അയർലൻഡ്-കൊച്ചി നേരിട്ടുള്ള വിമാനസർവീസിന് കളമൊരുങ്ങുന്നു
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: അയർലൻഡിൽനിന്നു കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസർവീസിന് കളമൊരുങ്ങുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽനിന്നു നെടുമ്പാശേരിയിലേക്ക് നേരിട്ടുള്ള പുതിയ സർവീസിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
അയർലൻഡിലെ ആദ്യ മലയാളി മേയർ ബേബി പെരേപ്പാടനാണ് ഈ നീക്കത്തിനു പിന്നിൽ. അയർലൻഡിലെ അരലക്ഷത്തിലേറെ മലയാളികളുടെ ചിരകാലസ്വപ്നമാണ് നേരിട്ടുള്ള വിമാനസർവീസെന്ന് ഭരണകക്ഷിയായ ഫിനഗേൽ പാർട്ടി നേതാവുകൂടിയായ മേയർ ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച് ബേബി പെരേപ്പാടൻ സിയാൽ എംഡി എസ്. സുഹാസുമായും അയർലൻഡ് എയർപോർട്ട് അഥോറിറ്റി ഏവിയേഷൻ ബിസിനസ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് ഓവിൻ മിക്ഗ്ലോക്ലിനുമായും ചർച്ചകൾ നടത്തി.
എയർ ഇന്ത്യ, ഐറിഷ് വിമാന കമ്പനിയായ എയർലിംഗസ് എന്നിവരുമായും ചർച്ചകൾ നടത്തിവരികയാണെന്ന് ബേബി പെരേപ്പാടൻ പറഞ്ഞു. ഇന്ത്യയിലെ ഐറിഷ് അംബാസഡർ കെവിൻ കെല്ലി നേരിട്ടുള്ള വിമാന സർവീസുമായി ബന്ധപ്പെട്ട ശിപാർശ ഡബ്ലിൻ എയർപോർട്ട് അഥോറിറ്റിക്കു കൈമാറിയിട്ടുണ്ട്.
കൊച്ചിയിൽനിന്നു മാത്രം ശരാശരി പ്രതിദിനം 118 പേർ ഡബ്ലിനിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അയർലൻഡിൽനിന്നു നിത്യേന ശരാശരി 250ലേറെപ്പേരാണ് കേരളത്തിലെത്താൻ വിവിധ വിമാനത്താവളങ്ങൾ വഴി ഭീമമായ നിരക്ക് നൽകി യാത്ര ചെയ്യുന്നത്.
14 മുതൽ 18 മണിക്കൂർ വരെയാണ് ഇപ്പോൾ യാത്രാസമയം. നേരിട്ടുള്ള സർവീസ് വന്നാൽ ഒമ്പതു മുതൽ 10 മണിക്കൂർകൊണ്ട് കേരളത്തിലെത്താനാവും. നിരക്കിലും കുറവുണ്ടാകും.തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസ് എന്ന നിർദേശമാണ് മുന്നോട്ടു വച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലും ഹിസ്ബുള്ളയും യുദ്ധം നിർത്തി
ബെയ്റൂട്ട്: ഇസ്രയേലും ഹിസ്ബുള്ള ഭീകരരും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിലായി. അമേരിക്കയും ഫ്രാൻസും മുൻകൈയെടുത്തുണ്ടാക്കിയ കരാർ ഇസ്രയേലും ഹിസ്ബുള്ളയും അംഗീകരിക്കുകയായിരുന്നു. ഒരുവർഷത്തിലധികമായി തുടരുന്ന പശ്ചിമേഷ്യാ സംഘർഷത്തിൽ നയതന്ത്രം വിജയം കാണുന്ന അപൂർവ സംഭവവുമായി ഇത്.
ബുധനാഴ്ച പുലർച്ചെ നാലിനു വെടിനിർത്തൽ പ്രാബല്യത്തിലായി. ഇസ്രേലി സേന രണ്ടു മാസത്തിനുള്ളിൽ ഘട്ടംഘട്ടമായി തെക്കൻ ലബനനിൽനിന്നു പിന്മാറുമെന്ന്, വെടിനിർത്തൽ തീരുമാനം വൈറ്റ്ഹൗസിൽ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇസ്രേലി സേനയ്ക്കു പകരം ലബനീസ് സേന ഇവിടത്തെ നിയന്ത്രണം ഏറ്റെടുക്കും. മേഖലയിൽ ഹിസ്ബുള്ള ശക്തിപ്രാപിക്കില്ലെന്ന് ഉറപ്പുവരുത്തും.
സംഘർഷം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ള കരാറാണിതെന്ന് ബൈഡൻ വ്യക്തമാക്കി. ഇസ്രയേലും സൗദിയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാനുള്ള സാധ്യതയുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ഇസ്രേലി ആക്രമണങ്ങളെത്തുടർന്ന് തെക്കൻ ലബനനിൽനിന്നു പലായനം ചെയ്തവർ വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്നു സ്വദേശങ്ങളിലേക്കു മടങ്ങാനാരംഭിച്ചു. ഇസ്രേലി സേന പിന്മാറുന്നതുവരെ ജനങ്ങൾ അതിർത്തിഗ്രാമങ്ങളിലേക്കു മടങ്ങരുതെന്നു ലബനീസ് സേന ആവശ്യപ്പെട്ടു.
വെടിനിർത്തിയ ശേഷവും ഹിസ്ബുള്ള ഭീകരർ അതിർത്തിപ്രദേശങ്ങളിലെത്താൻ ശ്രമിച്ചതായി ഇസ്രയേൽ ഇന്നലെ ആരോപിച്ചു. ഇവർക്കു നേരേ ഇസ്രേലി സേന വെടിയുതിർത്തു.
ഈജിപ്തും ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ഇറാനും വെടിനിർത്തലിനെ സ്വാഗതം ചെയ്തു. വെടിനിർത്തലുണ്ടായതോടെ ഇറാന്റെ ഭീഷണി നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഹമാസ് ഭീകരർ ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ 2023 ഒക്ടോബർ ഏഴിനു പിറ്റേന്നാണു ലബനനിലെ ഹിസ്ബുള്ളകൾ ഇസ്രയേലിനെ ആക്രമിക്കാൻ തുടങ്ങിയത്. ഇതേത്തുടർന്ന് അതിർത്തിപ്രദേശങ്ങളിലെ 60,000 ഇസ്രേലികളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു.
ഈ വർഷം ഒക്ടോബർ ഒന്നിന് ഇസ്രേലി സേന ലബനനിൽ കരയാക്രമണം തുടങ്ങി. ഇസ്രേലി സേനയുടെ തിരിച്ചടിയിൽ ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള അടക്കം 3,823 പേർ കൊല്ലപ്പെടുകയും 15,859 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
പത്തു ലക്ഷം ലബനീസ് പൗരന്മാർക്കു പലായനം ചെയ്യേണ്ടിവന്നു. തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന തെക്കൻ ലബനനിലും വ്യാപകമായ നാശനഷ്ടമുണ്ടായി.
വെടിനിർത്തൽ ഗാസയിലും വേണമെന്ന് ഹമാസ്
കയ്റോ: ലബനനിലെ വെടിനിർത്തൽ ഗാസയിലെ വെടിനിർത്തലിനു വഴിയൊരുക്കുമെന്നു പ്രത്യാശിച്ച് ഹമാസ് ഭീകരസംഘടന. ഗാസയിൽ വെടിനിർത്തലിനു സന്നദ്ധമാണെന്നു ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. വെടിനിർത്തലിനുള്ള ഏതു ശ്രമങ്ങളിലും സഹകരിക്കും. ഗാസ യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കണം.
ഇസ്രേലി സേന ഗാസയിൽനിന്നു പിന്മാറണം. ഗാസ നിവാസികൾക്ക് അവരുടെ സ്വദേശങ്ങളിൽ തിരിച്ചെത്താൻ കഴിയണം. ബന്ദികളെ വിട്ടയയ്ക്കുന്നതിനു പകരം പലസ്തീൻ തടവുകാരെ ഇസ്രേലി ജയിലുകളിൽനിന്നു മോചിപ്പിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങളുടെ സംരക്ഷണത്തിനായി ഇസ്രയേലുമായി വെടിനിർത്തലുണ്ടാക്കിയ ഹിസ്ബുള്ളയെയും ലബനീസ് സർക്കാരിനെയും മാനിക്കുന്നതായി ഹമാസ് നേതാവ് സമി അബു സുഹ്റി പറഞ്ഞു. ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവാണു വെടിനിർത്തലിനു തടസമെന്നും സുഹ്റി ആരോപിച്ചു.
ഗാസയിൽ വെടിനിർത്തലിനു ശ്രമം തുടരുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
ചൈനീസ് പ്രതിരോധമന്ത്രിക്ക് എതിരേ അഴിമതി അന്വേഷണം
ബെയ്ജിംഗ്: ചൈനീസ് പ്രതിരോധമന്ത്രി ഡോംഗ് ജുൻ അഴിമതിയന്വേഷണം നേരിടുന്നതായി റിപ്പോർട്ട്. ചൈനീസ് വിദേശകാര്യമന്ത്രാലയമോ പ്രതിരോധ മന്ത്രാലയമോ വിഷയത്തിൽ പ്രതികരണത്തിനു തയാറായിട്ടില്ല.
നാവികസേനാ മേധാവിയായിരുന്ന ഡോംഗ് 2023 ഡിസംബറിലാണ് പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ മുന്‍പ് പ്രതിരോധ മന്ത്രിമാരായിരുന്ന ലി ഷാംഗ്ഫുവും വെയ് ഫെംഗെയും അഴിമതിയാരോപണത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടതാണ്. ലി ഏഴു മാസം മാത്രമാണു പദവിയിലുണ്ടായിരുന്നത്.
ഇതിനുശേഷം നിയമിക്കപ്പെട്ട ഡോംഗിനെ പരമോന്നത പട്ടാളസമിതിയായ സെൻട്രൽ മിലിട്ടറി കമ്മീഷനിലോ കാബിനറ്റിനു തുല്യമായ സ്റ്റേറ്റ് കൗൺസിലിലോ ഉൾപ്പെടുത്തിയിരുന്നില്ല.
പട്ടാളത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മുതൽ ശക്തമായ നടപടികൾ ചൈനീസ് സർക്കാർ സ്വീകരിക്കുന്നുണ്ട്. ഒന്‍പതു ജനറൽമാർ പദവിയിൽനിന്നു നീക്കം ചെയ്യപ്പെട്ടു.
ഇമ്രാൻ അനുകൂലികൾ പ്രക്ഷോഭം അവസാനിപ്പിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അവസാനിപ്പിച്ചതായി അദ്ദേഹത്തിന്റെ തെഹ്രിക് ഇ ഇൻസാഫ് (പിടിഐ) പാർട്ടി അറിയിച്ചു.
ചൊവ്വാഴ്ച അർധരാത്രി പോലീസും അർധസൈന്യവും വൻ റെയ്ഡ് നടത്തി പ്രക്ഷോഭകരെ തുരത്തിയിരുന്നു. നൂറുകണക്കിനു പേരെ അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജയിലിൽ അടയ്ക്കപ്പെട്ട ഇമ്രാൻ ഖാനെ മോചിപ്പിക്കാനായി ഞായറാഴ്ചയാണു പ്രക്ഷോഭം തുടങ്ങിയത്. പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽനിന്നു കൂട്ടമായെത്തിയ പിടിഐ പ്രവർത്തകർ പാർലമെന്റ് മന്ദിരം സ്ഥിതിചെയ്യുന്ന റെഡ് സോണിൽ കുത്തിയിരിപ്പു സമരം നടത്തുകയായിരുന്നു.
