ഹിമാചൽപ്രദേശിൽ പാരാഗ്ലൈഡിംഗിനിടെ വിനോദസഞ്ചാരികൾ മരിച്ചു
Sunday, January 19, 2025 6:52 AM IST
ഷിംല: ഹിമാചൽപ്രദേശിൽ പാരാഗ്ലൈഡിംഗിനിടെ വിനോദസഞ്ചാരികൾ മരിച്ചു. രണ്ട് ജില്ലകളിലായാണ് അപകടമുണ്ടായത്.
കാൻഗ്ര, കുളു ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ധർമശാലയ്ക്കടുത്തുള്ള ഇന്ദ്രുനാഗ് പാരാഗ്ലൈഡിംഗ് സൈറ്റിൽ അഹമ്മദാബാദിൽ നിന്നുള്ള ഭാവസർ ഖുഷി ടേക്ക് ഓഫിനിടെ വീണ് മരിച്ചു.
കൂടെയുണ്ടായിരുന്ന സഹായിക്ക് വീഴ്ചയിൽ പരിക്കുണ്ട്. പരിക്കേറ്റയാളെ ചികിത്സയ്ക്കായി തണ്ട മെഡിക്കൽ കോളജിലേക്ക് അയച്ചതായി എഎസ്പി കംഗ്ര വീർ ബഹാദൂർ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, വെള്ളിയാഴ്ച വൈകുന്നേരം കുളു ജില്ലയിലെ ഗാർസ ലാൻഡിംഗ് സൈറ്റിന് സമീപം പാരാഗ്ലൈഡിങ്ങിനിടെ തമിഴ്നാട്ടിൽ നിന്നുള്ള ജയേഷ് റാം(28)ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സഹായിക്ക് ഗുരുതരമായി പരിക്കേറ്റു. 100 അടി മുകളിൽ വച്ച് രണ്ട് പാരാഗ്ലൈഡുകൾ തമ്മിൽ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ സഹായിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി.
ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 125 (അശ്രദ്ധമൂലം മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാകുന്ന പ്രവൃത്തി), 106 (അശ്രദ്ധമൂലം മരണത്തിന് കാരണമാകൽ) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.