ഇന്ത്യയിൽ അഭയം തേടിയില്ലായിരുന്നുവെങ്കിൽ കൊല്ലപ്പെട്ടേനെ: ഷേഖ് ഹസീന
Sunday, January 19, 2025 12:16 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ അഭയം തേടിയില്ലായിരുന്നവെങ്കിൽ താൻ ബംഗ്ലാദേശിൽവച്ച് കൊല്ലപ്പെടുമായിരുന്നുവെന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിൽ താനും സഹോദരി രഹാനയും മരണത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും അവർ വെളിപ്പെടുത്തി.
സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് മരണം കൺമുന്നിൽ കണ്ട അനുഭവം വിവരിച്ചത്. തന്നെ കൊല്ലാൻ രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തിയെന്നും അവർ പറഞ്ഞു.
20-25 മിനിറ്റ് വൈകിയിരുന്നെങ്കിൽ മരണം ഉറപ്പായിരുന്നു. മഹത്തായ എന്തെങ്കിലും എന്നിൽനിന്നു പ്രതീക്ഷിക്കുന്നതാകാം ദൈവത്തിന്റെ പദ്ധതി. വീടും നാടുമില്ലാതെ താൻ കഷ്ടപ്പെടുകയാണ്. എല്ലാം തീവച്ചുനശിപ്പിച്ചുവെന്നും ഷേഖ് ഹസീന കൂട്ടിച്ചേർത്തു.