം വരിക്കാരെ ബിഎസ്എൻഎൽ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സെപ്റ്റംബറിൽ ജിയോയ്ക്ക് 79 ലക്ഷം വയർലെസ് ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. വോഡഫോണ്‍ ഐഡിയയ്ക്ക് 15 ലക്ഷം ഉപോഭോക്താക്കളെ നഷ്ടമായി. എയർടെലിന് 14 ലക്ഷം ഉപയോക്താക്കളാണ് കുറഞ്ഞത്.
സ്വകാര്യ കന്പനികളെ മറികടന്ന് കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎലിന് കരുത്തായത് കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകളാണ്.
വരിക്കാരുടെ എണ്ണത്തിൽ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യൻ ടെലികോം വിപണിയിൽ ഒന്നാമൻ ഇപ്പോഴും ജിയോ തന്നെയാണ്. സെപ്റ്റംബറിൽ ജിയോ 40.20% (ഓഗസ്റ്റിൽ 40.53%) വിപണിവിഹിതവുമായി ഏറ്റവും വലിയ മൊബൈൽ ഓപറേറ്ററായി തുടർന്നു, എയർടെൽ 33.24% (ഓഗസ്റ്റിൽ 33.07%), വോഡഫോണ്‍ ഐഡിയ 18.41% (ഓഗസ്റ്റിൽ 18.39%). ബിഎസ്എൻഎൽ 7.98% (ഓഗസ്റ്റിൽ 7.84%) വിപണി വിഹിതം നേടി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,300 രൂപയും പവന് 58,400 രൂപയുമായി.
എസ്ബിഐയും മുത്തൂറ്റ് മൈക്രോഫിനും കോ-ലെന്‍ഡിംഗ് സഹകരണത്തിന്
കൊച്ചി: എസ്ബിഐയുമായി ചേര്‍ന്ന് കോ-ലെന്‍ഡിംഗ് പങ്കാളിത്തത്തിന് മുന്‍നിര എന്‍ബിഎഫ്സി-എംഎഫ്ഐ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ നീക്കങ്ങളാരംഭിച്ചു.
ഇതിന്റെ ഭാഗമായി എസ്ബിഐ 500 കോടി രൂപ പരിധിയുമായി തുക അനുവദിച്ചു. 100 കോടി രൂപ വീതമുള്ള ഘട്ടങ്ങളായാകും ഇതു നല്‍കുക.
അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് 50,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെയാകും വായ്പകള്‍ നല്‍കുക. കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തനങ്ങളിലും വരുമാനമുണ്ടാക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളെയാകും (ജെഎല്‍ജി) പ്രാഥമികമായി ഇതില്‍ പരിഗണിക്കുക.
ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടം: ലാന്‍ഡ് പൂളിംഗ് ചട്ടവുമായി ബന്ധപ്പെട്ട് ശില്പശാല നടത്തി
കൊച്ചി: സംസ്ഥാന ലാന്‍ഡ് പൂളിംഗ് ചട്ടവുമായി ബന്ധപ്പെട്ട് ജിസിഡിഎയും ഇന്‍ഫോപാര്‍ക്കും സംയുക്തമായി നടത്തുന്ന ദേശീയ ശില്പശാല കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ നടന്നു.
ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിനായി ജിസിഡിഎയുമായി ചേര്‍ന്ന് ലാന്‍ഡ് പൂളിംഗ് നടത്തുന്നതിനു മുന്നോടിയായാണ് ശില്പശാല. ഇന്‍ഫോ പാര്‍ക്ക് തപസ്യ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന് പിള്ള അധ്യക്ഷത വഹിച്ചു. ഇന്‍ഫോ പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, പി.വി. ശ്രീനിജന് എംഎല്‍എ, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് ടൗണ്‍ പ്ലാനര്‍ അബ്ദുള്‍ മാലിക്, ജിസിഡിഎ സീനിയര്‍ ടൗണ്‍ പ്ലാനര്‍ എം.എം. ഷീബ, ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥ് എന്നിവര്‍ പങ്കെടുത്തു.
എറണാകുളം ജില്ലയില്‍ 300 ഏക്കറിലാകും ഇന്‍ഫോ പാര്‍ക്ക് മൂന്നാം ഘട്ട പദ്ധതി നിര്‍മിക്കുന്നത്. ലാന്‍ഡ് പൂളിംഗ് വഴിയാകും സ്ഥലം കണ്ടെത്തുക. ഇതില്‍ 100 ഏക്കര്‍ ഐടി പാര്‍ക്കിനായി മാത്രം വിനിയോഗിക്കും.
ശേഷിക്കുന്ന സ്ഥലത്ത് പാര്പ്പിടസൗകര്യങ്ങള്, വാണിജ്യ സ്ഥാപനങ്ങള്‍, കായിക-സാംസ്കാരിക സംവിധാനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ ഉണ്ടാകും. 12,000 കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം ഐടി തൊഴിലവസരവുമാണ് സര്‍ക്കാര്‍ ഇവിടെ ലക്ഷ്യമിടുന്നത്.
നിലവില്‍ 120 കമ്പനികളാണ് ഇന്‍ഫോപാര്‍ക്കില്‍ സ്ഥലം അനുവദിച്ചുകിട്ടാന്‍ കാത്തിരിക്കുന്നത്.
