ഐസിസി ചാന്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും
Friday, January 17, 2025 7:44 PM IST
മുംബൈ: ഐസിസി ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാവുക. രോഹിത് ശർമ തന്നെയായിരിക്കും ടീം ഇന്ത്യയെ നയിക്കുക എന്നാണ് സൂചന.
പാക്കിസ്ഥാന് വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ദുബായിലാണ്. അടുത്ത മാസം 19നാണ് ചാന്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്.
ഫെബ്രുവരി 20നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് ആദ്യ മത്സരത്തിലെ എതിരാളി.
ഇന്ത്യ - പാകിസ്ഥാന് മത്സരം 23ന് നടക്കും. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും നടക്കും. ഇന്ത്യയും പാകിസ്ഥാനും മാത്രമാണ് ഇനി ടീം പ്രഖ്യാപിക്കാനുള്ളത്.
ജസ്പ്രീത് ബുംറയുടെയും കുല്‍ദീപ് യാദവിന്റെയും ഫിറ്റ്നസ് സംബന്ധിച്ച ആശങ്കകളാണ് ഇന്ത്യയുടെ ടീം പ്രഖ്യാപനം വൈകിപ്പിച്ചത്. അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയുടെ അവസാന ടെസ്റ്റിലാണ് ബുമ്രയ്ക്ക് പരിക്കേല്‍ക്കുന്നത്. അദ്ദേഹം ചാംപ്യന്‍സ് ട്രോഫിക്ക് ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ല.
ബുംറ ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കില്ലെന്നും ഫിറ്റ്നെസ് വീണ്ടെടുത്താല്‍ നോക്കൗട്ട് റൗണ്ടില്‍ കളിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും ശനിയാഴ്ച പ്രഖ്യാപിക്കും.