മാമിയുടെ തിരോധാനം; അന്വേഷണ സംഘത്തിനെതിരായ ഡ്രൈവറുടെ പരാതി തള്ളി
Saturday, January 18, 2025 10:09 AM IST
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ തിരോധനത്തില്‍ ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച സംഘത്തിനെതിരേ ഡ്രൈവര്‍ രജിത് കുമാര്‍ നല്കിയ പരാതി തള്ളി. അന്വേഷണസംഘം തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്ന് കാട്ടി പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റിക്ക് നല്കിയ പരാതിയാണ് തള്ളിയത്.
2024 ഫെബ്രുവരി എട്ടിനാണ് അന്വേഷണ സംഘത്തിനെതിരേ രജിത് കുമാര്‍ പരാതി നല്‍കിയത്. മാമി തിരോധാനം അന്വേഷിച്ച ഇന്‍സ്പെക്ടര്‍ പി.കെ.ജിജീഷ്, എഎസ്ഐ എം.വി.ശ്രീകാന്ത് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ഈ പരാതി പരിഹരിക്കാന്‍ പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി മൂന്ന് തവണ സിറ്റിംഗ് നടത്തിയെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല.
ഇതോടെ പരാതി തള്ളുകയായിരുന്നു. കംപ്ലെയിന്റ്സ് അതോറിറ്റി ചെയര്‍മാനായ റിട്ടയേര്‍ഡ് ജഡ്ജി സതീഷ് ബാബുവാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
അതേസമയം നിലവില്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. രണ്ട് ദിവസത്തിനകം ഗുരുവായൂരില്‍നിന്നാണ് കണ്ടെത്തിയത്.