കിടപ്പുമുറിക്കു പുറത്ത് തട്ടും മുട്ടും കാൽപ്പെരുമാറ്റവും കേട്ടുകൊണ്ടാണ് ആന്റോണിയ കണ്ണു തുറന്നത്. നേരം ഇനിയും പുലർന്നിട്ടില്ല. പുറത്തു നല്ല മഞ്ഞുവീഴ്ചയും തണുപ്പുമാണെന്നു ജനാലച്ചില്ലുകൾ നിശബ്ദം പറയുന്നുണ്ട്. അലാറം വയ്ക്കാൻ മറന്നുപോയിട്ടും താൻ നേരത്തേതന്നെ ഉണർന്നുവെന്നത് അവൾക്ക് ആശ്ചര്യമായി തോന്നി. ഒരേ കാര്യം പല ദിവസങ്ങളിൽ ആവർത്തിച്ചു ചെയ്താൽ അതു ശീലമായി മാറുമെന്നു പറയുന്നതു വെറുതെയല്ല. തണുപ്പിനെ വകവയ്ക്കാതെ അവൾ എഴുന്നേറ്റു. മതവിശ്വാസം തെല്ലുമില്ലാതെ, ഒരു നിരീശ്വരവാദിയെപ്പോലെ വർഷങ്ങൾ ജീവിച്ച താൻ ഇതാ അതിരാവിലെ പള്ളിയിൽ കുർബാനയ്ക്കു പോകാനായി എഴുന്നേൽക്കുന്നു, അതും ആരും വിളിക്കാതെ. കഴിഞ്ഞ ഏതാനും മാസങ്ങളായി തന്റെയും ഭർത്താവ് ആന്ദ്രേയുടെയും ജീവിതത്തിൽ സംഭവിക്കുന്നത് അദ്ഭുതങ്ങളാണെന്ന് അവൾക്കു തോന്നി. അവൾ തിരിഞ്ഞു ഭർത്താവിനെ കുലുക്കിവിളിച്ചു. "എഴുന്നേൽക്കൂ, സമയമായി'.
കണ്ണുതുറന്ന് എഴുന്നേൽക്കവേ അവൻ എഴുന്നേറ്റുവോയെന്ന് ആന്ദ്രേ അന്വേഷിച്ചു. "കുറെ നേരമായി തട്ടും മുട്ടുമൊക്കെ കേൾക്കുന്നുണ്ട്. അവൻ എപ്പോഴേ എഴുന്നേറ്റു കാണും. ഡ്രസൊക്കെ ചെയ്തു നമ്മളെ കാത്ത് ഇരിക്കുന്നുണ്ടാവും.' ഇരുവരും അതിവേഗം ഫ്രഷ് ആയി. തണുപ്പുവസ്ത്രങ്ങളൊക്കെ അണിഞ്ഞ് മുറിയുടെ വാതിൽ തുറന്നു.
വലിച്ചുകൊണ്ടുപോകുന്നവൻ
അതാ നിറഞ്ഞ പുഞ്ചിരിയോടെ അവൻ, കാർലോ അക്കുത്തിസ് എന്ന ഒൻപതു വയസുകാരൻ. പോകാൻ റെഡിയായി മാതാപിതാക്കളെ കാത്തിരിക്കുകയായിരുന്നു അവൻ. അവരെ കണ്ടതേ അവൻ ഉത്സാഹത്തോടെ ചാടിയെണീറ്റു. അമ്മ ആന്റോണിയയെ പലപ്പോഴും അതിശയിപ്പിച്ചിട്ടുള്ള കാഴ്ചയാണിത്. എത്ര ആവേശത്തോടെയാണ് അവൻ പള്ളിയിലേക്കു പോകാൻ തയാറായി നിൽക്കുന്നത്. ഈ പ്രായത്തിലുള്ള കുട്ടികൾ കളിക്കളത്തിലേക്കോ വിനോദയാത്രയ്ക്കോ പോകുന്പോൾ പ്രകടിപ്പിക്കാറുള്ള അതേ ആവേശവും ഉത്സാഹവും... വിശുദ്ധ കുർബാനയാണ് അവന്റെ ഒാരോ ദിവസത്തെയും ഇന്ധനം. അതില്ലാത്ത ഒരു ദിവസം അടുത്ത കാലത്തൊന്നും കടന്നുപോയിട്ടില്ല. ഒാർമകളിൽ പലവട്ടം പരതിയിട്ടും കളിപ്പാട്ടങ്ങൾക്കു വേണ്ടിയോ ഇഷ്ടപ്പെട്ട ഭക്ഷണത്തിനു വേണ്ടിയോ വാശിപിടിച്ചു നിൽക്കുന്ന ഒരു കാർലോയെ കാണാൻ കഴിയുന്നില്ല. അതേസമയം, എന്തൊക്കെ അസൗകര്യങ്ങളുണ്ടെങ്കിലും ദിവ്യകാരുണ്യത്തിനു മുന്നിലേക്കു പോകണമെന്നു വാശിപിടിക്കുന്ന കാർലോയുടെ രൂപം മായാതെ ഉള്ളിലുണ്ട്.