അസറ്റ് ജെജിടിയുടെ ആദ്യ പദ്ധതി നിര്‍മാണം തുടങ്ങി
കൊച്ചി: സിജിഎച്ച് എര്‍ത്ത് ഗ്രൂപ്പ് കമ്പനിയായ ജെജിടി ലിവിംഗ് സ്പെയ്സസിന്റെയും മുന്‍നിര ബില്ഡര്മാരിലൊന്നായ അസറ്റ് ഹോംസിന്റെയും സംയുക്ത സംരംഭമായ അസറ്റ് ജെജിടിയുടെ ആദ്യ പദ്ധതിയായ ആനന്ദമാളിക കൊച്ചി ജവഹര്‍ നഗറില്‍ നിര്‍മാണമാരംഭിച്ചു.
അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസര്മാരായ പൃഥ്വിരാജ്, ആശാ ശരത് എന്നിവര്‍ ചേര്‍ന്നാണു പ്രഖ്യാപനം നിര്‍വഹിച്ചത്.
അസറ്റ് ജെജിടി ഡയറക്ടര്‍മാരായ വി. സുനില്‍ കുമാര്‍, ജോസഫ് ഡൊമിനിക്, ജെജിടി ലിവിംഗ് സ്പെയ്സസ് എംഡി തോമസ് ഡൊമിനിക്, സിജിഎച്ച് ഡയറക്ടര്‍ ജോസ് ഡൊമിനിക്, ആര്‍ക്കിടെക്ട് ടോണി ജോസഫ്, അസറ്റ് ഹോംസ് സിഇഒ ടോണി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
3733 മുതല്‍ 3958 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള മൂന്ന്, നാല് ബെഡ്റൂമുകളുടെ 21 സൂപ്പര്‍ ലക്ഷ്വറി അപ്പാർട്ട്മെന്റുകള്‍ മാത്രമാണ് ഈ പദ്ധതിയിലുണ്ടാകുക.
തിരിച്ചുകയറി ഓഹരി വിപണി
മുംബൈ: തുടർച്ചയായ നഷ്ടങ്ങൾക്ക് ശേഷം ഓഹരി വിപണിയിൽ തിരിച്ചു വരവ്. ഇന്ന് സെൻസെക്സ് 1,900 പോയിന്റുകളിലധികവും നിഫ്റ്റി 500 പോയിന്റുകളിലധികവും ഉയർച്ച നേടി.
ധനകാര്യ കന്പനികളുടെ റാലിയും അമേരിക്കയിൽനിന്നുള്ള ശക്തമായ തൊഴിൽ കണക്കുകളുമാണ് വിപണിയെ സ്വാധീനിച്ച മറ്റു ഘടകങ്ങൾ. സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനമാണ് മുന്നേറിയത്.
വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ആഭ്യന്തര നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടാൻ തയാറായതാണ് വിപണിയെ സഹായിച്ചതെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐടിസി എൽ & ടി, ടിസിഎസ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് ഓഹരികൾ നേട്ടം ഉണ്ടാക്കി.
യുഎസിൽ ഗൗതം അദാനിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്ന വാർത്തയെ തുടർന്ന് കഴിഞ്ഞദിവസം അദാനി ഗ്രൂപ്പ് ഓഹരികളിൽ കനത്ത ഇടിവ് പ്രകടമായിരുന്നു. ഇത് കഴിഞ്ഞദിവസം ഓഹരി വിപണിയെ മൊത്തമായും ഉലയ്ക്കുകയും ചെയ്തു. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിലും ഇടിവുണ്ടായെങ്കിലും മിക്ക ഓഹരികളും ദിന മധ്യത്തോടെ 6% വരെ തിരിച്ചുകയറ്റം നടത്തി.
ആഗോള തലത്തിൽ ഓഹരി വിപണികളിലുണ്ടായ കുതിപ്പ്, പൊതുമേഖലാ ബാങ്ക് ഓഹരികളിലെ വർധിച്ച ഡിമാൻഡ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് സംബന്ധമായ പ്രതീക്ഷകൾ എന്നിവയും വിപണികൾക്ക് ഉൗർജം പകർന്നു.
ഓട്ടോസ്പോട്ട് / അരുൺ ടോം
വർഷം 2020. ഇന്ത്യൻ വിപണിയിൽ തകർന്നടിഞ്ഞു നിൽക്കുന്നു ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ. മരണമണി മുഴങ്ങിയ നിസാന്റെ അവസാന കച്ചിത്തുരുന്പായി മാഗ്നൈറ്റ് കളത്തിലിറക്കുന്നു. ഇതും വിജയിച്ചില്ലെങ്കിൽ ഇന്ത്യ വിടേണ്ട അവസ്ഥ. എന്നാൽ, പിന്നീടങ്ങോട് സംഭവിച്ചത് ചരിത്രം. ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വില കുറഞ്ഞ കോംപാക്ട് എസ്യുവികളിലൊന്നായി മാഗ്നൈറ്റ് മാറി.
ഇന്ന് നെക്സോൺ, ബ്രെസ, വെന്യു, സോണറ്റ് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ നിസാൻ ഇറക്കുന്ന തുറുപ്പു ചീട്ടാണ് മാഗ്നൈറ്റ്. 2020ന് ശേഷം ചെറിയ മാറ്റങ്ങൾ പലപ്പോഴായി വരുത്തിയെങ്കിലും ഇപ്പോഴാണ് പറയത്തക്കവിധം മുഖംമിനുക്കി മാഗ്നൈറ്റ് എത്തിയത്.