ചൊവ്വാഴ്ചത്തെ സംഘർഷങ്ങളിൽ നാല് അർധസൈനികരും രണ്ടു പിടിഐ പ്രവർത്തകരും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണു പ്രക്ഷോഭകരെ തുരത്താൻ രാത്രി റെയ്ഡുണ്ടായത്.
ഇന്നലെ രാവിലെ സമരമേഖല വിജനമായി. സമരമേഖല സന്ദർശിച്ച പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി, പോലീസിനെയും പട്ടാളത്തെയും അഭിനന്ദിച്ചു.
ഇമ്രാന്റെ ഭാര്യ ബുഷ്റ ബീബിയും സമരത്തിൽ പങ്കെടുത്തു. ബുഷ്റ സഞ്ചരിച്ചിരുന്ന ട്രക്ക് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടു.
സമരത്തിനു നേതൃത്വം നല്കിയ ഖൈബർ പക്തൂൺഖ്വാ മുഖ്യമന്ത്രി അലി അമീൻ ഗണ്ടാപുർ സുരക്ഷിതമായി പ്രവിശ്യയിൽ മടങ്ങിയെത്തി.
മ്യാൻമർ പട്ടാളമേധാവിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണം: ഐസിസി പ്രോസിക്യൂട്ടർ
ദ ഹേഗ്: രോഹിംഗ്യൻ മുസ്ലിംകൾക്കെതിരായ പീഡനത്തിന്റെ പേരിൽ മ്യാൻമറിലെ പട്ടാള നേതാവ് മിൻ ഓംഗ് ലെയിംഗിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് (ഐസിസി) പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.
സൈനികനേതാവ് മനുഷ്യരാശിക്കെതിരായ കുറ്റം ചെയ്തുവെന്നു പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. വാറന്റ് സംബന്ധിച്ച ഐസിസി തീരുമാനം മൂന്നു മാസത്തിനുള്ളിൽ ഉണ്ടായേക്കും.
ബുദ്ധമത ഭൂരിപക്ഷ രാജ്യമായ മ്യാൻമറിൽ രോഹിംഗ്യൻ ന്യൂനപക്ഷങ്ങൾക്കെതിരേ സൈന്യം നടത്തിയ പീഡനങ്ങൾ വംശീയ ഉന്മൂലനലക്ഷ്യത്തോടെ ആയിരുന്നുവെന്നു യുഎൻ അന്വേഷകർ കണ്ടെത്തിയിരുന്നു. 2017 ഓഗസ്റ്റ് മുതൽ 7.3 ലക്ഷം രോഹിംഗ്യകൾ അയൽരാജ്യമായ ബംഗ്ലാദേശിലേക്കു പലായനം ചെയ്തു.
ഐസിസി അഞ്ചു വർഷമായി രോഹിംഗ്യൻ വിഷയം അന്വേഷിക്കുന്നു. ഐസിസി അംഗമല്ലാത്ത മ്യാൻമർ സഹകരിക്കാത്തതും 2021 മുതൽ പട്ടാളഭരണം നിലനിൽക്കുന്നതും അന്വേഷണം വൈകിക്കുന്നുണ്ട്.
ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രേലി നേതൃത്വത്തിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിൽ അമേരിക്കയിൽനിന്ന് വിമർശനവും സമ്മർദവും നേരിടുന്നതിനിടെയാണ് ഐസിസിയിലെ പുതിയ നീക്കങ്ങൾ.
തായ്വാൻ പ്രസിഡന്റിന്റെ വിദേശപര്യടനം: ചൈന സൈനിക അഭ്യാസം നടത്തിയേക്കും
ന്യൂയോർക്ക്: തായ്വാൻ പ്രസിഡന്റ് ലായി ചിംഗ് ടെയുടെ വിദേശ പര്യടനത്തിൽ പ്രതിഷേധിച്ച് ചൈന സൈനികാഭ്യാസം നടത്താൻ സാധ്യത.
തായ്വാനെ വളഞ്ഞുള്ള സൈനികാഭ്യാസത്തിനു സാധ്യതയുണ്ടെന്നു സുരക്ഷാവൃത്തങ്ങൾ അനുമാനിക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
നവംബർ 30ന് ആരംഭിക്കുന്ന ഒരാഴ്ചത്തെ പര്യടനത്തിൽ തായ്വാനെ അംഗീകരിക്കുന്ന തുവാലു, മാർഷൽ ദ്വീപുകൾ, പലാവു എന്നീ പസഫിക് ദ്വീപ് രാജ്യങ്ങളാണ് ലായി സന്ദർശിക്കുക.
യാത്രയ്ക്കിടെ അമേരിക്കൻ സംസ്ഥാനമായ ഹവായിയിലും അമേരിക്കൻ പ്രദേശമായ ഗുവാമിലും ഇറങ്ങിയേക്കും.
ലായിയുടെ പര്യടനം അവസാനിക്കുന്ന ഡിസംബർ ആറിനു ചൈനയുടെ സൈനികാഭ്യാസം തുടങ്ങുമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
ട്രംപിന്റെ തീരുവ ഭീഷണി
വാഷിംഗ്ടൺ ഡിസി: അധികാരത്തിലെത്തിയാലുടന്‍ അയൽ രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള എല്ലാ ഉത്പന്നങ്ങൾക്കും 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തി ഉത്തരവിറക്കുമെന്നു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കയിലേക്കുള്ള വരുന്ന മയക്കുമരുന്നു കടത്തൽ തടയുംവരെ ഇറക്കുമതി നിയന്ത്രണം തുടരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ ഇട്ട പോസ്റ്റിൽ പറയുന്നു. അനധികൃത കുടിയേറ്റക്കാരെ ഇരുരാജ്യങ്ങളും തടയുകയും വേണം. എല്ലാവർക്കും അറിയാവുന്നതുപോലെ കാനഡ, മെക്സിക്കോ അതിർത്തികളിലൂടെ അനധികൃത കുടിയേറ്റക്കാർ പ്രവഹിക്കുകയാണ്. മുൻപെങ്ങും ഇല്ലാത്തവിധം അതു മയക്കുമരുന്നും മറ്റു കുറ്റകൃത്യങ്ങളും വ്യാപിപ്പിക്കുന്നു.
ചൈനയിൽനിന്നുള്ള എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമയത്ത് 60 ശതമാനം തീരുവ ചുമത്തുമെന്നു വാഗ്ദാനം ചെയ്തതിനേക്കാൾ കുറവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുനിന്നുള്ള ഫെന്റാനൈൽ എന്ന മയക്കുമരുന്നിന്റെ അനധികൃത കടത്തൽ തടയുന്നതുവരെയാകും ഇറക്കുമതി നിയന്ത്രണമെന്നും ട്രംപ് കുറിച്ചു.
മയക്കുമരുന്നു കടത്തുന്നവരെ പിടികൂടിയാൽ വധശിക്ഷവരെ നല്കുമെന്നു ചൈന വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. കാനഡയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുന്നത് അമേരിക്കയുടെയും കാനഡയുടെയും തൊഴിലാളികൾക്കും തൊഴിലിനും ദൂരവ്യാപക പ്രഖ്യാഘാതമുണ്ടാക്കുമെന്ന് ഒന്റാരിയോ ഗവർണർ ഡഗ് ഫോർഡ് വ്യക്തമാക്കി.
പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ എല്ലാ ഗവർണർമാരുടെയും അടിയന്തിര യോഗം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ ആവശ്യപ്പെട്ടു. ട്രംപിന്റെ തീരുവ ഭീഷണി ഒൺടേരിയോയിലെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുമെന്ന് അവിടെനിന്നുള്ള മറ്റൊരു നേതാവായ ബോണി ക്രോംബിയും വ്യക്തമാക്കി.
ഹിന്ദു ആത്മീയ നേതാവിനെ ജയിലിലടച്ചു; ആശങ്കയറിയിച്ച് ഇന്ത്യ
ധാക്ക: ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്മചാരിക്ക് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി. ബംഗ്ലാദേശിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിൽപ്രതിഷേധിച്ച് ധാക്കയിലും ചിറ്റഗോങ്ങിലും ചിന്മയ് കൃഷ്ണദാസിന്റെ അനുയായികൾ പ്രതിഷേധിച്ചു. സമ്മിളിത സനാതനി ജോതെ നേതാവിനെ തിങ്കളാഴ്ച ധാക്കയിലെ വിമാനത്താവളത്തിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് കഴിഞ്ഞ ഒക്ടോബർ 30ന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ജാമ്യം നിഷേധിച്ച ചിറ്റഗോങ്ങ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി ചിന്മയ് കൃഷ്ണദാസിനെ 24 മണിക്കൂർ ജുഡീഷൽ കസ്റ്റഡിയിൽവിട്ടു. ജയിൽ ചട്ടങ്ങൾപ്രകാരം മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അദ്ദേഹത്തെ അനുവദിക്കണമെന്ന് ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. അനുയായികളുടെ പ്രതിഷേധങ്ങൾക്കിടെ കനത്ത സുരക്ഷയിലാണു മതനേതാവിനെ കോടതിയിൽ എത്തിച്ചത്. അറസ്റ്റിൽ ധാക്കയിലും ചിറ്റഗോങ്ങിലും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്.
സമ്മിലിത സനാതനി ജോതെ നേതാവിനെ ഉടനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനാളുകൾ തെരിവിലിറങ്ങി. ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിലും ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിൽ പ്രതിഷേധിക്കുകയും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കർദിനാൾ മിഖേൽ അയൂസൊ ഗിസോത്ത് ദിവംഗതനായി
വത്തിക്കാന്‍ സിറ്റി: മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ തലവനായിരുന്ന കർദിനാൾ മിഖേൽ ആംഹെൽ അയൂസൊ ഗിസോത്ത് (72) ദിവംഗതനായി. പല വിദേശയാത്രകളിലും മാർപാപ്പയെ അനുഗമിച്ചിരുന്നു.
1952 ജൂൺ 17ന് സ്പെയിനിലെ സെവില്ലെയിൽ ജനിച്ച കർദിനാൾ മിഖേൽ അയൂസൊ ഗിസോത്ത്, കൊംബോണിയൻ പ്രേഷിത സമൂഹത്തിൽ ചേരുകയും 1980 സെപ്റ്റംബർ 20ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. ഈജിപ്ത്, സുഡാൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2016 മാർച്ച് 19ന് മെത്രാനായി അഭിഷിക്തനാകുകയും 2019 ഒക്ടോബർ അഞ്ചിന് കർദിനാളായി ഉയർത്തപ്പെടുകയും ചെയ്തു. 2019ലാണ് മതാന്തരസംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ മേധാവിയായി ചുമതലയേറ്റത്.
