ആ കോളനികൾ ഇവയാണ്
മാസച്യൂസെറ്റ്സ്
ന്യൂജേഴ്സി
വടക്കൻകരോലൈന
ന്യൂഹാംപ്ഷയർ
പെൻസിൽവാനിയ
തെക്കൻ കരോലൈന
കണക്ടിക്കട്ട്
മേരിലാൻഡ്
ജോർജിയ
റോഡ്ഐലൻഡ്
വർജീനിയ
ന്യൂയോർക്ക്
ഡിലാവേർ
ഇംഗ്ലണ്ടിലെ സാഹസികന്മാരും, ഭാഗ്യാന്വേഷികളും മതപീഡനത്തിനു വിധേയരായവരും കൊള്ളക്കാരു മൊക്കെയാണ് വടക്കേ അമേരിക്കയിൽ അധിവാസകേന്ദ്രങ്ങൾ സ്ഥാപിച്ചത് ഈ കോളനികൾക്ക് അതിന്റെ വടക്കേ അതിർത്തിൽനിന്നുളള ഫ്രഞ്ചുകാരുടെയും പടിഞ്ഞാറുഭാഗത്തുനിന്നുള്ള റെഡ് ഇന്ത്യക്കാരുടെയും ഭീഷണിയെ നേരിടാൻ മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സഹായം അത്യന്താപേഷിതമായിരുന്നു. അതിനാൽ ഓരോ കോളനിയിലും മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ ഗവർണർമാരും ദേശീയമായ ഒരു കൗണ്‍സിലും ഉണ്ടായിരുന്നു.
അമേരിക്കൻ സ്വാതന്ത്ര്യ സമരം വിശാലമായൊരർത്ഥത്തിൽ സ്പതവത്സരയുദ്ധത്തിന്റെ ( 1750 - 1763) ഫലമാണ്. പ്രസ്തുത യുദ്ധത്തിന്റെ ഫലമായി കോളനിക്കാരുടെ ഫ്രഞ്ചുഭീതി അകന്നതുകൊണ്ട് അവർക്ക് മാതൃരാജ്യത്തിന്റെ വാത്സല്യപൂർവമായ രക്ഷയില്ലാതെയും കഴിഞ്ഞു പോകാമെന്നായി. കൂടാതെ കോളനിക്കാർക്കു സ്വന്തം ശക്തിയെപ്പറ്റിയുള്ള ബോധവും ആ യുദ്ധത്തിൽനിന്നാണ് ജനിച്ചത്. ഇതിനെയല്ലാം പുറമെ കോളനികളും മാതൃരാജ്യവും തമ്മിലുള്ള യുദ്ധത്തിലേക്കും കോളനികളുടെ സ്വാതന്ത്ര്യത്തിലേക്കും നയിച്ച തർക്കത്തിന് കാരണമായ നികുതി പ്രശ്നം സപ്തവത്സരയുദ്ധത്തിൽ നിന്നുണ്ടായതാണ്.
മാതൃരാജ്യത്തിനെതിരെ കോളനിക്കാരുടെ ആക്ഷേപത്തിന് പ്രധാനകാരണമായത് മെർക്കന്റലിസം എന്ന സാന്പത്തികസിദ്ധാന്തമായിരുന്നു. ബ്രിട്ടീഷ് വ്യവസായങ്ങൾക്കാവശ്യമായ അസംസ്കൃത പദാർഥങ്ങൾ സംഭരിച്ചു കൊടുത്തിരുന്ന കോളനികൾ ബ്രിട്ടീഷ് നിർമിത വസ്തുക്കൾക്കുള്ള കന്പോളമായും മാറി. ഈ ലാഭകരമായ ഏർപ്പാട് അഭംഗുരം തുടരാൻ വേണ്ടി ബ്രിട്ടൻ കോളനികളെ തങ്ങളുടെ കുത്തക കന്പോളമായി പരിഗണിച്ചു. മാതൃരാജ്യമായ ഇംഗ്ലണ്ട്, കോളനികൾക്കു മേൽ അടിച്ചേൽപ്പിച്ച ഈ നിയമങ്ങൾ അമേരിക്കയിൽ വലിയ രോഷത്തിനും അക്രമണത്തിനും കാരണമായി.
ജയിംസ് ഓട്ടിസ് രൂപം കൊടുത്ത "പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്ന മുദ്രാവാക്യം ബ്രിട്ടീഷ് പാർലമെന്റിന് തങ്ങളെ ഭരിക്കാൻ അവകാശമില്ലെന്ന പറയുന്നതിനു തുല്യമായ ഒരു മുറവിളിയായിരുന്നു.
ഇംഗ്ലണ്ട് 1773ൽ നടപ്പിലാക്കിയ തേയിലനിയമം, നികുതിഭാരം അമേരിക്കയുടെ തലയിൽ വയ്ക്കാനുള്ള ബ്രട്ടീഷ് ഗവണ്മെന്റിന്റെ തന്ത്രമായിട്ടാണ് കോളനി നിവാസികൾ വ്യാഖ്യാനിച്ചത്. ഈ വെറുപ്പിന്റെ ഫലമായിരുന്നു 1773ലെ ബോസ്റ്റണ്‍ ടീ പാർട്ടി എന്ന വിഖ്യാത സംഭവം.
അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ മൗലികകാരണം അവിടത്തെ കുടിയേറിപ്പാർപ്പുകാരുടെ അഥവാ നിവാസികളുടെ സ്വാതന്ത്ര്യേച്ഛതന്നെയാണ്. ജയിംസ് ഓട്ടീസ്, ജോണ്‍ലോക്ക്, സാമുവൽ ആഡംസ്, തോമസ്പെയിൻ പോലുള്ള ചിന്തകർ സ്വാതന്ത്ര്യദീപം കെടാതെ സൂക്ഷിച്ചു.