മാറ്റമില്ലാത്ത മാറ്റം
നിലവിലുള്ള ഫീച്ചറുകളിൽ ചില മാറ്റങ്ങൾ വരുത്തിയും മറ്റ് ചില പുതിയ ഫീച്ചറുകൾ ചേർത്തുമാണ് പുതിയ മാഗ്നൈറ്റ് ഫേസ്ലിഫ്റ്റ് കഴിഞ്ഞ മാസം വിപണിയിൽ ഇറക്കിയത്. വിലയിൽ മാറ്റമില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന ഘടകം. വലുപ്പം കൂടിയ ഗ്രില്ലാണ് മുന്നിലെ പ്രധാന മാറ്റം.
ഗ്രില്ലിൽ കൂടുതൽ ക്രോം, ഗ്ലോസ് ബ്ലാക്ക് എലമെന്റും നൽകിയിരിക്കുന്നു. മുന്നിൽ മാറ്റങ്ങൾ വരുത്തിയ ഹെഡ്ലാംപും എൽഇഡി ഡിആർഎല്ലും പിന്നിൽ എൽഇഡി ടെയിൽ ലാംപുകളുമാണുള്ളത്. വശങ്ങളിൽ വലിയ മാറ്റങ്ങളില്ല, പുതിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്.
വിദേശ ശൈലിയിൽ ഒരുക്കിയ കാബിൻ, സൗകര്യപ്രദമായ സ്റ്റോറേജ് സ്പെയ്സുകൾ, എർഗണോമിക് സീറ്റുകൾ, ദുർഗന്ധം-പൂപ്പൽ എന്നിവ നീക്കം ചെയ്യുന്ന പ്ലാസ്മ ക്ലസ്റ്റർ അയണൈസർ തുടങ്ങി ലോകോത്തര സൗകര്യങ്ങളാണ് വാഹനത്തിൽ ഉള്ളത്.
യാത്രികരുടെ സുരക്ഷ ഉറപ്പാക്കാൻ 52ൽ അധികം അതീവ സുരക്ഷാ ഫീച്ചറുകളുമുണ്ട്. മാഗ്നൈറ്റ് ഫേസ്ലിഫ്റ്റിന്റെ പഴയ വേരിയന്റ് പേരുകളും നിസാൻ മാറ്റി. ഇപ്പോൾ ഇത് വിസിയ, വിസിയ പ്ലസ്, അസെന്റ, എൻ-കണക്റ്റ, ടെക്ന, ടെക്ന പ്ലസ് എന്നിങ്ങനെയാണ് പേരുകൾ. ആറ് വേരിയന്റുകളായാണ് പുതിയ പതിപ്പ്.
ഉള്ള് പുതിയത്
വാഹനത്തിനുള്ളിൽ രണ്ട് പ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഒന്നാമത്തേത് കപ്പിൾ ഡിസ്റ്റൻസും മറ്റൊന്ന് ബാക്ക് സീറ്റ് നീ റൂമുമാണ്. മുന്നിലെ സീറ്റുകൾ തമ്മിലുള്ള അകലം 700 എംഎം ആക്കിയാണ് കപ്പിൾ ഡിസ്റ്റൻസ് നൽകിയിരിക്കുന്നത്. മുന്നിലെയും പിന്നിലെയും സീറ്റുകൾ തമ്മിലുള്ള അകലം 219 എംഎം ആക്കിയാണ് ബാക്ക് സീറ്റ് നീ റൂം നൽകിയിരിക്കുന്നത്.
ഓൾ ബ്ലാക്ക് തീമിന് പകരം കോപ്പർ ആൻഡ് ബ്ലാക്ക് ഫിനിഷുള്ള ഡാഷ്ബോർഡാണ് നൽകിയിരിക്കുന്നത്. ഡാഷ്ബോർഡിലും ഡോർ പാഡുകളിലും നാലു നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റുകൾ നൽകിയിട്ടുണ്ട്. ഡോർ പാഡുകൾക്കും സീറ്റ് അപ്ഹോൾസറിക്കും ഡ്യുവൽ ടോണ്‍ ഫിനിഷ് നൽകിയിരിക്കുന്നു.
എന്നാൽ, മുൻ തലമുറയിലെ ബ്ലാക്ക്, സിൽവർ ഫിനിഷുള്ള സ്റ്റിയറിംഗ് വീൽ ഓൾ ബ്ലാക്കിലേക്ക് മാറിയിട്ടുണ്ട്. പിൻ ആംറെസ്റ്റ്, സ്പ്ലിറ്റ് പിൻസീറ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, ക്രോം ഡോർ ഹാൻഡിലുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇബിഡിയും ബ്രേക്ക് അസിസ്റ്റും ഉള്ള എബിഎസ്, പവർ വിൻഡോ, ഡ്രൈവറുടെ സൗകര്യാർഥം ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ നൽകിയിരിക്കുന്നു.