മതാന്തരബന്ധത്തിനുവേണ്ടി നിരന്തരം വാദിച്ചിരുന്ന കർദിനാൾ ഗിസോത്ത് മുസ്ലിം, അറബ് കാര്യങ്ങളിൽ വിദഗ്ധനായിരുന്നു. കത്തോലിക്കർ ന്യൂനപക്ഷമായ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. മാർപാപ്പയുടെ ചരിത്രപ്രധാനമായ യുഎഇ, മൊറോക്കോ, കസാക്കിസ്ഥാന്‍, ബഹറിന്‍ യാത്രകളിൽ അദ്ദേഹം അനുഗമിച്ചിരുന്നു. ആരോഗ്യനില വഷളാകുംവരെ പ്രവർത്തനനിരതനായിരുന്നു. റോമിൽ ഇസ്ലാമിക് സ്റ്റഡീസിൽ ഉപരിപഠനം നടത്തിയിരുന്നു. ഈജിപ്തിലെ കയ്റോയിൽ മിഷനറിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇന്നു പ്രാബല്യത്തിൽ
ജറൂസലെം: ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇന്നു പ്രാബല്യത്തിലാകും. ഇന്നലെ രാത്രി ചേർന്ന ഇസ്രയേൽ വാർ കാബിനറ്റാണു തീരുമാനമെടുത്തതെന്നാണു റിപ്പോർട്ട്. 60 ദിവസത്തേക്കാണു വെടിനിർത്തൽ ഉണ്ടാകുക. അമേരിക്കയും ഫ്രാൻസും ചേർന്നാണു വെടിനിർത്തൽ പ്രഖ്യാപനം നടത്തുകയെന്ന് ലബനീസ് ചാനൽ അൽ ജദീദ് അറിയിച്ചു.
നിരവധി ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേൽ-ലബനൻ വെടിനിർത്തൽ സാധ്യമാകുന്നത്. വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ലെന്നും രാജ്യത്തിനു നേർക്കുണ്ടാകുന്ന ഏതു ഭീഷണിയും നേരിടാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു.
ഇമ്രാന്റെ മോചനമാവശ്യപ്പെട്ട് പ്രക്ഷോഭം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിൽ പ്രക്ഷോഭം. പാക്കിസ്ഥാൻ തെഹ്രിക്-ഇ- ഇൻസാഫ് (പിടിഐ) പാർട്ടി പ്രവർത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് അർധസൈനികരും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമാണു കൊല്ലപ്പെട്ടത്. പാക് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തെത്തിയ പ്രതിഷേധക്കാർ ഡി-ചൗക്കിലേക്കു നടത്തിയ റാലി അക്രമാസക്തമായി.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനു പിന്നാലെയാണു സംഘർഷം കൂടുതൽ അക്രമാസക്തമായത്. പ്രതിഷേധക്കാർ പോലീസിനു നേരേ കല്ലെറിഞ്ഞു.
പാർലമെന്റ്, പ്രധാനമന്ത്രിയുടെ ഓഫീസ്, സുപ്രീംകോടതി തുടങ്ങിയവ സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയായ ഡി-ചൗക്കിലേക്കുള്ള റോഡിലാണ് പ്രക്ഷോഭകർ നിലയുറപ്പിച്ചിരിക്കുന്നത്. ഇമ്രാനെ മോചിപ്പിക്കുംവരെ ഇവിടെ തുടരുമെന്നാണു പിടിഐ നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇമ്രാൻ ജയിലിൽനിന്നും പുറത്തുവന്ന് അടുത്ത നടപടി എന്താണെന്നു പറയുംവരെ ഇവിടെനിന്നും മാറില്ലെന്ന് ഇമ്രാന്റെ ഭാര്യ ബുഷേര ബീബി പറഞ്ഞു. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ നവംബർ 24ന് ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു.
ഡ്രോൺ ആക്രമണം കടുപ്പിച്ച് റഷ്യ
കീവ്: യുക്രെയ്നുനേരേ ഡ്രോൺ ആക്രമണം കടുപ്പിച്ച് റഷ്യ. വിവിധ ഇടങ്ങളിലായി ഒറ്റരാത്രി 188 ഡ്രോണുകൾ റഷ്യ പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന പറഞ്ഞു. ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം ഡ്രോണുകൾ റഷ്യ പ്രയോഗിക്കുന്നത്.
ഭൂരിപക്ഷം ഡ്രോണുകളും തകർത്തതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. ആക്രമണത്തിൽ ഊർജനിലയങ്ങൾക്കും പാർപ്പിടസമുച്ചയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഇമ്രാൻ അനുകൂലികളുടെ റാലി ഇസ്ലാമാബാദിൽ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽനിന്നു മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള റാലി ഇന്നലെ ഇസ്ലാമാബാദിലെത്തി.
ഞായറാഴ്ച ആരംഭിച്ച റാലിയിൽ രാജ്യമെന്പാടുമുള്ള ഇമ്രാൻ അനുകൂലികൾ വാഹനങ്ങളിൽ തലസ്ഥാനത്തേക്കു പുറപ്പെടുകയായിരുന്നു.
ഇസ്ലാമാബാദിലേക്കുള്ള റോഡുകൾ പോലീസ് അടച്ചതും പങ്കാളികളുടെ ബാഹുല്യവും മൂലം റാലി വൈകുകയായിരുന്നു. പലയിടത്തും പോലീസും ഇമ്രാൻ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായി.
ഖൈബർ പക്തൂൺഖ്വാ മുഖ്യമന്ത്രി അമീൻ അലി ഗണ്ടാപുർ നേതൃത്വം നല്കുന്ന റാലിയിൽ ഇമ്രാന്റെ ഭാര്യ ബുഷേര ബീവിയും പങ്കെടുക്കുന്നു. ഇന്നലെ റാലിയെ അഭിസംബോധന ചെയ്ത ബുഷേര, ഇമ്രാനെ ഉടൻ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു.
റാലിക്കു മുന്നോടിയായി പോലീസിനെയും അർധസൈന്യത്തെയും ഇസ്ലാമാബാദിൽ വിന്യസിച്ചിരുന്നു. ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ചാണ് റോഡുകൾ ബ്ലോക് ചെയ്യത്. ഇന്റർനെറ്റിനും നിയന്ത്രണം ഏർപ്പെടുത്തി.
ബാർബറ ടെയ്ലർ ബ്രാഡ്ഫോർഡ് അന്തരിച്ചു
ന്യൂയോർക്ക്: പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരി ബാർബറ ടെയ്ലർ ബ്രാഡ്ഫോർഡ് (91) അന്തരിച്ചു. ന്യൂയോർക്ക് സിറ്റിയിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. മാധ്യമപ്രവർത്തകയായിരുന്ന ബാർബറയ്ക്ക് ആദ്യ നോവലിലൂടെതന്നെ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റാനായിരുന്നു.
1979ൽ പ്രസിദ്ധീകരിച്ച ‘എ വുമൺ ഓഫ് സബ്സ്റ്റൻസ്’ എന്ന ബാർബറയുടെ ആദ്യ നോവൽ ലോകമെമ്പാടും മൂന്നു കോടിയിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. പിന്നീട് വർഷാവർഷം ഓരോ നോവലുകൾ ബാർബറയുടെ തൂലികയിലൂടെ പുറത്തുവന്നു. ഇതോടെ ലോകത്തിലെ ഏറ്റവും ജനപ്രിയയും സമ്പന്നയുമായ എഴുത്തുകാരിയായി ബാർബറ. 20 കോടി ഡോളറായിരുന്നു ഇവരുടെ ആകെ സമ്പാദ്യം.
40 ഭാഷകളിൽ ബാർബറയുടെ കൃതികൾക്ക് പരിഭാഷയുണ്ടായി. ഇവരുടെ പുസ്തകങ്ങളുടെ ഒന്‍പതു കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. പുരുഷലോകത്ത് സ്നേഹത്തിനും അധികാരത്തിനും വേണ്ടി പോരാടുന്ന സ്ത്രീകളായിരുന്നു ബാർബറുടെ കഥാപാത്രങ്ങൾ.
നാറ്റോ രാജ്യമായ റുമാനിയയിൽ റഷ്യ അനുകൂലി മുന്നിൽ
ബുക്കാറെസ്റ്റ്: റുമാനിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ റഷ്യാ അനുകൂല വലതുപക്ഷ നേതാവ് കാലിൻ ജോർജെസ്ക്യു അപ്രതീക്ഷിതമായി ഒന്നാം സ്ഥാനത്തെത്തി.
അദ്ദേഹത്തിന് 22.59 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണു സൂചന. യൂറോപ്യൻ അനുകൂലിയും നിലവിലെ പ്രധാനമന്ത്രിയുമായ മാർഷൽ ഷിലാകു 19.55 ശതമാനം വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി.
സ്ഥാനാർഥികളാരും 50 ശതമാനത്തിനു മുകളിൽ വോട്ട് നേടാതിരുന്ന പശ്ചാത്തലത്തിൽ ഡിസംബർ എട്ടിനു രണ്ടാംഘട്ട തെരഞ്ഞെടുപ്പു നടക്കും. ജോർജെസ്ക്യുവും ഷാലാകുവും തമ്മിലാണ് ഏറ്റുമുട്ടൽ.
നാറ്റോയിൽ അംഗത്വമുള്ള റുമാനിയയിൽ റഷ്യാ അനുകൂല നേതാവ് ഒന്നാം സ്ഥാനത്തെത്തിയത് അന്പരിപ്പിക്കുന്നതായി. യുക്രെയ്നു സഹായം നല്‍കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രചാരണമാണ് ജോർജെസ്ക്യുവിനെ മുന്നിലെത്തിച്ചതെന്നു പറയുന്നു.
മോണ്ടെവിഡോ: ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ ഇടതു നേതാവ് യമാൻഡു ഒർസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് ലൂയി ലകാലെ പോയുടെ നാഷണൽ പാർട്ടിക്കുവേണ്ടി മത്സരിച്ച അൽവാരോ ഡെൽഗാഡോയെ ആണ് പരാജയപ്പെടുത്തിയത്.
നവ ഇടതു നയം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച് മത്സരിച്ച ഒർസി, നികുതി വർധിപ്പിക്കില്ലെന്നും നിക്ഷേപം ആകർഷിക്കുമെന്നും വിജയത്തിനുശേഷം പ്രഖ്യാപിച്ചു. മയക്കുമരുന്നുകടത്ത് തടയുന്നതിൽ യൂറോപ്യൻ യൂണിയനുമായി സഹകരിക്കാൻ തയാറാണെന്നും അറിയിച്ചു.
ജീവിതച്ചെലവും, കുറ്റകൃത്യങ്ങളിലെ വർധനവുമൊക്കെയായിരുന്നു ഉറുഗ്വേ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
ലിത്വാനിയയിൽ ചരക്കുവിമാനം തകർന്നു
വിൽനിയസ്: ബാൾട്ടിക് രാജ്യമായ ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസിൽ ചരക്കുവിമാനം വിമാനത്താവളത്തിലിറങ്ങവേ തകർന്നു.
വിമാനത്തിലുണ്ടായിരുന്ന ഒരാൾ മരിക്കുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. തീവ്രവാദ ആക്രമണസാധ്യത തള്ളിക്കളയുന്നില്ലെങ്കിലും നിലവിൽ തെളിവില്ലെന്നു ലിത്വാനിയൻ അധികൃതർ പറഞ്ഞു.
ജർമൻ ചരക്കുകടത്തു കന്പനിയായ ഡിഎച്ച്എല്ലിനുവേണ്ടി സ്പെയിനിലെ സ്വിഫ്റ്റ്എയർ എയർലൈൻസ് കന്പനി സർവീസ് നടത്തിയ ബോയിംഗ് 737-400 വിമാനമാണ് തകർന്നത്.