പതിവായി സ്വീകരിച്ചിരുന്ന ദിവ്യകാരുണ്യം ആരെയും വലിച്ചടുപ്പിക്കുന്ന ഒരു അദൃശ്യപ്രഭാ വലയം കുഞ്ഞിച്ചെക്കനു സമ്മാനിച്ചിരുന്നുവോ? അങ്ങനെ വേണം കരുതാൻ. വിശേഷദിവസങ്ങളിൽ പോലും പള്ളിയുടെ പടി കയറാതിരുന്ന തന്നെയും ആന്ദ്രേയെയും അതിരാവിലെ പള്ളിയിലേക്കു വലിച്ചുകൊണ്ടുപോകുന്നത് ആ വലയം തന്നെയായിരിക്കും. പള്ളിയുടെ നട കയറുന്പോൾ അവൾ ഒാർത്തു, കുഞ്ഞ് അക്കുത്തിസിനെപ്പോലെ താനും ഈശോയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു, അവനെ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. തന്നെയും ആന്ദ്രേയെയും മാത്രമല്ല, ബന്ധുക്കൾ, അയൽക്കാർ, കൂട്ടുകാർ അങ്ങനെ എത്രയോ പേരെ അക്കുത്തിസ് ഇതിനകം ക്രിസ്തുവിലേക്കു വലിച്ചടുപ്പിച്ചു കഴിഞ്ഞു. ഉള്ളിലിപ്പോൾ മുന്പൊന്നുമില്ലാതിരുന്ന ഒരു സമാധാനമുണ്ട്, കുറെക്കൂടി നേരത്തേ ക്രിസ്തുവിലേക്കു തിരിച്ചുവരേണ്ടതായിരുന്നുവെന്ന് അവൾക്കു പലപ്പോഴും തോന്നാറുണ്ട്.
അദ്ഭുതപ്പെടുത്തിയ ആവശ്യം
എങ്ങനെയാണ് കുഞ്ഞ് അക്കുത്തിസിനെ ഈശോ ഇങ്ങനെ ചേർത്തുപിടിച്ചു തുടങ്ങിയതെന്ന് അവൾക്കും അത്ര നിശ്ചയമില്ല. ഇറ്റാലിയൻ ദന്പതികളായ ആന്ദ്രേ അക്കുത്തിസിന്റെയും അന്റോണിയയുടെയും മകനായി 1991ൽ ലണ്ടനിലായിരുന്നു കാർലോയുടെ ജനനം. വൈകാതെ അവർ ഇറ്റലിയിലേക്ക് മടങ്ങി. മുത്തച്ഛനും മുത്തശിയുമാണ് കാർലോയുടെ മനസിൽ ഈശോയെ അടയാളപ്പെടുത്തിക്കൊടുത്തതെന്ന് അവൾക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. കത്തോലിക്ക സ്കൂളിലെ പഠനം കൂടിയായപ്പോൾ ഈശോയെ കൂടുതൽ അടുത്തറിയാൻ അവന് അവസരം ലഭിച്ചു.
