ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയുടെ വീട് അടിച്ചു തകർത്തു
Sunday, January 19, 2025 10:39 PM IST
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിതുവിന്റെ വീട് നാട്ടുകാർ അടിച്ചു തകർത്തു. സംഭവത്തിൽ രണ്ടു പേരെ പോലീസ് പിടികൂടി.
വീടിന്റെ മുൻവശത്തെ സിറ്റ്ഔട്ട് അടിച്ചുതകര്‍ത്ത സംഘം വീട്ടിലെ കസേര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തകര്ക്കുത്തു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ ജിതിൻ ചേന്ദമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരുടെ അയൽവാസിയാണ് റിതു. വീട് ആക്രമണത്തെ തുടർന്ന് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപ്പിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്ന് റിതു പറഞ്ഞു.