ജർമനിയിലെ ലൈപ്സിഗിൽനിന്നു പുറപ്പെട്ട വിമാനം തിങ്കളാഴ്ച പുലർച്ചെ വിൽനിയസ് വിമാനത്താവളത്തിലിറങ്ങവേ തകരുകയും തെന്നിനീങ്ങി വിമാനത്താവളത്തിനു സമീപമുള്ള വീട്ടിൽ ചെന്നിടിച്ചുനിൽക്കുകയുമായിരുന്നു. വീട്ടിലുണ്ടായിരുന്നവർക്കു പരിക്കില്ല. ലിത്വാനിയൻ അധികൃതർ സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി.
ഈ വർഷമാദ്യം ലൈപ്സിഗിലെ ഒരു ഗോഡൗണിൽ നിരവധി തീപിടിത്തങ്ങളുണ്ടായിരുന്നു. പാഴ്സലുകളിൽ ഒളിപ്പിച്ച വസ്തുക്കളാണ് ഇതിനു കാരണമെന്നു കണ്ടെത്തി. ജൂലൈയിൽ ബ്രിട്ടനിലും സമാന സംഭവമുണ്ടായി.
അമേരിക്കയിലേക്കുള്ള ചരക്കുവിമാനങ്ങളിൽ സ്ഫോടനം നടത്താനുള്ള റഷ്യൻ പദ്ധതിയുടെ പരീക്ഷണമായിരുന്നു ഇതെന്ന് ചില അന്വേഷണവൃത്തങ്ങൾ സൂചിപ്പിച്ചു.
ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ബ്രെയ്റ്റൻ ബ്രെയ്റ്റൻബാക് അന്തരിച്ചു
ജോഹന്നാസ്ബർഗ്: വർണവിവേചനത്തിനെതിരേ പോരാടിയ ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനും കവിയും ചിത്രകാരനുമായ ബ്രെയ്റ്റൻ ബ്രെയ്റ്റൻബാക് (85) അന്തരിച്ചു.
പാരീസിലായിരുന്നു അന്ത്യം. ആഫ്രിക്കൻ സാഹിത്യത്തിലെ പ്രമുഖ ശബ്ദമായിരുന്ന ബ്രെയ്റ്റൻബാക് വർണവിവേചനത്തിന്റെ കടുത്ത വിമർശകൻകൂടിയായിരുന്നു.
21-ാം വയസിൽ പാരീസിലേക്കു ജീവിതംപറിച്ചുനട്ട അദ്ദേഹം 1975ൽ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തി. എന്നാൽ നെൽസൺ മണ്ടേലയുടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെ പിന്തുണച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു.
ഏഴു വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവന്നു. ജയിലിൽനിന്നു മോചിതനായ ബ്രെയ്റ്റൻബാക് പിന്നീട് പാരീസിൽ സ്ഥിരതാമസമാക്കുകയും വർണവിവേചനത്തിനെതിരേ പോരാട്ടം തുടരുകയും ചെയ്തു.
ജയിൽവാസവും അതിലേക്കു നയിച്ച സംഭവങ്ങളും പങ്കുവച്ച ‘ദ ട്രൂ കൺഫെഷൻസ് ഓഫ് ആൻ ആൽബിനോ ടെററിസ്റ്റ്’ എന്ന പുസ്തകമാണ് ബ്രെയ്റ്റൻബാകിനെ പ്രശസ്തനാക്കിയത്.
പ്രവാസം, സ്വത്വം, നീതി എന്നീ അനുഭവതലങ്ങളാണ് ബ്രെയ്റ്റൻബാക് പുസ്തകങ്ങൾ വായനക്കാരനുമായി സംവദിക്കുന്നത്.
1939-ൽ വെസ്റ്റേൺ കേപ് പ്രവിശ്യയിൽ ജനിച്ച അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിദേശത്താണു ചെലവഴിച്ചത്.
റബ്ബി കൊല്ലപ്പെട്ട കേസിൽ മൂന്നു പേർ അറസ്റ്റിൽ
അബുദാബി: യഹൂദ റബ്ബി സവി കോഗൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്ബെക്കിസ്ഥാൻ പൗരന്മാരായ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി യുഎഇ പോലീസ് അറിയിച്ചു. വിലങ്ങണിയിച്ച ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു.
അതേസമയം, കൊലപാതകത്തിന്റെ പ്രേരണ തിട്ടപ്പെടുത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് കൂട്ടിച്ചേർത്തു. ഇസ്രേലി അധികൃതരും അന്വേഷണത്തിൽ സഹകരിക്കുന്നതായി റിപ്പോർട്ടുണ്ട്.
വർഷങ്ങളായി യുഎഇയിൽ താമസിച്ചിരുന്ന കോഗനെ (28) വ്യാഴാഴ്ചയാണു കാണാതായത്. ഞായറാഴ്ച മൃതദേഹം കണ്ടെത്തി.
യഹൂദർക്കെതിരായ ഭീകരാക്രണമാണു നടന്നതെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
യുഎൻ കാലാവസ്ഥാ ഉച്ചകോടി: 30,000 കോടി ഡോളർ അപര്യാപ്തം
ബാക്കു: ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിന് ദരിദ്രരാഷ്ട്രങ്ങൾക്ക് 2035 മുതൽ പ്രതിവർഷം 30,000 കോടി ഡോളർ നല്കാൻ സന്പന്നരാജ്യങ്ങൾ സമ്മതിച്ചതോടെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു. അതേസമയം, തുക ഒട്ടും പര്യാപ്തമല്ലെന്ന് ദരിദ്രരാജ്യങ്ങളും പരിസ്ഥിതി സംഘടനകളും ആരോപിച്ചു.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ വെള്ളിയാഴ്ച അവസാനിക്കേണ്ടിയിരുന്ന ഉച്ചകോടി, ധനസഹായം സംബന്ധിച്ച ചർച്ചകളിൽ തീരുമാനം ഉണ്ടാകാതിരുന്നതിനെത്തുടർന്ന് ഇന്നലവരെ നീളുകയായിരുന്നു.
വികസിതരാജ്യങ്ങൾ വർഷം 1.3 ലക്ഷം കോടി ഡോളർവച്ചു നല്‍കണമെന്നായിരുന്നു വികസ്വര, അവികസിത രാജ്യങ്ങൾ ആവശ്യപ്പെട്ടത്. കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്ന ഹരിതവാതകങ്ങൾ ഏറ്റവും കൂടുതൽ പുറംതള്ളുന്ന സന്പന്ന രാജ്യങ്ങൾക്ക് ഇതിനുള്ള ഉത്തരവാദിത്വമുണ്ടെന്ന വാദം ഉച്ചകോടിയിൽ ശക്തമായിരുന്നു. അതേസമയം, ലോകത്തിലെ രണ്ടാമത്തെ വലിയ സന്പദ്വ്യവസ്ഥ നിലനിൽക്കുന്ന ചൈനയും സന്പത്തിൽ മുന്നിലുള്ള ഗൾഫ് രാജ്യങ്ങളും ഇപ്പോഴും വികസ്വര രാജ്യങ്ങളുടെ പട്ടികയിലാണെന്നും ഇവരും സഹായഫണ്ടിലേക്കു വിഹിതം നല്‍കണമെന്നും യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഇപ്പോൾ സമ്മതിച്ചിരിക്കുന്ന മുപ്പതിനായിരം കോടി വളരെ കുറവാണെന്നും തീരുമാനം വൈകിപ്പോയെന്നും ആഫ്രിക്കൻ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.
അംഗീകരിക്കാനാവില്ല: ഇന്ത്യ
മുപ്പതിനായിരം കോടി ഡോളർ തുക തീർത്തും അപര്യാപ്തമെന്ന് കാലാവസ്ഥാ ഉച്ചകോടിയിലെ ഇന്ത്യൻ പ്രതിനിധി ചാന്ദ്നി റെയ്ന വ്യക്തമാക്കി. ഇന്ത്യയുടെ നിലനിൽപ്പിനാവശ്യമായ നടപടികൾക്കു തുക പോരെന്നും രാജ്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
ചാന്ദ്നിയുടെ പ്രതികരണം ആർപ്പുവിളികളോടും കൈയടികളോടും സ്വീകരിക്കപ്പെട്ടു. സഹായധനം സംബന്ധിച്ച ഉച്ചകോടിയുടെ തീരുമാനം അപമാനകരമാണെന്ന് നൈജീരിയ പറഞ്ഞു.
അടുത്തവർഷം ബ്രസീലിലെ ആമസോൺ മഴക്കാടുകളിലാണ് കാലാവസ്ഥാ ഉച്ചകോടി.
ഇമ്രാന്റെ മോചനത്തിന് റാലി
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടി (പിടിഐ) ഇന്നലെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലേക്കു മാർച്ച് നടത്തി.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി നഗരത്തിൽ വൻ സ ുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. പാർലമെന്റിലേക്കുള്ള റോഡുകൾ ബ്ലോക് ചെയ്യുകയും ഇന്റർനെറ്റിനു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
അതേസമയം മാർച്ചിനിടെ പിടിഐ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായെന്നും അറസ്റ്റ് നടന്നതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യാ മുഖ്യമന്ത്രിയും ഇമ്രാന്റെ അനുയായിയുമായ അലി അമീൻ ഗണ്ടാപുർ ആണ് റാലിക്കു നേതൃത്വം നല്‍കിയത്. അറസ്റ്റിലായ പിടിഐ പ്രവർത്തകരെ മുഴുവൻ മോചിപ്പിക്കണമെന്നും ഷഹ്ബാസ് ഷരീഫ് സർക്കാർ രാജിവയ്ക്കണമെന്നും പിടിഐ നേതാക്കൾ ആവശ്യപ്പെട്ടു.
ഇമ്രാൻ കഴിഞ്ഞവർഷം ഓഗസ്റ്റ് മുതൽ വിവിധ കേസുകളിൽപ്പെട്ട് ജയിലിലാണ്. കേസുകൾ രാഷ്ട്രീയപ്രേരിതമെന്ന് അദ്ദേഹം ആരോപിക്കുന്നു.
ജോർദാനിൽ ഇസ്രേലി എംബസിക്ക് സമീപം വെടിവയ്പ്
അമ്മാൻ: ജോർദാൻ തലസ്ഥാനമായ അമ്മാനിലെ ഇസ്രേലി എംബസിക്കു സമീപമുണ്ടായ വെടിവയ്പിൽ മൂന്നു പോലീസുകാർക്കു പരിക്കേറ്റു. അക്രമിയെ പോലീസ് പിന്തുടർന്നു വധിച്ചു.
ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനുനേർക്ക് അക്രമി വെടിയുതിർക്കുകയായിരുന്നു. തുടർന്നു രക്ഷപ്പെട്ട അക്രമിയെ ഒരു മണിക്കൂർ പിന്തുടർന്നു വധിച്ചു.
ഭീകരാക്രമണമാണു നടന്നതെന്ന് വാർത്താവിതരണ മന്ത്രി മുഹമ്മദ് മൊമാനി അറിയിച്ചു. അക്രമി മുന്‍പ് ക്രിമിനൽ, മയക്കുമരുന്നു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
കൂടെക്കൂടെ ഇസ്രേലിവിരുദ്ധ പ്രക്ഷോഭം നടക്കുന്ന സ്ഥലത്താണ് വെടിവയ്പുണ്ടായത്. 1948ൽ ഇസ്രയേൽ രൂപീകരിക്കപ്പെട്ടപ്പോൾ പുറത്താക്കപ്പെട്ട പലസ്തീൻ വംശജരാണ് ജോർദാൻ ജനസംഖ്യയിൽ ഭൂരിപക്ഷവും.
നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി
സിറിയൻ അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരാളെ വധിച്ചെന്നും ആറു പേരെ അറസ്റ്റ് ചെയ്തെന്നും ജോർദാൻ സൈന്യം അറിയിച്ചു. ഇറാൻ അനുകൂല സായുധസംഘങ്ങൾ ആയുധവും മയക്കുമരുന്നും കടത്താനാണ് ഇത്തരം നുഴഞ്ഞുകയറ്റത്തിനു ശ്രമിക്കുന്നത്.
ഇറാനും യൂറോപ്യൻ ശക്തികളും വെള്ളിയാഴ്ച ചർച്ച നടത്തും
ടെഹ്റാൻ: ഇറാനും യൂറോപ്പിലെ മൂന്നു വൻശക്തികളും തമ്മിൽ വെള്ളിയാഴ്ച ജനീവയിൽ ആണവചർച്ച നടത്തുമെന്ന് റിപ്പോർട്ട്. അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരത്തിലേറുന്നതിനു മുന്‍പായി ആണവവിഷയത്തിലെ അഭിപ്രായഭിന്നതകൾ പരിഹരിക്കാൻ ഇറാനിലെ മസൂദ് പസെഷ്കിയാൻ സർക്കാർ ആഗ്രഹിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ആണവ ഇന്ധനമായ യുറേനിയം സംപുഷ്ടീകരിക്കാനുള്ള നീക്കങ്ങൾ ഇറാൻ സജീവമാക്കി എന്നാരോപിച്ച് അന്താരാഷ്ട്ര ആണവ ഏജൻസി ഏതാനും ദിവസം മുന്‍പ് ഇറാനേതിരേ പ്രമേയം പാസാക്കിയിരുന്നു. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നിവരായിരുന്നു പ്രമേയത്തിനു പിന്നിൽ.
ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കാൻ 2015ൽ വൻശക്തികളുമായി കരാറുണ്ടായതാണ്. 2018ൽ ട്രംപ് ഭരണകൂടം കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറി. തുടർന്ന് ഇറാൻ ആണവസംപുഷ്ടീകരണ തോത് വർധിപ്പിച്ചു. അമേരിക്കയിലെ ജോ ബൈഡൻ സർക്കാർ കരാർ പുതുക്കാൻ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല.
കാണാതായ യഹൂദ റബ്ബി കൊല്ലപ്പെട്ട നിലയിൽ
അബുദാബി: യുഎഇയിലെ അബുദാബിയിൽ കാണാതായ യഹൂദ റബ്ബി സവി കോഗന്റെ (28) മൃതദേഹം കണ്ടെത്തി. കോഗൻ കൊല്ലപ്പെട്ടതാണെന്ന് ഇസ്രേലി സർക്കാർ അറിയിച്ചു. കോഗന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വ്യാഴാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. അബുദാബി പോലീസും ഇസ്രേലി ചാരസംഘടനയായ മൊസാദും ഊർജിത അന്വേഷണം നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പിന്നാലെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
റഷ്യൻ ജനറലിനെ നീക്കംചെയ്തെന്ന് റിപ്പോർട്ട്
മോസ്കോ: യുക്രെയ്നെതിരേ യുദ്ധം ചെയ്യുന്ന റഷ്യൻ സേനയുടെ മുതിർന്ന കമാൻഡർ കേണൽ ജനറൽ ഗെന്നഡി അനാഷ്കിനെ നീക്കം ചെയ്തതായി റിപ്പോർട്ട്. കിഴക്കൻ ഡോണെറ്റ്സ്കിലെ സിവേർസ്ക് മേഖലയിൽ റഷ്യൻ സേനയുടെ യുദ്ധപ്രകടനത്തിൽ തെറ്റിദ്ധാരണാജനകമായ റിപ്പോർട്ട് മേലധികാരികൾക്കു നല്‍കിയതിനെത്തുടർന്നാണിത്.
സിവേർസ്കിൽ കാര്യമായ മുന്നേറ്റം നടത്താൻ സേനയ്ക്കു കഴിഞ്ഞിട്ടില്ലെന്ന് റഷ്യാ അനുകൂല ബ്ലോഗർമാർ ചൂണ്ടിക്കാട്ടി. അതേസമയം, ഡോണറ്റ്സ്കിന്റെ മറ്റു ഭാഗങ്ങളിൽ റഷ്യൻ സേന മുന്നേറുന്നുണ്ട്.
വോട്ടെണ്ണൽ: ഇന്ത്യയെ പ്രശംസിച്ച് മസ്ക്
ന്യൂയോർക്ക്: തെരഞ്ഞെടുപ്പു നടത്തുന്നതിൽ ഇന്ത്യയുടെ കാര്യക്ഷമതയെ അഭിനന്ദിച്ച് ലോകത്തിലെ ഒന്നാം നന്പർ സന്പന്നൻ ഇലോൺ മസ്ക്. ലോക്സഭാ തെരഞ്ഞെടുപ്പിലെ 64 കോടി വോട്ടുകൾ ഒറ്റദിവസംകൊണ്ട് എണ്ണിയപ്പോൾ അമേരിക്കയിൽ നവംബർ അഞ്ചിനു നടന്ന തെരഞ്ഞെടുപ്പിലെ കലിഫോർണിയ സംസ്ഥാനത്തെ വോട്ടുകൾ ഇതുവരെ എണ്ണിത്തീർന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇന്ത്യ എങ്ങനെ ഒറ്റ ദിവസം 64 കോടി വോട്ടുകൾ എണ്ണിത്തീർത്തു’ എന്ന സോഷ്യൽമീഡിയ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു മസ്ക്.
നവംബർ അഞ്ച് തെരഞ്ഞെടുപ്പിൽ അമേരിക്കയിൽ ഇതുവരെ വോട്ടെണ്ണിത്തീർന്നിട്ടില്ല. ജനസംഖ്യയിൽ ഒന്നാമതുള്ള കലിഫോർണിയയിൽ മൂന്നു ലക്ഷം ബാലറ്റുകൾ ഇനിയും എണ്ണാനുണ്ട്. തപാൽവോട്ടുകളുടെ ആധിക്യമാണ് കാരണം.
ബാലറ്റ് പേപ്പറിൽ വോട്ടർ രേഖപ്പെടുത്തിയ ഒപ്പ് അടക്കം ഒത്തുനോക്കിയശേഷമേ വോട്ട് സ്ഥിരീകരിക്കൂ.
ലബനീസ് സൈനികൻ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ഇസ്രേലി സേന ഇന്നലെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട ആക്രമണത്തിൽ ഒരു ലബനീസ് സൈനികൻ കൊല്ലപ്പെട്ടു. ഹിസ്ബുള്ള -ഇസ്രയേൽ സംഘർഷത്തിൽ ലബനീസ് സേന പങ്കാളിയല്ല. പക്ഷേ, ഇസ്രേലി ആക്രമണത്തിൽ ഇതുവരെ 40 സൈനികർ കൊല്ലപ്പെട്ടു.
ബെയ്റൂട്ടിൽ ബോംബിംഗ്; 15 മരണം
ബെയ്റൂട്ട്: ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിന്റെ മധ്യഭാഗത്ത് ഇസ്രേലി സേന നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ നാലിനുണ്ടായ ഉഗ്രസ്ഫോടനം നഗരത്തെ മൊത്തം കുലുക്കിയെന്നാണു റിപ്പോർട്ട്.
എട്ടുനിലക്കെട്ടിടം പൂർണമായി നിലംപൊത്തി. അവശിഷ്ടങ്ങൾക്കടിയിൽ ഒട്ടേറെപ്പേർ കുടുങ്ങിയിരിക്കാമെന്നു സംശയിക്കുന്നു. മരണസംഖ്യ ഉയരുമെന്നാണു ലബനീസ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചത്.
മുന്നറിയിപ്പു നല്‍കാതെയാണ് ഇസ്രേലി സേന ആക്രമണം നടത്തിയതെന്നു പറയുന്നു. ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളെ ലക്ഷ്യംവച്ച് ആക്രമണം നടത്തിയതുകൊണ്ടാകാം മുന്നറിയിപ്പു നല്‍കാതിരുന്നത്. നാലു ബോംബുകൾ ഉപയോഗിച്ചു.
അടുത്ത ദിവസങ്ങളിൽ ബെയ്റൂട്ടിന്റെ മധ്യഭാഗം കേന്ദ്രീകരിച്ച് ഇസ്രേലി സേന നടത്തുന്ന നാലാമത്തെ വ്യോമാക്രമണം ആണിത്.
ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ തെക്കൻ ബെയ്റൂട്ടിലും ഇന്നലെ ആക്രമണമുണ്ടായി.
കഴിഞ്ഞവർഷം ഒക്ടോബറിലെ ഹമാസ് ഭീകരാക്രമണത്തിനു പിന്നാലെ ഹിസ്ബുള്ളകൾ ഇസ്രയേലിനെ ആക്രമിക്കാൻ തുടങ്ങിയതാണു സംഘർഷത്തിനു കാരണം.
ഇസ്രേലി ആക്രമണങ്ങളിൽ 3645 പേർ കൊല്ലപ്പെട്ടുവെന്നാണു ലബനീസ് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചത്. മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസൻ നസറുള്ളയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഹിസ്ബുള്ള ഭീകരരുടെ ആക്രമണങ്ങളിൽ ഇസ്രേലി ഭാഗത്ത് 70 സൈനികരടക്കം നൂറിലധികം പേർ കൊല്ലപ്പെട്ടു.
അമേരിക്കയുടെ പ്രത്യേക പ്രതിനിധി ആമോസ് ഹോഷ്സ്റ്റെയിൻ വെടിനിർത്തൽ ചർച്ചയ്ക്കായി കഴിഞ്ഞ ദിവസം ലബനനും ഇസ്രയേലും സന്ദർശിച്ചിരുന്നു.
പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ ഏറ്റുമുട്ടി; 37 പേർ കൊല്ലപ്പെട്ടു
പെഷവാർ: പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിലാരംഭിച്ച ഏറ്റുമുട്ടലിൽ 37 പേർ കൊല്ലപ്പെടുകയും 30 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ അഫ്ഗാൻ അതിർത്തിയോടു ചേർന്ന ഖുറം ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് അലിസായ്, ബേഗം ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടലാരംഭിച്ചത്. മരണസംഖ്യ ഉയരുമെന്നു പാക് വൃത്തങ്ങൾ പറഞ്ഞു.
വ്യാഴാഴ്ച ഖുറമിൽ സിവിലിയൻ വാഹനങ്ങൾക്കു നേർക്ക് അജ്ഞാതർ നടത്തിയ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടതിന്റെ തുടർച്ചയാണിത്. ഈ ആക്രമണത്തിൽ മരിച്ച ഭൂരിഭാഗവും ഷിയാ വിഭാഗക്കാരായിരുന്നു.
ഏറ്റുമുട്ടലിൽ ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിച്ചിട്ടുണ്ട്. വിവിധ ഗ്രാമങ്ങളിലുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്കു പലായനം ചെയ്തു. കർഫ്യൂവിനു സമാനമായ അന്തരീക്ഷത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളടക്കം തുറന്നില്ല.
പ്രവിശ്യയിലെ നിയമമന്ത്രി, ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവർ അടിയന്തരമായി ഹെലികോപ്റ്ററിൽ സ്ഥലത്തെത്തി. പതിറ്റാണ്ടുകളായി ഷിയ, സുന്നി വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്ന സ്ഥലമാണു ഖുറം.
