ബോബിക്ക് വിഐപി പരിഗണന; ഡിഐജിക്കും ജയിൽ സൂപ്രണ്ടിനുമെതിരേ നടപടിക്ക് ശിപാർശ
Sunday, January 19, 2025 1:25 PM IST
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണൂരിന് കാക്കനാട് ജില്ലാ ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിക്കും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനുമെതിരേ നടപടിക്ക് ശിപാർശ.
ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ജയിൽ എഡിജിപി ശിപാർശ ചെയ്തത്. തിങ്കളാഴ്ച സംസ്ഥാന സർക്കാർ നടപടിയെടുക്കാൻ സാധ്യതയുണ്ട്.
കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡിഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടു മണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു.
ഡിഐജിക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ 'പവർ ബ്രോക്കറെ' ന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുളള റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് നൽകി. പിന്നാലെയാണ് ജയിൽ എഡിജിപിയുടെ റിപ്പോർട്ട്.