വിശുദ്ധ കുർബാനയിൽ പോയി സംബന്ധിക്കുമെങ്കിലും മറ്റുള്ളവർ ഈശോയെ സ്വീകരിക്കുമ്പോൾ കാഴ്ചക്കാരനായി നിൽക്കേണ്ടി വരുന്നത് അവനു സഹിക്കാൻ കഴിഞ്ഞില്ല. എന്റെ ആദ്യകുർബാന സ്വീകരണം ഉടനെ നടത്തണമെന്ന ആവശ്യവുമായിട്ടാണ് ഒരു ദിവസം അക്കുത്തിസ് വീട്ടിലെത്തിയത്. സാധാരണ കുട്ടികൾ എട്ടു വയസിലാണ് സ്വീകരിക്കുന്നതെന്നും ഒരു വർഷംകൂടി കാത്തിരിക്കണമെന്നും ആന്റോണിയ അവനെ ഉപദേശിച്ചു. പക്ഷേ, അവൻ വഴങ്ങാൻ തയാറായിരുന്നില്ല. ഉടനെ ദിവ്യകാരുണ്യസ്വീകരണം നടത്തണമെന്ന ഒരേ വാശി. ഏക മകന്റെ നിരന്തര ആവശ്യത്തിനു മുന്നിൽ ഒടുവിൽ അവർക്കു വഴങ്ങേണ്ടി വന്നു. അങ്ങനെ 1998 ജൂൺ 16ന് മിലാനിലെ സാന്റഅബ്രോജിയോ ആദ് നേമൂസ് കോൺവെന്റിൽ വച്ച് ഏഴാം വയസിൽ അക്കുത്തിസ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു.
അടുത്തറിഞ്ഞ ഈശോയെ തൊട്ടറിയണമെന്ന ആഗ്രഹം സഫലീകരിച്ചത് വലിയ ആഹ്ലാദമാണ് അവനു സമ്മാനിച്ചത്. അന്നു മുതൽ പള്ളിയിൽ പോകുന്നതും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും അവൻ അതിയായി ആസ്വദിച്ചു. ദിവ്യകാരുണ്യ ആരാധന പള്ളിയിൽ നടക്കുമ്പോഴെല്ലാം അതിന്റെ മുന്നിൽ അക്കുത്തിസിനെയും കാണാമായിരുന്നു.
കുഞ്ഞാടല്ല, കുഞ്ഞ് ഹീറോ
ഇത്രയൊക്കെ വായിക്കുന്പോൾ ചിലരെങ്കിലും ചിന്തിച്ചേക്കാം, ഒാ പള്ളിയും പ്രാർഥനയുമായി മാത്രം നടന്നിരുന്ന ഒരു പാവം കുഞ്ഞാടായിരുന്നു ഈ കാർലോ അക്കുത്തിസ്! എങ്കിൽ നിങ്ങൾക്കു തെറ്റി. അക്കുത്തിസ് ആളൊരു അടിപൊളിയായിരുന്നു. നല്ല ഫുട്ബോൾ കന്പക്കാരൻ... ലോകകപ്പും ക്ലബ് ഫുട്ബോളുമൊക്കെ അരങ്ങുതകർക്കുന്പോൾ മിലാനിലെ വീട്ടിൽ അക്കുത്തിസിന്റെ ആവേശവും ആകാശം മുട്ടും. കംപ്യൂട്ടർ ഗെയിം ആയിരുന്നു മറ്റൊരു വിനോദം. പോക്കിമോൻ, സ്പൈഡർമാൻ ഒക്കെ അവനു ഹരം. ആക്ഷൻ സിനിമകൾ കണ്ടാൽ വിടില്ല, ത്രില്ലടിച്ചിരുന്ന് അതു കണ്ടുതീർത്തിട്ടേ എഴുന്നേൽക്കൂ. മൃഗങ്ങളെയും പക്ഷികളെയും ഒാമനിച്ചു വളർത്തുന്നതായിരുന്നു മറ്റൊരു ഹോബി. നാലു നായ്ക്കളും രണ്ടു പൂച്ചകളും അവന്റെ അരുമകളായി ഉണ്ടായിരുന്നു. ടാങ്കുകളിൽ നിറയെ സ്വർണമത്സ്യങ്ങൾ നിറച്ച് അവയെ നോക്കുന്നതും പരിപാലിക്കുന്നതും അവനെ രസിപ്പിച്ചിരുന്നു.