സെപ്റ്റംബറിൽ ഇവിടെ എട്ടു ദിവസം നീണ്ട ഏറ്റുമുട്ടലിൽ അന്‍പതിലധികം പേർ കൊല്ലപ്പെടുകയും 120 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
നാറ്റോ മേധാവി ട്രംപിനെ കണ്ടു
മയാമി: നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ യുഎസിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി.
നാറ്റോ സഖ്യം ആഗോളതലത്തിൽ നേരിടുന്ന വെല്ലുവിളികളാണ് വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായത്.
ട്രംപ് സർക്കാരിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട മൈക്ക് വാൾട്സുമായും റുട്ടെ ചർച്ച നടത്തി.
നെതർലൻഡ്സിന്റെ പ്രധാനമന്ത്രിയായിരുന്ന റുട്ടെ കഴിഞ്ഞ മാസമാണ് നാറ്റോ മേധാവിയായത്. യൂറോപ്യൻ നേതാക്കളിൽ ട്രംപുമായി നല്ലബന്ധം പുലർത്തുന്നയാളാണ് റുട്ടെ.
ഐസിസി വാറന്റ് നടപ്പാക്കുമെന്ന് കാനഡ
ഒട്ടാവ: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കാൻ സന്നദ്ധമാണെന്നു കാനഡ.
അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര കോടതികളുടെ ഉത്തരവുകളും പാലിക്കുമെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
നേരത്തേ ബ്രിട്ടീഷ് സർക്കാരും, നെതന്യാഹു ബ്രിട്ടനിലെത്തിയാൽ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന സൂചന നല്‍കിയിരുന്നു. യൂറോപ്യൻ യൂണിയനും ഫ്രാൻസ്, അയർലൻഡ് മുതലായ രാജ്യങ്ങളും അറസ്റ്റ് നടപ്പാക്കേണ്ടിവരുമെന്നു വ്യക്തമാക്കിയിരുന്നു.
ഇസ്രയേലിലെ മുൻ പ്രതിരോധ മന്ത്രി യൊവാവ് ഗാലന്റ്, ഹമാസ് കമാൻഡർ മുഹമ്മദ് ദെയിഫ് എന്നിവർക്കെതിരേയും ഐസിസി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്രേലി നേതൃത്വത്തിനെതിരായ ഐസിസിയുടെ നടപടി അന്യായമാണെന്നാണു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയത്.
അമേരിക്ക ആവശ്യപ്പെട്ടാൽ അദാനിയെ കൈമാറേണ്ടിവരും: അറ്റോര്‍ണി
ന്യൂയോര്‍ക്ക്: കൈക്കൂലി കേസില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാനും കോടീശ്വരനുമായ ഗൗതം അദാനിയെയും മറ്റ് ഏഴ് പേരെയും അമേരിക്കയ്ക്ക് കൈമാറിയേക്കാമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര.
അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസിന് അധികാരമുണ്ട്. ഇവര്‍ താമസിക്കുന്നത് എവിടെയാണോ അവിടെ അറസ്റ്റ് വാറന്റ് നല്‍കുന്നതിനും യുഎസ് അറ്റോര്‍ണിക്ക് കഴിയുമെന്നും രവി ബത്ര പറഞ്ഞു.
എഐ കുന്പസാരക്കൂട്: പ്രചാരണം ശരിയല്ല
ബേൺ: സ്വിറ്റ്സര്‍ലൻഡിലെ ലുസേണിൽ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളിയില്‍ എഐ കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് സഭാവൃത്തങ്ങൾ അറിയിച്ചു.
“കുമ്പസാരിക്കാന്‍ വൈദികനെ തേടി പോകേണ്ട, അതിനും പരിഹാരമായി, കുമ്പസാരക്കൂട്ടില്‍ കര്‍ത്താവിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രൂപം പാപങ്ങള്‍ കേട്ടു പരിഹാരം പറയും’’ എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
എന്നാല്‍ പള്ളിയിൽ എഐ ജീസസ് പദ്ധതി നിലവിലുണ്ടെന്നും ഇത് ആളുകളുടെ കുമ്പസാരം കേൾക്കാനോ ഒരു വൈദികനെ പകരക്കാരനാക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും ലുസേൺ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളി അധികൃതർ വ്യക്തമാക്കി.
‘തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു’ എന്നു വ്യാഖ്യാനിക്കാവുന്ന ‘ദേവൂസ് ഇന്‍ മാക്കിന’ എന്ന പദ്ധതിയുടെ ഭാഗമായാണു എഐ ക്രിസ്തുവിനെ പ്രതിഷ്ഠിച്ചതെന്നു സെന്റ് പീറ്റേഴ്സ് പള്ളി ഭാരവാഹികള്‍ പറഞ്ഞു.
എഐയെക്കുറിച്ച് ഇടവകവിശ്വാസികൾക്കു അറിവ് പകരാനും ബൈബിൾ സംബന്ധമായ സംശയങ്ങൾ പരിഹരിക്കാനുമാണ് ഇതു സ്ഥാപിച്ചതെന്നും അവർ വ്യക്തമാക്കി.
വിശ്വാസിക്കു മുന്നിലിരിക്കുന്ന പാനല്‍ ബോര്‍ഡിലെ ബട്ടണില്‍ വിരലമര്‍ത്തിയാല്‍ യേശുവിന്റെ രൂപം തെളിയും. ലുസേൺ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് ആൻഡ് ആർട്സിലെ ഇമ്മേഴ്സീവ് റിയാലിറ്റീസ് റിസർച്ച് ലാബിന്റെ സഹകരണത്തോടെയാണ് ഇടവക ഇതു സ്ഥാപിച്ചത്.
നിപ്രോ ആക്രമണം പാശ്ചാത്യർക്കുള്ള മുന്നറിയിപ്പ് ; ഭീഷണി മുഴക്കി പുടിൻ
മോസ്കോ: യുക്രെയ്ൻ സേന അമേരിക്കൻ, ബ്രിട്ടീഷ് മിസൈലുകൾ പ്രയോഗിച്ചതിനുള്ള മറുപടിയും, യുക്രെയ്നെ സഹായിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കുള്ള സന്ദേശവുമാണു വ്യാഴാഴ്ച നിപ്രോ നഗരത്തിൽ നല്‍കിയതെന്നു റഷ്യ. എന്നാൽ, യുക്രെയ്നു സഹായം നല്കുന്നതു തുടരുമെന്ന് നാറ്റോ പ്രതികരിച്ചു.
പുതുതായി വികസിപ്പിച്ച ഒരെഷ്നിക് എന്ന മധ്യദൂര ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈലാണ് നിപ്രോയിൽ പ്രയോഗിച്ചതെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. ശബ്ദത്തിന്റെ പത്തിരട്ടി വേഗമുള്ള മിസൈലിനെ തടുക്കാൻ ഒരു വ്യോമപ്രതിരോധ സംവിധാനത്തിനും കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ആണ് റഷ്യ നിപ്രോയിൽ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ ആരോപിച്ചിരുന്നു.
റഷ്യക്കെതിരേ പ്രയോഗിക്കാനായി യുക്രെയ്ന് ആയുധം നല്കിയ രാജ്യങ്ങളിലെ സൈനിക സംവിധാനങ്ങളെ ആക്രമിക്കുമെന്ന ഭീഷണി പുടിൻ മുഴക്കി. യുക്രെയ്നു ദീർഘദൂര ആയുധം നല്കുന്ന അമേരിക്കയും നാറ്റോയും സംഘർഷം വർധിപ്പിക്കാൻ ശ്രമിക്കുന്നു. ഈ ആയുധങ്ങൾ റഷ്യയിൽ പ്രയോഗിക്കപ്പെട്ടതോടെ യുക്രെയ്ൻ യുദ്ധത്തിന് ആഗോളമാനം കൈവന്നുവെെന്നും പുടിൻ കൂട്ടിച്ചേർത്തു.
യുക്രെയ്ന് ആയുധങ്ങൾ കൈമാറി സംഘർഷത്തിൽ പങ്കുചേർന്ന പാശ്ചാത്യശക്തികൾക്കുള്ള മറുപടിയായിരുന്നു നിപ്രോയിലെ ആക്രമണമെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ആക്രമണവിവരം 30 മിനിറ്റ് മുന്‍പ് അമേരിക്കയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, റഷ്യ പുതിയ മിസൈൽ യുദ്ധഭൂമിയിൽ പരീക്ഷിച്ചതു യുദ്ധഗതിയെ മാറ്റില്ലെന്നും യുക്രെയ്നു പിന്തുണ തുടരുമെന്നും നാറ്റോ പ്രതികരിച്ചു.
അടുത്തയാഴ്ച നാറ്റോ യോഗം
ചൊവ്വാഴ്ച ബ്രസൽസിൽ നാറ്റോ- യുക്രെയ്ൻ സമിതി അടിയന്തര യോഗം ചേരും. നിപ്രോ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്നാണു യോഗം ചേരാൻ ആവശ്യപ്പെട്ടത്.
പാർലമെന്റ് സമ്മേളനം റദ്ദാക്കി
റഷ്യൻ വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് വെള്ളിയാഴ്ച യുക്രെയ്ൻ പാർലമെന്റ് സെഷൻ റദ്ദാക്കി. വരുംദിവസങ്ങളിൽ സർക്കാർ ആസ്ഥാനങ്ങൾ റഷ്യ ലക്ഷ്യമിട്ടേക്കുമെന്നു യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു.
സുമിയിൽ 12 മരണം
വടക്കുകിഴക്കൻ യുക്രെയ്നിലെ സുമി നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 12 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 12 പാർപ്പിടസമുച്ചയങ്ങളും അഞ്ചു വീടുകളും തകർന്നു.
മാർപാപ്പ കോർസിക്ക സന്ദർശിക്കും: റിപ്പോർട്ട്
പാരീസ്: ഫ്രാൻിസിസ് മാർപാപ്പ ഡിസംബർ 15നു മെഡിറ്ററേനിയനിലെ ഫ്രഞ്ച് ദ്വീപായ കോർസിക്ക സന്ദർശിക്കുമെന്നു റിപ്പോർട്ട്.
കോർസിക്കയിലെ രൂപതാ വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച അറിയിപ്പുള്ളത്. വത്തിക്കാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കോർസിക്കയിലെ മതസമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം പോകുന്നതെന്നു പറയുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ 47-ാം അപ്പസ്തോലിക പര്യടനമായിരിക്കും ഇത്.
നെപ്പോളിയന്റെ ജന്മസ്ഥലമായ കോർസിക്ക ഫ്രാൻസിലെ ഏറ്റവും ദരിദ്രപ്രദേശമാണ്. ദ്വീപുവാസികളിൽ 20 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്.
ഇതിനുമുന്‍പ് ഒരു മാർപാപ്പയും കോർസിക്ക സന്ദർശിച്ചിട്ടില്ല. ഫ്രാൻസിസ് മാർപാപ്പ ഫ്രാൻസിലെ സ്ട്രാസ്ബർഗ് 2014ലും മാഴ്സെ 2023ലും സന്ദർശിച്ചിട്ടുണ്ട്.