ഡ്യുവൽ ടോണ്‍ ബ്രൗണ്‍-ഓറഞ്ച് ഇന്റീരിയർ, മെമ്മറി ഫംഗ്ഷനോടുകൂടിയ മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, പുഷ് ബട്ടണ്‍ സ്റ്റാർട്ട്, ആറ് സ്പീക്കറുകൾ, ഷാർക് ഫിൻ ആന്റിന, റൂഫ് റെയിലുകൾ, ബൈ-പ്രൊജക്ടർ ഹെഡ്ലാന്പുകൾ, ഹെഡ്ലാന്പുകളിൽ എൽഇഡി ടേണ്‍ ഇൻഡിക്കേറ്റർ, എൽഇഡി ഫോഗ് ലാന്പുകൾ, എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിയർ എസി വെന്റ്, അപ്ഡേറ്റഡ് 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, ഓട്ടോഡിമ്മിംഗ് റിയർവ്യൂ മിറർ, സി ടൈപ് ചാർജിംഗ് പോർട്ട്, 360 ഡിഗ്രി കാമറ, വയർലെസ് ചാർജർ, ക്രൂയിസ് കണ്ട്രോൾ എന്നിവയുമുണ്ട്. സുരക്ഷയ്ക്കായി ആറ് എയർബാഗുകളും എല്ലാ സീറ്റുകൾക്കും ത്രീ പോയിന്റ് സീറ്റ് ബെൽറ്റും നൽകിയിട്ടുണ്ട്. 60 മീറ്റർ ചുറ്റളവിൽ വാഹനം വിദൂരമായി സ്റ്റാർട്ട് ചെയ്യാൻ പുതിയ ഐ-കീയുമുണ്ട്.
ഹൃദയം പഴയത്
എൻജിനിൽ പുതിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ പതിപ്പ് ഇറക്കിയത്. മുൻപത്തെ മോഡലിന് സമാനമായി 1 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനും 1.0 ലിറ്റർ ടർബോ-പെട്രോൾ എൻജിനുമാണ് നിസാൻ മാഗ്നൈറ്റ് ഫേസ്ലിഫ്റ്റിൽ നൽകിയിരിക്കുന്നത്.
72 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കും നൽകുന്നതാണ് പെട്രോൾ എൻജിൻ. അതേസമയം, ടർബോ-പെട്രോൾ എൻജിൻ 100 ബിഎച്ച്പി കരുത്തും 160 എൻഎം ടോർക്കും നൽകുന്നുണ്ട്. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് രണ്ട് എൻജിനുകളിലും ലഭ്യമാണ്.
നാച്ചുറലി ആസ്പിരേറ്റഡ് എൻജിന് ഓപ്ഷണൽ 5-സ്പീഡ് എഎംടി ലഭിക്കും. ടർബോ-പെട്രോൾ എൻജിന് സിവിടി ഓപ്ഷനും ലഭിക്കും. നാച്ചുറലി ആസ്പിരേറ്റഡ് എൻജിൻ എല്ലാ വേരിയന്റുകളിലും ലഭ്യമാകുമെങ്കിലും ടർബോ-പെട്രോൾ എൻജിൻ അസെന്റയിൽ ആയിരിക്കും ലഭ്യമാകുക.
പൂർണമായും ചെന്നൈയിലെ പ്ലാന്റിൽ നിർമിക്കുന്ന മാഗ്നൈറ്റ് ഫേസ്ലിഫ്റ്റ് റൈറ്റ് ഹാൻഡ് ഡ്രൈവ്, ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് രീതിയിൽ മാറ്റംവരുത്തി 65ലധികം രാജ്യങ്ങളിലേക്കാണ് നിസാൻ കയറ്റുമതി ചെയ്യാൻ പോകുന്നത്.
ആക്സിസ് മൊമെന്റം ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ട് മൊമെന്റം തീം പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് മൊമെന്റം ഫണ്ട് അവതരിപ്പിച്ചു.
ഡിസംബര്‍ ആറു വരെയാണ് പുതിയ ഫണ്ട് ഓഫര്‍ കാലാവധി. കുറഞ്ഞത് 100 രൂപയാണ് അപേക്ഷാത്തുക. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.
നിഫ്റ്റി 500 ടിആര്‍ഐ ആണ് അടിസ്ഥാന സൂചിക. മൊമെന്റം തീം അടിസ്ഥാനമാക്കി ഓഹരി, ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ വഴി ദീര്‍ഘകാല മൂലധന നേട്ടം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൊച്ചി: ഏജിസ് വോപാക് ടെര്‍മിനല്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് കരട് രേഖ സമര്‍പ്പിച്ചു.
ഓഹരി ഒന്നിന് പത്തു രൂപ വീതം മുഖവിലയുള്ള 3,500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യുടിഐ ഫണ്ട് ആസ്തികള്‍ 3900 കടന്നു
കൊച്ചി: യുടിഐ ലാര്‍ജ് ആൻഡ് മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 3,900 കോടി രൂപ കടന്നതായി അധികൃതർ അറിയിച്ചു.
ഫണ്ടിന്റെ ഏകദേശം 48 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലും 39 ശതമാനം മിഡ് ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് സ്മോള്‍ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 7,225 രൂപയും പവന് 57,800 രൂപയുമായി.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,960 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78.5 ലക്ഷം രൂപ കടന്നു.
