ഭാര്യയെ കബളിപ്പിച്ച് കോടികളുമായി യുവാവ് കടന്നുകളഞ്ഞു; പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവതി
Sunday, January 19, 2025 1:42 AM IST
അഹമ്മദാബാദ്: പണവുമായി ഒളിച്ചോടിയ ഭർത്താവിനെതിരെ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് യുവതി പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. ഗുജറാത്തിലെ ഭദ്രക് ജില്ലയിലെ പോലീസ് സ്റ്റേഷനിലാണ് സംഭവം.
നിരാൽ മോദി എന്ന യുവതിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഒരു ഐടി സ്ഥാപനത്തിന്റെ ഉടമയായ നിരാൽ, ഒഡീഷയിലെ നർസിംഗ്പൂർ ഗ്രാമത്തിലെ മനോജ് നായക്ക് എന്നയാളെ പ്രണയിച്ച് വിവാഹം കഴിച്ചു.
ദമ്പതികൾക്ക് രണ്ട് വയസുള്ള ഒരു മകനുണ്ട്. വിവാഹശേഷം, നായക് തന്റെ ഗ്രാമത്തിൽ ഒരു ബിസിനസ് തുടങ്ങാൻ നിരാലിനെ പ്രേരിപ്പിച്ചു. ബിസിനസിനായി നിരാൽ തന്റെ വീടും കമ്പനിയുടെ ആസ്തികളും പണയപ്പെടുത്തി, വായ്പയിലൂടെ ഏകദേശം അഞ്ച് കോടി രൂപ സമാഹരിച്ചു.
എന്നാൽ പണം കൈയിലെത്തിയപ്പോൾ നായക്, നിരാലിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പണവുമായി കടന്നുകളഞ്ഞു. തുടർന്ന് നിരാൽ പോലീസിൽ പരാതി നൽകി. എന്നാൽ പരാതിയിന്മേൽ പോലീസ് നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്ന് നിരാൽ പോലീസ് സ്റ്റേഷനിലെത്തി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
നായകിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ബോന്ത് പോലീസ് സ്റ്റേഷന്റെ ഇൻസ്പെക്ടർ ഇൻ ചാർജ് ശ്രീബല്ലവ് സാഹു പറഞ്ഞു. ഒരു ഇൻസ്പെക്ടറും രണ്ട് സബ് ഇൻസ്പെക്ടർമാരും അടങ്ങുന്ന പോലീസ് സംഘം മനോജ് നായക്കിനായി തിരച്ചിൽ നടത്തുകയാണ്. സംഘം ഇതിനകം റൂർക്കേല, സമ്പൽപൂർ, ബെർഹാംപൂർ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.