ബിഹാറിൽ വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ചു
Monday, January 20, 2025 2:04 AM IST
പാറ്റ്ന: ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ വ്യാജമദ്യം കുടിച്ച് ഏഴ് പേർ മരിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
ഞായറാഴ്ചയാണ് മരണത്തെക്കുറിച്ച് പോലീസ് അറിഞ്ഞത്. ഏഴ് പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ലൗരിയ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ശൗര്യ സുമൻ പറഞ്ഞു.
വ്യാജമദ്യം കഴിച്ചതാണ് മരണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ രണ്ടുപേർ മരിച്ചത് വ്യാജമദ്യം കഴിച്ചല്ലെന്ന് എസ്പി വ്യക്തമാക്കി. ഒരാൾ ട്രാക്ടർ ഇടിച്ചും മറ്റൊരാൾ പക്ഷാഘാതം സംഭവിച്ചുമാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.