ഐസിസി വാറന്റ് അന്യായം: ബൈഡൻ ; അറസ്റ്റ് നടപ്പാക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ
വാഷിംഗ്ടൺ ഡിസി: അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച നടപടി അന്യായമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലിനെയും ഹമാസിനെയും ഒരുപോലെ കാണാനാവില്ലെന്നും അമേരിക്ക ഇസ്രയേലിനൊപ്പമുണ്ടെന്നും ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
നെതന്യാഹുവിനു പുറമേ മുൻ ഇസ്രേലി പ്രതിരോധ മന്ത്രി യൊവാവ് ഗാലന്റ്, ഹമാസ് കമാൻഡർ മുഹമ്മദ് ദെയിഫ് എന്നിവർക്കെതിരേയും ഐസിസി കഴിഞ്ഞ ദിവസം വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഐസിസിയുടെ നടപടി യഹൂദവിരുദ്ധതയാണെന്ന് നെതന്യാഹു ആരോപിച്ചു.
അതേസമയം, യൂറോപ്യൻ രാജ്യങ്ങൾ ഐസിസി വാറന്റ് നടപ്പാക്കാൻ സന്നദ്ധത അറിയിച്ചു. ഇതോടെ നെതന്യാഹുവിനും ഗാലന്റിനും പല യൂറോപ്യൻ രാജ്യങ്ങളിലും പോകാൻ പറ്റാത്ത സാഹചര്യമുണ്ടായി.
യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഫ്രാൻസ്, നെതർലൻഡ്സ്, അയർലൻഡ്, സ്ലൊവേനിയ തുങ്ങിയവരാണ് വാറന്റ് നടപ്പാക്കുമെന്നറിയിച്ചത്. ഐസിസി തീരുമാനത്തെ മാനിക്കേണ്ടതുണ്ടെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബൊറൽ പറഞ്ഞു.
നെതന്യാഹുവിനെ ക്ഷണിക്കും: ഓർബൻ
ഇതിനിടെ, നെതന്യാഹുവിനെ ഹംഗറി സന്ദർശിക്കാൻ ക്ഷണിക്കുമെന്നു പ്രധാനമന്ത്രി വിക്തർ ഓർബൻ അറിയിച്ചു. ഐസിസി ഉത്തരവിനു ഹംഗറിയിൽ ഒരു വിലയും ഉണ്ടാവില്ല.
റൊട്ടേഷൻ സന്പ്രദായത്തിൽ യൂറോപ്യൻ യൂണിയന്റെ ആറുമാസ അധ്യക്ഷപദവി ഇപ്പോൾ ഹംഗറിക്കാണ്.
ലാവോസിൽ വ്യാജമദ്യം കഴിച്ച് ആറ് ടൂറിസ്റ്റുകൾ മരിച്ചു
ബാങ്കോക്ക്: തെക്കുകിഴിക്കനേഷ്യൻ രാജ്യമായ ലാവോസിൽ വ്യാജമദ്യം കഴിച്ച് ആറാമത്തെ വിനോദസഞ്ചാരിയും മരിച്ചു. ഓസ്ട്രേലിയൻ സ്വദേശിനി ഹോളി ബൗൾസ് (19) ആണ് ഇന്നലെ ലാവോസിന്റെ അയൽരാജ്യമായ തായ്ലൻഡിലെ ആശുപത്രിയിൽ മരിച്ചത്.
അടിയന്തര ചികിത്സയ്ക്കായിട്ടാണു തായ്ലൻഡിലേക്കു മാറ്റിയത്. ഹോളിയുടെ സുഹൃത്തും ചികിത്സയിലിരിക്കേ മരിച്ചിരുന്നു.
ലാവോസിലെ വാംഗ് വിയംഗ് എന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽവച്ചു മദ്യപിച്ചതുമൂലം ഡെന്മാർക്കിൽനിന്നുള്ള രണ്ടും അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലെ ഒന്നു വീതവും വിനോദസഞ്ചാരികൾ നേരത്തേ മരിച്ചിരുന്നു.
മെഥനോൾ കലർന്ന മദ്യം കഴിച്ചതാണ് മരണകാരണം. ലാവോസിൽ മദ്യപാനം നടത്തുന്നവർ ജാഗ്രത പുലർത്തണമെന്ന് ചില രാജ്യങ്ങൾ പൗരന്മാർക്കു നിർദേശം നല്കി.
ഐറിഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിയും
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: അയർലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളിയും. ഡബ്ലിൻ മാറ്റർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സും പാലാ വിളക്കുമാടം സ്വദേശിനിയുമായ മഞ്ജു ദേവിയാണ് ഭരണകക്ഷിയായ ഫിനാഫോൾ പാർട്ടിയുടെ ടിക്കറ്റിൽ ഡബ്ലിൻ ഫിൻഗൽ ഈസ്റ്റ് മണ്ഡലത്തിൽനിന്നു ജനവിധി തേടുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളിക്ക് പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിക്കുന്നത്. ഈമാസം 29നാണ് പൊതുതെരഞ്ഞെടുപ്പ്.
കരസേനാംഗമായിരുന്ന സുബേദാർ മേജർ കെ.എം.ബി. ആചാരിയുടെയും രാധാമണിയുടെയും മകളാണ് മഞ്ജു. അയർലൻഡിലെ പ്രമുഖ ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകരിൽ ഒരാളായ തിരുവനന്തപുരം പൂജപ്പുര സ്വദേശി ശ്യാം മോഹനാണു ഭർത്താവ്. മക്കൾ: ദിയ, ശ്രയ.
കഴിഞ്ഞ 20 വർഷമായി അയർലൻഡിലുള്ള മഞ്ജു, മന്ത്രി ഡാറ ഒബ്രെയിനൊപ്പം ചേർന്നാണു ത്സരിക്കുന്നത്. ഡബ്ലിൻ ഫിൻഗൽ ഈസ്റ്റ് മണ്ഡലത്തിൽനിന്ന് മൂന്നുപേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക.
മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന ഇവിടെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് മഞ്ജു ദേവി. വിജയിച്ചാൽ ഐറിഷ് പാർലമെന്റിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം മഞ്ജു ദേവിക്ക് സ്വന്തമാകും.
അയർലൻഡിൽ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ നിരവധി മലയാളികൾ വിജയിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിജയിച്ച ഫിനഗേൽ പാർട്ടി നേതാവ് ബേബി പെരേപ്പാടൻ നിലവിൽ സൗത്ത് കൗണ്ടി കൗൺസിലിൽ ആദ്യ മലയാളി മേയറാണ്.
ഉത്തരകൊറിയയ്ക്ക് റഷ്യൻ മിസൈൽ പ്രതിരോധം
സീയൂൾ: റഷ്യ ഉത്തരകൊറിയയ്ക്ക് വ്യോമപ്രതിരോധ സംവിധാനം നല്‍കിയെന്ന് ദക്ഷിണകൊറിയയിലെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ഷിൻ വോൺ സിക്. യുക്രെയ്നെതിരേ യുദ്ധത്തിന് ഉത്തരകൊറിയ സൈനികരെ അയച്ചതിനു പ്രതിഫലമായിട്ടാണിത്.
റഷ്യൻ മിസൈലുകൾ ഉത്തരകൊറിയയുടെ ദുർബല വ്യോമപ്രതിരോധം ശക്തിപ്പെടുത്തും. ഉത്തരകൊറിയയ്ക്കു റഷ്യ സാന്പത്തിക, സൈനിക സാങ്കേതികവിദ്യകളും നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ലണ്ടനിലെ യുഎസ് എംബസിക്കു സമീപം സംശയാസ്പദ വസ്തു; നിയന്ത്രിത സ്ഫോടനത്തിൽ തകർത്തു
ലണ്ടൻ: അമേരിക്കൻ എംബസിക്കു സമീപം കണ്ടെത്തിയ സംശയാസ്പദമായ പാക്കറ്റ് നിയന്ത്രിത സ്ഫോടനത്തിൽ നശിപ്പിച്ചതായി ബ്രിട്ടീഷ് പോലീസ് അറിയിച്ചു. മേഖലയിൽ സ്ഫോടനശബ്ദം കേട്ടിരുന്നു.
തെക്കൻ ലണ്ടനിൽ തേംസ് നദിക്കടുത്താണ് എംബസി സ്ഥിതി ചെയ്യുന്നത്. സെൻട്രൽ ലണ്ടനിൽ സ്ഥിതി ചെയ്തിരുന്ന എംബസി സുരക്ഷാ കാരണങ്ങളാൽ 2018ൽ ഇങ്ങോട്ടു മാറ്റിയതാണ്.
പാം ബോണ്ടി അമേരിക്കൻ അറ്റോർണി ജനറൽ
വാഷിംഗ്ടൺ ഡിസി: നിയമമേഖലയിൽ ദീർഘകാല പരിചയമുള്ള പാം ബോണ്ടിയെ അമേരിക്കയുടെ അടുത്ത അറ്റോർണി ജനറലായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശിപാർശ ചെയ്തു. നേരത്തേ ശിപാർശ ചെയ്ത മാറ്റ് ഗേറ്റ്സ് ലൈംഗികാരോപണത്തെത്തുടർന്ന് പിന്മാറിയ പശ്ചാത്തലത്തിലാണിത്.
59 വയസുള്ള പാം ബോണ്ടി രണ്ടു പതിറ്റാണ്ട് പ്രോസിക്യൂട്ടറും ഫ്ലോറിഡ സംസ്ഥാനത്തെ മുൻ അറ്റോർണി ജനറലുമാണ്. ട്രംപുമായി അടുപ്പമുള്ള ഇവർ ട്രംപിന്റെ നിയമോപദേശകസംഘത്തിലും അംഗമായിരുന്നു. ട്രംപിനെതിരായ ക്രിമിനൽ കേസുകളെ പൊതുവേദികളിൽ വിമർശിച്ചിട്ടുണ്ട്.
നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ്
ദ ഹേഗ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അദ്ദേഹത്തിന്റെ മുൻ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് എന്നിവർക്കും ഹമാസ് ഭീകരസംഘടനയുടെ കമാൻഡർ മുഹമ്മദ് ദെയിഫിനും (ഇബ്രാഹിം അൽ മസ്രി) എതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യുദ്ധക്കുറ്റങ്ങൾ, മാനവരാശിക്കെതിരായ കുറ്റങ്ങൾ എന്നിവയുടെ പേരിലാണിത്.
ഗാസ നിവാസികളെ പട്ടിണിക്കിടുന്നതിലും പലസ്തീൻ ജനതയെ പീഡിപ്പിക്കുന്നതിലും നെതന്യാഹുവിനും ഗാലന്റിനും ക്രിമിനൽ ഉത്തരവാദിത്വമുണ്ടെന്ന് മൂന്നംഗ ജഡ്ജിമാരുടെ പാനൽ ഐകകണ്ഠ്യേന വിലയിരുത്തി.
ഗാസ യുദ്ധത്തിനു കാരണമായ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന്റെ പേരിലാണ് മുഹമ്മദ് ദെയിഫിനെതിരേ വാറന്റ്. ഇയാളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഹമാസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇയാൾ മരിച്ചുവെന്നു സ്ഥിരീകരിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് വാറന്റെന്ന് ഐസിസി വിശദീകരിച്ചു.
ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ മേയ് 20നാണ് ഇസ്രേലി, ഹമാസ് നേതൃത്വത്തിനെതിരേ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടത്. ഹമാസ് നേതാക്കളായ ഇസ്മയിൽ ഹനിയ, യഹ്യ സിൻവർ എന്നിവർക്കെതിരേയും വാറന്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇവർ കൊല്ലപ്പെട്ടു.