കംപ്യൂട്ടറിൽ തത്പരനായിരുന്ന അക്കുത്തിസ് കംപ്യൂട്ടർ കോഡിംഗും വെബ്സൈറ്റ് ഡിസൈനിംഗുമൊക്കെ സ്വായത്തമാക്കി. അങ്ങനെ ജീവിതത്തിലെന്പാടും ഒരു ന്യൂജെൻ വൈബ് നിറഞ്ഞു നിൽക്കുന്പോഴും ആ ബഹളത്തിലൊന്നും മുങ്ങിപ്പോകാത്ത ഒരു ഇഷ്ടം അവനുണ്ടായിരുന്നു. അത് അവന്റെ ജീസസ് ആയിരുന്നു. അതുകൊണ്ടാണ് ന്യൂജെൻ വൈബിൽ ജീവിതം എങ്ങനെയും ആഘോഷിക്കണമെന്നു വാദിച്ചിരുന്ന ക്ലാസിലെ സഹപാഠികളുടെ മുന്നിൽ ക്രിസ്തുവിനെക്കുറിച്ചും വിശുദ്ധിയെക്കുറിച്ചും അവനു പറയാൻ കഴിഞ്ഞത്, അതിശയിപ്പിച്ച നൈർമല്യത്തോടെ പെൺകുട്ടികളോട് ഇടപെടാൻ കഴിഞ്ഞത്, പതിനൊന്നാം വയസിൽ വേദപാഠ അധ്യാപകനാകാൻ കഴിഞ്ഞത്. കൗമാരത്തിന്റെയും യുവത്വത്തിന്റെയും ആഘോഷങ്ങളോ വർണപ്പകിട്ടുകളോ പണയം വയ്ക്കാതെ വിശുദ്ധമായ ജീവിതം നയിക്കാനാകുമെന്നു ലോകത്തെ പഠിപ്പിക്കുകയായിരുന്നു അക്കുത്തിസ്.
ഹോബികളും മറ്റു വിനോദങ്ങളുമൊന്നും തനിക്കു നന്മ ചെയ്യാനുള്ള സമയത്തെ കവർന്നെടുക്കരുതെന്ന് അവനു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് കംപ്യൂട്ടർ ഗെയിമിനും മറ്റു വിനോദങ്ങൾക്കും ആഴ്ചയിൽ കൃത്യമായ ഒരു സമയം നിജപ്പെടുത്തി. അഭയാർഥിക്കുട്ടികളെയും പാവപ്പെട്ടവരെയും സന്ദർശിക്കാനും അവരെ സഹായിക്കാനും അവൻ സമയം കണ്ടെത്തി. ഒരിക്കൽ ഒരു കൂട്ടുകാരന്റെ മാതാപിതാക്കൾ വിവാഹമോചനം നേടിയപ്പോൾ സങ്കടത്തിലാണ്ട കൂട്ടുകാരനെ തന്റെ കുടുംബത്തോടു ചേർത്തുനിർത്തി.