നിലവിലെ വിലയനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും മൂന്നു ശതമാനം ജിഎസ്ടിയും എച്ച്യുഐഡി നിരക്കും ചേര്‍ത്താല്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 62,850 രൂപ വേണ്ടിവരും.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇടിഞ്ഞു
മുംബൈ: അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിക്കെതിരേ ഉയർന്ന കൈക്കൂലി കേസിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഏഴു കന്പനികളുടെ ഓഹരികളിൽ വലിയ ഇടിവുണ്ടായി. അദാനി ഗ്രൂപ്പിനുണ്ടായ ഇടിവ് ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചു. 20 ശതമാനത്തിലേറെയാണ് ഇന്നലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഇടിവുണ്ടായത്.
2023ൽ ഹിൻഡെൻബർഗിന്റെ ആരോപണങ്ങൾ പുറത്തുവന്നശേഷം അദാനി ഗ്രൂപ്പ് നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇന്നലെയുണ്ടായത്. ഇന്നലെ 2.60 ലക്ഷം കോടി മുതൽ 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്.
69.8 ബില്യണ്‍ ഡോളറായിരുന്ന അദാനിയുടെ സന്പത്ത് ഇപ്പോൾ 58.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഒരു ദിവസംകൊണ്ട് ഫോർബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 22-ാം സ്ഥാനത്തുനിന്നും 25-ാം സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിച്ചു.
ഗ്രൂപ്പിന്റെ പ്രധാന കന്പനിയായ അദാനി എന്റപ്രൈസസ് 22.61 ശതമാനം ഇടിഞ്ഞ് 2182.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി എനർജി സൊലൂഷൻസ് 20 ശതമാനവും ഇടിഞ്ഞു. കേസിൽ ഉൾപ്പെട്ടിരിക്കുന്ന അദാനി ഗ്രീൻ എനർജി 18.90 ശതമാനം നഷ്ടത്തിൽ 1145.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അദാനി ടോട്ടൽ ഗ്യാസ് 10.40 ശതമാനത്തിലേക്ക് താഴ്ന്ന് 602.35 രൂപയിലും അദാനി പവർ 9.15 ശതമാനം താഴ്ന്ന് 476.15ലും അദാനി പോർട്ട് 13.53 ശതമാനം ഇടിഞ്ഞ് 1114.70 രൂപയിലും ക്ലോസ് ചെയ്തു. അദാനി വിൽമാർ 9.98 ശതമാനം നഷ്ടത്തിൽ 294.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കൂടാതെ അദാനി ഗ്രൂപ്പിന് വലിയ നിക്ഷേപമുള്ള അംബുജ സിമെന്റ്, എസിസി സിമെന്റ് എന്നിവയുടെ ഓഹരികളും നഷ്ടത്തിലായി. അംബുജ സിമന്റ്സിന്റെ ഓഹരി 65.85 രൂപ (11.98 %) ഇടിഞ്ഞ് 483.75 രൂപയിലും എസിസി ലിമിറ്റഡ് 159.25 രൂപ (7.29%) നഷ്ടത്തിൽ 2025.80 രൂപയിലും വ്യാപാരം അവസാനിപ്പിച്ചു. എൻഡിടിവിയുടെ ഓഹരി 0.06 ശതമാനത്തിന്റെ താഴ്ചയിൽ 169.25 രൂപയിൽ ക്ലോസ് ചെയ്തു.
എൽഐസിക്കു വലിയ നഷ്ടം
അദാനി ഓഹരികളുടെ തകർച്ചയിൽ രാജ്യത്തെ വൻകിട നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി)ക്ക് നഷ്ടമായത് 8500 കോടിയിലേറെ രൂപ.
യുഎസിലെ കൈക്കൂലി-തട്ടിപ്പ് കേസിലെ കുറ്റാരോപണത്തെ തുടർന്ന് അദാനി ഓഹരികളിൽ ഇന്നലെയുണ്ടായ തിരിച്ചടിയിലാണ് ഇത്രയും മൂല്യമിടിവ് ഉണ്ടായത്. കഴിഞ്ഞ സെപ്റ്റംബറിലെ കണക്ക് പ്രകാരം അദാനി ഗ്രൂപ്പിലെ ഏഴ് കന്പനികളിലാണ് എൽഐസിക്ക് നിക്ഷേപമുള്ളത്.
അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊലൂഷൻസ്, അദാനി ടോട്ടൽ ഗ്യാസ്, എസിസി, അംബുജ സിമന്റ്സ് എന്നിവയാണവ. ഈ കന്പനികളിൽ എൽഐസിക്കു മൊത്തം 1.36 മുതൽ 7.86 ശതമാനം വരെ നിക്ഷേപമുണ്ട്.
ഫ്ലിപ്കാർട്ടിന് എഐ വീഡിയോ ഒരുക്കാൻ മലയാളി സ്റ്റാർട്ടപ്പ്
പുനലൂർ: ഫ്ലിപ്കാർട്ടിലെ ഉത്പന്നങ്ങൾക്ക് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ പഴ്സനലൈസ്ഡ് വീഡിയോകൾ സൃഷ്ടിക്കാൻ മലയാളി സ്റ്റാർട്ടപ് ആയ സ്റ്റോറിബ്രെയിൻ.
