ചെന്നിത്തലയുമായി തനിക്ക് ഒരു ഭിന്നതയുമില്ല; മന്ത്രിക്ക് വിഷയദാരിദ്രമെന്ന് സതീശൻ
Saturday, January 18, 2025 11:23 AM IST
കൊച്ചി: കോൺഗ്രസിൽ മേൽക്കൈക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്ന മന്ത്രി എം.ബി.രാജേഷിന്റെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചെന്നിത്തലയുമായി തനിക്ക് ഒരു ഭിന്നതയുമില്ല. മന്ത്രിക്ക് വിഷയദാരിദ്രമാണെന്ന് സതീശൻ പ്രതികരിച്ചു.
ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളെ തങ്ങള്‍ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കുകയാണ്. താനും ചെന്നിത്തലയും തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് തങ്ങള്‍ തീര്‍ത്തോളാം.
രാജേഷിന് വിഷമമുണ്ടെങ്കില്‍ തങ്ങള്‍ ഒരുമിച്ച് പത്രസമ്മേളനം നടത്താം. മന്ത്രി തങ്ങള്‍ ചോദിച്ചതിന് ഉത്തരം പറഞ്ഞാല്‍ മതി. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന നിലപാടാണ് മന്ത്രിക്കെന്നും സതീശൻ വിമർശിച്ചു.
കോൺഗ്രസിനുള്ളിൽ മേൽക്കൈക്ക് വേണ്ടിയുള്ള പോരാട്ടം മുറുകി നിൽക്കുകയാണെന്നും അതിനുവേണ്ടി പാലക്കാട്ടെ ബ്രൂവറി വിഷയം ഉപയോഗിക്കുകയാണെന്നുമാണ് വെള്ളിയാഴ്ച വാർത്താസമ്മേളനത്തിനിടെ മന്ത്രി പറഞ്ഞത്.