വഴിത്തിരിവ്
പതിനൊന്നാം വയസിൽ എത്തിയപ്പോൾ താൻ വൈകാതെ ഈ ലോകത്തിൽനിന്നു യാത്രയാകും എന്ന ബോധ്യം ഉണ്ടായിരുന്നതുപോലെയായിരുന്നു പല പെരുമാറ്റങ്ങളും. ലോകത്ത് ദിവ്യകാരുണ്യ അദ്ഭുതം നടന്ന ഇടങ്ങളൊക്കെ സന്ദർശിക്കണമെന്ന ആഗ്രഹം അവൻ മാതാപിതാക്കൾക്കു മുന്നിൽവച്ചു. അത്ര എളുപ്പമല്ലാതിരുന്നിട്ടും മകന്റെ ആഗ്രഹത്തിനായി അവർ ഇറങ്ങിത്തിരിച്ചു. ദിവ്യകാരുണ്യ അദ്ഭുതം നടന്ന പള്ളികൾ സന്ദർശിച്ചും പഠിച്ചും കാമറയിൽ ചിത്രീകരിച്ചും അവർ പല ഭൂഖണ്ഡങ്ങളിലും നിരവധി രാജ്യങ്ങളിലും സഞ്ചരിച്ചു. വെറുതേ കാണാനുള്ള ആകാംക്ഷ കൊണ്ടല്ല അക്കുത്തിസ് ഈ ദൗത്യത്തിനായി ഇറങ്ങിത്തിരിച്ചത്. ദിവ്യകാരുണ്യ അദ്ഭുതങ്ങൾ നടന്ന സ്ഥലങ്ങളും അതിന്റെ വിവരങ്ങളും തെളിവുകളുമെല്ലാം ഉൾപ്പെടുത്തി ഒരു വെബ്സൈറ്റ് രൂപകല്പന ചെയ്യുകയായിരുന്നു അവന്റെ ലക്ഷ്യം. പിന്നീടുള്ള ഏറെ സമയവും ഈ ദൗത്യം പൂർത്തീകരിക്കാനാണ് ചെലവഴിച്ചുകൊണ്ടിരുന്നത്. ഭൂമിയിൽ തനിക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന സമയം വളരെ കുറച്ചു മാത്രമാണെന്നും അതിനുള്ളിൽ പലതും ചെയ്തു തീർക്കാനുണ്ടെന്നും അക്കുത്തിസ് വിശ്വസിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ ആ വെബ്സൈറ്റ് തയാറായി. ആയിരങ്ങൾക്കു പരിശുദ്ധ കുർബാനയിലെ ക്രിസ്തുസാന്നിധ്യം ബോധ്യപ്പെടുത്താൻ ഇതു സഹായിക്കുമെന്ന് അവൻ കരുതി.
ചെറിയൊരു പനി, പക്ഷേ
2006 ഒക്ടോബർ ആദ്യം അവനൊരു പനി ബാധിച്ചു. പതിവ് ഫ്ലൂ മാത്രമെന്ന് എല്ലാവരും കരുതി. അതിനുള്ള ചികിത്സയുമെടുത്തു. എന്നാൽ, പിനി വിട്ടുമാറാതെ വന്നതോടെ അവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലവിധമായ പരിശോധനകൾക്കൊടുവിൽ ഡോക്ടർമാർ ആ വിവരം വെളിപ്പെടുത്തി. ചികിത്സിച്ചു ഭേദമാക്കാനാവാത്ത രക്താർബുദം. ആന്റോണിയയും ആന്ദ്രേയും ബന്ധുക്കളും അവനെ അറിയാവുന്നവരെല്ലാം ഞെട്ടിത്തരിച്ചുനിന്നു. ആ പതിനഞ്ചുകാരനു മുന്നിൽ ഇനി ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതു പലർക്കും ഉൾക്കൊള്ളാനായില്ല. എന്നാൽ, ഒരു ചെറു പുഞ്ചിരിയോടെ അക്കുത്തിസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "മരിക്കുന്നതിൽ എനിക്കു ഭയമില്ല, സന്തോഷമുണ്ട്. കാരണം, ദൈവത്തെ പ്രസാദിപ്പിക്കാത്ത കാര്യങ്ങളിൽ ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ ജീവിതം നയിച്ചു.' അതായിരുന്നു അവന്റെ സാക്ഷ്യം. സ്വന്തം മരണകാരണവും മരിക്കുന്ന സമയത്തെ തന്റെ ഭാരവും അക്കുത്തിസ് മുൻകൂട്ടി പ്രവചിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. തന്റെ സഹനത്തെ സഭയോടും മാർപാപ്പയുടെ നിയോഗത്തോടും ചേർത്തുവയ്ക്കുന്നുവെന്നും പറഞ്ഞു.
