സത്യം തെളിയുന്നതില്‍ സന്തോഷം; ആരോടും വിരോധമില്ലെന്ന് മന്ത്രി ഗണേഷ്
Saturday, January 18, 2025 3:03 PM IST
കൊല്ലം: സഹോദരിയുമായുള്ള സ്വത്ത് തര്‍ക്ക കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യുമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
തന്നേക്കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. പിതാവ് ആര്. ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന സഹോദരി ഉഷയുടെ വാദങ്ങള്‍ പൊളിക്കുന്ന ഫോറൻസിക് റിപ്പോർട്ടാണ് പുറത്തുവന്നത്. വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വില്‍പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഉഷ കൊട്ടാരക്കര മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. അവസാനകാലത്ത് ബാലകൃഷ്ണപിള്ളയുടെ ആരോഗ്യം വളരെ മോശമായിരുന്നു ആ സമയത്ത് ഗണേഷ് വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തെന്നായിരുന്നു ഉഷയുടെ വാദം. ഇതോടെ വില്‍പത്രത്തിലെ ഒപ്പുകള്‍ കോടതി ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.