പുതിയ ആശയങ്ങൾ നടപ്പാക്കുന്നതിനായി ഫ്ലിപ്കാർട് നടത്തുന്ന ലീപ് ഇന്നവേഷൻ നെറ്റ്വർക്കിന്റെ (എഫ്എൽഐഎൻ) ഭാഗമായി ഇക്കൊല്ലം സ്റ്റോറിബ്രെയിൻ അടക്കം അഞ്ച് സ്റ്റാർട്ടപ്പുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ഞൂറിലേറെ അപേക്ഷകരുണ്ടായിരുന്നു.
തിരുവനന്തപുരം സ്വദേശികളായ ജിക്കു ജോസ്, ജിബിൻ മാത്യു എന്നിവർ ചേർന്ന് 2019ൽ സിംഗപ്പുരിൽ ആരംഭിച്ച കമ്പനിയാണ് സ്റ്റോറിബ്രെയിൻ. വിരസമായ ഇ-കൊമേഴ്സ് പ്രോഡക്ട് പേജുകൾ എഐയുടെ സഹായത്തോടെ വീഡിയോ ജനറേറ്റ് ചെയ്ത് ആകർഷകമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ ചില സ്ഥലങ്ങളിൽ സ്റ്റോറിബ്രെയ്നിന്റെ സഹായത്തോടെ ഫ്ലിപ്കാർട് പരീക്ഷണം നടത്തുന്നുണ്ട്.
ഓരോ ഉപയോക്താവിന്റെയും വാങ്ങൽ രീതിയും ഹിസ്റ്ററിയും അനുസരിച്ച് വെവേറേ വീഡിയോ ചെയ്യുവാനും സ്റ്റോറി ബ്രെയിനിന്റെ ജനറേറ്റീവ് എഐയ്ക്ക് കഴിയും.കഴിഞ്ഞ മാസം സിംഗപ്പുരിലെ ടോപ് 25 എ ഐ സ്റ്റാർട്ടപ്പ്കളിൽ ഒന്നായി സ്റ്റോറിബ്രെയിനിനെ ഗൂഗിൾ തെരഞ്ഞെടുത്തിരുന്നു.
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. എട്ടു പൈസ താഴ്ന്ന് 84.50 രൂപയെന്ന ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.
ഓഹരി വിപണികളിലുണ്ടായ നഷ്ടം, വിദേശ നിക്ഷേപകരുടെ പിൻവലിക്കൽ, ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം എന്നിവയാണ് രൂപയെ തളർത്തിയത്. ചൊവ്വാഴ്ച ഡോളറിനെതിരേ രൂപ 84.42ലേക്ക് ഉയർന്നിരുന്നു.
യുഎഇ ദിർഹത്തിനെതിരേ രൂപയുടെ മൂല്യം റിക്കാർഡ് തകർച്ചയിലെത്തി. വിനിമയ നിരക്ക് ഒരു ദിർഹം 23.0047 രൂപയിലെത്തി.
ബന്ധന് മ്യൂച്വല്‍ ഫണ്ട് അവതരിപ്പിച്ചു
തിരുവനന്തപുരം: നിഫ്റ്റി 200 ഗണത്തില്‍ ഉള്‍പ്പെട്ട ഉയര്‍ന്ന മൂല്യമുള്ള 30 കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാവുന്ന മികച്ച വരുമാനം നല്കുന്ന നിക്ഷേപ പദ്ധതി ബന്ധന് മ്യൂച്വല്‍ ഫണ്ട് അവതരിപ്പിച്ചു.
പുതിയ നിഫ്റ്റി 200 ക്വാളിറ്റി 30 ഇന്‍ഡെക്സ് ഫണ്ടില്‍ നവംബര്‍ 29 വരെ നിക്ഷേപിക്കാം. ഓഹരി വരുമാനം, കടംഓഹരി അനുപാതം, പ്രതി ഓഹരി വരുമാനം തുടങ്ങിയ വിവിധ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച പ്രകടനം നടത്തുന്ന 30 കമ്പനികളുടെ ഓഹരികള്‍ ഈ ഫണ്ടിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച ഫണ്ടാണിതെന്ന് ബന്ധന് എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7,145 രൂപയും പവന് 57,160 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,890 രൂപയായി.
അയ്യായിരത്തിലേറെ അവസരങ്ങളുമായി മണപ്പുറം ഗ്രൂപ്പ്
തൃശൂർ: തൊഴിലന്വേഷകർക്ക് അയ്യായിരത്തിലധികം തൊഴിലവസരങ്ങളൊരുക്കി മണപ്പുറം ഗ്രൂപ്പ്. രാജ്യത്തുടനീളം ഗ്രൂപ്പിനു കീഴിലുള്ള മണപ്പുറം ഫിനാൻസ്, ആശീർവാദ് മൈക്രോഫിനാൻസ്, മറ്റ് ഉപ സ്ഥാപനങ്ങൾ എന്നിവയിലാണ് അവസരങ്ങൾ.
വിവിധ തസ്തികകളിലേക്ക് 21നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https:// www.manappuram.com/careers കാണുക.
സ്വർണപ്പണയ സംവിധാനത്തിൽ മാറ്റം?
മുംബൈ: സ്വർണപ്പണയ സംവിധാനത്തിൽ മാറ്റമുണ്ടായേക്കും. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സ്വർണപ്പണയവായ് പ പ്രതിമാസ തിരിച്ചടവ് സംവിധാനത്തിലാക്കാനാണ് നീക്കം നടത്തുന്നത്.