അസീസിയിലേക്ക്
2006 ഒക്ടോബർ 12ന് കണ്ണീർ പെയ്തിറങ്ങിയ ദിനത്തിൽ കാർലോ അക്കുത്തിസ് പറന്നകന്നു. വിശുദ്ധ ഫ്രാൻസിസ് അസീസി അന്ത്യവിശ്രമംകൊള്ളുന്ന മണ്ണിൽ തനിക്കും ഉറങ്ങണം. മരിക്കുന്നതിനു മുന്പേ അവൻ പറഞ്ഞ ആഗ്രഹമാണിത്. ആദ്യം മൃതദേഹം സംസ്കരിച്ചിരുന്നത് ഇറ്റലിയിലെ പീഡ്മോണ്ട് ടെർനെംഗോ ടൗൺ സെമിത്തേരിയിൽ ആയിരുന്നെങ്കിലും അവന്റെ ആഗ്രഹപൂർത്തീകരണത്തിനായി 2007 ജനുവരിയിൽ ഭൗതികദേഹം അസീസിയിൽ എത്തിച്ചു. അസീസിയിലെ സെന്റ് മേരി മേജർ ദേവാലയത്തിന്റെ ഭാഗമായ ഉദ്യാനത്തിലെ പ്രത്യേക കല്ലറയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വിശുദ്ധ ഫ്രാൻസിസ് അസീസി തന്റെ സമ്പന്ന ജീവിത പ്രതീകങ്ങളായിരുന്ന വസ്ത്രങ്ങളും മറ്റും ഉരുഞ്ഞു പരിത്യാഗജീവിതത്തിലേക്കു തിരിഞ്ഞ ഈ സ്ഥലം ത്യാഗസങ്കേതം എന്നാണ് അറിയപ്പെടുന്നത്. അക്കുത്തിസ് കടന്നുപോയി നാലു വർഷത്തിനു ശേഷം ദൈവം ആന്റോണിയയെ 44-ാം വയസിൽ ഇരട്ടക്കുട്ടികളെ നൽകി അനുഗ്രഹിച്ചു.
2022 ജൂൺ ഒന്നുമുതൽ അക്കുത്തിസിന്റെ കബറിടം തീർഥാടകർക്കായി സ്ഥിരമായി തുറന്നുനൽകി. വെണ്ണക്കൽ പാകിയ കല്ലറയിൽ ചില്ലുപേടകത്തിനുള്ളിൽ അവൻ ശാന്തമായി ഉറങ്ങുന്നത് കാണാം. സാധാരണ വിശുദ്ധരെ കാണുന്പോഴുള്ള വിശേഷ വസ്ത്രങ്ങളോ അലങ്കാരങ്ങളോ അവനില്ല. ഉള്ളിൽ തൊടുന്ന ഒരു സൗമ്യത, കൈയിൽ ചുറ്റിപ്പിടിച്ച ഒരു ജപമാല, ജീൻസും സ്നീക്കറുകളും കാഷ്വൽ സ്പോർട്സ് ടോപ്പും വേഷം, കാലുകളെ പൊതിഞ്ഞ് ടെന്നീസ് ഷൂസ്... കൗമാരക്കാരോടും യുവതലമുറയോടും ആ കല്ലറ പറയുന്നു, നിങ്ങളെപ്പോലെ പൊളിയായിരുന്നു അക്കുത്തിസും! എ മില്ലേനിയൽ സെയിന്റ്. അടിച്ചുപൊളിച്ചു ജീവിച്ചു വിശുദ്ധനായ അക്കുത്തിസിന്റെ വിശുദ്ധപദ പ്രഖ്യാപനം അടുത്ത വർഷം നടക്കുന്പോൾ സംശയമില്ല, അതു മിശിഹായുടെ ജനനത്തിന്റെ മഹാജൂബിലിക്ക് ഒരു കിടിലൻ യൂത്ത് വൈബ്.
ജോൺസൺ പൂവന്തുരുത്ത്