അതേസമയം, നെതന്യാഹുവിനും ഗാലന്റിനും എതിരേ അറസ്റ്റ് നടപടികളുണ്ടാകാൻ സാധ്യതയില്ല. അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു സ്വന്തമായി പോലീസ് ഇല്ല. ഐസിസിയിൽ അംഗങ്ങളായ 124 രാജ്യങ്ങളാണ് അറസ്റ്റ് നടപ്പാക്കണോ എന്നു തീരുമാനിക്കുന്നത്. ഇസ്രയേലും അമേരിക്കയും ഐസിസിയിൽ അംഗങ്ങളല്ല. ഐസിസി തീരുമാനം യഹൂദവിരുദ്ധതയാണെന്ന് ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് അപലപിച്ചു.
യുക്രെയ്ൻ യുദ്ധക്കുറ്റങ്ങളുടെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരേ ഐസിസി മുന്‍പ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഐസിസി അംഗമായ മംഗോളിയ പുടിൻ സന്ദർശിച്ചെങ്കിലും അറസ്റ്റുണ്ടായില്ല.
അദാനിയുമായുള്ള കരാർ റദ്ദാക്കി കെനിയ
നയ്റോബി: അദാനി ഗ്രൂപ്പുമായുള്ള കരാർ റദ്ദാക്കി കെനിയ. വിമാനത്താവള വികസനത്തിന്റെയും ഊർജപദ്ധതികളുടെയും കോടിക്കണക്കിനു ഡോളറിന്റെ കരാർ റദ്ദാക്കിയതായി പ്രസിഡന്റ് വില്യം റുട്ടോയാണ് അറിയിച്ചത്.
അന്വേഷണ ഏജൻസികളും സഖ്യരാജ്യങ്ങളും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന്, അമേരിക്കയെ പരാമർശിക്കാതെ പ്രസിഡന്റ് അറിയിച്ചു.
തലസ്ഥാനമായ നയ്റോബിയിലാണ് വിമാനത്താവളത്തിന്റെ ആധുനികവത്കരണത്തിനായുള്ള കരാർ. 30 വർഷം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു. കരാറിനെതിരേ കെനിയയിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.
എ.ആർ. റഹ്മാന് ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ്
ലോസ് ആഞ്ചലസ്: "ആടുജീവിതം' സി നിമയിലെ പശ്ചാത്തല സംഗീതത്തിന് പ്രശസ്ത സംഗീതജ്ഞന് എ.ആർ. റഹ്മാന് ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാർഡ് (എച്ച്എച്ച്എംഎ) ലഭിച്ചു.
വിദേശഭാഷാ വിഭാഗത്തിലെ അവാർഡാണ് റഹ്മാന് ലഭിച്ചിരിക്കുന്നത്. ‘മഹത്തായ ബഹുമതി’എന്നാണ് അദ്ദേഹം അവാർഡ് ലഭിച്ചതിനെ വിശേഷിപ്പിച്ചത്. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും ആരാധകർക്കും റഹ്മാൻ നന്ദി പറഞ്ഞു. ബ്ലെസിക്കും ടീമിനും നന്ദി പറഞ്ഞ് അദ്ദേഹം വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.
അവാർഡ് വിവരം ചിത്രത്തിലെ നായകന് പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ബ്ലെസി അവാർഡ് വാങ്ങുന്ന ചിത്രവും ഔദ്യോഗിക ഇന്റസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
ബിഷ്ണോയിയുടെ സഹോദരൻ അമേരിക്കയിൽ ജയിലിൽ
വാഷിംഗ്ടൺ: ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി അമേരിക്കയിൽ ജയിലിൽ.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അൻമോലിനെ ലോവ ജയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
അൻമോലിനെ കൈമാറണമെന്ന് ഇന്ത്യ അടുത്തിടെ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
റഷ്യ ഐസിബിഎം പ്രയോഗിച്ചെന്ന് യുക്രെയ്ൻ
കീവ്: യുക്രെയ്നു നേരേ റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പ്രയോഗിച്ചതായി റിപ്പോർട്ട്. യുക്രെയ്നാണ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇത്തരം മിസൈൽ ആക്രമണത്തിന് ഉപയോഗിക്കുന്നത്.
അതേസമയം, റഷ്യ പ്രയോഗിച്ചത് ബാലിസ്റ്റിക് മിസൈൽ ആണെങ്കിലും ഐസിബിഎം അല്ലെന്ന് പേരു വെളിപ്പെടുത്താത്ത അമേരിക്കൻ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുണ്ട്.
വ്യാഴാഴ്ച കിഴക്കൻ നഗരമായ നിപ്രോയ്ക്കു നേർക്കാണ് ഐസിബിഎം ആക്രമണം ഉണ്ടായതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. നഗരത്തിലെ വ്യവസായകേന്ദ്രത്തിൽ വലിയ തീപിടിത്തമുണ്ടായി.
യുക്രെയ്ൻ സേന യുഎസ്, ബ്രിട്ടീഷ് നിർമിത മിസൈലുകൾ റഷ്യൻ ഭൂമിയിൽ പ്രയോഗിച്ചതിനു പിന്നാലെയായിരുന്നു നിപ്രോയിലെ ആക്രമണം.
വിദൂരപ്രദേശങ്ങളിൽ അണ്വായുധം പ്രയോഗിക്കാൻ രൂപകല്പന ചെയ്തിട്ടുള്ള ഐസിബിഎം ഇതിനു മുന്‍പ് ലോകത്തിലെ ഒരു സേനയും പ്രയോഗിച്ചിട്ടില്ല. അതേസമയം, റഷ്യൻ സേന നിപ്രോയിലെ ആക്രമണത്തിന് ആണവ പോർമുന ഉപയോഗിച്ചിട്ടില്ല.
2012ൽ റഷ്യ വിജയകരമായി പരീക്ഷിച്ച ആർഎസ്-26 റുബേഷ് ഐസിബിഎം ആണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 12 മീറ്റർ നീളവും 36 ടൺ ഭാരവുമുള്ള കൂറ്റൻ മിസൈലിന് 5,800 കിലോമീറ്റർ ദൂരെ ആക്രമണം നടത്താനാകും.
ഹൈപ്പർസോണിക്, ക്രൂസ് മിസൈലുകളും റഷ്യ വ്യാഴാഴ്ച യുക്രെയ്നു നേർക്കു പ്രയോഗിച്ചു. ഇതെല്ലാം വെടിവച്ചിടാൻ കഴിഞ്ഞുവെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.
മുൻ ദിവസങ്ങളിൽ യുക്രെയ്ൻ സേന യുഎസ് നിർമിത അറ്റാകാംസ്, ബ്രിട്ടീഷ് നിർമിത സ്റ്റോംഷാഡോ മിസൈലുകൾ റഷ്യക്കു നേരേ പ്രയോഗിച്ചിരുന്നു. ഇവയെല്ലാം വെടിവച്ചിട്ടുവെന്നു റഷ്യയും അവകാശപ്പെടുന്നു.
ഇതിനിടെ, റഷ്യൻ വ്യോമാക്രമണ ഭീഷണിയെത്തുടർന്നു പൂട്ടിയ കീവിലെ അമേരിക്കൻ എംബസി ഇന്നലെ തുറന്നു.
ഗാസ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തലാവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്തു.
ഗാസയുദ്ധം ഉപാധികളില്ലാതെ എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയത്തെ രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 14 പേരും അനുകൂലിച്ചു.
ഇതു നാലാം തവണയാണ് അമേരിക്ക ഇസ്രയേലിനുവേണ്ടി ഗാസാ വിഷയത്തിൽ വീറ്റോ അധികാരം പ്രയോഗിക്കുന്നത്.
എന്നാൽ, ഹമാസിന് അപടകരമായ സന്ദേശം നല്കുന്ന പ്രമേയമാണിതെന്ന് യുഎന്നിലെ അമേരിക്കയുടെ ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ് ചൂണ്ടിക്കാട്ടി. കൂടുതൽ ഭീകരതയ്ക്കു വഴിതെളിക്കുന്ന പ്രമേയമാണിതെന്ന് ഇസ്രയേൽ ആരോപിച്ചു.
അതേസമയം, അമേരിക്കൻ നടപടിയിൽ വലിയ ഖേദമുണ്ടെന്ന് ഫ്രാൻസ് പ്രതികരിച്ചു. ബന്ദിമോചനവും യുദ്ധം അവസാനിപ്പിക്കലും ഉടനടി വേണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു.
കയ്റോ: ഇസ്രേലിസേന ബുധനാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു.
വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിൽ പലസ്തീൻ അഭയാർഥികൾ തിങ്ങിനിറഞ്ഞ വീടുകൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 66 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റി പ്രാന്തത്തിലെ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിൽ റാഫയോടു ചേർന്ന പ്രദേശങ്ങളിൽ 22 പേരും കൊല്ലപ്പെട്ടു.
ബെയ്ത് ലാഹിയയിൽ ഇരുനൂറോളം പേർ താമസിച്ചിരുന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്ക് എത്തിച്ചാലും മരുന്നില്ലാത്തതിനാൽ രക്ഷിക്കാൻ കഴിയുന്നില്ലെന്നു ബെയ്ത് ലാഹിയയിലെ കമാൽ അദ്വാൻ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ഇസ്രേലി സേന ഒക്ടോബർ ആദ്യം മുതൽ വടക്കൻ ഗാസയിൽ ഓപ്പറേഷൻ നടത്തുകയാണ്. ഹമാസ് ഭീകരർ പുനഃസംഘടിക്കുന്നതു തടയലാണു ലക്ഷ്യം. ഇവിടത്തെ നൂറുകണക്കിനു ഭവനങ്ങൾ നശിപ്പിച്ചു.
ഗാസയ്ക്കും ഇസ്രയേലിനും ഇടയിൽ ബഫർ സോൺ സൃഷ്ടിക്കാനാണു നീക്കമെന്ന് ആരോപണമുണ്ട്. ഇസ്രേലി സേനയുടെ ഉപരോധം മൂലം വടക്കൻ ഗാസയുടെ ചില ഭാഗങ്ങളിൽ 40 ദിവസമായി ഭക്ഷണവിതരണം നടക്കുന്നില്ല.
പാക്കിസ്ഥാനിൽ ഭീകരാക്രമണം; 50 പേർ കൊല്ലപ്പെട്ടു
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാൻ സിവിലിയൻ വാഹനങ്ങൾക്കു നേരേ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ അഫ്ഗാൻ അതിർത്തിയോടു ചേർന്ന ഖുറം ജില്ലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഷിയാ വിഭാഗക്കാരാണ്.
പരാചിനാറിൽനിന്നു പെഷവാറിലേക്ക് പോയ ഇരുനൂറോളം വാഹനങ്ങൾ ഉൾപ്പെടുന്ന വ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. താലിബാനു സ്വാധീനമുള്ള മേഖലയിലാണ് ആക്രമണം നടന്നത്.
ജോൺ പ്രസ്കോട്ട് അന്തരിച്ചു
ലണ്ടൻ: ബ്രിട്ടനിലെ മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ജോൺ പ്രസ്കോട്ട് (86) അന്തരിച്ചു. ദീർഘകാലമായി ആൽസ്ഹൈമേഴ്സ് ബാധിതനായിരുന്നു.
ലേബർ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന പ്രസ്കോട്ട് 1997 മുതൽ 2007 വരെയുള്ള പത്തുവർഷം ടോണി ബ്ലയർ മന്ത്രിസഭയിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്നു. ട്രേഡ് യൂണിയൻ നേതാവുമായിരുന്നു.