രാജ്യത്തെ പല ബാങ്കിംഗ് സ്ഥാപനങ്ങളും സ്വർണപ്പണയം വായ്പ നൽകുന്നതിൽ ചട്ടങ്ങൾ പാലിക്കുന്നില്ല എന്ന റിസർവ് ബാങ്കിന്റെ കണ്ടെത്തലിനെ തുടർന്നാണ് ബാങ്കിംഗ് സ്ഥാപനങ്ങൾ രീതി മാറ്റാനായി ഒരുങ്ങുന്നത്. രാജ്യത്ത് സ്വർണപ്പണയവായ്പ കുത്തനെ ഉയർന്നതിലും റിസർവ് ബാങ്ക് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വായ്പ അനുവദിച്ചാലുടൻ, ധനകാര്യ സ്ഥാപനങ്ങൾക്ക് ഉപഭോക്താക്കളോട് പലിശയും മുതലും തുല്യമായ പ്രതിമാസ തവണകളായി (ഇഎംഐ) അടയ്ക്കാൻ ആവശ്യപ്പെടാം. ഇഎംഐ സംവിധാനം മാത്രം അനുവദിക്കുന്നതോടെ, സ്വർണപ്പണയവായ്പകൾ പൂർണമായും ടേം ലോണ്‍ ആയി മാറും. അതായത്, മറ്റ് വായ്പകൾ തിരിച്ചടയ്ക്കുന്നതുപോലെ പ്രതിമാസ തവണകളായി മുതലും പലിശയും തിരിച്ചടയ്ക്കണം.
നിലവിലും ഈ സംവിധാനമുണ്ടെങ്കിലും മിക്ക ഇടപാടുകാരും അവസാനനിമിഷം പുതുക്കിവയ്ക്കുകയോ പണയപ്പണ്ടം തിരിച്ചെടുക്കുകയോ ചെയ്യുന്ന പ്രവണതയാണുള്ളത്. പുതിയ രീതിയിലേക്ക് സ്വർണപ്പണയവായ്പാ രീതി മാറുന്പോൾ ഇഎംഐ തുക പ്രതിമാസം തിരിച്ചടയ്ക്കാനുള്ള ശേഷി വായ്പ എടുക്കുന്നയാൾക്ക് ഉണ്ടോ എന്നുള്ള കാര്യം ബാങ്കുകൾ പരിശോധിക്കേണ്ടതായി വരും.
സ്വർണവായ്പാവിതരണത്തിൽ കെവൈസി ചട്ടം, കാഷ് പരിധി, എൽടിവി നിബന്ധന, പരിശുദ്ധി പരിശോധന തുടങ്ങിയവ പാലിക്കുന്നതിൽ ചില ധനകാര്യസ്ഥാപനങ്ങൾ വീഴ്ചവരുത്തുന്നുണ്ടെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. വായ്പാത്തുക കരാർ ലംഘിച്ച് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ വീഴ്ചകളായിരുന്നു റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നത്.
സ്വർണപ്പണയ വായ്പ തിരിച്ചടവ് ഇഎംഐ രീതിയിലേക്ക് മാറുന്പോൾ ലോണുകൾക്ക് നിശ്ചിത തിരിച്ചടവ് കാലാവധി ഉണ്ടായിരിക്കും. ഈ കാലയളവിനുള്ളിൽ നിശ്ചിത തുക പ്രതിമാസം അടച്ച് ലോണ്‍ തുക പൂർത്തീകരിക്കാൻ കഴിയുന്നതാണ്.
നിലവിൽ ഭൂരിഭാഗം പേരും അവസാന നിമിഷം പുതുക്കിവയ്ക്കുകയോ പണയപ്പണ്ടം തിരിച്ചെടുക്കുകയോ ആണ് ചെയ്യുന്നത്. ഇഎംഐ പ്രതിബന്ധങ്ങളൊന്നുമില്ലാതെ കാലാവധി അവസാനിക്കുന്പോൾ മുഴുവൻ തുകയും അടച്ച് വായ്പ തീർപ്പാക്കുന്ന ബുള്ളറ്റ് സംവിധാനം വായ്പ നൽകുന്നവർ നൽകാറുണ്ട്. കൂടാതെ വായ്പാ കാലാവധിക്കു മുന്‍പുതന്നെ പണമുള്ളപ്പോൾ മുതലും പലിശയും അടച്ചു തീർക്കുന്ന സൗകര്യങ്ങളുമുണ്ട്.
സെപ്റ്റംബർ 30 വരെ 1.4 ലക്ഷം കോടി രൂപ ജൂവലറി വായ്പയായി ബാങ്കുകൾ വിതരണം ചെയ്തതായി ആർബിഐയുടെ റിപ്പോർട്ടിൽ പറയുന്നു. 51 ശതമാനത്തിന്റെ ഉയർച്ചയാണിത്. ഒരു വർഷം മുന്‍പ് 14.6 ശതമാനം ഉയർച്ചയായിരുന്നു.
