കോൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
Saturday, January 18, 2025 2:38 PM IST
കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ ജൂണിയർ വനിതാ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി. കോല്‍ക്കത്തയിലെ സിയാല്‍ഡ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച ഉണ്ടാകും.
കൊലപാതകം ചെയ്തെന്ന കാര്യം പ്രതി കോടതിയില്‍ നിഷേധിച്ചു. താന്‍ രുദ്രാക്ഷം ധരിക്കുന്ന ആളാണെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു വാദം. കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫോറന്‍സിക് തെളിവുകള്‍ പ്രതി ചെയ്ത കുറ്റം തെളിയിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞവർഷം ഓഗസ്റ്റ് ഒന്‍പതിന് അർധരാത്രി ജോലികഴിഞ്ഞ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വിശ്രമിച്ചിരുന്ന ഡോക്ടറെ ഇവിടുത്തെ സുരക്ഷാ ജീവനക്കാരനായിരുന്ന പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 57 ദിവസം നീണ്ട വിചാരണയ്ക്കുശേഷമാണ് കേസിൽ ഇന്ന് വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ നവംബർ 12 നു തുടങ്ങിയ വിചാരണയിൽ 50 സാക്ഷികളെ വിസ്തരിച്ചിരുന്നു. സിബിഐയാണ് കേസന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.