8,499 രൂപയ്ക്ക് 5ജി സ്മാർട്ട്ഫോൺ
ന്യൂഡൽഹി: ചൈനീസ് ബ്രാൻഡായ റെഡ്മി അവരുടെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണായ റെഡ്മി എ4 5ജി ഇന്ത്യയിൽ പുറത്തിറക്കി. 10,000 രൂപയിൽ താഴെ വില മാത്രമുള്ള ബജറ്റ് ഫ്രണ്ട്ലി വിഭാഗത്തിൽ ഉൾപ്പെടുന്ന സ്മാർട്ട്ഫോണ്‍ ആണിത്.
6.88 ഇഞ്ച് എൽസിഡി എച്ച്ഡി+ സ്ക്രീനിൽ വരുന്ന ഫോണിന്റെ റിഫ്രഷ് റേറ്റ് 120Hz ആണ്. സ്നാപ്ഡ്രാഗണ്‍ 4എസ് 2 ചിപ്പിനൊപ്പം വരുന്നത് 4 ജിബി റാം. 5,160 എംഎഎച്ചിന്റെ മികച്ച ബാറ്ററിക്കൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത് 18 വാട്സ് ചാർജറും. 50 മെഗാപിക്സലിന്റെ പ്രൈമറി കാമറ, മറ്റൊരു സെക്കൻഡറി കാമറ, 5 എംപിയുടെ സെൽഫി കാമറ എന്നിവ റെഡ്മി എ4 5ജിയിലുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസിൽ ആണ് റെഡ്മി എ4 5ജിയുടെ പ്രവർത്തനം. 2 വർഷത്തെ സോഫ്റ്റ്വേർ അപ്ഡേറ്റുകളും നാലു വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിരിക്കുന്നു. 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നീ ഫീച്ചറുകളുമുണ്ട്.
റെഡ്മി എ4 5ജി ഫോണിന് രണ്ട് വേരിയന്റുകളാണുള്ളത്. 4GB + 64GB സ്റ്റോറേജുള്ള ഫോണിന് 8,499 രൂപയാണ് വില. 4GB + 128GB സ്റ്റോറേജുള്ള സ്മാർട്ട്ഫോണിന് 9,499 രൂപയുമാണ്. ആമസോണ്‍, Mi.com, Xiomi റീട്ടെയിൽ സ്റ്റോറുകളിലൂടെയായിരിക്കും വിൽപന.
ഫോണ്‍ വാങ്ങാൻ നവംബർ 27 വരെ കാത്തിരിക്കണം. അന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോണ്‍ ലഭ്യമാകും. രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോണുള്ളത്. സ്റ്റാറി ബ്ലാക്ക്, സ്പാർക്കിൾ പർപ്പിൾ എന്നീ നിറങ്ങളിൽ സ്മാർട്ഫോണ്‍ വാങ്ങാം.
പൗള്‍ട്രി ഇന്ത്യ എക്സ്പോ 27 മുതല്‍
കൊച്ചി: പൗള്‍ട്രി ഇന്ത്യ എക്സ്പോ 27 മുതല്‍ 29 വരെ ഹൈദരാബാദ് ഹൈടെക്സ് ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കും.
അണ്‍ലോക്കിംഗ് പൗള്‍ട്രി പൊട്ടന്‍ഷ്യല്‍ എന്നതാണ് ഈ വര്‍ഷത്തെ പൗള്‍ട്രി ഇന്ത്യ എക്സ്പോയുടെ പ്രമേയം. ഇന്ത്യയുൾപ്പടെ 50 രാജ്യങ്ങളില്‍നിന്നു പൗള്‍ട്രി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 400 ലധികം കമ്പനികള്‍ എക്സിബിഷനില്‍ പങ്കെടുക്കും.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7,115 രൂപയും പവന് 56,920 രൂപയുമായി.
എജി ആന്‍ഡ് പി പ്രഥം അഞ്ച് സിഎൻജി സ്റ്റേഷനുകൾ തുടങ്ങും
തിരുവനന്തപുരം: ഇന്ത്യയിലെ സിറ്റി ഗ്യാസ് വിതരണ ഏജൻസിയായ എജി ആന്‍ഡ് പി പ്രഥം തിരുവനന്തപുരത്ത് അഞ്ചു പുതിയ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) സ്റ്റേഷനുകൾ ഈ വർഷം ഡിസംബറോടെ ആരംഭിക്കും.
ഇതോടെ മേഖലയിലെ സിഎൻജി സ്റ്റേഷനുകളുടെ എണ്ണം 44 ആയി ഉയരും. ഗാർഹിക, വാണിജ്യ, വ്യവസായ മേഖലകൾക്കായി പൈപ്പ് വഴി പ്രകൃതിവാതകം (പിഎൻജി) എത്തിക്കുന്നതോടൊപ്പം തിരുവനന്തപുരത്തിന്റെ ഇന്ധന ആവശ്യങ്ങൾക്ക് വൈവിധ്യമാർന്ന ഒരു പരിഹാരവും ലക്ഷ്യമിട്ടുള്ള സേവനങ്ങളാണ് എജി ആന്‍ഡ് പി പ്രഥം നടത്തുന്നത്.
തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ എജി ആന്‍ഡ് പി പ്രഥമിന്റെ ലിക്വിഡ് സിഎൻജി സ്റ്റേഷൻ നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. അടുത്തതു തോന്നയ്ക്കലിൽ ആരംഭിക്കാനുള്ള നടപടികൾ നടക്കുകയാണ്.